ആരെങ്കിലും ശാപവാക്കുകൾ പറഞ്ഞാൽ ഭയപ്പെടുന്നവർ ധാരാളം ഉണ്ടു. സത്യവേദപുസ്തകം പരിശോധിച്ചാൽ ശാപം വന്നു ഭവിക്കുവാൻ പല കാരണങ്ങൾ
ഉണ്ടെന്നു കാണാം.

നോഹ മുന്തിരി തോട്ടം നട്ടുണ്ടാക്കി അതിലെ വീഞുകുടിച്ചു കിടന്നു. അതു നോഹക്കു പറ്റിയ
അബദ്ധമായിരുന്നു.
ദൈവത്തിൻ്റെ അഭിഷിക്തനും പ്രവാചകനുമായിരുന്ന നോഹക്കു
ഈ അബദ്ധം പറ്റരുതായിരുന്നു.
വീഞ്ഞു കുടിച്ചു നോഹ വിവസ്ത്രനായി കിടന്നപ്പോൾ
കനാൻ്റെ പിതാവായ ഹാം നോഹയുടെ നഗ്നതയെ കുറിച്ചു തൻ്റെ രണ്ടു സഹോദരന്മാരേയും
അറിയിച്ചു. ഹാം അതു ചെയ്യരുതായിരുന്നു. സഹോദരന്മാരോടു സ്വന്തം പിതാവിൻ്റെ നഗ്നത പ്രസിദ്ധപ്പെടുത്തിയതു തെറ്റായിരുന്നു. സഹോദരന്മാരായ ശേമിനോടും
യാഫെത്തിനോടും ഈ വിവരം
പറഞ്ഞപ്പോൾ അവർ വളരെ മാന്യതയോടെ പെരുമാറി. അവർ
വസ്ത്രം എടുത്തു പിതാവിന്റെ നഗ്നത കാണാതിരിക്കാൻ മുഖം തിരിച്ചു നടന്നു പിതാവിന്റെ നഗ്നത മറച്ചു. നോഹ ലഹരിവിട്ടുണർന്നപ്പോൾ ഇളയ മകൻ ചെയ്ത വിവരം അറിഞ്ഞു.
നോഹയുടെ ശാപം ഹാമിന്റെ മകനായ കനാനിലേക്കു വന്നു.

” അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്കു അധമദാസനായ്തീരും എന്നു പറഞ്ഞു”
ഉല്പത്തി 9:25
കനാന്യർ ശപിക്കപ്പെട്ട വർഗ്ഗമായി മാറി.

വേദപുസ്തകം ശാപത്തിൻ്റെ പുസ്തകമല്ല. അനുഗ്രഹത്തിന്റെ
പുസ്തകമാണു.
ശരിയും, തെറ്റും തിരഞ്ഞെടുക്കുവാൻ മനുഷ്യർക്കു സ്വാതന്ത്ര്യം ഉണ്ടു.

മനുഷ്യർ ചെയ്യുന്ന തെറ്റിന്റെ പ്രതിഫലമായി ശാപം ഭൂമിയിൽ കടന്നുവന്നു. ദൈവം ആദാമിനേയും ഹവ്വായേയും
സ്യഷ്ടിച്ചപ്പോൾ സകലസജീകരണങ്ങളും നൽകി കൊണ്ടാണു സ്യഷ്ടിച്ചതു.ഏദെൻ തോട്ടം നനെപ്പാൻ നാലു നദികൾ ദൈവം നൽകി.തോട്ടത്തെ ഫലവ്യക്ഷങ്ങൾ കൊണ്ടു മനോഹരമാക്കി. എന്നാൽ സാത്താൻ അവരിൽ അവിശ്വാസം ഉണ്ടാക്കി. അവർ ദൈവകല്പനയെ മറന്നു വിലക്കപ്പെട്ട കനി തിന്നു.ദൈവം ആദാമിനേയും ഹവ്വയേയും ശപിച്ചു. ഭൂമിയെ ശപിച്ചു. പാമ്പിനെ ശപിച്ചു.
കാരണം കൂടാതെ ശാപം പറ്റുകയില്ല.

