“ഞാന്‍ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാല്‍ തകര്‍ക്കും.” (ഉല്പത്തി 3:15)

സാത്താന്‍ എന്ന എബ്രായപദത്തിനു പ്രതിയോഗി അഥവാ എതിരാളി എന്നാണര്‍ത്ഥം. ബൈബിളില്‍ 52 പ്രാവശ്യം ഈ പദം ഉപയോഗിച്ചിട്ടുണ്ട്. പുതിയ നിയമ എഴുത്തുകാര്‍ എല്ലാവരുംതന്നെ സാത്താനെക്കുറിച്ച് പ്രത്യക്ഷമായൊ പരോക്ഷമായൊ പരാമര്‍ശിച്ചിട്ടുണ്ട്. മറ്റു പല പേരുകളിലും സാത്താന്‍ അറിയപ്പെടുന്നു.

1. പിശാച് – ലൂക്കോസ് 4:2; വെളിപ്പാട് – 20:2

2. പഴയപാമ്പ് – വെളിപ്പാട് 12:9; 20:2

3. മഹാസര്‍പ്പം – വെളിപ്പാട് 12:3,7,9; 20:2

4. ഈ ലോകത്തിന്‍റെ പ്രഭു – യോഹന്നാന്‍ 12:31; 14:30, 16:11

5. അരുണോദയപുത്രനായ ശുക്രന്‍ (ലൂസിഫര്‍) യെശയ്യാവു – 14:12

6. ഈ ലോകത്തിന്‍റെ ദൈവം – 2 കൊരിന്ത്യര്‍ – 4:4

7. ആകാശത്തിലെ അധികാരത്തിനു അധിപതി – എഫെസ്യര്‍ 2:2

8. ഭോഷ്കിന്‍റെ അപ്പന്‍ – യോഹന്നാന്‍ 8:44

9. അപവാദി – വെളിപ്പാട് 12:10

10. ബെയെത്സെബൂല്‍ (ഈച്ചകളുടെ തമ്പുരാന്‍) – മത്തായി 12:24; മര്‍ക്കൊസ് – 3:22

11. ഭൂതങ്ങളുടെ തലവന്‍ – മത്തായി 12:24; ലൂക്കോസ് – 11:15

12. ദുഷ്ടന്‍ – യോഹന്നാന്‍ 17:15; 1 യോഹന്നാന്‍ – 5:18

13. അഗാധദൂതന്‍ – വെളിപ്പാട് – 9:11

14. അബദ്ദോന്‍ – വെളിപ്പാട് – 9:11

15. പരീക്ഷകന്‍ – മത്തായി – 4:3; 1 തെസ്സലോനിക്യര്‍ – 3:5

വീണുപോയ ദൂതന്മാര്‍

ദൂതന്മാരില്‍ സിംഹാസനങ്ങള്‍, കര്‍തൃത്വങ്ങള്‍, വാഴ്ചകള്‍, അധികാരങ്ങള്‍ എന്നിങ്ങനെ നാലുവിഭാഗങ്ങള്‍ കാണപ്പെടുന്നു. (കൊലൊസ്സ്യര്‍ – 1:16) ഇവരില്‍ ചിലര്‍ നിഗളത്താല്‍ വീണുപോയി. വീണുപോയ ദൂതന്മാരുടെ പ്രധാനപ്പെട്ട അഞ്ചുവിഭാഗങ്ങളെക്കുറിച്ച് ദൈവവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ദൂതന്മാരുടെയെല്ലാം വീഴ്ചയ്ക്കുകാരണം നിഗളമായിരുന്നു എങ്കിലും അവരില്‍ ഓരോരുത്തരുടെയും നിഗളത്തിനു തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. ഓരോ തരത്തിലുമുള്ള നിഗളം നമ്മില്‍ പ്രവേശിച്ച് നമ്മെ നശിപ്പിക്കാതിരിക്കേണ്ടതിന്നു നമ്മെത്തന്നെ സൂക്ഷിക്കേണ്ടതിനുള്ള മുന്നറിയിപ്പ് അത്രേ ഇത്.

