“ഞാന്‍ (യേശു) തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ (സ്വര്‍ഗ്ഗത്തില്‍) അടുക്കല്‍ എത്തുന്നില്ല.” (യോഹന്നാന്‍ 14:6)

ഈ ലോകത്തിലുള്ള സകല മനുഷ്യരും പാപത്തിന് അടിമകളാണ്. പാപസ്വഭാവത്തില്‍നിന്ന് സമ്പൂര്‍ണ്ണമായ ഒരു വിടുതല്‍ എല്ലാവരും ആഗ്രഹിക്കുന്നു. അതിനായി പല കര്‍മ്മങ്ങളും പൂജകളും ആചാരാനുഷ്ഠാനങ്ങളും ചെയ്യുന്നു. നേര്‍ച്ചകാഴ്ചകളിലൂടെയും പൂജാകര്‍മ്മങ്ങളിലൂടെയും നിത്യശാന്തി ലഭിക്കും എന്നു ചിന്തിക്കുന്നു. എന്നാല്‍എന്തുതന്നെ ചെയ്തിട്ടും പാപത്തില്‍നിന്നോ പാപസ്വഭാവത്തില്‍നിന്നോ മാറ്റം വരുന്നില്ല. എന്നാല്‍ പ്രിയ സ്നേഹിതാ നിങ്ങള്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത – കര്‍ത്താവായ യേശുക്രിസ്തു നിന്‍റെ സകലപ്രശ്നത്തിനും പരിഹാരകന്‍.

ദൈവമായിരുന്ന യേശുക്രിസ്തു (യോഹ 1:1-14; കൊലൊ 1:14-16; തീത്തൊ 2:12) മനുഷ്യവര്‍ഗ്ഗത്തെ പാപത്തില്‍നിന്നും വീണ്ടെടുക്കുവാന്‍ ഭൂമിയില്‍ നരനായി അവതരിച്ചു (മത്തായി 1:21). ദൈവേഷ്ടം ചെയ്തു തന്‍റെ ശുശ്രൂഷയുടെ അവസാനത്തില്‍ മാനവകുലത്തിന്‍റെ പാപം ഏറ്റെടുത്ത് കാല്‍വരി ക്രൂശില്‍ യാഗമായി. മൂന്നാംനാള്‍ ഉയിര്‍ത്ത് സ്വര്‍ഗ്ഗത്തില്‍ കരേറി പിതാവിന്‍റെ വലതുഭാഗത്തു ഇരിക്കുന്നു. യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ പ്രിയ സ്നേഹിതാ നിനക്കു പാപത്തില്‍നിന്നും പാപസ്വഭാവത്തില്‍നിന്നും മോചനം ഉണ്ട്. യേശുവിന്‍റെ രക്തം സകല പാപവും പോക്കി നിന്നെ ശുദ്ധീകരിക്കും (1 യോഹന്നാന്‍ 1:7). യേശു മാത്രമാണ് പാപികള്‍ക്കുവേണ്ടി സ്വന്തജീവന്‍ അര്‍പ്പിച്ചത് റോമര്‍ 5:8; 1 തിമൊ 1:5; യോഹ 1:29) യേശുക്രിസ്തു നിന്നെ സ്നേഹിക്കുന്നു; തന്‍റെ അടുക്കലേക്ക് നിന്നെ മാടി വിളിക്കുന്നു. നീ എത്ര വലിയ പാപിയായിരുന്നാലും യേശുവിന്‍റെ രക്തത്താല്‍ നിനക്കു ശുദ്ധീകരണം പ്രാപിക്കാം.

യേശുക്രിസ്തു ഒരു പ്രത്യേക മതത്തിന്‍റെയോ ജാതിയുടെയോ ദൈവമല്ല. മറിച്ച്, ലോകത്തിലുള്ള ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസമില്ലാതെ സകല മനുഷ്യരുടെയും ദൈവമാണ്. യേശുവില്‍ വിശ്വസിച്ച്, അവനെ കര്‍ത്താവും രക്ഷകനുമായി സ്വീകരിച്ച്, പാപങ്ങളെ അനുതാപത്തോടെ ദൈവത്തോട് ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച്, യേശുവിനായി നിന്‍റെ ജീവിതത്തെ സമര്‍പ്പിക്കുക. അപ്പോള്‍ നിന്‍റെ ഹൃദയത്തിലേക്ക് നിത്യസമാധാനവും സന്തോഷവും കടന്നുവരും. സ്വര്‍ഗ്ഗരാജ്യത്തിന് അവകാശിയായിത്തീരും. പ്രിയ സ്നേഹിതാ ഈ സൗജന്യരക്ഷയെ നീ കരസ്ഥമാക്കിയിട്ടുണ്ടോ?

