കൂദാശകളിലൂടെ നിത്യരക്ഷ പ്രാപിക്കാമെന്ന് പട്ടത്വ സഭകള്‍ പഠിപ്പിക്കുന്നു ഏഴു കൂദാശകളാണ് ഇക്കൂട്ടര്‍ പഠിപ്പിക്കുന്നത്. അവ:

1. മാമ്മോദീസ

2. കുമ്പസാരം

3. കുര്‍ബ്ബാന

4. സ്ഥൈര്യലേപനം

5. രോഗീലേപനം

6. തിരുപ്പട്ടം

7. വിവാഹം

ഈ കൂദാശകളിലൂടെ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുവാന്‍ സാധിക്കുമോ എന്ന് തിരുവചന വെളിച്ചത്തില്‍ പഠിക്കാം.

1) മാമ്മോദീസാ

“വിശ്വസിക്കുകയും സ്നാനം ഏല്ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.” (മര്‍ക്കോസ് 16:16)

യേശുക്രിസ്തുവില്‍ വിശ്വസിച്ച് പാപജീവിതം ഉപേക്ഷിച്ച് യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് അവനായി ജീവിതത്തെ സമര്‍പ്പിച്ചവനായിരിക്കണം വിശ്വാസസ്നാനം സ്വീകരിക്കേണ്ടത്. (മര്‍ക്കോ 16:16; മത്തായി 28:18,19; അപ്പ. പ്ര 11:38)സ്നാനത്തെക്കുറിച്ചുളള ബൈബിള്‍ വ്യവസ്ഥ ഇങ്ങനെ ആയിരിക്കെ കുഞ്ഞുങ്ങള്‍ക്ക് സ്നാനം കൊടുക്കുന്നത് വേദവിപരീതവും സാത്താന്യ ഉപദേശവുമാണ്. സ്നാനത്തെക്കുറിച്ചുള്ള വേദപുസ്തകഉപദേശം എന്തെന്ന് തുടര്‍ന്നു പഠിക്കാം.

എന്തിനാണ് സ്നാനം ഏല്ക്കുന്നത്?

1) അത് ദൈവത്തിന്‍റെ കല്പനയാണ്. (മര്‍ക്കൊ 16:16; മത്താ 28;18,19)

2) ക്രിസ്തുവിനോട് ചേരുവാന്‍ (റോമര്‍ 6:3)

3) ക്രിസ്തുവിന്‍റെ മരണ അടക്ക പുനരുത്ഥാനത്തോട് ഏകീഭവിക്കാന്‍ (റോമര്‍ 6:4)

4) ക്രിസ്തുവിനെ ധരിക്കുവാന്‍ (ഗലാത്യ 3:27)

5) നിര്‍മ്മലമായ മനസാക്ഷിക്ക് വേണ്ടി ദൈവത്തോടുള്ള അപേക്ഷ (1 പത്രോസ് 3:21)

മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വാക്യങ്ങളില്‍ നിന്നും ജലസ്നാനത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് സ്നാനം ഏല്‍ക്കേണ്ടത്. ഒരു കുഞ്ഞല്ല, മുതിര്‍ന്ന വ്യക്തിയല്ല മറിച്ച് യേശുവില്‍ വിശ്വസിക്കുന്നവന്‍ മാത്രം. സ്നാനത്തിന്‍റെ ഉദ്ദേശ്യം യേശുവിനോട് ചേരുക, യേശുവിന്‍റെ മരണ അടക്ക പുനരുത്ഥാനത്തോട് ഏകീഭവിക്കുക, നല്ല മനസ്സാക്ഷിക്കായി ദൈവത്തോട് അപേക്ഷിക്കുക തുടങ്ങിയവയാണ്. സ്നാനം എന്നത് ഒരു സഭയോടൊ, പ്രസ്താനത്തോടൊ ചേരുവാനല്ല. മറിച്ച് ക്രിസ്തുവിനോട് ചേരുവാനാണ്. സ്നാനപ്പെടേണ്ടത് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റേയും നാമത്തില്‍ വെള്ളത്തില്‍ പൂര്‍ണ്ണമായി മുങ്ങിയാണ്. അത് അഭിഷിക്തരായ ശുശ്രൂഷകരാല്‍ നടത്തപ്പെടണം. (മത്താ. 3:16; റോമര്‍ 6:4; അപ്പ.പ്ര. 8:38)

മാമോദീസാ ഏല്‍ക്കാത്ത കുഞ്ഞുങ്ങള്‍ മരിച്ചാല്‍ നരകത്തില്‍ പോകുമോ?