1. ശുക്രന്‍ (ലൂസിഫര്‍)

“അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു! “ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും; എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങള്‍ക്കുമീതെ വെക്കും; ഉത്തരദിക്കിന്‍റെ അതൃത്തിയില്‍ സമാഗമപര്‍വ്വതത്തിന്മേല്‍ ഞാന്‍ ഇരുന്നരുളും; ഞാന്‍ മേഘോന്നതങ്ങള്‍ക്കു മീതെ കയറും; ഞാന്‍ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തില്‍ പറഞ്ഞത്. (യെശയ്യാവു 14:12-14)

ലൂസിഫറിന്‍റെ വീഴ്ചക്കുകാരണം തന്നെത്താന്‍ ഉയര്‍ത്തുക അഥവാ അവന്നു നല്കപ്പെട്ടിരിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന സ്ഥാനവും ബഹുമാനവും പിടിച്ചുപറ്റുക എന്ന നിഗളം മുഖാന്തരമായിരുന്നു. ലൂസിഫര്‍ ദൂതന്മാരില്‍ ഒരു പ്രധാനിയായിരുന്നു. സ്വന്തമായി സിംഹാസനവും അവനുണ്ടായിരുന്നു. യേശുവിനെ ഉദയനക്ഷത്രം എന്നു വിളിക്കുമ്പോള്‍ ഇവനെ അരുണോദയപുത്രന്‍ എന്നു വിളിച്ചിരുന്നു. വലിയ അധികാരവും ശോഭയും ലൂസിഫറിന് ഉണ്ടായിരുന്നുവെന്ന് ഇതു കാണിക്കുന്നു. എന്നാല്‍ ദൈവം അവന്നു നല്കിയിരുന്ന അധികാരത്തിലും തേജസ്സിലും അവന്‍ തൃപ്തനല്ലായിരുന്നു. കൂടുതല്‍ അധികാരവും സ്ഥാനവും മാനവും അവന്‍ ആഗ്രഹിച്ചു.

ഇന്നീ ലോകത്തില്‍ ലൂസിഫറിന്‍റെ ആത്മാവ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയമോ മതപരമോ ആയ ലോകത്തില്‍ മാത്രമല്ല, ആത്മീയ ലോകത്തിലും ഈ ആത്മാവു പ്രവര്‍ത്തിക്കുന്നുണ്ട്. അധികാരത്തിനും നേതൃത്വത്തിനും സ്ഥാനമാനങ്ങള്‍ക്കും പേരിന്നും പ്രശസ്തിക്കുംവേണ്ടി ലോകത്തില്‍ നടക്കുന്ന എല്ലാ പോരാട്ടങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പിന്നിലെ പ്രേരണാശക്തി ലൂസിഫറിന്‍റെ ആത്മാവാണ്.

തങ്ങളെക്കുറിച്ച് ഉന്നതമായി ചിന്തിക്കുവാനും മറ്റുള്ളവരെ തുഛീകരിക്കുവാനും ലൂസിഫറിന്‍റെ ആത്മാവു മനുഷ്യരെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരെ തരംതാഴ്ത്തിക്കാണുന്നതും നിന്ദിക്കുന്നതും ലൂസിഫറിന്‍റെ പ്രവര്‍ത്തനഫലമായാണ്. ഈ ആത്മാവിനെ അനുസരിച്ചു നടക്കുന്നവര്‍ പാതാളത്തിലേക്കു തള്ളപ്പെടും.

2: അഭിഷിക്തനായ കെരൂബ്

“നീ ചിറകു വിടര്‍ത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാന്‍ നിന്നെ വിശുദ്ധദേവപര്‍വ്വതത്തില്‍ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു. നിന്നെ സൃഷ്ടിച്ച നാള്‍മുതല്‍ നിങ്കല്‍ നീതികേടു കണ്ടതുവരെ നീ നടപ്പില്‍ നിഷ്ക്കളങ്കനായിരുന്നു. നിന്‍റെ വ്യാപാരത്തിന്‍റെ പെരുപ്പം നിമിത്തം നിന്‍റെ അന്തര്‍ഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാന്‍ നിന്നെ അശുദ്ധന്‍ എന്നു എണ്ണി ദൈവപര്‍വ്വതത്തില്‍നിന്നു തള്ളിക്കളഞ്ഞു; മറെക്കുന്ന കെരൂബേ, ഞാന്‍ നിന്നെ അഗ്നിമയരഥങ്ങളുടെ മദ്ധ്യേനിന്നു മുടിച്ചുകളഞ്ഞു. നിന്‍റെ സൌന്ദര്‍യ്യം നിമിത്തം നിന്‍റെ ഹൃദയം ഗര്‍വിച്ചു, നിന്‍റെ പ്രഭ നിമിത്തം നീ നിന്‍റെ ജ്ഞാനത്തെ വഷളാക്കി; ഞാന്‍ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാര്‍ നിന്നെകണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പില്‍ ഇട്ടുകളഞ്ഞു. (യെഹെസ്കേല്‍ 28:14-17)

