PREACH GOSPEL & SALVATION FOR THE LOST

Day: January 10, 2025

നിന്ദകളെ കടാക്ഷിക്കുന്നദൈവം

ജീവിതത്തിൽ പലകാര്യങ്ങൾ കൊണ്ടും ഒരു മനുഷ്യൻ നിന്ദിക്കപ്പെടാം.

1) ആത്മീയത നിമിത്തം നിന്ദിക്കപെടാം.

ദൈവഭക്തി മുറുകെ പിടിച്ച് ജീവിക്കുന്നവർക്ക്
നിന്ദകളും, പരിഹാസങ്ങളും ഉണ്ടാകാം. പൗലൊസ് അപ്പൊസ്തലന് നിന്ദകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം ആ നിന്ദകളെ വലിയ നിക്ഷേപമായി കരുതി. ദാവീദ്
ആത്മീയനിലയിൽ നിന്ദിക്കപ്പെട്ടവനാണ്.

” യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ്‌രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു” 2 ശമൂവേൽ 6:16

ദാവീദ് മീഖളിനോടു ഇങ്ങനെ പറഞ്ഞു.

” യഹോവയുടെ ജനമായ യിസ്രായേലിന്നു പ്രഭുവായിനിയമിപ്പാൻ തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകലഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാൻ നൃത്തം ചെയ്യും” 2ശമുവേൽ 6:21

ആത്മീയമായി ദാവീദിനെ നിന്ദിച്ച മീഖളിന് ദൈവം ഒരു കുഞ്ഞിനെ നൽകിയില്ല. ആത്മീയമായി മുന്നേറുമ്പോൾ നാം നിന്ദിക്കപ്പെടാം. എന്നാൽ
ആ നിന്ദകളെ കടാക്ഷിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം.

2) മനുഷ്യപുത്രൻ നിമിത്തം
നിന്ദിക്കപെടാം.

“മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്കു എന്നു തള്ളുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
ആ നാളിൽ സന്തോഷിച്ചു തുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയതു; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ”
ലൂക്കോസ് 6:22,23

യേശുക്രിസ്തുവിനു
വേണ്ടി നാം നിലകൊള്ളുമ്പോൾ നിന്ദിക്കപ്പെടാം. പെന്തെകൊസ്തുനാളിൽ
പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ദൈവമക്കൾ പുതുവീഞ്ഞ് കുറിച്ചിരിക്കുന്നു എന്ന നിന്ദയുടെ വാക്കുകൾ കേൾക്കേണ്ടിവന്നു. ഈ ലോകത്തിൽ സത്യദൈവത്തെ ആരാധിച്ച് ഭക്തിയോടെ ജീവിക്കുമ്പോൾ പരിഹസിക്കപ്പെടാം. എന്നാൽ എവിടെയൊക്കെ നിന്ദിക്കപ്പെട്ടിട്ടുണ്ടോ
അവിടെയൊക്കെ മാനിച്ച് നിന്നെ ഉയർത്തുന്ന ഒരു ദൈവമുണ്ട്.

3) ബലഹീനതകൾ നിമിത്തം നിന്ദിക്കപ്പെടാം.

ഹാഗാർ ഗർഭിണിയായപ്പോൾ
സാറാ നിന്ദിക്കപ്പെട്ടു.
യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു സാറാ പറഞ്ഞു. ദൈവം അവൾക്ക് ഒരു മകനെ നൽകുകയും ചെയ്തു.
പെനീന ഗർഭിണിയായപ്പോൾ
അവൾ കുത്തുവാക്കുകൾ
കൊണ്ട് ഹന്നായെ നിന്ദിച്ചു.എന്നാൽ അവളുടെ നിന്ദയെ ദൈവം കടാക്ഷിച്ച് ശമുവേൽ പ്രവാചകനെ നൽകി.

4) കഷ്ടതകളിൽ നിന്ദിക്കപ്പെടാം.

