നാം ഇപ്പോൾ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ ദൈവം തുറന്നു തന്ന വഴികൾ നിമിത്തമാണ്. ബൈബിളിലെ ഏറ്റവും വലിയതും പ്രയോജനകരവും ആയ അൽഭുതം പ്രകൃതിയുടെയും മനുഷ്യന്റെയും സൃഷ്ടിപ്പാണ്.
പുതിയനിയമത്തിലെ ഏറ്റവും വലിയതും പ്രയോജനകരവുമായ അത്ഭുതം, പാപികളായ നമുക്കു വേണ്ടിയുള്ള യേശുവിൻ്റെ മരണവും ഉയിർപ്പും ആണ്. ദൈവം നമ്മെ സൃഷ്ടിച്ചതും രക്ഷിച്ചതുമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയതും പ്രയോജനകരവും ആയ രണ്ട് അത്ഭുതങ്ങൾ.
ഇവ കഴിഞ്ഞാൽ തിരുവെഴുത്തിലെ ഏറ്റവും വലിയ അത്ഭുതം ദൈവം ചെങ്കടലിൽ വഴിതുറന്നതാണ്. ഈ അത്ഭുതത്തെക്കുറിച്ച് വേദപുസ്തകത്തിൽ അനേകം പരാമർശങ്ങൾ ഉണ്ട്. യാത്ര പുറപ്പെടുമ്പോൾ 20 വയസിനു മുകളിലുള്ള പുരുഷന്മാർ ആറ് ലക്ഷം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്പോൾ സ്ത്രീകളും കുട്ടികളുമായി ഏകദേശം
പതിനഞ്ചു ലക്ഷം പേർ ഉണ്ടെന്ന് ന്യായമായി ഊഹിക്കാവുന്നതാണ്.
നാനൂറ് വർഷങ്ങൾക്കുശേഷം
കനാൻ നാട് സ്വന്തമായി
തരും എന്ന് പറഞ്ഞവൻ
വാഗ്ദത്തങ്ങൾ നിവ്യത്തിക്കുന്നതിൽ
വിശ്വസ്തനായ ദൈവമാണ്. ദൈവം നമ്മോട് എന്തെങ്കിലും
വാഗ്ദത്തം ചെയ്തിട്ടുണ്ടെങ്കിൽ
അത് നിവർത്തിക്കും.
യിസ്രായേൽ ജനം യുദ്ധം കണ്ട് ഭയപ്പടാതിരിപ്പാൻ
ദൈവം അവരെ ആദ്യം മരുഭൂമിയിലൂടെ നയിച്ചു.
പ്രതിസന്ധികളിലൂടെ അവർ ശക്തരായി.നാം
ശക്തരാകുന്നതിനു മുൻപ്, ദൈവം യുദ്ധം അനുവദിക്കില്ല. ഒന്നാം ക്ളാസിൽ പഠിക്കുന്ന കുട്ടിക്ക് പത്താം ക്ളാസിലെ ചോദ്യപേപ്പർ
തരികയില്ല.എന്നാൽ ആത്മീയ ജീവിതത്തിൽ
യുദ്ധം ഇല്ല എന്ന് ചിന്തിക്കരുത്. ഒരു പ്രതിസന്ധിയിലേക്ക്
നീ നയിക്കപ്പെട്ടാൽ തീർച്ചയായും ഒരു അത്ഭുതം ദൈവം നിനക്കായി കരുതി വച്ചിരിക്കും. ചെറിയ പ്രതിസന്ധിയാണെങ്കിൽ
ചെറിയ അത്ഭുതം. വലിയ പ്രതിസന്ധിയാണെങ്കിൽ
വലിയ അത്ഭുതം.
അബ്രാഹാമിന്റെ ഏകജാതനായ പൊന്നോമന മകനെ
യാഗം കഴിക്കണമെന്ന
ദൈവകല്പന അബ്രാഹാമിന് സഹിക്കാവുന്നതിലും
അപ്പുറമുള്ള പ്രതിസന്ധിയാണ്. മൂന്ന് ദിവസം ഉള്ളിൽ വലിയ നൊമ്പരവുമായി അബ്രാഹാം കഴിച്ചുകൂട്ടി.
എന്നാൽ ദൈവഹിതത്തിന് വിധേയപ്പെട്ടപ്പോൾ ദൈവം ഇസഹാക്കിനു പകരം ഒരു ആട്ടിൻ കുട്ടിയെ കരുതി വച്ചു.