അധികാരത്തിലും തേജസ്സിലും ലൂസിഫറിനെക്കാള്‍ അഭിഷിക്തനായ കെരൂബ് എത്ര ഉന്നതനായിരുന്നു എന്ന് ഈ വേദഭാഗത്തുനിന്നും ഗ്രഹിക്കാവുന്നതാണ്. അവന്‍ ദാനിയേലിനെക്കാള്‍ ജ്ഞാനി ആയിരുന്നു. (യെഹെസ്കേല്‍ – 28:3) വിശുദ്ധ ദേവപര്‍വ്വതത്തില്‍ കയറുവാന്‍ ലൂസിഫര്‍ മോഹിച്ചു. എന്നാല്‍ അഭിഷിക്തനായ കെരൂബ് നേരത്തെതന്നെ അവിടെയായിരുന്നു. ഈ ദൂതന്‍റെ ശരീരത്തെ താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, മാണിക്യം, മരതകം, ഗൊമേദകം, സൂര്യകാന്തം, നീലക്കല്ല് തുടങ്ങിയ ഒന്‍പതുവിധ രത്നങ്ങള്‍കൊണ്ടായിരുന്നു നിര്‍മ്മിച്ചത്. അവന്‍ ജ്ഞാനത്തിലും സൌന്ദര്യത്തിലും പ്രഭയിലും സമ്പൂര്‍ണ്ണനായിരുന്നു. അവന്‍ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചിരുന്നു. അവന്‍റെ സൗന്ദര്യവും തേജസ്സും എത്രയോ അവര്‍ണ്ണനീയം.

അവന്‍റെ ശ്രേഷ്ഠതയില്‍ അതായത് ദൈവം അവന്നു നല്കിയ സൗന്ദര്യം, ജ്ഞാനം മുതലായവയിലായിരുന്നു അവന്‍ നിഗളിച്ചത്. ദൈവത്താല്‍ നല്കപ്പെട്ട വരങ്ങള്‍, താലന്തുകള്‍, കഴിവുകള്‍, വെളിപ്പാടുകള്‍ മുതലായവയില്‍ അഥവാ ദൈവം നമ്മെ പ്രയോജനപ്പെടുത്തുന്നതില്‍ ഉള്ള നിഗളമാകുന്നു ഇത്.

ലോകത്തില്‍ ഇന്നു ധാരാളമായി അഭിഷിക്തനായ കെരൂബിന്‍റെ ആത്മാവ് പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ ആഡംബരങ്ങളുടെയും ഫാഷനുകളുടെയും സിനിമകളുടെയും സംഗീതത്തിന്‍റെയും മേഖലകളില്‍ ഈ ആത്മാവാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ദൈവത്തിന്‍റെ കരുണയാല്‍ വിവിധങ്ങളായ വരങ്ങളാലും താലന്തുകളാലും നമ്മില്‍ ചിലര്‍ വിവിധ രീതിയില്‍ പ്രയോജനപ്പെട്ടേക്കാം. എന്നാല്‍ നാം അഗ്നിയില്‍ കിടക്കുന്ന വെറും കരിക്കട്ടപോലെയാണെന്ന് ഓര്‍ത്തുകൊള്ളണം. അഗ്നിയണഞ്ഞു പോയാല്‍ തൊടുന്ന ഏവരേയും അശുദ്ധമാക്കുന്ന കറുത്ത കരിക്കട്ട മാത്രമായിരിക്കും അവശേഷിക്കുന്ന ഏകവസ്തു. (യെഹെസ്കേല്‍ 28:19)

