“ശക്തി അവനില്‍ (യേശു) നിന്നു പുറപ്പെട്ടു. എല്ലാവരെയും സൗഖ്യമാക്കുകകൊണ്ടു പുരുഷാരം ഒക്കെയും അവനെ തൊടുവാന്‍ ശ്രമിച്ചു.” (ലൂക്കൊസ് 6:13)

“ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന ദൈവമാകുന്നു.” (പുറപ്പാട് 15:26)

പ്രിയ സഹോദരാ, സഹോദരീ – നിങ്ങള്‍ രോഗത്താലോ ഭാരത്താലോ വേദനയാലോ കഷ്ടപ്പെടുന്നുവോ? ഒരു ആശയ്ക്കു വകയില്ലാതെ നിരാശിതനോ എങ്കില്‍ നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. “യേശുക്രിസ്തു നിങ്ങളുടെ സകല പ്രശ്നങ്ങള്‍ക്കും മതിയായവന്‍.”

ദൈവസ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ദൈവകല്പന ലംഘിച്ച് ദൈവത്തോട് അനുസരണക്കേട് കാട്ടിയതുമൂലം പാപം ലോകത്തില്‍ പ്രവേശിക്കുകയും പാപത്താല്‍ മരണവും ശാപവും രോഗവും മനുഷ്യവര്‍ഗ്ഗത്തില്‍ പ്രവേശിക്കയും ചെയ്തു. (ഉല്പത്തി 3:1-24; റോമര്‍ 5:12, 17-19). എന്നാല്‍ സ്നേഹസമ്പന്നനായ ദൈവം മനുഷ്യവര്‍ഗ്ഗത്തെ ഉപേക്ഷിച്ച് കളയാതെ അവനെ പാപം, രോഗം, ശാപം, മരണം, സാത്താന്യ അടിമത്തം എന്നിവയില്‍നിന്ന് വിടുവിച്ച് നിത്യസന്തോഷവും സമാധാനവും നിത്യജീവനും പ്രാപിക്കുവാന്‍വേണ്ടി തന്‍റെ ഏകജാതനെ (യേശു) ഭൂമിയിലേക്ക് അയച്ചു. “കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിപ്പിന്‍.” (മര്‍ക്കൊ 1:15; മത്തായി 3:2) എന്നു പ്രസംഗിച്ചുകൊണ്ടു തന്‍റെ പരസ്യ ശുശ്രൂഷ ആരംഭിച്ചു. യേശുവിന്‍റെ അടുക്കല്‍വന്ന സകല രോഗികളെയും യേശു സൗഖ്യമാക്കി. യേശു സൗഖ്യമാക്കിയവരുടെ കൂട്ടത്തില്‍ ഭൂതബാധിതര്‍, കുരുടര്‍, മുടന്തര്‍, പക്ഷവാതക്കാര്‍, കുഷ്ഠരോഗികള്‍, രക്തസ്രാവമുള്ളവര്‍, പനി പിടിച്ചവര്‍ തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. (മത്തായി 4:23-25)

യേശുവിന്‍റെ പരസ്യശുശ്രൂഷയുടെ അവസാനത്തില്‍ കാല്‍വരിക്രൂശില്‍ സകല ഭൂവാസികളുടെയും (ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-ഭാഷാ വ്യത്യാസമില്ലാതെ) പാപപരിഹാരത്തിനുവേണ്ടി യാഗമായി. യേശു കുരിശില്‍ മരിച്ചത് ഒരു പ്രത്യേക മതത്തിനോ സംഘടനയ്ക്കോ സഭയ്ക്കോ വേണ്ടിയല്ല, മറിച്ച് ലോകത്തിലുള്ള സകല മനുഷ്യരുടെയും പാപത്തിനുവേണ്ടിയാണ്. ബൈബിള്‍ ഇപ്രകാരം പറയുന്നു’