ശിശുക്കള്‍ ദൈവസന്നിധിയില്‍ വിശുദ്ധരാണ്. മത്തായി 19:14-15 വാക്യങ്ങളില്‍ തന്‍റെ അടുക്കല്‍ വരാനാഗ്രഹിച്ച ശിശുക്കളെ തടയരുതെന്നും സ്വര്‍ഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതാണെന്നും യേശു പഠിപ്പിച്ചു. മാത്രമല്ല അവരുടെ മേല്‍ കൈവെച്ചു അനുഗ്രഹിക്കുകയും ചെയ്തു. ശിശുക്കളുടെ സ്വര്‍ഗ്ഗരാജ്യപ്രവേശനത്തിന് സ്നാനം ആവശ്യമായിരുന്നെങ്കില്‍ അവരെ സ്നാനപ്പെടുത്തുവാന്‍ കര്‍ത്താവ് ശിഷ്യന്മാരോട് പറയുമായിരുന്നു. ശിശുക്കള്‍ നന്മ തിന്മകള്‍ അറിയുവാനും സുവിശേഷം വിശ്വസിക്കുവാനും പ്രായമാകുന്നതിന് മുമ്പ് മരിച്ചുപോയാല്‍ സ്വര്‍ഗ്ഗത്തില്‍ പോകും. സ്നാനപ്പെടാതെ കുഞ്ഞുങ്ങള്‍ മരിച്ചാല്‍ നരകത്തില്‍ പോകും എന്ന് വിശ്വസിക്കുന്നവരുണ്ട്. മാമോദീസാ പാപമോചനത്തിനല്ല എന്നു വചനം പറയുന്നു. വിശ്വാസവും, മാനസാന്തരവുമാണ് പാപമോചനത്തിന് ആധാരം. യേശു കാല്‍വരിയില്‍ മരിച്ചത് മനുഷ്യന്‍റെ എല്ലാ പാപത്തിനും പരിഹാരമായാണ്. അതുകൊണ്ട് ജന്മപാപവും കര്‍ത്താവ് പരിഹരിച്ചു. കര്‍മ്മപാപങ്ങള്‍ക്കാണ് ന്യായവിധിയുള്ളത്. മാനസാന്തരവും ഏറ്റുപറച്ചിലുമാണ് കര്‍മ്മപാപങ്ങള്‍ക്കുള്ള പരിഹാരം. ഈ ലോകത്തില്‍ ജനിച്ചു എന്ന കാരണത്താല്‍ ദൈവം ആരേയും നരകത്തില്‍ വിടുകയില്ല. അങ്ങനെ പഠിപ്പിച്ചാല്‍ ദൈവം നീതിമാനല്ല എന്നുവരും. പൂര്‍ണ്ണവളര്‍ച്ച എത്തിയതും എന്നാല്‍ ജനിക്കുമ്പോള്‍ തന്നെ മരിക്കുന്നതുമായ കുട്ടികള്‍ക്ക് എങ്ങനെ മാമോദീസ നല്‍കുവാന്‍ കഴിയും. ജന്മനാവിശ്വസിക്കുവാന്‍ കഴിവില്ലാത്തവര്‍ക്കും ഈ നിയമം ബാധകമാണ് (ഉദാ. ബുദ്ധിമാന്ദ്യമുള്ളവര്‍) നന്മതിന്മകളെ തിരിച്ചറിയുവാനും സുവിശേഷം വിശ്വസിക്കുവാനുമുള്ള മാനസിക വളര്‍ച്ച നേടിയവരെ മാത്രമേ ദൈവം ന്യായം വിധിക്കുകയുള്ളൂ. അതുകൊണ്ട് മാമോദീസാ നല്‍കുവാന്‍ കഴിയുന്നതിന് മുമ്പ് എന്‍റെ കുഞ്ഞ് മരിച്ചുപോയി എന്നോര്‍ത്ത് ആരും ദുഃഖിക്കേണ്ട ആവശ്യമില്ല. അവര്‍ ദൈവസന്നിധിയില്‍ തീര്‍ച്ചയായും കാണും. എന്നാല്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ സുവിശേഷം അനുസരിക്കണം. (2 കൊരിന്ത്യര്‍ 5:10)

ശിശുക്കള്‍ക്ക് സ്നാനം നല്‍കുന്നത് ബൈബിള്‍ പ്രകാരം തെറ്റായിരിക്കെ ഒന്നാമത്തെ കൂദാശ ബൈബിള്‍ വിരുദ്ധമാണെന്നു തെളിയുന്നു.

