“ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കൈവശമുണ്ട്.” (വെളിപ്പാട് – 1:18)

പാതാളം നിത്യവാസസ്ഥലമല്ല. മരിച്ചു പുനരുത്ഥാന പ്രതീക്ഷയില്‍ പുനരുത്ഥാനംവരെ മൃതന്മാര്‍ക്ക് കഴിയാനുള്ള താല്ക്കാലിക വാസസ്ഥാനമാണ് പാതാളം. പഴയനിയമത്തില്‍ മരിച്ചവര്‍ എല്ലാംതന്നെ (നീതിമാന്മാരും ദുഷ്ടന്മാരും) പാതാളത്തിലേക്കു പോകുന്നതായി കാണാം. യാക്കോബ് യോസേഫിനെ ഓര്‍ത്തു വിലപിച്ചു പറഞ്ഞത്. “ഞാന്‍ ദുഃഖത്തോടെ എന്‍റെ മകന്‍റെ അടുക്കല്‍ പാതാളത്തില്‍ ഇറങ്ങുമെന്നു പറഞ്ഞു. (ഉല്പത്തി – 37:35)

“ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും.” (സങ്കീര്‍ത്തനങ്ങള്‍ – 9:17)

പാതാളത്തില്‍നിന്നുള്ള മോചനമായിരുന്നു പഴയനിയമ ഭക്തന്മാരുടെ പ്രതീക്ഷ. “അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവര്‍ പുലര്‍ച്ചെക്കു അവരുടെമേല്‍ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാര്‍പ്പിടം. എങ്കിലും എന്‍റെ പ്രാണനെ ദൈവം പാതാളത്തിന്‍റെ അധികാരത്തില്‍നിന്നു വീണ്ടെടുക്കും; അവന്‍ എന്നെ കൈക്കൊള്ളും.” (സങ്കീര്‍ത്തനങ്ങള്‍ – 49:14,15)

ധനവാന്‍റെയും ലാസറിന്‍റെയും സംഭവത്തില്‍ കര്‍ത്താവു പാതാളത്തിനു രണ്ടു ഭാഗങ്ങള്‍ ഉണ്ടെന്നു വെളിപ്പെടുത്തി. “അബ്രഹാമിന്‍റെ മടി” എന്ന് നീതിമാന്മാരുടെ നിവാസം വിളിക്കപ്പെടുന്നു. പുനരുത്ഥാനത്തില്‍ ക്രിസ്തു പാതാളത്തില്‍ ബദ്ധരായിരുന്ന നീതിമാന്മാരെ പിടിച്ചു ഉയരത്തിലേക്കു കൊണ്ടുപോയി ദൈവത്തിന്‍റെ വലത്തുഭാഗത്താക്കി. “അവന്‍ ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോയി ഉയരത്തില്‍ കയറി മനുഷ്യര്‍ക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു. “കയറി എന്നതിനാല്‍ അവന്‍ ഭുമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ? ഇറങ്ങിയവന്‍ സകലത്തെയും നിറക്കേണ്ടതിന്നു സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു.” (എഫെസ്യര്‍ – 4:8-10) “നീയോ – നിന്‍റെ നിയമരക്തം ഹേതുവായി ഞാന്‍ നിന്‍റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയില്‍നിന്നു വിട്ടയക്കും. പ്രത്യാശയുള്ള ബദ്ധന്മാരെ, കോട്ടയിലേക്കു മടങ്ങിവരുവിന്‍; ഞാന്‍ നിനക്കു ഇരട്ടിയായി പകരം നല്കും എന്നു ഞാന്‍ ഇന്നുതന്നേ പ്രസ്താവിക്കുന്നു.” (സെവര്യാവു – 9:11,12)