‘സകല ഭൂസീമവാസികളേ, എങ്കലേക്കു നോക്കി രക്ഷപ്പെടുവിന്‍; ഞാനല്ലാതെ വേറൊരു ദൈവം ഇല്ലല്ലോ. ഞാന്‍ സത്യമായി, ‘എന്‍റെ മുമ്പില്‍ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും’ എന്നിങ്ങനെ എന്‍റെ വായില്‍നിന്നു നീതിയും തിരിച്ചുവരാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” (യെശയ്യ 45:22,23)

യേശു ലോകത്തില്‍വച്ച് കഷ്ടമനുഭവിച്ച് കാല്‍വരിക്രൂശില്‍ മരിച്ചത് പ്രിയ സ്നേഹിതാ നിനക്ക് വേണ്ടിയാണ്. നിന്‍റെ സമാധാനത്തിനുവേണ്ടി യേശു കാല്‍വരിയില്‍ തകര്‍ക്കപ്പെട്ടു, അടിയേറ്റു. നിന്‍റെ സൗഖ്യത്തിനും സുഖത്തിനും ഐശ്വര്യത്തിനും സമാധാനത്തിനും ക്ഷേമത്തിനുംവേണ്ടി യേശു തകര്‍ക്കപ്പെട്ടു (1 പത്രോ 2:24). യേശുവിന്‍റെ മരണം നിനക്കുവേണ്ടിയാണ്. നിന്‍റെ പാപത്തെ മാറ്റുവാന്‍, നിന്‍റെ രോഗത്തെ സൗഖ്യമാക്കുവാന്‍, നിന്‍റെ ശാപത്തെ നീക്കുവാന്‍, സാത്താന്‍റെ അടിമത്വത്തില്‍നിന്ന് നിന്നെ വിടുവിക്കുവാന്‍ വേണ്ടിയായിരുന്നു. യേശു ഏറ്റ അടികള്‍ നിന്‍റെ രോഗസൗഖ്യത്തിന് വേണ്ടിയായിരുന്നു. (യെശ 53:5)

യേശുവിനെ റോമന്‍ പടയാളികള്‍ അടിക്കാന്‍ ഉപയോഗിച്ച ചമ്മട്ടിയുടെ വാറുകളില്‍ ഉണ്ടായിരുന്ന കൂര്‍ത്ത ലോഹത്തിന്‍റെയും എല്ലിന്‍റെയും കഷണങ്ങള്‍ ഓരോ അടിയിലും മാംസങ്ങള്‍ പറിച്ചെടുത്തു (സങ്കീ 22:16,17). യെഹൂദന്മാരുടെ നിയമപ്രകാരം ഒരു കുറ്റവാളിയെ ഒരു തവണ ’39’ പ്രാവശ്യത്തിലധികം അടിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ റോമന്‍ നിയമത്തില്‍ അടിയുടെ എണ്ണം നിജപ്പെടുത്തിയിരുന്നില്ല. മനുഷ്യശരീരത്തില്‍ 206 അസ്ഥികള്‍ ഉള്ളതായി വൈദ്യശാസ്ത്രം പറയുന്നു. യേശുവിന്‍റെ ഏതാണ്ട് എല്ലാ അസ്ഥികളും മുഖത്തെ എല്ലുകള്‍പോലും പുറത്തു കാണുന്നതുവരെയും അവര്‍ അവനെ അടിച്ചു. നിന്‍റെ സൗഖ്യത്തിനും രോഗശാന്തിക്കുമായി യേശു തകര്‍ക്കപ്പെട്ടു. യേശു കാല്‍വരിയില്‍ ഇത്ര വലിയ വില നല്കിയത് ഒരു വ്യക്തിപോലും പാപത്തില്‍, രോഗത്തില്‍, ശാപത്തില്‍, സാത്താന്‍റെ അടിമത്വത്തില്‍ തുടരാതിരിക്കുവാനും യേശുവില്‍ വിശ്വസിച്ച് നിത്യജീവന്‍ പ്രാപിച്ച് നിത്യസന്തോഷവും സമാധാനവും അനുഭവിച്ച് ദൈവിക ആരോഗ്യത്തില്‍ ജീവിക്കുവാനും വേണ്ടിയാണ് (യിരെ 33:6; 1 പത്രോ 2:24; സങ്കീ 103:3).

