മനുഷ്യന്‍റെ ആത്മീയമായ അന്ധതയാണ് പെരുന്നാളുകളും ഉത്സവങ്ങളും വെളിപ്പെടുത്തുന്നത്. ദൈവത്തില്‍നിന്ന് അകന്നുപോയ മനുഷ്യര്‍ മതത്തിന്‍റെയും സഭയുടെയും പ്രസ്ഥാനങ്ങളുടെയും, പുണ്യവാളന്മാര്‍, ദേവന്മാര്‍, ദേവിമാര്‍ തുടങ്ങിയവയുടെയും പേരില്‍ കാട്ടിക്കൂട്ടുന്ന പ്രവൃത്തികള്‍ അപരിഷ്കൃതവും കിരാതവും ലജ്ജിപ്പിക്കുന്നതുമാണ്. പുരോഗതി കൈവരിച്ചു, സാംസ്ക്കാരികമായി ഉയര്‍ന്നു എന്നും അഭിമാനിക്കുന്ന ഈ 21-ാം നൂറ്റാണ്ടിലും മനുഷ്യര്‍ ദൈവത്തിന്‍റെ പേരില്‍ കാട്ടിക്കൂട്ടന്ന വികൃതികള്‍ കണ്ടാല്‍ ലജ്ജിച്ചു പോകും. വിദ്യാഭ്യാസം ഉണ്ടെന്ന് അഭിമാനിക്കുന്ന മനുഷ്യന്‍ മൃഗങ്ങള്‍, പക്ഷി, ഇഴജാതി (പാമ്പ്), കല്ല്, മരം, സൂര്യന്‍, ചന്ദ്രന്‍, കാറ്റ്, ഇടി, പേമാരി തുടങ്ങി പ്രകൃതിയില്‍ ഉള്ളവയെ ദൈവമായി ആരാധിക്കുന്നു. അതുപോലെ മരിച്ചുപോയ സാധാരണക്കാരായ വ്യക്തികളെ ദൈവമാക്കി ആരാധിക്കുന്നു. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരെ ദൈവമാക്കി ആരാധിക്കുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികളെ ചിന്തിച്ച് നോക്കിയാല്‍ മനുഷ്യന്‍ പരിഷ്കൃതനെന്ന് അഭിമാനിക്കുമ്പോള്‍തന്നെ അപരിഷ്കൃതനായിരിക്കുന്നു.

സാമാന്യവിവരമുള്ള ഒരു മനുഷ്യന്‍ പ്രകൃതിയിലുള്ളവയെ ദൈവമായി ആരാധിക്കുമോ? ഇന്ന് ഇത് ലോകത്തില്‍ വളര്‍ന്നു വളര്‍ന്നുകൊണ്ടിരിക്കുന്നു. മനുഷ്യന്‍ ദൈവമായി പലതിനേയും സങ്കല്പിച്ച് അവയുടെ പേരില്‍ പെരുന്നാളുകളും ഉത്സവങ്ങളും നടത്തുന്നു. ഇന്ന് പെരുന്നാളിന്‍റെയും ഉത്സവത്തിന്‍റെയും പേരില്‍ ആഘോഷങ്ങളും നടത്തുന്നു. ഈ സമയങ്ങളില്‍ നാട്ടിലുള്ള മദ്യശാലകള്‍ കാലിയാകുകയും എവിടെയും അടിപിടിയും കത്തികുത്തും പകപോക്കലുകളും സ്ത്രീകളെ അപമാനിക്കുകയും പോക്കറ്റടിയും പിടിച്ചുപറിയും ഇരുട്ടിന്‍റെ മറവില്‍ മറ്റ് അനാശാസ്യപ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇതെല്ലാം ദൈവത്തിന്‍റെ പേരും പറഞ്ഞ് നടത്തുന്ന പെരുന്നാളുകളിലും ഉത്സവങ്ങളിലും നടനമാടുന്ന കാര്യങ്ങളാണ്. നിങ്ങള്‍തന്നെ ചിന്തിക്കൂ ഇതെല്ലാം ദൈവീകമാണോ? ഇതെല്ലാം തികച്ചും പൈശാചികമല്ലേ?