2) കുമ്പസാരം:

പാപങ്ങളെ മോചിക്കുവാന്‍ മനുഷ്യന് കഴിയുമോ? യേശു ഭൂമിയിലായിരുന്നപ്പോള്‍ ചിലരുടെ പാപം മോചിച്ചു എന്ന് വേദപുസ്തകം പറയുന്നു. ഇതുകേട്ട യഹൂദര്‍ യേശുവിനെ പരിഹസിച്ചു. (മര്‍ക്കോ 2:8) കാരണം പാപങ്ങളെ മോചിക്കുവാനുള്ള അധികാരം മനുഷ്യര്‍ക്കില്ലെന്ന കാര്യം അവര്‍ക്കറിയാമായിരുന്നു. യേശു പാപം മോചിക്കുവാന്‍ കാരണം ദൈവപുത്രന്‍ ആയതിനാലാണ്. ആ കാര്യം യഹൂദന്മാര്‍ അംഗീകരിച്ചില്ല.

“ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു.” (യോഹ 20:23) ഈ വാക്യപ്രകാരമാണ് കുമ്പസാരമെന്ന കൂദാശ സഭ സ്ഥാപിച്ചിരിക്കുന്നത്.

എന്നാല്‍ ഈ വാക്യത്തിന്‍റെ അര്‍ത്ഥം എന്താണ്? ആക്ഷരീകമായി അത് അങ്ങനെയാണെങ്കില്‍ പുരോഹിതന്‍ ഓരോരുത്തരോടും നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. അവിടെ പാപം ഏറ്റുപറയാന്‍ പറയുന്നില്ല. നിങ്ങള്‍ ഏറ്റു പറയുന്നതല്ലേ ഇവര്‍ ക്ഷമിച്ചതായി പറയുന്നത്. ഈ വാക്യത്തിന്‍റെ ശരിയായ അര്‍ത്ഥം എന്താണ്? “ഇതാ പാപമോചനത്തിന് ആവശ്യമായിരിക്കുന്ന വിശുദ്ധരക്തം ഞാന്‍ ചൊരിഞ്ഞിരിക്കുന്നു; ഇതു പ്രസംഗിക്കുവാന്‍ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. (യോഹ 20:21; 1 കൊരി 1:23) നിങ്ങളുടെ പ്രസംഗം കേട്ട് എന്നില്‍ വിശ്വസിക്കുന്ന ഏതൊരുവന്‍റെയും പാപം മോചിച്ചിരിക്കുന്നതായി പ്രഖ്യാപിക്കുവാന്‍ ഞാന്‍ നിങ്ങള്‍ക്ക് അധികാരം തന്നിരിക്കുന്നു.” എന്നാണ് ക്രിസ്തു പറഞ്ഞതിന്‍റെ പൊരുള്‍. ലോകത്തിന്‍റെ പാപങ്ങളെ ചുമക്കുന്ന ക്രിസ്തുവിന്‍റെ, ഏവര്‍ക്കും വേണ്ടിയുള്ള പാപപരിഹാരബലിയെ മാറ്റി നിര്‍ത്തി, പാപമോചനമെന്ന ആശയത്തിനു നിലനില്‍പ്പില്ല. ക്രൂശിക്കപ്പെട്ട ക്രിസ്തു തന്‍റെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു എന്നു വിശ്വസിക്കുന്ന ഏതൊരുവന്‍റെയും പാപങ്ങള്‍ അഴിഞ്ഞിരിക്കുന്നു. ഇതു നിഷേധിക്കുന്നവന്‍ തുടര്‍ന്നും തന്‍റെ പാപങ്ങളില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇതാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വാക്യത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം. അല്ലാതെ ഒരു പുരോഹിതനോടൊ, ഒരു വ്യക്തിയോടൊ ചെന്ന് പാപം ഏറ്റുപറഞ്ഞാല്‍ അവര്‍ ക്ഷമിച്ചാലും ദൈവം ക്ഷമിക്കുകയില്ല. പാപങ്ങള്‍ ദൈവത്തോട് ഏറ്റുപറഞ്ഞ് യേശുവിന്‍റെ രക്തത്താല്‍ കഴുകല്‍ പ്രാപിക്കണം. (1 യോഹ 1:7-9)