പ്രിയ സഹോദരാ, സഹോദരീ നിന്‍റെ രോഗം എന്തായിരുന്നാലും എത്ര വര്‍ഷമായിരുന്നാലും യേശുവിന്‍റെ അടുക്കല്‍ വിശ്വാസത്തോടെ വന്നാല്‍ അവന്‍ നിങ്ങള്‍ക്ക് സൗഖ്യം തരും. രോഗശാന്തി മക്കളുടെ അപ്പമാണ് (3 യോഹ 2; മത്താ 15:21-28). ആകയാല്‍ ദൈവത്തില്‍നിന്ന് സൗഖ്യം ആഗ്രഹിക്കുന്നവര്‍ ദൈവമക്കളായിത്തീരണം അഥവാ രക്ഷിക്കപ്പെടേണം. എങ്ങനെയാണ് ഒരു വ്യക്തിക്ക് ദൈവപൈതലായിത്തീരുന്നത്?

1. കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുക. യേശുവിനെ കര്‍ത്താവും രക്ഷിതാവും ആയി സ്വീകരിക്കുക. പാപങ്ങളെക്കുറിച്ച് യഥാര്‍ത്ഥമായി അനുതപിച്ച് ദൈവത്തോട് ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുക. നിങ്ങളുടെ ജീവിതത്തെ സമ്പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിക്കുക (റോമര്‍ 10:9; അപ്പൊ. പ്രവ. 4:12; 1 തിമൊ 2:5,6).

2. പാപസ്വഭാവത്തിനു നീക്കംവന്ന് നീതിക്കുവേണ്ടി ജീവിക്കുവാന്‍, ക്രിസ്തുവിനെ ധരിക്കുവാന്‍ രക്ഷിക്കപ്പെട്ടവര്‍ ജലസ്നാനം അഥവാ വിശ്വാസസ്നാനം സ്വീകരിക്കണം. (പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അഭിഷിക്ത ദൈവദാസരാല്‍ ഉള്ള സ്നാനം)- റോമര്‍ 1:6-11; മര്‍ക്കൊ 16:16; ഗലാത്യര്‍ 3:27.

3. ദൈവപുത്ര പദവി ലഭിക്കുവാനായി ദൈവസന്നിധിയില്‍ കാത്തിരുന്ന് പരിശുദ്ധാത്മാഭിഷേകം പ്രാപിക്കണം. (അപ്പൊ പ്രവൃത്തി 1:4; 2:38; 1 കൊരി 12:12; റോമര്‍ 8:15-17)

4. ഒരു ദൈവപൈതല്‍ പാരമ്പര്യങ്ങളില്‍നിന്നും അന്യാരാധനകളില്‍നിന്നും വിഗ്രഹാരാധനയില്‍നിന്നും ദുരുപദേശങ്ങളില്‍നിന്നും വേര്‍പെടണം (2 കൊരി 6:16-17). ദൈവപൈതലായിത്തീര്‍ന്ന ഒരു വ്യക്തിക്കുവേണ്ടി ദൈവം പ്രവര്‍ത്തിക്കുന്നു.

പ്രിയ വ്യക്തി ജീവിതമേ നീ ദൈവപൈതലായെങ്കില്‍ നിന്‍റെ ആത്മാവില്‍, മനസ്സില്‍, ശരീരത്തില്‍ ഇപ്പോള്‍തന്നെ വലിയ ഒരു അത്ഭുതം സംഭവിക്കും. ഇനി നീ രോഗത്താലും ഭാരത്താലും കഷ്ടപ്പെടേണ്ട കാര്യമില്ല. യേശു നിനക്ക് വേണ്ടി സകലതും നിവര്‍ത്തിച്ചു. ആ യേശുവിനായി നിന്‍റെ ജീവിതത്തെ പരിപൂര്‍ണ്ണമായി സമര്‍പ്പിച്ചാല്‍ അവന്‍ ഇപ്പോള്‍ത്തന്നെ നിന്നെ വിടുവിക്കും.