ദൈവമക്കൾക്ക് കഷ്ടങ്ങൾ ഉണ്ടാകും. ഈ ലോകത്തിൽ കഷ്ടങ്ങൾ ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകയില്ല. നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനുമായ ഇയ്യോബിന് ധാരാളം കഷ്ടങ്ങളിൽ കൂടി പോകേണ്ടിവന്നു.ആ കഷ്ടങ്ങളെല്ലാം ഇയ്യോബ് സഹിച്ചു. ഇയ്യോബിന്റെ ഭാര്യയുടെ
നിന്ദാവാക്കുകളേയും ആത്മധൈര്യത്തോടെ
അദ്ദേഹം നേരിട്ടു. അവനെന്നെ കൊന്നാലും ഞാൻ അവനെ തന്നെ സേവിക്കും എന്ന് ദ്യഢധൈര്യത്തോടെ ഇയ്യോബ് പറഞ്ഞു. ഫലമോ. നിന്ദിച്ചവരുടെ
മുന്നിൽ ദൈവം ഇയ്യോബിനെ മാനിച്ചു മുൻപുള്ളവയെല്ലാം ഇരട്ടിയായി വർദ്ധിപ്പിച്ച് നൽകി.

ജീവിതത്തിലെ നിന്ദകളും
പരിഹാസങ്ങളും, പീഢകളും സാരമില്ല.
കാരണം നിന്ദകളെ കടാക്ഷിച്ച്
അത്ഭുതമാക്കുന്ന ദൈവം നമ്മോടുകൂടെ…

ദൈവത്തോട് പറ്റി നിന്നാൽ ദൈവം വിശാലത വരുത്തും

നമ്മുടെ ഉടയവനായ ദൈവം ഇടുക്കത്തിൻ്റെ ദൈവമല്ല. പുഷ്ടിയുടേയും, നിറവിൻ്റേയും,
കവിഞ്ഞൊഴുക്കിൻ്റേയും
ദൈവമാണ്. ദൈവസന്നിധിയിൽ ആണ് സന്തോഷത്തിൻ്റെ
പരിപൂർണ്ണത. അവിടുന്നാണ് സകല ബുദ്ധിയേയും കവിയുന്ന
സമാധാനം കൊണ്ട് നമ്മെ നിറയ്ക്കുന്നത്.
അവിടുന്നാണ് രക്താംബരം പോലെ കടും ചുവപ്പായ പാപങ്ങളെ ഹിമം പോലെ
വെളുപ്പിക്കുന്നത്. അവിടുത്തെ ദയയും കരുണയും ആകാശത്തോളവും,
വിശ്വസ്ഥത, മേഘങ്ങളോളം, എന്ന് തുടങ്ങി ദൈവത്തിന്റെ വിശാലതയെ സൂചിപ്പിക്കുന്ന അനേകം വചനങ്ങൾ ഉണ്ട്. എന്നാൽ ഒരു വഴി മാത്രം ഇടുക്കമുള്ളതാണ്. അത് ജീവങ്കലേക്കുള്ള വാതിലും വഴിയുമാണ്.
എന്നാൽ ആ വഴിയിലൂടെ
വിജയകരമായി കടന്നുപോയാൽ ദൈവം
നമ്മെ വിശാലതയിൽ എത്തിക്കും.

ദൈവത്തോട് പറ്റി നിന്നാൽ മാത്രമേ ഇടുക്കത്തിൻ്റെ വഴിയിലൂടെ വിജയകരമായി യാത്ര പൂർത്തീകരിക്കുവാൻ
സാദ്ധ്യമാകുകയുള്ളു.
കാലേബ് ദൈവത്തോട്
പൂർണ്ണഹ്യദയത്തോടെ
പറ്റിച്ചേർന്ന്
വാഗ്ദത്തനാട്ടിൽ പ്രവേശിച്ചു. യിസ്രായേൽ മക്കൾ ദൈവവഴിയിലൂടെ
നടന്നിട്ടും അവർ ദൈവത്തോട് പറ്റിയിരുന്നില്ല. അതിനാൽ
വാഗ്ദത്തനാട്ടിൽ പ്രവേശിച്ചില്ല.