3) കുര്‍ബ്ബാന

കുര്‍ബ്ബാന എന്ന വാക്കിന്‍റെ അര്‍ത്ഥം വഴിപാട് എന്നാണ്. പട്ടത്വസഭകള്‍ കുര്‍ബ്ബാനയെ ബലിയര്‍പ്പണം എന്നു വിളിക്കുന്നു. അത് യേശു സ്ഥാപിച്ചതാണെന്ന് അവര്‍ പ്രസ്താവിക്കുന്നു. പുരോഹിതര്‍ അല്ലേ ബലിയര്‍പ്പിക്കേണ്ടത്? നാം മുമ്പ് പഠിച്ചതുപോലെ പൗരോഹിത്യശുശ്രൂഷ അഥവാ ലേവ്യപൗരോഹിത്യം പഴയനിയമത്തോടുകൂടി അസ്തമിക്കുന്നു. പുതിയ നിയമത്തില്‍ പുരോഹിതന്മാരുടെ ബലിയര്‍പ്പണം ഇല്ല. പകരമായി യേശുക്രിസ്തു സ്വന്തരക്തത്താല്‍ ഒരിക്കലായിട്ടു വിശുദ്ധമന്ദിരത്തില്‍ പ്രവേശിച്ച് എന്നന്നേക്കുമുള്ള വീണ്ടെടുപ്പ് സാധിപ്പിച്ചു. (എബ്രാ.9:12) എബ്രായര്‍ 10:12-ല്‍ യേശുവോ പാപങ്ങള്‍ക്കു വേണ്ടി ഏകബലി അര്‍പ്പിച്ചിട്ട് ………………. എന്ന് കാണുന്നു. യേശു പാപങ്ങള്‍ക്ക് വേണ്ടി ഏകബലി അര്‍പ്പിച്ചതിനാല്‍ ഇനി ഒരു ബലിയുടെ ആവശ്യമില്ല. ബലിയില്ലായെങ്കില്‍ അത് അര്‍പ്പിക്കുന്ന പ്രത്യേക പുരോഹിതവര്‍ഗ്ഗവും ഇല്ലെന്ന് വരികയില്ലെ?

