അമ്മയുടെ ഗർഭത്തിൽ ഉരുവാകുന്നതിനു മുൻപു ദൈവം
അറിഞ്ഞു വേർതിരിച്ച പ്രവാചകനാണു യിരെമ്യാവു പ്രവാചകൻ.യഹോവ അരുളിച്ചെയ്ത പ്രകാരം ദൈവത്തിന്റെ ശിക്ഷാനടപടികളെ കുറിച്ചു യിരെമ്യാവു തോഫെത്തിൽ ജനത്തോടു പറഞ്ഞു.
അതിനുശേഷം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ നിന്നുകൊണ്ടു സകലജനത്തിനോടുമായി യിരെമ്യാവു ഇപ്രകാരം അരുളിച്ചെയ്തു.
“യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ എന്റെ വചനങ്ങളെ കേൾക്കാതെ ശാഠ്യംപിടിച്ചിരിക്കകൊണ്ടു ഞാൻ ഈ നഗരത്തിന്നു വിധിച്ചിരിക്കുന്ന അനർത്ഥം ഒക്കെയും അതിന്നും അതിന്നടുത്ത എല്ലാപട്ടണങ്ങൾക്കും വരുത്തും എന്നു പറഞ്ഞു”
യിരെമ്യാവു 19:15
യഹോവയുടെ ഈ ശിക്ഷകളെകുറിച്ചു യിരെമ്യാവു പ്രവചിച്ചതു ആലയത്തിന്റെ പ്രധാനവിചാരകനായ പശ്ഹൂർ
പുരോഹിതൻ കേട്ടപ്പോൾ
യിരെമ്യാവു പ്രവാചകനെ അടിച്ചു. മാത്രമല്ല ആമത്തിൽ
ഇട്ടു. അങ്ങനെ യിരെമ്യാവിനു വിഷമം വന്നപ്പോൾ എഴുതിയതാണു യിരെമ്യാവു 20-ാം അദ്ധ്യായം.
ദൈവീകവേലചെയ്ത തന്നെ അടിക്കയും ആമത്തിൽ ഇടുകയും ചെയ്തപ്പോൾ യഹോവയോടു പറഞ്ഞു അവരോടു പ്രതികാരം ചെയ്യണമേ എന്നു. എന്നാൽ
ഉടനെതന്നെ യഹോവെക്കു പാട്ടുപാടുന്ന ഒരു യിരെമ്യാവിനെയാണു നാം കാണുന്നതു. യിരെമ്യാവു തൻ്റെ ഹ്യദയത്തിലെ സകലവേദനകളേയും പരാതികളേയും ദൈവസന്നിധിയിൽ സമർപ്പിച്ചുകൊണ്ടു ഇപ്രകാരം പറഞ്ഞു.
“നീതിമാനെ ശോധനചെയ്തു, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; എന്റെ വ്യവഹാരം ഞാൻ നിന്നോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ.
യഹോവെക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിപ്പിൻ! അവൻ ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചിരിക്കുന്നു.
യിരെമ്യാവു 20:12,13
അവരോടു പ്രതികാരം ചെയ്യണമെന്നു പറഞ്ഞ പ്രവാചകൻ തൻ്റെ സകല വ്യവഹാരങ്ങളും ദൈവസന്നിധിയിൽ ബോധിപ്പിച്ചു. അപ്പോൾ
എന്തെന്നില്ലാത്ത ആനന്ദത്താൽ
യിരെമ്യാവു നിറഞ്ഞു. സകലതും ദൈവത്തിനു സമർപ്പിച്ചു കഴിഞ്ഞപ്പോൾ പിന്നെ മനസ്സിൽ ഒരു ആകുലതയും ഇല്ല. ദൈവം സകലതും നിർവ്വഹിക്കും എന്നു
വിശ്വസിച്ചപ്പോൾ യഹോവെക്കു
പാട്ടുപാടുവാനും
സ്തുതിക്കുവാനും തുടങ്ങി.
ജീവിതത്തിൽ നമ്മെ അടിക്കുവാനും ആമത്തിൽ ഇടുവാനും പരിഹസിക്കാനും
ഒത്തിരി പേർ കണ്ടേക്കും. ദൈവീക വേലയിൽ മുഴുകുമ്പോൾ മുറിപ്പെടുത്തുന്നവരേയും കണ്ടേക്കാം.വേദനയാൽ ഉള്ളം നീറുമ്പോൾ
അവരോടു പ്രതികാരം ചെയ്യുവാനും തോന്നാം. എന്നാൽ ജീവിതപ്രതിസന്ധികളിൽ സകല ഭാരങ്ങളും പരാതികളും ദൈവസന്നിധിയിൽ സമർപ്പിക്കുക. സകല ചിന്താകുലങ്ങളും അവൻ്റെ മേൽ
ഇട്ടുകൊൾക. ഏതു ഭാരവും
ദൈവസന്നിധിയിൽ സമർപ്പിച്ചാൽ പിന്നെ ആകുലപ്പെടേണ്ടതില്ല. ആകുലപ്പെട്ടും പരാതിപെട്ടും കഴിഞ്ഞാൽ ദൈവത്തിൽ വിശ്വാസമില്ല എന്നർത്ഥം.
അതിനാൽ ഭാരങ്ങൾ ദൈവസന്നിധിയിൽ വച്ചു ആനന്ദിച്ചുകൊൾവിൻ.
അവനെ സ്തുതിപ്പിൻ. അവനെ മഹത്വപ്പെടുത്തുവിൻ.
” നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.
55-ാം സങ്കീ 22-ാം വാക്യം
” നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ.
68-ാം സങ്കീ 19-ാം വാക്യം
Leave a Reply