നീതിമാന്മാരുടെ വാസസ്ഥാനമാണ് പറുദീസ. പുനരുത്ഥാനംവരെയും വിശ്വാസികള്‍ ഇവിടെ കഴിയുന്നു. (ഫിലിപ്പിയര്‍ – 1:23,24; 2 കൊരിന്ത്യര്‍ – 5:6-8) പാതാളത്തില്‍ ഒരു പിളര്‍പ്പുകൊണ്ട് പറുദീസയില്‍നിന്നും വേര്‍തിരിക്കപ്പെട്ടിരിക്കുന്ന ഭാഗമാണ് പാപികളുടെ ആത്മാക്കളുടെ നിവാസമായ അധമപാതാളം. വെള്ള സിംഹാസന ന്യായവിധിവരെ ലോകത്തിലുള്ള സകലപാപികളെയും അടച്ചിരിക്കുന്ന താത്കാലിക കാരാഗൃഹമാണിത്. ഇവിടെ ആത്മാക്കള്‍ ബോധപൂര്‍വ്വമാണ് കഴിയുന്നത്. യാതന സ്ഥലമായ ഇവിടെ വിടുതലില്ലാതെ അവര്‍ പൂര്‍വ്വകാര്യങ്ങളോര്‍ത്ത് വേദനയും യാതനയും അനുഭവിക്കുന്നു.

ചിലര്‍ ഈ ലോകത്തില്‍വച്ചുതന്നെ പാതാളയാതന അനുഭവിക്കുന്നു. അതെങ്ങനെയെന്നാല്‍ ഭാവിയെക്കുറിച്ചുള്ള ആകുലചിന്തകള്‍മൂലം സമ്പത്തിനെക്കുറിച്ചുള്ള ചിന്തമൂലം, സ്ഥാനമാനങ്ങളെക്കുറിച്ചുള്ള ചിന്തമൂലം, കുടുംബസമാധാനമില്ലായ്കയാല്‍ സന്തോഷമില്ലാത്തതിനാല്‍ തുടങ്ങി അനേക കാര്യങ്ങളാല്‍ മനുഷ്യര്‍ ജീവനോടിരിക്കുമ്പോള്‍തന്നെ മനസ്സില്‍, ആത്മാവില്‍, ശരീരത്തില്‍, പാതാളയാതന അനുഭവിക്കുന്നു. ഒരു വ്യക്തി ക്രിസ്തുവില്‍ ആയില്ലെങ്കില്‍ അവനെ ഭരിക്കുന്നതു സാത്താനാണ്. ഒരു വ്യക്തി ക്രിസ്തുവിലാകാത്തിടത്തോളംകാലം യഥാര്‍ത്ഥമായ സന്തോഷവും സമാധാനവും അനുഭവിക്കുവാന്‍ സാധിക്കയില്ല. പാപത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയുടെ മനസ്സില്‍ എപ്പോഴും അസന്തോഷവും അസമാധാനവും ആയിരിക്കും ഭരണം നടത്തുന്നത്. ലോകത്തിന്‍റേതായ ചില കാര്യങ്ങള്‍ തങ്ങള്‍ക്കു സന്തോഷവും സമാധാനവും നല്കുന്നുണ്ടെങ്കിലും അതെല്ലാം താല്ക്കാലികമാണ്. നിത്യമായ സന്തോഷവും സമാധാനവും ഒരുവന് കൈവന്ന് സ്വര്‍ഗ്ഗതുല്യമായ ഒരു ജീവിതം ഈ ഭൂമിയില്‍ നയിക്കണമെങ്കില്‍ യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് പാപജീവിതത്തെ ഉപേക്ഷിച്ച് ദൈവകല്പനകള്‍ അനുസരിച്ച് ജീവിക്കുവാന്‍ തുടങ്ങുമ്പോള്‍ ആണ്.

യേശുക്രിസ്തു കാല്‍വരിക്രൂശില്‍വച്ച് മരിച്ച് അടക്കപ്പെട്ട് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാതാളത്തെയും മരണത്തെയും ജയിച്ചു. യേശുവിന് പാതാളത്തിന്മേലും മരണത്തിന്മേലും അധികാരം ഉണ്ട്. ക്രിസ്തുവിലൂടെ നമുക്കും പാതാളത്തിന്മേലും മരണത്തിന്മേലും അധികാരം ഉണ്ട്. കാല്‍വരിക്രൂശില്‍ യേശു പാതാളത്തെയും മരണത്തെയും കീഴ്പ്പെടുത്തി.

കാല്‍വരിയിലെ യേശുവിന്‍റെ മരണത്തിനുശേഷം യേശുവില്‍ വിശ്വസിച്ച് അവന്‍റെ രക്തത്താല്‍ വിലയ്ക്കുവാങ്ങപ്പെട്ട ദൈവമക്കളുടെമേല്‍ പാതാളത്തിനു യാതൊരധികാരവുമില്ല….