3: യൂഫ്രാത്തോസ് തീരത്തു ബന്ധിച്ചിരിക്കുന്ന നാലുദൂതന്മാര്‍

“യൂഫ്രാത്തോസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലുദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാന്‍ കേട്ടു. ഉടനെ മനുഷ്യരില്‍ മൂന്നിലൊന്നിനെ കൊല്ലുവാന്‍ ഇന്ന ആണ്ട്, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു. (വെളിപ്പാട് – 9:14,15)

വീണുപോയ ഈ നാലു ദൂതന്മാരെയും അഴിച്ചുവിട്ടയുടന്‍ മനുഷ്യരില്‍ മൂന്നിലൊന്നിനെ കൊല്ലുവാന്‍ അവര്‍ പുറപ്പെട്ടു. ഇപ്പോഴത്തെ ലോകജനസംഖ്യ 600 കോടിയാണെങ്കില്‍ 200 കോടി ജനം ഈ വീണുപോയ ദൂതന്മാരാല്‍ കൊല്ലപ്പെടും. ചരിത്രത്തില്‍ ഒരിക്കലും ഹിരോഷിമായിലോ നാഗസാക്കിയിലോ ഹിറ്റ്ലറുടെ കാലത്തോ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. ഈ വീണുപോയ ദൂതന്മാര്‍ കൊലപാതകത്തിന്‍റെ ആത്മാക്കള്‍ ആകുന്നു. കോപത്തിന്‍റെ ആത്മാവു കുലപാതകത്തിന്‍റെ ആത്മാവത്രേ!

കോപിച്ച ഒന്നാമത്തെ മനുഷ്യനായ കയ്യിന്‍ കുലപാതകനായിത്തീര്‍ന്നു. (ഉല്പത്തി 4:5-8) ഹെരോദാവ് കോപിച്ച് ബെത്ലഹേമിലെ എല്ലാ ആണ്‍കുഞ്ഞുങ്ങളെയും കൊന്നുകളഞ്ഞു. കോപവും നിഗളവും സഹചാരികളത്രേ. നിഗളത്തിന്‍റെ തിട്ടമായ അടയാളമാണ് കോപം. (യിരെമ്യാവു 48:29,30; യെശയ്യാവു 16:6, സദൃശ്യവാക്യങ്ങള്‍- 21:24; 2ദിനവൃത്താന്തം 26:16-19) അതിനാല്‍ വീണുപോയ ഈ നാലു ദൂതന്മാരുടെയും നിഗളം കോപത്തിലൂടെ വെളിപ്പെടുന്ന നിഗളമാകുന്നു.

ഉഗ്രകോപം മറഞ്ഞിരിക്കുന്ന കോപമാകുന്നു. കോപം ഉള്ളില്‍ സംഗ്രഹിക്കയും പുറമെ ആ വ്യക്തിയോട് പുഞ്ചിരിക്കയും ചെയ്യുന്നു. മോഷണം, പുകവലി, മദ്യപാനം മുതലായ പല പാപങ്ങളും നരകത്തില്‍ തുടര്‍ന്നുചെയ്യുവാന്‍ സാധ്യമല്ല. കോപിയായ മനുഷ്യന്‍ നരകത്തിലും കോപിയായി തുടരുമെന്ന് ബൈബിളില്‍ കാണുന്നു. (മത്തായി 8:12)

ഒരുതരത്തില്‍ പറഞ്ഞാല്‍ കോപിയായ മനുഷ്യന്‍ ഒരു മദ്യപാനിയെക്കാള്‍ അധമനത്രേ. മദ്യപാനി മദ്യം കഴിക്കാത്ത സമയത്ത് ഒരു നല്ല മനുഷ്യനായി കാണപ്പെട്ടേക്കാം. എന്നാല്‍ കോപിയായ മനുഷ്യന്‍ എല്ലായ്പ്പോഴും ആപല്ക്കാരിയായിരിക്കും. ഒരു അഗ്നിപര്‍വ്വതംപോലെ കോപം പെട്ടെന്നു നാശവും മരണവും വരുത്തിയേക്കാം.

യഥാര്‍ത്ഥ താഴ്മയുള്ള മനുഷ്യന്‍ കോപം, ശുണ്ഠി, പക, കൈയ്പ്, നീരസം ഇവയില്‍നിന്നു സ്വതന്ത്രനായിരിക്കും. ഇവയെല്ലാം നിഗളത്തിന്‍റെ ശിഖിരങ്ങളാണ്.

