ലോകത്തില്‍ ഒന്നും ശാശ്വതമല്ല. എല്ലായിടത്തും അസമാധാനവും അസന്തുഷ്ടിയും നിരാശയും കളിയാടുന്നു. സമാധാനത്തിനായി മനുഷ്യര്‍ നെട്ടോട്ടമോടുന്നു. എന്നാല്‍ ലഭിക്കുന്നില്ലതാനും. സമ്പത്തിനോ സ്ഥാനമാനങ്ങള്‍ക്കോ പ്രശസ്തിക്കോ ഒന്നും ശാശ്വതസമാധാനം നല്‍കുവാന്‍ കഴിയുകയില്ല. ആര്‍ക്കാണ് ശാശ്വതമായ സമാധാനം ഇല്ലാത്തത്? ഇതേക്കുറിച്ച് ബൈബിള്‍ പറയുന്നത്:

“ദുഷ്ടന്മാര്‍ക്ക് സമാധാനം ഇല്ല എന്നു എന്‍റെ ദൈവം അരുളിച്ചെയ്യുന്നു.” (ഏശയ്യാ 48:22, 57:21)

എന്നാല്‍ യേശു പറഞ്ഞു.

“സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചു പോകുന്നു. എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം തരുന്നതുപോലെ അല്ല ഞാന്‍ നിങ്ങള്‍ക്കു തരുന്നത്.” (യോഹന്നാന്‍ 14:27)

യേശുവിനെ സ്വന്ത രക്ഷിതാവും കര്‍ത്താവുമായി അംഗീകരിച്ച്, അവനായി ജീവിതത്തെ സമര്‍പ്പിച്ച ഒരു വ്യക്തിക്കു മാത്രമേ നിത്യസമാധാനം അനുഭവിപ്പാന്‍ സാധിക്കയുള്ളു. കാരണം ബൈബിള്‍ പറയുന്നു.

“നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം, അവന്‍റെ തോളില്‍ ഇരിക്കും. അവനു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നുപേര്‍ വിളിക്കപ്പെടും.” (ഏശയ്യാ 9:6)

യേശുവിന്‍റെ ജനനസമയത്ത് ദൂതന്മാര്‍ ദൈവത്തെ വാഴ്ത്തിയത് ഇപ്രകാരമാണ്. “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം.” (ലൂക്കോസ് 2:14)

സമാധാനപ്രഭുവായ യേശുവിനെ സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് നിത്യമായ സന്തോഷവും സമാധാനവും ലഭിക്കും. ദൈവം നല്‍കുന്ന ഒരു ദാനമാണ് സന്തോഷവും സമാധാനവും. “ഇതാ, ഞാന്‍ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിന്‍റെയും സത്യത്തിന്‍റെയും സമൃദ്ധി അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്യും.” (യിരെമ്യാവു 33:6)

പാപത്തില്‍ ജീവിക്കുന്ന ഒരു വ്യക്കിക്ക് സമാധാനം അനുഭവിപ്പാന്‍ കഴികയില്ല. യാതൊരുവിധ കര്‍മ്മമാര്‍ഗ്ഗത്താലോ, ആചാരാനുഷ്ഠാനങ്ങളാലോ, നേര്‍ച്ചകാഴ്ചകളാലോ, ദാനധര്‍മ്മങ്ങളാലോ സമാധാനം പ്രാപിപ്പാന്‍ കഴിയുകയില്ല. കാരണം ഈ വിധ കാര്യങ്ങള്‍ക്കൊന്നും മനുഷ്യനെ പാപത്തില്‍നിന്നും വിടുവിക്കുവാന്‍ സാധിക്കുകയില്ല. കാല്‍വരിയില്‍ മാനവകുലത്തിന്‍റെ പാപപരിഹാരത്തിനായി യാഗമാക്കപ്പെട്ട യേശുവിന്‍റെ രക്തത്തിലൂടെ മാത്രമേ മാനവകുലത്തിനു പാപപരിഹാരം ലഭിക്കുകയുള്ളു. സര്‍വ്വലോകത്തിന്‍റെയും പാപം തന്‍റെമേല്‍ വഹിച്ച് കാല്‍വരി ക്രൂശില്‍ യേശു യാഗമായിത്തീര്‍ന്നു. നമ്മെ പാപത്തില്‍നിന്നും രോഗത്തില്‍നിന്നും ശാപത്തില്‍നിന്നും അസമാധാനത്തില്‍നിന്നും സാത്താന്‍റെ അടിമത്വത്തില്‍നിന്നും വിടുവിക്കാന്‍ യേശു കാല്‍വരിക്രൂശില്‍ യാഗമായി. അതേക്കുറിച്ച് ബൈബിള്‍ ഇപ്രകാരം പറയുന്നു.

“സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു; നമ്മുടെ വേദനകളെ അവന്‍ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്‍റെമേല്‍ ആയി. അവന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തരും താന്താന്‍റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്‍റെമേല്‍ ചുമത്തി. (ഏശയ്യാ 53:4-6)

യേശുക്രിസ്തുവില്‍ വിശ്വസിച്ച് അവനെ സ്വന്തരക്ഷിതാവും കര്‍ത്താവുമായി അംഗീകരിച്ച് പാപജീവിതത്തെ വിട്ടുപേക്ഷിച്ച് യേശുവിന്‍റെ രക്തത്താല്‍ ശുദ്ധീകരിക്കപ്പെട്ട് യേശുവിനായി ജീവിതത്തെ സമര്‍പ്പിക്കുന്ന ഒരുവന്‍റെ ജീവിതം ഏറ്റവും ശ്രേഷ്ടകരമായ ഒന്നാണ്. ദൈവത്തിന്‍റെ മക്കള്‍ ആകുവാന്‍ സാധിക്കുന്നതാണ് ഈ ലോകത്തില്‍വച്ച് ഒരു വ്യക്തിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം. ആ വ്യക്തിയുടെ ജീവിതത്തില്‍ എത്ര ശക്തമായ പ്രശ്നങ്ങളും പ്രതികൂലങ്ങളും ഉണ്ടായാലും നിന്ദയും കഷ്ടതയും ഉണ്ടായാലും അവന്‍ ഭാരപ്പെടുകയോ തളര്‍ന്നു പോകുകയോ ചെയ്യുകയില്ല. കാരണം അവനില്‍ ദൈവം പകര്‍ന്നിരിക്കുന്ന നിത്യസമാധാനവും സന്തോഷവും ഏതു പ്രതികൂലത്തെയും തരണം ചെയ്യുവാന്‍ അവനെ പ്രാപ്തനാക്കുന്നു. ഈ അനുഭവം നിങ്ങള്‍ക്കും പ്രാപിക്കാം. അതിനായി നിങ്ങള്‍ ആഗ്രഹിക്കുന്നു. എങ്കില്‍ താഴെപ്പറയുന്ന പടികളെ പിന്തുടരുക.

1) നീ ഒരു പാപി ആണെന്ന് മനസ്സിലാക്കുക. റോമര്‍ 3:23; 1 യോഹന്നാന്‍ 1:8

2) നിങ്ങളുടെ പാപങ്ങളെപ്പറ്റി സത്യമായി ദുഃഖിക്കുകയും അനുതപിക്കുകയും ചെയ്യുക. 2 കൊരിന്ത്യര്‍ 7:10; ലൂക്കൊസ് 18:13

3) നിന്‍റെ പാപങ്ങളെ ദൈവത്തോട് ഏറ്റുപറയുക. സദൃശ്യവാക്യം 28:13; 1 യോഹന്നാന്‍ 1:9

4) നിന്‍റെ പാപങ്ങളെ ഉപേക്ഷിക്കുക. ഏശയ്യാ 55:7; സദൃശ്യവാക്യം 28:13

5) നിന്‍റെ പാപങ്ങള്‍ ക്ഷമിക്കുന്നതിനായി അപേക്ഷിക്കുക. സങ്കീര്‍ത്തനം 103:3; ഏശയ്യാ 1:18

6) ദൈവം തന്‍റെ കൃപയാലാണ് നമ്മെ രക്ഷിക്കുന്നത് എന്നു വിശ്വസിക്കുക. എഫെസ്യര്‍ 2:8,9

7) നിന്‍റെ ജീവിതം മുഴുവനും കര്‍ത്താവിന്നായി സമര്‍പ്പിക്കുക. റോമര്‍ 12:1

“നിന്‍റെ ഹൃദയത്തില്‍ യേശുക്രിസ്തുവിനെ ദൈവം മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു എന്നു നീ വിശ്വസിക്കുകയും നീ നിന്‍റെ വായ്കൊണ്ടു യേശു കര്‍ത്താവാണെന്നു പറയുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും. (റോമര്‍ 10:9)

നിങ്ങള്‍ യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് നിത്യസമാധാനവും സന്തോഷവും അനുഭവിച്ച് സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളായിത്തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.