PREACH GOSPEL & SALVATION FOR THE LOST

Tag: PRAYER

സ്വർഗ്ഗത്തിൽ ഏതെല്ലാം വിധത്തിൽ പ്രതിഫലം ലഭിക്കും?

1) യേശുവിന്റെ നിമിത്തം പഴികൾ, ഉപദ്രവങ്ങൾ സഹിക്കുന്നതിന്.

ഈ ഭൂമിയിൽ യേശുവിന് വേണ്ടി നാം സഹിക്കുന്ന സകല പഴികൾക്കും,
നിന്ദകൾക്കും,പ്രതിഫലം ഉണ്ട്.

‘ എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ”
മത്തായി 5:11,12

2) പാവപ്പെട്ടവരെ സഹായിക്കുന്നതിന്.

വലങ്കൈ ചെയ്യുന്നത് ഇടംങ്കൈ അറിയാതെ
പാവപ്പെട്ടവരെ സഹായിച്ചാൽ ആയതിന്
ഒരു വലിയ പ്രതിഫലം ഉണ്ട്.

“നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിൽ ആയിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു.
രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
മത്തായി 6:3,4

3) പ്രാർത്ഥിക്കുന്നതിന്.

പ്രാർത്ഥിക്കുന്നവന് ഭൂമിയിലും, സ്വർഗ്ഗത്തിലും
പ്രതിഫലം ഉണ്ട്.

“നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും”
മത്തായി 6:6

4) ഉപവസിക്കുന്നതിന്

ഭക്ഷണം വെടിഞ്ഞ് പ്രാർത്ഥിക്കുന്നതാണ്
ഉപവാസം. ഉപവാസം അഭിനയമാകാതെ
ദൈവനാമം
മഹത്വപ്പെടാനാണെങ്കിൽ
സ്വർഗ്ഗത്തിൽ പ്രതിഫലം ഉണ്ട്.

“നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക.
രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും”
മത്തായി 6:17,18

5) പ്രവാചകന്മാരേയും
നീതിമാന്മാരേയും
സ്വീകരിക്കുന്നതിന്.

” പ്രവാചകൻ എന്നുവച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാൻ എന്നുവച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും”. മത്തായി 10:41

6) യേശുവിന്റെ ശിഷ്യർക്ക്
കൊടുക്കുന്നതിന്.

“ശിഷ്യൻ എന്നുവച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”മത്തായി 10:42

7) ശത്രുക്കളെ സ്നേഹിക്കുന്നവർക്ക്.

യാതൊന്നും പകരം ഇച്ഛിക്കാതെ ശത്രുക്കൾക്ക് നന്മ ചെയ്യുന്നവർക്ക് പ്രതിഫലം ഉണ്ട്.

” നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിൻ; അവർക്കു നന്മ ചെയ്‍വിൻ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ; എന്നാൽ നിങ്ങളുടെ പ്രതിഫലം വളരെ ആകും”
ലൂക്കോസ് 6:35

8)ആത്മീയശുശ്രൂഷയിലെ
അദ്ധ്വാനങ്ങൾക്കും, സുവിശേഷം അറിയിക്കുന്നതിനും.

” നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും”
1 കൊരിന്ത്യർ 3:8

” ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെമേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!
ഞാൻ അതു മനഃപൂർവ്വം നടത്തുന്നു എങ്കിൽ എനിക്കു പ്രതിഫലം ഉണ്ടു;
1 കൊരിന്ത്യർ 9:16,17

9) ദൈവത്തെ അന്വേഷിക്കുന്നവർക്ക്.

” എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ”
എബ്രായർ 11:6

10) സന്തോഷത്തോടെ സഹിച്ച അപഹാരങ്ങൾക്ക്.

ഈ ലോകത്തിൽ സമ്പത്തുകളുടേയോ
വസ്തുക്കളുടേയോ
മറ്റേതെങ്കിലും അപഹാരങ്ങളോ, വഞ്ചനകളോ, സന്തോഷത്തോടെ
സഹിച്ചാൽ അതിന് പ്രതിഫലം സുനിശ്ചിതം.

“തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്തു നിങ്ങൾക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.
അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു”.
എബ്രായർ 10:34,35

ദൈവവചനം പ്രമാണിച്ച് ജീവിക്കുന്നവന് പ്രതിഫലം ഉണ്ട്. ദൈവം നമ്മുടെ മഹത്തായ പ്രതിഫലം ആകുന്നു.

“ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
വെളിപ്പാട് 22:12

ഭൂമിയിലെ ഫലങ്ങൾ നോക്കി ജീവിക്കാതെ
സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടി മഹത്തായ പ്രതിഫലം വാങ്ങുവാൻ ഒരുങ്ങിയിരിപ്പിൻ.

ഞങ്ങളെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ

യേശുവിന്റെ കൂടെ മൂന്നരവർഷം നടന്ന ശിഷ്യന്മാർ യേശുവിനോട്
പറയുകയാണ് ഞങ്ങളെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ എന്ന്. ഒരു പക്ഷേ യേശുവിന്റെ നിരന്തരമായ
പ്രാർത്ഥനാജീവിതവും ആത്മീകയുണർവുകളും
അവരെ ആകർഷിച്ചിരിക്കാം. പ്രാർത്ഥിച്ചാൽ എന്ത് ലഭിക്കും എന്ന് അവർക്ക് നേരിട്ട് അറിയാം.

പ്രാർത്ഥന
അനുദിന ജീവിതത്തിൻ്റെ അഭിവാജ്യഘടകമാണ്. അത് മനുഷ്യഹൃദയങ്ങളെ സ്വർഗ്ഗത്തിലുള്ള ദൈവവുമായി യോജിപ്പിക്കുന്നു. പ്രാർത്ഥന
ആത്മീയമാകയാൽ അത് അദൃശ്യ മണ്ഡലങ്ങളിൽ കടന്നുചെല്ലുകയും നാം ശക്തി പ്രാപിച്ച്, നാം ജീവിക്കുന്ന ദൃശ്യമണ്ഡലത്തിൽ നമുക്ക് ശക്തി പകരുകയും ചെയ്യുന്നു.

” കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം”
2 കൊരിന്ത്യർ 4:18

ദൈവം ഒരുപാട് കാര്യങ്ങൾ നമുക്കായി ഒരുക്കി വച്ചിട്ടുണ്ട്. അവയെ നമ്മുടെ ബാഹ്യമായ കണ്ണുകൾ കൊണ്ട് കാണുന്നതിനോ
മനസുകൊണ്ട് ഗ്രഹിക്കുന്നതിനോ കഴികയില്ല.

“ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.”
1 കൊരിന്ത്യർ 2:9

ദൈവവുമായുള്ള സംസർഗ്ഗം വഴിയാണ് നാം ഇവയൊക്കെ പ്രാപിക്കുന്നത്. ദൈവഹിതമായ പ്രാർത്ഥനകൾക്ക്
എപ്പോഴും മറുപടി ഉണ്ട്.

“നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല”
യാക്കോബ് 4:2,3

പ്രാർത്ഥനാജീവിതം കുറയുമ്പോൾ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാകും. എല്ലാ മനുഷ്യരിലും ഒരു മ്യഗം ഉറങ്ങി കിടപ്പുണ്ട്.
ദൈവവുമായി
സംസർഗ്ഗം ഇല്ലാതെ ജീവിച്ചാൽ ഈ മ്യഗം പുറത്തുവരും. അവൻ അലറും. ശണ്ഠയും കലഹവും ഉണ്ടാക്കും. പ്രാർത്ഥനാ ജീവിതം കുറയുന്നവൻ്റെ ഓരോ ദിനചര്യയും വ്യത്യസ്തമായിരിക്കും.
എന്നാൽ
പ്രാർത്ഥനാജീവിതം വാക്കുകളെ മാറ്റും. മുറിവുകളെ കെട്ടും. ദു:ഖങ്ങളെ അകറ്റും.
ദൈവത്തിൻ്റെ ആത്മാവിനാൽ അങ്ങനെയുള്ളവർ പ്രശോഭിക്കും. ആത്മാവിന്റെ ഒൻപത് ഫലങ്ങൾ അവരിൽ നാം ദർശിക്കും. അവർ ദൈവീകസ്വഭാവത്തിന്
ഉടമകളായി മാറും. ഏതു പ്രതിസന്ധികളിലും അവരുടെ മുഖം തേജസ്സുള്ളതായിരിക്കും.
മോശെ സീനായ് മലയിൽ ദൈവീകമായ സംസർഗ്ഗത്തിൽ നാല്പത് നാൾ കഴിഞ്ഞു. സ്വന്തം ത്വക്ക് ദൈവീകതേജസിനാൽ
പ്രകാശിച്ചതായി നാം വായിക്കുന്നു. പ്രാർത്ഥനയില്ലെങ്കിൽ
ജീവിതം ഇരുണ്ട് പോകും. അവർ വിവേകശൂന്യരാകും.

“അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി”
റോമർ 1:21

താഴ്മയുള്ളവർക്കെ
ദൈവസന്നിധിയിലും താണിരിക്കുവാൻ കഴിയു. യേശു ദൈവമായിരുന്നിട്ടും പിതാവിനോട് എപ്പോഴും പ്രാർത്ഥിച്ചു.അതിനാൽ ആത്മീക ശക്തി പ്രാപിച്ചു. യഹൂദായിലെ
സിംഹമായിരുന്നിട്ടും പീഢാസഹനവേളകളിൽ
അറുക്കുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെ പോലെ
മിണ്ടാതിരിപ്പാൻ യേശുവിന് കഴിഞ്ഞതു ഈ
പ്രാർത്ഥനാജീവിതമാണ്.

പ്രാർത്ഥിച്ചാൽ തീരാവുന്നതാണ് ജീവിതത്തിലെ പ്രശ്നങ്ങൾ. ദൈവസന്നിധിയിൽ
ഒന്ന് കരഞ്ഞാൽ ആശ്വാസം ലഭിക്കുന്നതാണ് സകല പ്രശ്നങ്ങളും. പ്രശ്നങ്ങൾ
ദൈവം അനുവദിച്ചതാണെങ്കിൽ
തുടരുക തന്നെ ചെയ്യാം. എന്നാൽ പ്രശ്നങ്ങൾ മാറുന്നതിനപ്പുറം നമ്മെ മാറ്റുവാൻ പ്രാർത്ഥനകൾക്ക് കഴിയും. ജീവിതത്തിൽ
പ്രാർത്ഥനാജീവിതം കുറഞ്ഞുപോയ കാലഘട്ടങ്ങളിൽ അനർത്ഥങ്ങൾ പലതും സംഭവിക്കാം. കുറേ പ്രസംഗങ്ങൾ കേട്ടതു കൊണ്ട് മാത്രം കാര്യമില്ല.
ദൈവവുമായി സംസർഗ്ഗത്തിൽ വസിപ്പാൻ നാം സമയം കണ്ടെത്തേണ്ടതാണ്. ദാവീദ് പ്രാർത്ഥനാസമയം
ഉറങ്ങിപ്പോയി. ചെറിയ അലസത, വ്യഭിചാരം, കൊലപാതകം എന്ന പാപങ്ങളിലേക്ക് നയിച്ചു.
ഭവനങ്ങൾ സ്തുതിയും
സ്തോത്രവും നന്ദികളും
കൊണ്ട് നിറയണം. വേദവായനകൾ നിർബന്ധമാകണം. അപ്പോൾ സാത്താന്യശക്തികൾ
അശക്തരാകും. അവ നമ്മെ വിട്ട് പോകും. ജീവിതത്തിൽ ഏതു സമയത്തും നാം പ്രാർത്ഥിക്കണം. ഒരു വണ്ടിയിൽ യാത്ര ചെയ്യുമ്പോഴും, ഒരു പ്രവർത്തിയിൽ ഏർപ്പെടുമ്പോഴും, നമ്മുടെ ഹ്യദയത്തെ ദൈവത്തിലേക്ക് ഉയർത്തുവാനും ‘ദൈവമേ പാപിയായ എന്നോട് കരുണതോന്നേണമേ’ എന്ന് ലളിതമായി പ്രാർത്ഥിക്കാനും നമുക്ക് കഴിയും. ഒരു അപകടത്തിൽ നിന്നും രക്ഷപ്പെടുമ്പോൾ
അന്തരാത്മാവിൽ നിന്നും ദൈവത്തോട് നന്ദി പറയുമ്പോൾ നാം ദൈവത്തെ മഹത്വപ്പെടുന്നു. ഇതുപോലെ ജീവിതത്തിൽ ഓരോ അവസരത്തിലും
ദൈവസാന്നിധ്യം അറിയുവാനും അനുഭവിക്കുവാനും നമുക്ക് കഴിയണം. അപ്പോൾ നാം പാപം ചെയ്യുകയില്ല. വീണുപോകയും ഇല്ല.
പ്രാർത്ഥന നമ്മുടെ ജീവശ്വാസം ആകണം.
പ്രാർത്ഥന ജല്പനമല്ല.
അത് ദീർഘമാകണം എന്നും ഇല്ല. വേദപുസ്തകത്തിൽ
ദൈവത്തോട് പ്രാർത്ഥിച്ച
ഭക്തന്മാരുടെ പ്രാർത്ഥനകൾ നമുക്ക് എക്കാലത്തും മാത്യകയാണ്. മോശെ ഇങ്ങനെ പ്രാർത്ഥിച്ചു.

“ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാൻ
തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്നു ഓർക്കേണമേ”
പുറപ്പാട് 33:13

ഏലീയാവ് ഇങ്ങനെ പ്രാർത്ഥിച്ചു.

” പിന്നെ അവൻ കുട്ടിയുടെമേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാർത്ഥിച്ചു”
1 രാജാക്കന്മാർ 17:21

യബേസ് പ്രാർത്ഥിച്ചു.

” നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി”
1 ദിനവൃത്താന്തം 4:10

യോഹന്നാൻ പ്രാർത്ഥിച്ചു.
” പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു”
3 യോഹന്നാൻ 1:2

യേശു പ്രാർത്ഥിച്ചു.

“പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു.
ലൂക്കൊസ് 23:34

യേശു ഒരിക്കൽ പറഞ്ഞു.
പ്രാർത്ഥനയാലും ഉപവാസത്താലും അല്ലാതെ ഈ ജാതി ഒഴിഞ്ഞുപോകില്ല എന്ന്.
ഏതു ബലഹീനതകളിലും
പ്രാർത്ഥന നമുക്ക് തുണയാകും. അത് ജീവൻ നൽകും. ജീവനില്ലാത്തതിന് ജീവൻ നൽകുവാൻ പ്രാർത്ഥന വഴിയേ സാദ്ധ്യമാകു.
പത്രൊസിൻ്റെ പ്രാർത്ഥന
തബീഥാ എന്ന പെൺകുട്ടിക്ക് ജീവൻ നൽകി.
പ്രാർത്ഥനയുടെ ഫലമായി
സെഖര്യാവ്, എലിസബത്ത് ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചു. പത്രൊസിനുവേണ്ടി സഭ ഉണർന്നിരുന്ന് പ്രാർത്ഥിച്ചപ്പോൾ ചങ്ങലകളുടെ ബന്ധനങ്ങളഴിഞ്ഞു.

ഏതു കാര്യത്തിനും മടുപ്പില്ലാതെ പ്രാർത്ഥിപ്പിൻ. ഏതു പ്രതിസന്ധികളിലും അപ്പാ! എന്ന് വിളിച്ച്
ധൈര്യത്തോടെ കടന്നു ചെല്ലുവാൻ നമുക്ക് ഒരു സുരക്ഷിതസ്ഥാനം ഉണ്ട്.
അതിനാൽ പ്രാർത്ഥനയോടെ ദൈവസാന്നിധ്യത്തിൽ
വസിക്കാം.

” അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക”
എബ്രായർ 4:16