കര്‍ത്താവിന്‍റെ മേശക്ക് കുര്‍ബ്ബാന എന്ന വാക്ക് തിരുവചനത്തില്‍ ഉപയോഗിച്ചിട്ടില്ല. കര്‍ത്താവിന്‍റെ മേശ (1 കൊരി 10:21), കര്‍ത്താവിന്‍റെ അത്താഴം (1 കൊരി 11:20) (അപ്പം നുറുക്കല്‍ അപ്പ.പ്ര. 20:7,8) എന്നീ വാക്കുകളിലാണ് ഇത് അറിയപ്പെടുന്നത്. കര്‍ത്താവിനെ കാണിച്ചുകൊടുത്ത രാത്രിയില്‍ യേശു അപ്പം എടുത്ത് നുറുക്കി ശിഷ്യന്മാര്‍ക്ക് നല്‍കി. ഇതു ചെയ്യുമ്പോഴൊക്കെയും എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍ എന്നു പറഞ്ഞു. ഒരു പ്രത്യേക സ്ഥലം വേണമെന്നോ, പ്രത്യേക ആളുകള്‍ ചെയ്യണമെന്നോ എന്നും ചെയ്യണമെന്നോ കര്‍ത്താവു പറഞ്ഞില്ല. ചെയ്യുമ്പോള്‍ കര്‍ത്താവിന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യണം എന്നത്രേ. അപ്പം ഒന്നാകുന്നതുപോലെ പലരായ നാം ഒന്നാകുന്നു എന്നും കര്‍ത്താവ് ഇതുവരെ വന്നില്ല എന്നും ഇതു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കര്‍ത്താവു സഹിച്ച കഷ്ടാനുഭവങ്ങളെ നാം ഓര്‍ക്കുന്നു. അപ്പം നുറുക്കിക്കൊടുക്കുമ്പോള്‍ നമുക്കായി നുറുക്കപ്പെട്ട കര്‍ത്താവിന്‍റെ ശരീരത്തെയും വീഞ്ഞുകൊടുക്കുമ്പോള്‍ നമുക്കായി ചൊരിഞ്ഞ കര്‍ത്താവിന്‍റെ രക്തത്തെയും നാം സ്മരിക്കുന്നു. (1 കൊരി 11:23; മത്തായി 26:26-29; ലൂക്കോ 22:18-20; മര്‍ക്കോ 14:22-25) ആദിമസഭ ഇതു അനുഷ്ഠിച്ചത് പ്രത്യേക സക്രാരിയിലൊ മദ്ബഹായിലോ അല്ല. അപ്പ. പ്ര 2:46-ല്‍ ‘വീട്ടില്‍ അപ്പം നുറുക്കിയും’ എന്നു കാണുന്നു. അവര്‍ വീടുകളിലെ കൂടിവരവുകളിലായിരുന്നു അപ്പം നുറുക്കിയത്. ബലിയര്‍പ്പിക്കുന്ന പുരോഹിതര്‍ ഇന്നില്ലന്ന് ഇതില്‍നിന്ന് മനസ്സിലായില്ലേ. അതുപോലെ തിരുവത്താഴത്തിന്‍റെ രീതിയും ഇന്ന് പട്ടത്വ സഭകള്‍ ചെയ്യുന്നതുപോലെയല്ല. യേശു അപ്പമെടുത്ത് നുറുക്കി കൊടുത്തശേഷം വീഞ്ഞു കൊടുത്തു. ഇതാണ് ശിഷ്യന്മാരും ചെയ്തത്. ഒരു അപ്പം എടുത്ത് മുറിച്ചുകൊടുക്കുക, ഒരു പാനപാത്രത്തില്‍നിന്ന് പാനം ചെയ്യുക. വായിക്കുക – അപ്പ പ്ര 20:7; 1 കൊരി 11:23, 24 അല്ലാതെ പുരോഹിതന്‍ ഓരോ അപ്പം വിശ്വാസികള്‍ക്ക് കൊടുക്കുകയും വീഞ്ഞു മുഴുവന്‍ താന്‍ മാത്രം കുടിക്കുകയും ചെയ്യുന്ന രീതി വചനപ്രകാരം ഉള്ളതല്ല. അതിനാല്‍തന്നെ ഇത് കര്‍ത്താവിന്‍റെ മേശ അല്ല. മറിച്ച് സാത്താന്‍റെ മേശയാണ്. (1 കൊരി 10:21)

4) സ്ഥൈര്യലേപനം

പുരോഹിതന്‍ മൂറോന്‍ തൈലം ഒരുവന്‍റെമേല്‍ പൂശുമ്പോള്‍ അവന്‍ പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നു എന്ന് പട്ടത്വ സഭകള്‍ പഠിപ്പിക്കുന്നു. ഈ കൂദാശയെ അവര്‍ സ്ഥൈര്യലേപനം എന്ന് വിളിക്കുന്നു. എന്നാല്‍ പുതിയ നിയമത്തില്‍ ഇങ്ങനെ ഒരു ഉപദേശം കാണുവാന്‍ സാധിക്കുകയില്ല. പരിശുദ്ധാത്മാവ് ഒരുവനില്‍ വരുന്നത് ഏതെങ്കിലും കര്‍മ്മമാര്‍ഗ്ഗത്താലല്ല – മറിച്ച് രക്ഷിക്കപ്പെട്ട്, ദൈവകല്പനയായ വിശ്വാസസ്നാനം സ്വീകരിച്ച്, ദൈവത്തിന്‍റെ വാഗ്ദത്തമായ പരിശുദ്ധാത്മാവിന് വേണ്ടി വിശ്വാസത്തോടെ അപേക്ഷിക്കുമ്പോള്‍ പരിശുദ്ധാത്മാവിനാല്‍ ദൈവം ഒരുവനെ നിറയ്ക്കുന്നു. വിശ്വാസത്തിന്‍റെ പ്രസംഗം അഥവാ ഉപദേശം കേള്‍ക്കുന്നതിനാലത്രേ പരിശുദ്ധാത്മാവ് ലഭിക്കുന്നത്. (ഗലാത്യ 3:2)

