യേശു നഗരത്തെ സമീപിച്ചപ്പോൾ യരുശലേം ദേവാലയത്തെ
നോക്കി കരഞ്ഞു.

ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു. നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.
ലൂക്കോസ് 19:42-44

യെരുശലേം ദേവാലയത്തിന്റെ കൊത്തുപണികളും മനോഹാരിതയും കണ്ട് മതിമറന്ന് എല്ലാവരും നിൽക്കുമ്പോൾ നാല് കാര്യങ്ങളെ കുറിച്ച് ഓർത്ത് യേശു കരഞ്ഞു.

1) സമാധാനത്തിനുള്ള മാർഗ്ഗം ജനം അറിയാതെ പോയി.

2) നാല് ഭാഗത്തു നിന്നും
ശത്രുക്കൾ വളയുന്നു.

3) മക്കളെ ശത്രു നശിപ്പിക്കുന്നു.

4) യെരുശലേം ദേവാലയത്തിന്റെ നാശം

നാമാകുന്ന ദൈവമന്ദിരങ്ങളെ നാം സൂക്ഷിക്കണം. സമാധാനം നൽകുന്നത് യേശുവാണ്. ആ മാർഗ്ഗം അറിയാതെ പോയാൽ സാത്താൻ കടന്നു വരും. ചുറ്റും വളയും. മക്കളെ അവൻ അവൻ്റെ ബന്ധനത്തിലാക്കും. ദൈവമന്ദിരം പൂർണ്ണമായി
തകർക്കപ്പെടും.

മുമ്പേ ദൈവത്തിന്റെ രാജ്യവും നീതിയും നാം അന്വേഷിക്കണം. അതോടു കൂടെ സകലതും ലഭ്യമാകും എന്നതാണ് വചനം. സമാധാനത്തിനുള്ള
മാർഗ്ഗം അന്വേഷിച്ച
അനേകരെ സത്യവേദപുസ്തകത്തിൽ
കാണാം.

ജീവിതത്തിൽ നമുക്ക് നല്ല
ആഗ്രഹങ്ങൾ ഉണ്ടാകണം.
ബർത്തിമായി എന്ന കുരുടൻ യേശുവിനെ കണ്ടപ്പോൾ നിലവിളിച്ചു.

“യേശു അവനോടു: ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു” എന്നു ചോദിച്ചതിന്നു: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടൻ അവനോടു പറഞ്ഞു”
മർക്കൊസ് 10:51

ജീവിതത്തിൽ നമ്മുടെ ആത്മീയ കണ്ണുകൾ തുറന്നുകിട്ടുവാൻ നമുക്ക് ആഗ്രഹം വേണം.

ദാവീദിനുശേഷം രാജാവായ ശലോമോന് ഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ സ്വപ്നത്തിൽ പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു.

” നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക”
ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ”
1രാജാ 3:5,9

യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. ദൈവത്തെ അറിയുന്നതാണ് ജ്ഞാനം.

” കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം”
ഇയ്യോബ് 28:28

ഈ ജ്ഞാനത്തിനുവേണ്ടി
നാം ദൈവത്തോട് അപേക്ഷിക്കേണ്ടതാണ്.

127 സംസ്ഥാനങ്ങളുടെ രാജാവായ അഹശ്വേരരാജാവ്, എസ്ഥേർ രാജ്ഞി ഒരുക്കിയ വിരുന്നിൽ, ഹാമാനോടൊപ്പം പങ്കെടുക്കുന്ന വേളയിൽ
രാജ്ഞിയോട് ഇപ്രകാരം പറഞ്ഞു.

” നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹം എന്തു? രാജ്യത്തിൽ പാതിയോളമായാലും അതു നിവർത്തിച്ചു തരാം എന്നു പറഞ്ഞു.അതിന്നു എസ്ഥേർരാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിന്നു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.
എസ്ഥേർ 7:2,3

നാം അനുഭവിക്കുന്ന സന്തോഷം മറ്റുള്ളവർക്ക് ഉണ്ടാകണമെന്ന് എത്രപേർ ആഗ്രഹിക്കും?
എസ്ഥേർ സ്വന്തം ജനത്തിന്റെ രക്ഷയെ ആഗ്രഹിച്ചു.

നെഹെമ്യാവും ദൈവത്തോട് അപേക്ഷിച്ചത് എന്താണ്?
യരുശലേമിൻ്റെ മതിൽ ഇടിഞ്ഞും അതിൻ്റെ മതിലുകൾ തീവച്ചും ചുട്ടു കിടക്കുന്നു എന്നറിഞ്ഞപ്പോൾ നെഹെമ്യാവിൻ്റെ മുഖം വാടി.രാജാവ് ഇതു കണ്ടപ്പോൾ കാര്യം തിരക്കി. അപ്പോൾ നെഹെമ്യാവ് പറഞ്ഞു.

” എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു”
നെഹെമ്യാവു 2:3

യരുശലേമിലെ തകർന്ന മതിലുകളെ പണിയുവാൻ നെഹെമ്യാവിനെ അയക്കുവാൻ അവൻ അപേക്ഷിച്ചു. രാജാവ് അവനെ അയച്ചു. നെഹെമ്യാവ് പണിയുകയും ചെയ്തു.

ഇന്ന് സഭയിലെ മതിലുകൾ പണിയുവാൻ നമുക്ക് ഉത്തരവാദിത്വം ഉണ്ട്. ആർ എനിക്കുവേണ്ടി പോകും എന്ന യഹോവയുടെ ശബ്ദം കേട്ട് നാം പ്രവർത്തിക്കണം.

യേശുവിന്റെ സകല ശിഷ്യന്മാരും നശിച്ചുപോകുന്ന ആത്മാക്കളെ നേടുവാൻ
രക്തസാക്ഷികളായി. ഇന്ന് ലോകത്തിൽ സത്യദൈവത്തെ അറിയാത്ത എത്രപേർ?
അന്ത്യകാലത്തോട് നാം അടുത്തു
കൊണ്ടിരിക്കുന്നു. കാരണം
അന്ത്യകാലഘട്ടത്തിൽ
മനുഷ്യർ ഏതുവിധമാകും
എന്ന് പൗലൊസ് അപ്പൊസ്തലൻ 1 തിമൊഥെയൊസ് 3-ാം അദ്ധ്യായം ഒന്ന് മുതൽ അഞ്ചു വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നു. മനുഷ്യർ സ്വസ്നേഹികളായി ഭോഗപ്രിയരായി സ്നേഹത്തിൻ്റെ കണികപോലും ഇല്ലാതെ ജീവിക്കുന്ന കാലഘട്ടമാണിത്. യേശു പറയുന്നു ഈ സമയം നീ സമാധാനത്തിനുള്ള മാർഗ്ഗം കണ്ടെത്തിയെങ്കിൽ കൊള്ളാമായിരുന്നു
എന്ന്.

യേശുവാണ് സമാധാനം. യേശു ഈ ലോകം വിട്ട് പോകുമ്പോൾ പറഞ്ഞു
“ഞാൻ എൻ്റെ സമാധാനം നിങ്ങൾക്ക് തന്നേച്ച് പോകുന്നു” എന്ന്. ഈ സമാധാനദാതാവിലേക്ക്
മടങ്ങി വരാം. മറ്റുള്ളവരെ
ഈ സമാധാനത്തിലേക്ക്
നയിക്കാം.അങ്ങനെ നാമാകുന്ന ദൈവമന്ദിരങ്ങളെ പണിയാം.