മോവാബ്യസ്ത്രീയായ രൂത്ത്, സ്വജനത്തേയും
പാരമ്പര്യത്തേയും,
സ്വന്തദേശത്തേയും
വീടിനേയും ഉപേക്ഷിച്ച്
ജീവനുള്ള ദൈവത്തോട്
പറ്റി നിന്നു. യേശുവിന്റെ
വംശാവലിയിലൂടെ കടന്നുകൂടുവാൻ തക്കവണ്ണം ദൈവം അവളുടെ വഴിയെ വിശാലമാക്കി.

ദൈവത്തോട് പറ്റി നിന്നാൽ ഏഴു വാഗ്ദത്തങ്ങൾ ദൈവം നൽകുന്നതായി 91-ാം സങ്കീർത്തനം 14 മുതൽ 16 വരെയുള്ള വാക്യങ്ങളിൽ പറയുന്നു.

“അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.
അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും”

ദൈവത്തോട് പറ്റി നിന്നാൽ ദൈവം വിടുവിക്കുന്നു.
ഉയർത്തുന്നു. ഉത്തരമരുളുന്നു.
കൂടെയിരിക്കുന്നു.
മഹത്വപ്പെടുത്തുന്നു.
ത്യപ്തി വരുത്തുന്നു.
രക്ഷയെ കാണിച്ചുകൊടുക്കുന്നു.

വഴി ഇടുക്കമുള്ളത്
ആണെങ്കിലുംൽ ദൈവത്തോട് പറ്റി നിന്ന്
പരിശുദ്ധാത്മാവിനാൽ
ശക്തി പ്രാപിച്ച് മേൽക്കുമേൽ ബലം പ്രാപിച്ച് സ്വർഗ്ഗസീയോനെ
ലക്ഷ്യം വച്ച്
ഓടേണ്ടതാണ്.
സാധാരണയായി
ഓട്ടമത്സരത്തിൽ ഒന്നാമതായി ഓടിയെത്തുന്നവനാണ്
സമ്മാനം. എന്നാൽ ഞെരുക്കത്തിൻ്റെ വഴിയിൽ കൂടി ഓടി ഓട്ടം
തികക്കുന്ന ഏവർക്കും
സമ്മാനമുണ്ട്.അതിനാൽ
തളർന്നുപോകാതെ
പുതുശക്തി ധരിച്ച് ഓടണം. നാം കുതിരകളോടു കൂടെ മത്സരിച്ച്
ഓടണമെന്നാണ് വചനം പറയുന്നത്.

“കാലാളുകളോടുകൂടെ ഓടീട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോടു എങ്ങനെ മത്സരിച്ചോടും?
യിരേമ്യാവു 12:5

ഏലിയാവിന് നാല്പത് കിലോമീറ്ററോളം ആഹാബിൻ്റെ രഥത്തിനും
കുതിരകൾക്കും മുൻപേ
ഓടുവാൻ കഴിഞ്ഞത് ദൈവത്തോട് പറ്റിനിന്ന്
പുതുശക്തി
പ്രാപിച്ചതിനാലാണ്.

നാം ഞ്ഞെരുക്കത്തിൻ്റെ
വഴിയിലൂടെയാണ്
സഞ്ചരിക്കുന്നതെങ്കിലും
ദൈവം നമുക്ക് വിശാലത വരുത്തും.

” ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി”
4-ാം സങ്കീ 1-ാം വാക്യം

ദൈവം നമുക്ക് വിശാലത നൽകുന്നതുപോലെ
നമ്മുടെ ഹ്യദയങ്ങളെ നമുക്ക് വിശാലമാക്കാം.
സുവിശേഷത്തിൽ ഇടുങ്ങിയിരിക്കുന്നവർ
ആകരുത്. നാം ഇരിക്കുന്ന ഭവനത്തിൽ
നമ്മുടെ സഭയിൽ നമ്മുടെ
ദേശത്തിൽ , നാം ഇടപെടുന്നവരിൽ എല്ലാം
സുവിശേഷത്തിൻ്റെ വക്താക്കളാകാം. ദൈവീകമായ സ്തുതികളിൽ വിശാലത വരുത്താം. കരുണയിലും
സ്നേഹത്തിലും ഇടുങ്ങിയിരിക്കുന്നവർ
ആകാതെ സ്നേഹത്തിന്റെ വീതിയും നീളവും,ഉയരവും ആഴിയും ഗ്രഹിച്ച് അവയിൽ വിശാലഹ്യദയമുള്ളവർ
ആകാം.

ഇത് പ്രതിസന്ധികളുടെ കാലഘട്ടം. ദുഷ്ടതയും
അധർമ്മവും പെരുകുന്ന
കാലഘട്ടം.
എല്ലാവരുടേയും സ്നേഹം തണുത്തു പോകുന്ന കാലഘട്ടം.
യുദ്ധങ്ങളുടേയും മഹാമാരികളുടെയും
പ്രക്യതിദുരന്തങ്ങളുടേയും
സകലവിധ വിപത്തുകളുടേയും കാലഘട്ടം. ഇവയെല്ലാം
നമ്മുടെ ആത്മമണവാളൻ്റെ വരവ്
സമീപമായി എന്ന് വിളിച്ചോതുന്നു. വഴി ഞെരുക്കമുള്ളതാണ്.
ദൈവത്തോട് പറ്റിച്ചേർന്നിരിക്കാം.
വീണു പോകാതെ നമ്മെ
തന്നെ സൂക്ഷിച്ച് അക്കരെ നാട്ടിൽ എത്തുവാൻ സർവ്വേശ്വരൻ്റെ ക്യപക്കായി യാചിക്കാം.

ഉയരത്തിലേക്ക് നോക്കിയാൽ വഴി തുറക്കും

നാം ഇപ്പോൾ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ ദൈവം തുറന്നു തന്ന വഴികൾ നിമിത്തമാണ്. ബൈബിളിലെ ഏറ്റവും വലിയതും പ്രയോജനകരവും ആയ അൽഭുതം പ്രകൃതിയുടെയും മനുഷ്യന്റെയും സൃഷ്ടിപ്പാണ്.
പുതിയനിയമത്തിലെ ഏറ്റവും വലിയതും പ്രയോജനകരവുമായ അത്ഭുതം, പാപികളായ നമുക്കു വേണ്ടിയുള്ള യേശുവിൻ്റെ മരണവും ഉയിർപ്പും ആണ്. ദൈവം നമ്മെ സൃഷ്ടിച്ചതും രക്ഷിച്ചതുമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയതും പ്രയോജനകരവും ആയ രണ്ട് അത്ഭുതങ്ങൾ.

ഇവ കഴിഞ്ഞാൽ തിരുവെഴുത്തിലെ ഏറ്റവും വലിയ അത്ഭുതം ദൈവം ചെങ്കടലിൽ വഴിതുറന്നതാണ്. ഈ അത്ഭുതത്തെക്കുറിച്ച് വേദപുസ്തകത്തിൽ അനേകം പരാമർശങ്ങൾ ഉണ്ട്. യാത്ര പുറപ്പെടുമ്പോൾ 20 വയസിനു മുകളിലുള്ള പുരുഷന്മാർ ആറ് ലക്ഷം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്പോൾ സ്ത്രീകളും കുട്ടികളുമായി ഏകദേശം
പതിനഞ്ചു ലക്ഷം പേർ ഉണ്ടെന്ന് ന്യായമായി ഊഹിക്കാവുന്നതാണ്.
നാനൂറ് വർഷങ്ങൾക്കുശേഷം
കനാൻ നാട് സ്വന്തമായി
തരും എന്ന് പറഞ്ഞവൻ
വാഗ്ദത്തങ്ങൾ നിവ്യത്തിക്കുന്നതിൽ
വിശ്വസ്തനായ ദൈവമാണ്. ദൈവം നമ്മോട് എന്തെങ്കിലും
വാഗ്ദത്തം ചെയ്തിട്ടുണ്ടെങ്കിൽ
അത് നിവർത്തിക്കും.

