വേദപുസ്തകത്തിൽ പല സ്ഥലത്തും ഈ ചോദ്യം കാണാം. യേശു യാത്രചെയ്യുമ്പോൾ ഒരുവൻ വന്നു യേശുവിനോടു ചോദിച്ചു.
” അവൻ പുറപ്പെട്ടു യാത്രചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു.” മർക്കൊസ് 10:17
ആയതിനു ഉത്തരമായി പണത്തെ വളരെയേറെ സ്നേഹിക്കുന്ന അവനോടു യേശു പറഞ്ഞു.
” ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
മർക്കൊസ് 10:21
ഭൂമിയിലെ നിക്ഷേപങ്ങളെക്കാൾ
വലിയതു സ്വർഗ്ഗത്തിലെ നിക്ഷേപമാണെന്നു യേശു പറഞ്ഞു.
വീണ്ടും ഒരു ന്യായശാസ്ത്രി വന്നു
ഇതേ ചോദ്യം lയേശുവിനോടു ആവർത്തിച്ചു.
” ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.”
ലൂക്കൊസ് 10:25
അതിനു യേശുവിന്റെ മറുപടി വളരെ അർത്ഥവത്തായതും ആഴമേറിയതും ആയിരുന്നു.
“നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.
ലൂക്കൊസ് 10:27
വീണ്ടും കാരാഗ്യഹപ്രമാണി പൗലോസിൻ്റേയും ശീലാസിൻ്റേയും മുൻപിൽ ഞാൻ എന്തു ചെയ്യേണം എന്ന ചോദ്യം ഉന്നയിക്കുന്നു.
“യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.
അപ്പൊ.പ്രവ 16:30,31
യേശുവിൻ്റെ ക്രൂശുമരണത്തിനു
മുൻപു യേശുവിനെ ജനത്തിന്റെ
മുൻപിൽ നിറുത്തി പീലാത്തോസ്
ഇതേ ചോദ്യം ചോദിക്കുന്നു.
” എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നു: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു. മത്തായി 27:22
പീലാത്തോസ് ചോദിക്കുന്നു യേശുവിനെ ഞാൻ എന്തു ചെയ്യേണം? ജനം ആർത്തു പറയുന്നു അവനെ ക്രൂശിക്ക.
ഈ യേശുവിനെ നാം സ്വന്തം രക്ഷിതാവായി അംഗീകരിച്ചുവോ? ഞാൻ എന്താണു ചെയ്യേണ്ടതു, യേശുവേ എന്നു നീ ചോദിച്ചുവോ?
ജീവിതത്തിലെ തെറ്റുകളെ ആ രക്തത്താൽ കഴുകിയോ?
അതോ യേശുവിനെ അന്നു വിളിച്ചുപറഞ്ഞ ജനത്തോടൊപ്പം ക്രൂശിക്കയാണോ? ഓരോ തവണ പാപത്തിൽ പതിക്കുമ്പോഴും നാം യേശുവിനെ ക്രൂശിൽ തറക്കുകയാണു എന്ന സത്യം വിസ്മയിക്കരുതു. മദ്യപാനത്തിലേക്കും, ലൈംഗീകമായ
പാപങ്ങളിലേക്കും വഴുതി വീഴുമ്പോൾ, പ്രാർത്ഥനകളും ആരാധനകളും മുടക്കുമ്പോൾ നാം യേശുവിനെ ക്രൂശിക്ക എന്നു പറഞ്ഞവരുടെ പക്ഷത്താണു.
നാം നമ്മോടു തന്നെ ചോദിക്കണം. ഞാനെന്തു ചെയ്യേണം. കാരാഗ്യഹപ്രമാണി
ആത്മഹത്യയുടെ പടിവാതിലിൽ എത്തിയവനാണു. അവൻ എളിമയോടെ ചോദിച്ചു. രക്ഷപ്രാപിക്കാൻ ഞാൻ എന്തുചെയ്യണം. പത്രൊസും ശീലാസും പറഞ്ഞ മറുപടിപ്രകാരം കാരാഗ്യഹപ്രമാണി കർത്താവിൽ
വിശ്വസിച്ചു. അവൻ മാത്രമല്ല അവൻ്റെ കുടുംബത്തിലെ എല്ലാവരും രക്ഷപ്രാപിച്ചു..
എന്തുചെയ്യണം എന്ന ചോദ്യത്തിനുത്തരമായി യേശുപറഞ്ഞ ഉത്തരങ്ങൾ ഹ്യദയത്തിൽ സ്വീകരിക്കാം.
നമുക്കു ദൈവം തന്ന നന്മകളെ
മറ്റുള്ളവരുമായി പങ്കുവയ്ക്കാം.
കർത്താവായ യേശുവിൽ വിശ്വസിക്കാം.
നിത്യജീവനു അവകാശികളാകുവാൻ ദൈവമായ കർത്താവിനെ പൂർണ്ണഹ്യദയത്തോടും ,
പൂർണ്ണാത്മാവോടും,
പൂർണ്ണശക്തിയോടും, പൂർണ്ണമനസ്സോടും കൂടെ സ്വീകരിക്കാം.
അയൽക്കാരെ
നമ്മെ പോലെ സ്നേഹിക്കാം. യേശുവിനെ ക്രൂശിക്കുന്നവരാകാതെ യേശുവിനോടുകൂടെ ക്രൂശിക്കപ്പെടുന്നവർ
ആകാം.
Leave a Reply