പരിശുദ്ധാത്മ സ്നാനം ഒരുവനെ ക്രിസ്തുവിന്‍റെ ശരീരമായ സഭയുടെ അംഗമാക്കിത്തീര്‍ക്കുന്നു. (1 കൊരി 12:13) യഹൂദനെന്നോ യവനനെന്നോ ഉള്ള ഭേദംമാറി ജാതിവ്യത്യാസമോ ഭാഷ വ്യത്യാസമോ വര്‍ണ്ണവ്യത്യാസമോ വര്‍ഗ്ഗവ്യത്യാസമോ കൂടാതെ എല്ലാവരും പരിശുദ്ധാത്മാഭിഷേകത്താല്‍ ഏക ശരീരസ്ഥരായിത്തീരുന്നു. പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ഒരുവനില്‍നിന്നും ആത്മാവിന്‍റെ ഫലങ്ങളായ സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയ ജയം എന്നിവ പുറപ്പെട്ടുകൊണ്ടിരിക്കും. ബൈബിളില്‍ പരിശുദ്ധാത്മാഭിഷേകത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കെ മറ്റ് ജാതീയ ആചാരങ്ങളെ കൂട്ടുപിടിച്ച് തൈലം പൂശി പരിശുദ്ധാത്മാവിനെ കൊടുക്കുന്നു എന്നു പറയുന്നത് തീര്‍ത്തും പൈശാചികമല്ലേ?

5) രോഗീലേപനം

രോഗീലേപനത്തെ അന്ത്യകൂദാശ അഥവാ ഒടുക്കത്തെ ഒപ്രിശുമാ എന്നു വിളിക്കുന്നു. മരണാസന്നനായി കിടക്കുന്ന ഒരു വ്യക്തിക്ക് നല്കുന്ന കുര്‍ബ്ബാനയാണിത്. ഈ കര്‍മ്മത്തിന്‍റെ ഫലമെന്തെന്ന് ഫാ. മാത്യൂസ് അത്തനാസിയോസ്, തന്‍റെ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ കുര്‍ബ്ബാനക്രമം 507-ാം പേജില്‍ കൊടുത്തിരിക്കുന്നത് നോക്കുക: “ഈ കൂദാശ സ്വീകരിച്ചു കൊണ്ടാണ് നിങ്ങള്‍ കാലഗതി പ്രാപിക്കുന്നതെങ്കില്‍ ഉടനെ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നുയെന്ന് ബോധ്യപ്പെടാം.” എത്ര ഉറപ്പായ പ്രഖ്യാപനം! ഈ ലോകത്തിലുള്ള ഏതെങ്കിലുമൊരു വ്യക്തിക്ക് ഞാന്‍ നിന്നെ സ്വര്‍ഗ്ഗരാജ്യത്തില്‍ കൊണ്ടുചെന്നെത്തിക്കും എന്ന് പറയുവാന്‍ കഴിയത്തില്ല. യേശുവിന് മാത്രമേ സാധിക്കുകയുള്ളൂ. ഈ ലോകത്തില്‍ എന്തും ചെയ്ത് ജീവിച്ചിട്ട് മരിക്കാറാവുമ്പോള്‍ അന്ത്യകൂദാശ സ്വീകരിച്ചാല്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പോകുമെന്ന് പറയുന്നത് സത്യം അറിയത്തില്ലാത്തതുകൊണ്ടല്ലേ? ഈ ലോകത്തിലുള്ള ഒരു വ്യക്തിക്കൊ, പ്രസ്ഥാനത്തിനൊ, സഭയ്ക്കൊ, സംഘടനയ്ക്കൊ ഒരു വ്യക്തിയെ സ്വര്‍ഗ്ഗത്തിലെത്തിക്കുവാന്‍ സാധിക്കത്തില്ല.

കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ച്, പാപങ്ങള്‍ ദൈവത്തോട് ഏറ്റുപറഞ്ഞ്, പാപജീവിതം ഉപേക്ഷിച്ച് യേശുവിനായി തന്‍റെ ജീവിതം സമര്‍പ്പിച്ച്, ദൈവകല്പനകള്‍ അനുസരിച്ച് വിശുദ്ധിയിലും വേര്‍പാടിലും അന്ത്യത്തോളം നിലനിന്ന് മരിക്കുന്ന ഒരുവന്‍ മരണശേഷം സ്വര്‍ഗ്ഗരാജ്യത്തിലെത്തിച്ചേരും. അല്ലാതെ പാപംചെയ്ത് മരണംവരെ ജീവിച്ച് മരണസമയത്ത് അന്ത്യകൂദാശ സ്വീകരിച്ചാല്‍ സ്വര്‍ഗ്ഗരാജ്യത്തിലല്ല, മറിച്ച് നിത്യനരകത്തിലായിരിക്കും എത്തിച്ചേരുക.