ദൈവം മാനവവര്‍ഗ്ഗത്തിനുവേണ്ടി ചെയ്ത ഈ വലിയ രക്ഷാപദ്ധതിയെ നീ ഗണ്യമാക്കാതെ സ്വന്തം നിരൂപണങ്ങള്‍ക്ക് അനുസരിച്ച് വ്യര്‍ത്ഥമായി, സത്യദൈവത്തെ (യേശു) അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓര്‍ത്തു മഹത്വീകരിക്കുകയോ നന്ദി കാണിക്കുകയോ ചെയ്യാതെ സത്യദൈവത്തെ പരിത്യജിച്ച്, അക്ഷയനായ ദൈവത്തിന്‍റെ തേജസ്സിനെ ക്ഷയമുള്ള മനുഷ്യന്‍, പക്ഷി, നാല്ക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമാക്കി മാറ്റി അവയെ ബഹുമാനിക്കുകയും ആരാധിക്കുകയും വണങ്ങുകയും ചെയ്യുന്നുവോ? (റോമര്‍ 1:18-32). തന്മൂലം ദൈവം നിന്നെ നിത്യനാശത്തിലേക്ക് കൈവിടും. വേഗം മടങ്ങിവന്ന് മാനസാന്തരപ്പെടുക.

യേശു കാല്‍വരി ക്രൂശില്‍ നിവര്‍ത്തിച്ച വേല പൂര്‍ണ്ണമാണ്. അതിനോട് എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നവന്‍ ശപിക്കപ്പെട്ടവന്‍. പാപങ്ങള്‍ക്കായുള്ള ഏകബലി യേശുക്രിസ്തു കാല്‍വരിയില്‍ പൂര്‍ത്തിയാക്കി. ഇനി ഒരു ബലിയുടെ ആവശ്യം ഇല്ല (എബ്രാ 9:11-28; 10:12). എന്നാല്‍ ഇന്നും ദിനംപ്രതി പാപപരിഹാരത്തിനുവേണ്ടി ദിവ്യബലി അര്‍പ്പിക്കുന്നപ്രിയ സ്നേഹിതാ നീ ആരെയാണ് ആരാധിക്കുന്നത്. ദൈവം എന്ന വ്യാജേന സാത്താനെത്തന്നെയല്ലേ? ദൈവം ആത്മാവാകയാല്‍ ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ 4:24; 1:18).

ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമയും അരുത്. അവയെ നമസ്ക്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത് (പുറപ്പാട് 20:4,5) എന്നു ദൈവം വ്യക്തമായി കല്പിച്ചിരിക്കെ ആ കല്പനയെ ലഘൂകരിച്ച് തിരുസ്വരൂപങ്ങള്‍ എന്ന പേരില്‍ യേശുവിന്‍റെയും പുണ്യവാളന്മാരുടെയും വിഗ്രഹങ്ങള്‍ ഉണ്ടാക്കി അവയെ നമസ്ക്കരിക്കുന്ന പ്രിയ സ്നേഹിതാ നീയും വിഗ്രഹത്തെപ്പോലെയാണ് (സങ്കീര്‍ത്തനങ്ങള്‍ 115:4-8). നിന്നില്‍ വസിക്കുന്നത് ദൈവമല്ല മറിച്ച് അന്ധകാരപ്രഭുവായ സാത്താനാണ്. (ദയവായി വായിക്കുക – നിയമാവര്‍ത്തനം 4:18; സങ്കീ. 78:58; 97:7; 106:19,36; 135:15-18; നിയമാവര്‍ത്തനം 27:15; 2 കൊരി 6:16) വിഗ്രഹാരാധനയില്‍നിന്നും ഒഴിഞ്ഞിരിക്കണമെന്നു യോഹന്നാന്‍ അപ്പൊസ്തലന്‍ 1 യോഹ 5:21-ല്‍ ഉപദേശിക്കുന്നു. വിഗ്രഹാരാധകര്‍ക്കുള്ള ഓഹരി നിത്യ തീപ്പൊയ്ക എന്നു ബൈബിള്‍ വളരെ വ്യക്തമായി പറയുന്നു (1 കൊരി 6:9; വെളി 21:8; 22:15) പ്രിയ സ്നേഹിതാ മാനസാന്തരപ്പെടുക.