രോഗം വരുവാനുള്ള കാരണങ്ങള്‍

മനുഷ്യനു രോഗം വരുവാന്‍ പ്രധാനമായും 9 കാരണങ്ങള്‍ കാണാവുന്നതാണ് അവ

1. പാപം:- പാപത്തിന്‍റെ പരിണിതഫലമായിട്ടാണ് പലരും രോഗികളായി തീര്‍ന്നിട്ടുള്ളത് (യോഹ 5:2-15; മത്താ 9:1-8; 2 ദിന 16:1-14). പാപം രോഗത്തിന് കാരണമാണ്. എന്തൊക്കെയാണ് പാപപ്രവൃത്തികള്‍ – നിയമാവര്‍ത്തനം 18:10; മര്‍ക്കൊസ് 7:21-23; റോമര്‍ 1:29-32; 1 കൊരിന്ത്യര്‍ 6:9,10; ഗലാത്യര്‍ 5:19-21; എഫെസ്യര്‍ 5:3-5; 2 തിമൊഥെയോസ് 3:1-5; വെളിപ്പാട് 21:8 – ഈ ഭാഗങ്ങള്‍ ബൈബിള്‍ തുറന്ന് വായിക്കുക. നിന്‍റെ പാപപ്രവൃത്തികളെ ഉപേക്ഷിക്കുക. അപ്പോള്‍ നിങ്ങള്‍ക്കു സൗഖ്യം ലഭിക്കും..

2. സാത്താന്യ പീഡ:- പിശാചിന്‍റെ പ്രവര്‍ത്തനഫലമായി മനുഷ്യര്‍ രോഗികളായിത്തീരുന്നു. (ഇയ്യോബ് 2:7; ലൂക്കോ 13:10-17; മര്‍ക്കൊ 5:1-15; ലൂക്കോസ് 11:14; മര്‍ക്കൊ 9:17-29) പിശാചിന്‍റെ സകല പ്രവൃത്തികളെയും അഴിപ്പാനായി യേശുക്രിസ്തു ഭൂമിയില്‍ വന്നു. യേശുവിനാല്‍ സാത്താന്യ പീഡയില്‍നിന്നും വിടുതല്‍ പ്രാപിക്കാം. (1 യോഹ 3:8).

3. ശുചിത്വക്കുറവ്

4. ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം

5. ഭക്ഷണപ്രിയം അഥവാ കൊതി – 1 കൊരി 10:31; സംഖ്യ 11:4,33; സങ്കീ 106:15; ആവര്‍ 2:20,21; സദൃശ്യ 23:2; ലൂക്കോ 23:4.

6. അമിതാദ്ധ്വാനം – ഫിലി 2:30

7. ഭയം – ഇയ്യോബ് 3:25-26; 1 യോഹ 4:18

8. കോപം, അസൂയ, ഈര്‍ഷ്യ – യോന 4:9; ഇയ്യോബ് 5:2.

9. അയോഗ്യമായി കര്‍ത്തൃമേശയില്‍ പങ്കെടുക്കുന്നതിനാല്‍ – 1 കാരി 11:27-30.

നിങ്ങളെ ബാധിച്ചിരിക്കുന്ന രോഗത്തിന്‍റെ കാരണം ഏതെന്നു കണ്ടെത്തി അതിനെ ജീവിതത്തില്‍നിന്ന് മാറ്റിക്കളയുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ ദൈവീക രോഗശാന്തി അനുഭവിപ്പാന്‍ സാധിക്കും. അതിനായി ദൈവം നിങ്ങളെ സഹായിക്കട്ടെ.

വിശ്വസിക്കുക………….. ഏറ്റെടുക്കുക

യേശു നിങ്ങള്‍ക്കായി അത്ഭുതം ചെയ്യും.

———————————————