4: എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിന്‍കീഴില്‍ ബന്ധിച്ചിരിക്കുന്ന ദൂതന്മാര്‍

“തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്‍റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിന്‍കീഴില്‍ സൂക്ഷിച്ചിരിക്കുന്നു. തങ്ങളുടെ നാണക്കേടു നുരെച്ചുതള്ളുന്ന കൊടിയ കടല്‍ത്തിരകള്‍; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങള്‍ തന്നേ.” (യൂദാ – 6,13)

ഈ ദൂതന്മാരുടെ പാപം സ്വാതന്ത്ര്യത്തിന്‍റെ അഥവാ സ്വേച്ഛതയുടെ നിഗളമായിരുന്നു. ദൈവം തങ്ങളെ ആക്കിയിരിക്കുന്ന സ്ഥാനത്തു ആയിരിക്കുവാന്‍ ഈ ആത്മാക്കള്‍ക്കു ഇഷ്ടമില്ല. തങ്ങള്‍ ഏറ്റവും നല്ല സ്ഥലത്തു അല്ലെന്നും പോകുവാന്‍ അതിനേക്കാള്‍ നല്ല സ്ഥലം അറിയാമെന്നുമുള്ള ഭാവത്തില്‍ ദൈവേഷ്ടംവിട്ടു അവര്‍ അലഞ്ഞു നടന്നു.

നാമും അതുപോലെ ആയിതീര്‍ന്നേക്കാം. സുവിശേഷം പ്രസംഗിക്കുക, മറ്റുള്ളവരോടു സാക്ഷ്യം പ്രസ്താവിക്കുക, സാധുക്കളെ സഹായിക്കുക തുടങ്ങിയ പല നല്ലകാര്യങ്ങളും നാം ചെയ്തേക്കാം. എന്നാല്‍ അവ ദൈവേഷ്ടപ്രകാരമല്ലാത്ത നമ്മുടെ സ്വന്തഇഷ്ടവും പദ്ധതിയും ആയിരിക്കാം. ദൈവേഷ്ടപ്രകാരമല്ലാത്ത പാതയില്‍ സഞ്ചരിക്കുന്നത് ദൈവത്തിനു വിരോധമായി മത്സരിക്കുകയാണ്.

സ്വാതന്ത്ര്യത്തിന്‍റെ ആത്മാവ് നമ്മെ പിറുപിറുക്കുന്നവരും ആവലാതി പറയുന്നവരും ആക്കിത്തീര്‍ക്കുന്നു. (യൂദാ:16) നാം കര്‍തൃത്വത്തെ തുച്ഛീകരിക്കുന്നവരും മഹിമകളെ ദുഷിക്കുവാന്‍ ഭയപ്പെടാത്തവരുമായിത്തീരും.

ഇവരെ പീഡിപ്പിക്കുന്ന അന്ധകാരം സാധാരണ ഇരുട്ടല്ല. അസഹനീയമായ വേദനയുളവാക്കുന്ന ദണ്ഡിപ്പിക്കുന്ന അന്ധകാരമത്രേ. (വെളിപ്പാട് 16:10,11) അവര്‍ കഷ്ടത നിമിത്തം നാവുകടിക്കുമാറു ഈ അന്ധകാരം അത്രക്ക് വേദന ഉളവാക്കുന്നതാണ്.

സ്വാതന്ത്ര്യത്തിന്‍റെ ആത്മാവ് അഥവാ സ്വന്തഹിതപ്രകാരം എന്തുചെയ്താലും അവസാനമായി നമ്മില്‍ നിഗളം അന്ധതമസ്സ് ഉളവാക്കും.

5: സാത്താന്‍

വീണുപോയ സകല ദൂതന്മാരുടെയും തലവനാണ് സാത്താന്‍ (ലൂക്കോസ് 11:15-18) സാത്താന്‍ എല്ലാ ദോഷങ്ങളുടെയും മൂര്‍ത്തിഭാവമാണ്. ഉപായരൂപേണയുള്ള അഥവാ മറഞ്ഞിരിക്കുന്ന ഏറ്റവും ഭീകരമായ നിഗളമാകുന്നു അവന്‍റേത്. അവന്‍റെ പ്രവൃത്തിയെല്ലാം ഉപായരൂപത്തിലത്രേ. (2 കൊരിന്ത്യര്‍ – 11:3) സാത്താന്‍റെ ഏറ്റവും പ്രധാനമായ പ്രവൃത്തി ദൈവപദ്ധതിയില്‍നിന്നും മനുഷ്യനെ മാറ്റുകയെന്നതാണ്. സാത്താന്‍ സുവിശേഷത്തെ നിരന്തരം എതിര്‍ക്കുന്നു.