യിസ്രായേൽ ജനം യുദ്ധം കണ്ട് ഭയപ്പടാതിരിപ്പാൻ
ദൈവം അവരെ ആദ്യം മരുഭൂമിയിലൂടെ നയിച്ചു.
പ്രതിസന്ധികളിലൂടെ അവർ ശക്തരായി.നാം
ശക്തരാകുന്നതിനു മുൻപ്, ദൈവം യുദ്ധം അനുവദിക്കില്ല. ഒന്നാം ക്ളാസിൽ പഠിക്കുന്ന കുട്ടിക്ക് പത്താം ക്ളാസിലെ ചോദ്യപേപ്പർ
തരികയില്ല.എന്നാൽ ആത്മീയ ജീവിതത്തിൽ
യുദ്ധം ഇല്ല എന്ന് ചിന്തിക്കരുത്. ഒരു പ്രതിസന്ധിയിലേക്ക്
നീ നയിക്കപ്പെട്ടാൽ തീർച്ചയായും ഒരു അത്ഭുതം ദൈവം നിനക്കായി കരുതി വച്ചിരിക്കും. ചെറിയ പ്രതിസന്ധിയാണെങ്കിൽ
ചെറിയ അത്ഭുതം. വലിയ പ്രതിസന്ധിയാണെങ്കിൽ
വലിയ അത്ഭുതം.

അബ്രാഹാമിന്റെ ഏകജാതനായ പൊന്നോമന മകനെ
യാഗം കഴിക്കണമെന്ന
ദൈവകല്പന അബ്രാഹാമിന് സഹിക്കാവുന്നതിലും
അപ്പുറമുള്ള പ്രതിസന്ധിയാണ്. മൂന്ന് ദിവസം ഉള്ളിൽ വലിയ നൊമ്പരവുമായി അബ്രാഹാം കഴിച്ചുകൂട്ടി.
എന്നാൽ ദൈവഹിതത്തിന് വിധേയപ്പെട്ടപ്പോൾ ദൈവം ഇസഹാക്കിനു പകരം ഒരു ആട്ടിൻ കുട്ടിയെ കരുതി വച്ചു.

ദൈവം
നയിക്കുന്നിടത്തേക്ക്
പോയാൽ അത്ഭുതങ്ങൾ കാണാം. ചില സ്ഥലങ്ങളിലേക്ക് പോകാതെ യേശുവിൻ്റെ ആത്മാവ് പൗലോസിനെ തടഞ്ഞു എന്ന് അപ്പൊ.പ്രവർത്തികൾ 16-ാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. എന്നാൽ മക്കദൊന്യയിലേക്കും
ഫിലിപ്പിയിലേക്കും ദൈവം പൗലോസിനെ അയച്ചു. ദൈവത്താൽ അയക്കപ്പെട്ട സ്ഥലങ്ങളിൽ പൗലോസിന് പ്രതിസന്ധികളും വെല്ലുവിളികളും ഉണ്ടായി. എന്നാൽ അവയുടെ നടുവിൽ ദൈവം വാതിൽ തുറന്നു. അനേകർ കർത്താവിൽ വിശ്വസിച്ചു പ്രാദേശിക സഭകൾ സ്ഥാപിക്കപ്പെട്ടു.