യേശുക്രിസ്തു മാത്രം ഏക മദ്ധ്യസ്ഥന്‍ (1 തിമൊ 2:5) എന്നു ബൈബിള്‍ വ്യക്തമായി പറയുമ്പോള്‍ മനുഷ്യരെ മദ്ധ്യസ്ഥന്മാരാക്കി അവരോട് അപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് ഏത് അടിസ്ഥാനത്തിന്മേലാണ്. “മരിച്ചവരും മൗനതയില്‍ ഇറങ്ങിയവരും ദൈവത്തെ സ്തുതിക്കുന്നില്ല; (സങ്കീ 115:17) ജീവനുള്ളവര്‍ക്കുവേണ്ടി മരിച്ചവരോടാ ചോദിക്കേണ്ടത് (യെശയ്യാ 8:20). മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റവനായി സ്വര്‍ഗ്ഗത്തില്‍ കയറിയതു യേശുക്രിസ്തു മാത്രമാണ് (യോഹ 3:13). മരിച്ച സകല മനുഷ്യരും തങ്ങളുടെ പ്രതിഫലത്തിനായി കാത്തു വിശ്രമിക്കുന്നു. അപ്പോള്‍പിന്നെ ആരാണ് പ്രിയ സ്നേഹിതാ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും അപേക്ഷകള്‍ക്കും മറുപടി തരുന്നത്? സാത്താനല്ലേ?

കര്‍ത്താവായ യേശുക്രിസ്തുവില്‍കൂടി മാത്രമേ സ്വര്‍ഗ്ഗരാജ്യപ്രവേശനം സാദ്ധ്യമാകുകയുള്ളൂ (യോഹന്നാന്‍ 14:6). യേശുവിന്‍റെ അടുക്കല്‍ വരുന്നവരെ അവന്‍ ഒരുനാളിലും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല (എബ്രാ 13:5). സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവര്‍ക്കുംവേണ്ടി ഏല്പിച്ചു തന്നവന്‍ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? (റോമര്‍ 8:32). സത്യദൈവത്തിലേക്ക് കടന്നുവരൂ. അനുഗ്രഹം പ്രാപിക്കൂ.

യേശുവിനെ കര്‍ത്താവും രക്ഷകനുമായി സ്വീകരിക്കാതെ, ദൈവവചനം അനുസരിച്ച് ജീവിക്കാതെ തങ്ങളുടെ പാരമ്പര്യങ്ങളില്‍ ഊറ്റംകൊണ്ട് എന്തുതന്നെ ചെയ്താലും ആരോടു മദ്ധ്യസ്ഥം അപേക്ഷിച്ചാലും (ഉദാ:- മാതാവ്, പുണ്യവാളന്മാര്‍, വിശുദ്ധന്മാര്‍, മനുഷ്യനിര്‍മ്മിതദൈവങ്ങള്‍ ….etc) നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന വ്യക്തിക്ക് ആ വ്യക്തിയെ മാത്രമേ രക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ കാര്യം വളരെ വ്യക്തമായി ഏസക്കിയേല്‍ 14-ാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നു. യേശുവിന്‍റെ അമ്മ മറിയയ്ക്ക് തന്നെ മാത്രമേ രക്ഷിക്കുവാന്‍ കഴിയുകയുള്ളൂ. ദൈവദൃഷ്ടിയില്‍ നീതിമാന്മാരായിരുന്ന നോഹയ്ക്കും ദാനീയേലിനും ഇയ്യോബിനും ദൈവകോപത്തില്‍നിന്ന് അവരെ മാത്രമേ രക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നാണ് ദൈവം ഇവിടെ അരുളി ചെയ്തിരിക്കുന്നത് (ഏസക്കിയേല്‍ 14:14). പ്രിയ സ്നേഹിതാ നിന്നെ രക്ഷിക്കുവാന്‍ യേശുക്രിസ്തുവിനു മാത്രമേ കഴിയുകയുള്ളൂ. അവനായി നിന്‍റെ ജീവിതത്തെ സമര്‍പ്പിക്കുക. നിനക്കായി ജീവനെതന്ന യേശുവിനെ കൈകൊണ്ടില്ലെങ്കില്‍ നിത്യശിക്ഷ വിധി നരകത്തില്‍ അനുഭവിക്കേണ്ടി വരും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.