ദൈവം
നയിക്കുന്നിടത്തേക്ക്
പോയാൽ അത്ഭുതങ്ങൾ കാണാം. ചില സ്ഥലങ്ങളിലേക്ക് പോകാതെ യേശുവിൻ്റെ ആത്മാവ് പൗലോസിനെ തടഞ്ഞു എന്ന് അപ്പൊ.പ്രവർത്തികൾ 16-ാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. എന്നാൽ മക്കദൊന്യയിലേക്കും
ഫിലിപ്പിയിലേക്കും ദൈവം പൗലോസിനെ അയച്ചു. ദൈവത്താൽ അയക്കപ്പെട്ട സ്ഥലങ്ങളിൽ പൗലോസിന് പ്രതിസന്ധികളും വെല്ലുവിളികളും ഉണ്ടായി. എന്നാൽ അവയുടെ നടുവിൽ ദൈവം വാതിൽ തുറന്നു. അനേകർ കർത്താവിൽ വിശ്വസിച്ചു പ്രാദേശിക സഭകൾ സ്ഥാപിക്കപ്പെട്ടു.
ദൈവത്തിന്റെ ആത്മാവ് യേശുവിനെ മരുഭൂമിയിലേക്ക് നയിച്ചു.
അവിടെ സാത്താന്റെ പരീക്ഷകൾ ഉണ്ടായി. എന്നാൽ വമ്പിച്ച വിജയം
പിശാചിന്റെ മേൽ ഉണ്ടായി. ദൈവം നയിക്കുന്നിടത്ത് പ്രതിസന്ധികൾ നേരിട്ടാലും വലിയ വിജയം തമ്പുരാൻ തരും.
ചിലപ്പോൾ ജീവിതത്തിന്റെ സകലവശങ്ങളും അടഞ്ഞു എന്ന് നമുക്ക് തോന്നാം. ആരും സഹായമില്ലാത്ത അവസ്ഥ സംജാതമാകാം.
എന്നാൽ ക്ഷീണിച്ചു പോകാതെ
നമുക്കൊരു സഹായകൻ
ഉയരത്തിൽ ഉണ്ട് എന്ന് വിശ്വസിക്കുക. യിസ്രായേൽ ജനം ചെങ്കടലിൽ എത്തിയപ്പോൾ നാല് വശവും അടക്കപ്പെട്ടു.
മുൻപിൽ ചെങ്കടൽ. പിൻപിൽ ഫറവോൻ സൈന്യങ്ങളും,രഥങ്ങളും
കുതിരകളും. ഇരുവശത്തും ഉയർന്നു നിൽക്കുന്ന പർവ്വതങ്ങൾ.
എങ്ങോട്ടു പോകും? എന്നാൽ മുകൾഭാഗം അടക്കപ്പെട്ടില്ല. ഇന്നും എല്ലാ വാതിലുകളും അടയുമ്പോൾ മുകൾഭാഗം ദൈവം അടക്കുന്നില്ല. അവിടെ ആർക്കും കടന്നു വരാം.
പത്രൊസിനെ കാരാഗ്യഹത്തിൽ ആക്കിയപ്പോൾ നാല് വശവും അടക്കപ്പെട്ടു.
കരങ്ങളിലെ ചങ്ങല പടയാളികളുടെ കരത്തിനോട് ചേർത്ത് ബന്ധിച്ചു. കിടപ്പ് നാലുവശവും കൊട്ടിയടച്ച
സെല്ലിനുള്ളിൽ. അതിന് ശക്തമായ വാതിൽ. ജയിലിന് ചുറ്റും ഇരുമ്പ് വാതിൽ. എന്നാൽ മുകൾ ഭാഗം കൊട്ടിയടക്കാൻ അവർക്ക് കഴിഞ്ഞില്ല.
സഭ മുഴുവനും ഉയരത്തിലേക്ക് നോക്കി പ്രാർത്ഥിച്ചു. ഫലമോ. സ്വർഗ്ഗത്തിൽ നിന്നും ദൂതനെ അയച്ചു ചങ്ങലകൾ അഴിച്ച് പത്രൊസിനെ പട്ടണവാതിലിനു പുറത്ത് കൊണ്ടു നിറുത്തി.
നാം എപ്പോഴെല്ലാം ഉയരത്തിലേക്ക് കണ്ണുകൾ ഉയർത്തിയിട്ടുണ്ടോ
അപ്പോഴെല്ലാം വഴിതുറക്കാനായി സഹായകനായി യേശു
കടന്നു വന്നിട്ടുണ്ട്.
ഉറങ്ങാതെ, മയങ്ങാതെ
നമ്മെ പരിപാലിക്കുന്ന
ഈ ദൈവത്തിലേക്ക് കണ്ണുകളെ ഉയർത്താം.
അതാണ് രക്ഷയുടെ വഴി.
സൗഖ്യത്തിൻ്റെ വഴി. സകലവിധ അത്ഭുതങ്ങളുടേയും വഴി.
ജീവിതത്തിലെ
ചുട്ടുപൊള്ളുന്ന അനുഭവങ്ങളിൽ അവൻ നിനക്ക് തണൽ നൽകുന്നു.
“യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
121-ാം സങ്കീ 5-7
Leave a Reply