സാത്താനിന്മേലുള്ള ജയം

യേശുക്രിസ്തു ഭൂമിയില്‍ വന്നത് സാത്താന്‍റെ പ്രവൃത്തികളെ നശിപ്പിക്കാന്‍ വേണ്ടിയാണ്. (1 യോഹന്നാന്‍ 3:8) പാപം ഒഴികെ സര്‍വ്വത്തിലും യേശു നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു. (എബ്രായര്‍ 4:15) ക്രിസ്തു എന്ന സ്ത്രീയുടെ സന്തതി കാല്‍വരിയില്‍ സാത്താന്‍റെ തല തകര്‍ക്കുമെന്ന് ദൈവം ഏദേന്‍തോട്ടത്തില്‍വച്ച് വാഗ്ദത്തം ചെയ്തതുപോലെ യേശു കാല്‍വരിക്രൂശില്‍വച്ച് സാത്താന്‍റെ തല തകര്‍ത്തു.

“വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്‍ഗ്ഗം വെപ്പിച്ചു ക്രൂശില്‍ അവരുടെമേല്‍ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.” (കെലൊസ്സ്യര്‍ 2:15)

കാല്‍വരിയില്‍ യേശുവിന്‍റെ രക്തത്താല്‍ വിലയ്ക്കുവാങ്ങപ്പെട്ടവരും വീണ്ടെടുക്കപ്പെട്ടവരുമായ ദൈവജനത്തിനുമേല്‍ സാത്താന് ഒരു അധികാരവുമില്ല. സാത്താന് ദൈവമക്കളെ ഭയമാണ്. പിതാവായ ദൈവത്തിന്‍റെ ഹിതപ്രകാരവും .യേശുവിന്‍റെ രക്തത്തിന്‍കീഴിലും ജീവിക്കുന്നവര്‍ക്കുവേണ്ടി യുദ്ധം ചെയ്യുവാന്‍ ദൈവവും അനേകം ദൂതന്മാരും ഉണ്ട്.

ഉപസംഹാരം

കാല്‍വരിക്രൂശില്‍വച്ച് യേശു അവസാനമായി പറഞ്ഞതു “സകലതും നിവൃത്തിയായി” (യോഹന്നാന്‍ – 19:30) ഇതൊരു ജയഘോഷമായിരുന്നു. കാരണം യേശു കാല്‍വരിയില്‍വച്ച് പാപം, ശാപം, രോഗം, ലോകം, ഭയം, പാതാളം, സാത്താന്‍ തുടങ്ങിയ സകലത്തെയും ന്യായംവിധിച്ചു ജയിച്ചു. യേശുക്രിസ്തു സകലത്തിന്മേലും ജയാളിയായി. തന്‍റെ സ്വന്തരക്തത്താല്‍ സകലത്തെയും ജയിച്ചു. “അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീര്‍ന്നു. അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയര്‍ത്തി സകല നാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്‍റെ നാമത്തിങ്കല്‍ സ്വര്‍ല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാല്‍ ഒക്കെയും മടങ്ങുകയും എല്ലാ നാവും ” യേശുക്രിസ്തു കര്‍ത്താവു” എന്നു പിതാവായ ദൈവത്തിന്‍റെ മഹത്വത്തിന്നായി ഏറ്റുപറയുകയും ചെയ്യേണ്ടിവരും. (ഫിലിപ്പിയര്‍ – 2:6-11)

കാല്‍വരിക്രൂശില്‍വച്ച് യേശു സാധിപ്പിച്ച സകലജയവും ഒരു വ്യക്തിക്ക് അവകാശപ്പെട്ടതാണ്. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ സകലത്തിന്മേലും ജയം പ്രാപിക്കുവാന്‍ ഒരു വ്യക്തിക്ക് കഴിയും. നാം പാപം, ലോകം, ശാപം, രോഗം, ഭയം, മരണം, സാത്താന്‍, പാതാളം, ജഡം തുടങ്ങി സകലത്തെയും ജയിക്കണം എന്നു ദൈവം ആഗ്രഹിക്കുന്നു. യേശുവിന്‍റെ ജയം നമ്മുടെ ജയമാണ്. അത് നാം വിശ്വാസത്താല്‍ അവകാശമാക്കുവാന്‍ ഇടവരട്ടെ. ജയിക്കുന്നവര്‍ക്കുള്ള പ്രതിഫലങ്ങളെക്കുറിച്ച് ബൈബിള്‍ ഇപ്രകാരം പറയുന്നു.