6) തിരുപ്പട്ടം

പട്ടത്വ സഭയുടെ ആറാമത്തെ കൂദാശയാണ് തിരുപ്പട്ടമെന്നത്. ഇതില്‍ സഭയുടെ മേലദ്ധ്യക്ഷന്മാര്‍, പോപ്പ്, പുരോഹിതര്‍, കന്യാസ്ത്രീകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഈ കൂദാശ സഭയുടെ ഏറ്റവും വലിയ കൂദാശയാണ്. അഹരോന്യ പൗരോഹിത്യത്തിന്‍റെ പിന്‍തുടര്‍ച്ചയായിട്ടാണ് പട്ടത്വ സഭകളിലെ പൗരോഹിത്യം നിലനില്ക്കുന്നത്. എന്നാല്‍ പുതിയ നിയമം പഠിക്കുമ്പോള്‍ പഴയ നിയമ പൗരോഹിത്യത്തിന് മാറ്റം വന്നു എന്നു കാണാം. (എബ്രാ 10:1-18; 5:1-6; മര്‍ക്കോ 15:38) പുതിയ നിയമ ശുശ്രൂഷ എന്നത് പൗരോഹത്യ ശുശ്രൂഷയല്ല മറിച്ച് വിശ്വാസികളെ ക്രിസ്തു എന്ന തലയോളം സകലത്തിലും വളര്‍ത്തുന്ന ശുശ്രൂഷയാണ്. പുതിയ നിയമ സഭയില്‍ പ്രധാനമായും 5 വിധ ശുശ്രൂഷകള്‍ കാണപ്പെടുന്നു. അപ്പൊസ്തലിക ശുശ്രൂഷ, പ്രാവചക ശുശ്രൂഷ, സുവിശേഷ ശുശ്രൂഷ, ഇടയ ശുശ്രൂഷ, ഉപദേഷ്ട ശുശ്രൂഷ. ഈ ശുശ്രൂഷകള്‍ വിശ്വാസികള്‍ ക്രിസ്തു എന്ന തലയോളം വളരുവാന്‍ ദൈവം സഭയില്‍ ആക്കിയിരിക്കുന്നതാണ്. അതിനായി ദൈവം ചിലരെ അപ്പൊസ്തലന്‍മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്‍മാരായും ചിലരെ ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു. (എഫെ 4:10-13) പുതിയ നിയമ ശുശ്രൂഷ ഇങ്ങനെയായിരിക്കെ പൗരോഹിത്യ ശുശ്രൂഷയുടെ പേരില്‍ ജനത്തെ വഞ്ചിക്കുന്നത് തീര്‍ത്തും പൈശാചികമാണ്.

7) വിവാഹം

മനുഷ്യനോ മതമോ പാര്‍ട്ടിയോ സംഘടനയോ കണ്ടുപിടിച്ചതല്ല വിവാഹം. അത് സര്‍വ്വജ്ഞാനിയായ ദൈവം തന്നെ വിഭാവനം ചെയ്തതാണ്. അതുകൊണ്ടാണ് ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ ഭേദമില്ലാതെ ഭാഷകള്‍, രാജ്യങ്ങള്‍, സംസ്കാരങ്ങള്‍ വ്യത്യാസമില്ലാതെ ലോകത്ത് എല്ലായിടത്തും വിവാഹം എല്ലാവര്‍ക്കും മാന്യമായിരിക്കുന്നത്. വിവാഹം എന്നത് ഒരു കൂദാശയല്ല. വിവാഹത്തില്‍ക്കൂടെ രക്ഷപ്രാപിക്കുവാനും സാദ്ധ്യമല്ല.

നിത്യജീവന്‍ പ്രാപിക്കുവാന്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ച് അവനെ രക്ഷിതാവും കര്‍ത്താവുമായി സ്വീകരിച്ച് ദൈവകല്പനകള്‍ അനുസരിച്ച് ജീവിക്കുക എന്നതു മാത്രമാണ് ഏകപോംവഴി.