ദൈവത്തിന്റെ ആത്മാവ് യേശുവിനെ മരുഭൂമിയിലേക്ക് നയിച്ചു.
അവിടെ സാത്താന്റെ പരീക്ഷകൾ ഉണ്ടായി. എന്നാൽ വമ്പിച്ച വിജയം
പിശാചിന്റെ മേൽ ഉണ്ടായി. ദൈവം നയിക്കുന്നിടത്ത് പ്രതിസന്ധികൾ നേരിട്ടാലും വലിയ വിജയം തമ്പുരാൻ തരും.

ചിലപ്പോൾ ജീവിതത്തിന്റെ സകലവശങ്ങളും അടഞ്ഞു എന്ന് നമുക്ക് തോന്നാം. ആരും സഹായമില്ലാത്ത അവസ്ഥ സംജാതമാകാം.
എന്നാൽ ക്ഷീണിച്ചു പോകാതെ
നമുക്കൊരു സഹായകൻ
ഉയരത്തിൽ ഉണ്ട് എന്ന് വിശ്വസിക്കുക. യിസ്രായേൽ ജനം ചെങ്കടലിൽ എത്തിയപ്പോൾ നാല് വശവും അടക്കപ്പെട്ടു.
മുൻപിൽ ചെങ്കടൽ. പിൻപിൽ ഫറവോൻ സൈന്യങ്ങളും,രഥങ്ങളും
കുതിരകളും. ഇരുവശത്തും ഉയർന്നു നിൽക്കുന്ന പർവ്വതങ്ങൾ.
എങ്ങോട്ടു പോകും? എന്നാൽ മുകൾഭാഗം അടക്കപ്പെട്ടില്ല. ഇന്നും എല്ലാ വാതിലുകളും അടയുമ്പോൾ മുകൾഭാഗം ദൈവം അടക്കുന്നില്ല. അവിടെ ആർക്കും കടന്നു വരാം.

പത്രൊസിനെ കാരാഗ്യഹത്തിൽ ആക്കിയപ്പോൾ നാല് വശവും അടക്കപ്പെട്ടു.
കരങ്ങളിലെ ചങ്ങല പടയാളികളുടെ കരത്തിനോട് ചേർത്ത് ബന്ധിച്ചു. കിടപ്പ് നാലുവശവും കൊട്ടിയടച്ച
സെല്ലിനുള്ളിൽ. അതിന് ശക്തമായ വാതിൽ. ജയിലിന് ചുറ്റും ഇരുമ്പ് വാതിൽ. എന്നാൽ മുകൾ ഭാഗം കൊട്ടിയടക്കാൻ അവർക്ക് കഴിഞ്ഞില്ല.
സഭ മുഴുവനും ഉയരത്തിലേക്ക് നോക്കി പ്രാർത്ഥിച്ചു. ഫലമോ. സ്വർഗ്ഗത്തിൽ നിന്നും ദൂതനെ അയച്ചു ചങ്ങലകൾ അഴിച്ച് പത്രൊസിനെ പട്ടണവാതിലിനു പുറത്ത് കൊണ്ടു നിറുത്തി.

നാം എപ്പോഴെല്ലാം ഉയരത്തിലേക്ക് കണ്ണുകൾ ഉയർത്തിയിട്ടുണ്ടോ
അപ്പോഴെല്ലാം വഴിതുറക്കാനായി സഹായകനായി യേശു
കടന്നു വന്നിട്ടുണ്ട്.

ഉറങ്ങാതെ, മയങ്ങാതെ
നമ്മെ പരിപാലിക്കുന്ന
ഈ ദൈവത്തിലേക്ക് കണ്ണുകളെ ഉയർത്താം.
അതാണ് രക്ഷയുടെ വഴി.
സൗഖ്യത്തിൻ്റെ വഴി. സകലവിധ അത്ഭുതങ്ങളുടേയും വഴി.
ജീവിതത്തിലെ
ചുട്ടുപൊള്ളുന്ന അനുഭവങ്ങളിൽ അവൻ നിനക്ക് തണൽ നൽകുന്നു.

“യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
121-ാം സങ്കീ 5-7