1. ജയിക്കുന്നവന് ദൈവത്തിന്‍റെ പറുദീസയിലുള്ള ജീവവൃക്ഷത്തിന്‍റെ ഫലം തിന്മാന്‍ ഭാഗ്യം കിട്ടും. (വെളിപ്പാട് – 2:7)

2. ജയിക്കുന്നവനു രണ്ടാം മരണത്താലുള്ള ദോഷം വരികയില്ല. (വെളിപ്പാട് 2:11)

3. ജയിക്കുന്നവനു മറഞ്ഞിരിക്കുന്ന മന്നയും വെള്ളക്കല്ലും അതിന്മേല്‍ ലഭിച്ചവനല്ലാതെ മറ്റാര്‍ക്കും അറിയാത്തതുമായ പുതിയപേരും ലഭിക്കും. (വെളിപ്പാട് – 2:17)

4. ജയിക്കുന്നവനു ഉദയനക്ഷത്രം ലഭിക്കും. (വെളിപ്പാട് 2:28)

5. ജയിക്കുന്നവനു വെള്ളയുടുപ്പു ലഭിക്കും. അവന്‍റെ പേര്‍ ജീവപുസ്തകത്തില്‍നിന്നു മായിച്ചുകളയാതെ പിതാവിന്‍റെ സന്നിധിയിലും ദൂതന്മാരുടെ മുമ്പിലും യേശു ഏറ്റുപറഞ്ഞു. (വെളിപ്പാട് – 3:5)

6. ജയിക്കുന്നവനെ ദൈവത്തിന്‍റെ ആലയത്തില്‍ ഒരുതൂണാക്കും. ജയിക്കുന്നവന്‍റെമേല്‍ ദൈവത്തിന്‍റെ നാമവും പുതിയ യെറുശലേമിന്‍റെ നാമവും യേശുവിന്‍റെ പുതിയ നാമവും എഴുതും. (വെളിപ്പാട് 3:12)

7. ജയിക്കുന്നവനു യേശുവിനോടുകൂടെ സിംഹാസനത്തില്‍ ഇരിക്കുവാന്‍ വരം ലഭിക്കും. (വെളിപ്പാട് 3:21)

ഒരു വ്യക്തി ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു. യേശുവിനെ രക്ഷിതാവും കര്‍ത്താവുമായി സ്വീകരിച്ച് പാപജീവിതത്തെ ഉപേക്ഷിച്ച് ദൈവകല്പനയായ വിശ്വാസസ്നാനം സ്വീകരിച്ച് പരിശുദ്ധാത്മാവിനെ പ്രാപിച്ച് വിശുദ്ധിയിലും വേര്‍പാടിലും മരണംവരെ ജീവിച്ച് വിശ്വാസത്താല്‍ സകലത്തെയും ജയിച്ച് ഒരു ജയജീവിതം നയിച്ചാല്‍ ക്രിസ്തുവിനോടുകൂടി നിത്യയുഗങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ വസിക്കുവാന്‍ സാധിക്കും. സത്യം അറിഞ്ഞശേഷം അതിനെ നിരാകരിച്ച് മുമ്പോട്ടു പോകുന്നവര്‍ക്കു നരകത്തില്‍ നിത്യശിക്ഷ അനുഭവിക്കേണ്ടിവരും.

ഇതുവായിക്കുന്ന പ്രിയ സ്നേഹിതാ താങ്കള്‍ ഇതുവായിച്ച് നിത്യജീവന്‍ പ്രാപിക്കുവാന്‍ ഇടയായിത്തീരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ദൈവം നിങ്ങളെ അതിസമൃദ്ധമായി അനുഗ്രഹിക്കട്ടെ.