അനന്യാസ്, സഫീറ ദമ്പതിമാരിൽ ശാപം വന്നതായി നാം വായിക്കുന്നു. കാരണം നിലം വിറ്റ വകകൾ പരിപൂർണ്ണമായി
അപ്പൊസ്തലന്മാരുടെ കാൽക്കൽ വയ്ക്കാതെ ആ വിലയിൽ നിന്നും കുറച്ചു മാറ്റി വച്ചു പരിശുദ്ധാത്മാവിനോടു അവർ വ്യാജം കാണിച്ചു. പ്രതിഫലമോ?
രണ്ടുപേരും മരണപ്പെട്ടു.

ഒരു കാരണവുമില്ലാതെ ശാപവാക്കുകൾ പറയുന്ന ഒരുപാടുപേർ ഉണ്ടു. എന്നാൽ ഇവരെ നാം ഭയപ്പെടേണ്ടതില്ല.
ആഭിചാരം യാക്കോബിനു ഫലിക്കയില്ല.
ലക്ഷണവിദ്യ യിസ്രായേലിനു പറ്റുകയില്ല.

ഒരിക്കൽ ദാവീദു അബ്ശലോമിൽ നിന്നുള്ള ഉപദ്രവങ്ങൾ സഹിക്കവയ്യാതെ
ഓടിപ്പോയി. അപ്പോൾ ശൗലിന്റെ
കുലത്തിലുള്ള ശിമെയി എന്നൊരുത്തൻ ദാവീദിനെ ശപിക്കയും കല്ലുവാരിയിടുകയും ചെയ്തു. എന്നാൽ ദൈവം ദാവീദിനെ രക്ഷിച്ചു. ശിമെയിയുടെ ശാപം ദാവീദിൽ
വന്നില്ല. മാത്രമല്ല അബ്ശലോം മരണപ്പെടുകയും ചെയ്തു. ദാവീദിനെ ശപിച്ച ശിമെയി
പിന്നീടു തൻ്റെ തെറ്റു ഏറ്റു പറഞ്ഞു ഇങ്ങനെ പറഞ്ഞു.

“എന്റെ യജമാനൻ എന്റെ കുറ്റം എനിക്കു കണക്കിടരുതേ; യജമാനനായ രാജാവു യെരൂശലേമിൽനിന്നു പുറപ്പെട്ട ദിവസം അടിയൻ ചെയ്ത ദോഷം രാജാവു മനസ്സിൽ വെക്കയും ഓർക്കയും അരുതേ”
2ശമുവേൽ 19:19

ശാപങ്ങളെ ദൈവം അനുഗ്രഹമാക്കി മാറ്റുന്നു.
കാരണമില്ലാതെ ആരെങ്കിലും ശാപവാക്കുകൾ ചൊരിഞ്ഞാൽ
അവ നമ്മെ ബാധിക്കയില്ല.
മരത്തിന്മേൽ തൂങ്ങിയവൻ ശപിക്കപ്പെട്ടവൻ എന്നു വചനം പറയുന്നു. യേശു നമ്മുടെ ശാപം വഹിച്ചു മരത്തിൽ
ശപിക്കപ്പെട്ടവനായി കിടന്നു. മനുഷ്യവർഗ്ഗത്തിന്റെ ശാപത്തിൻ്റെ ഫലമായി മുള്ളും, പറക്കാരയും ഭൂമിയിൽ മുളച്ചു.
ഈ ശാപത്തിൻ്റെ മുള്ളിനെ അരുമനാഥൻ തലയിൽ വഹിച്ചു.
ആയതിനാൽ ഒരു ശാപവും നമുക്കു ഇനി പറ്റുകയില്ല. അതിനാൽ യേശുവിലേക്കു മടങ്ങി വരാം.

” അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിൽ
ഉള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല”
റോമർ 8:1