പെരുന്നാളിന്‍റെ മറ്റൊരു ഘടകമാണ് പ്രദിക്ഷിണം. ആരുടെ പേരില്‍ നടത്തുന്നുവോ ആ വ്യക്തിയുടെ വിഗ്രഹവും ചുമന്നുകൊണ്ട് ആള്‍ക്കാര്‍ നടക്കുന്നു. ഇതു വായിക്കുന്ന പ്രിയ സ്നേഹിതാ വിഗ്രഹാരാധന പാപമാണെന്നു നിനക്കറിയാമോ? (പുറപ്പാട് 20:4,5; ആവര്‍ 4:15-18; സങ്കീ 115:4-8; 2 കൊരി 6:16; വെളി 9:20) നീ വിഗ്രഹത്തിന്‍റെ മുമ്പില്‍പോയി പ്രാര്‍ത്ഥിക്കുകയൊ മുത്തുകയൊ വണങ്ങുകയൊ ചുമന്നുകൊണ്ട് നടക്കുകയൊ ചെയ്യുമ്പോള്‍ നിന്‍റെ ജീവിതത്തിലേക്ക് ശാപം കടന്നു വരുന്നു.

പള്ളിപെരുന്നാളുകളും ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും തമ്മില്‍ ഇന്ന് യാതൊരു വ്യത്യാസവുമില്ലാതെയിരിക്കുന്നു. പൂജാരിയും പുരോഹിതനും വിഗ്രഹങ്ങള്‍ക്ക് സേവ നടത്തുന്നു. കൊടിയേറ്റവും വിളക്കുകത്തിക്കലും തുള്ളലും വെടിക്കെട്ടും നേര്‍ച്ചകാഴ്ചകളും (അമ്പ്, വേല്‍, ശൂലം, വള, താലം, തുലാഭാരം, തമുക്ക്, വാഴക്കുല തുടങ്ങിയവ) ശരണംവിളിയും മലകയറ്റവും ചുമടുചുമക്കലും കൂടുതുറന്നും നടതുറന്നുള്ള പൂജകളും ആനപ്പുറത്തും രഥത്തിലുമുള്ള വിഗ്രഹം എഴുന്നെള്ളിക്കലും നാടകവും ബാലെയും ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ആഘോഷങ്ങളുടെ ഭാഗങ്ങളാണ്.

പെരുന്നാളിനോടനുബന്ധിച്ച് ദേശത്തെ മദ്യഷാപ്പുകളെല്ലാം മിക്കവാറും കാലിയായിത്തീരും. ആരോടെങ്കിലും പകരം വീട്ടുവാനുണ്ടെങ്കില്‍ അതിനുള്ള അവസരവും പെരുന്നാളാണ്. മദ്യപാനവും അടിപിടിയും കൊലപാതകവും വ്യഭിചാരവും ബലാത്സംഗവും ഇവയ്ക്ക് പുറമെ വിഗ്രഹങ്ങളുടെ മുന്നില്‍ക്കിടന്നുള്ള പേകൂത്തുകളും. ഇവയെല്ലാം ദൈവീകമാണോ, അല്ലേ അല്ല. തികച്ചും പൈശാചികമാണിതെല്ലാം.

ബൈബിള്‍ ഇങ്ങനെ പറയുന്നു, “…. വിജാതീയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണ്. ദൈവത്തിനല്ല….” (1 കൊരി. 10:20) അന്യ ദൈവാരാധനയോടും വിഗ്രഹാരാധനയോടും ബന്ധപ്പെടുത്തിയാണ് അപ്പസ്തലന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ദൈവത്തിലല്ലാതെ മറ്റ് ആരിലെങ്കിലും ആശ്രയം അര്‍പ്പിച്ച് ശുശ്രൂഷ ചെയ്യുന്നതും വിഗ്രഹങ്ങളെ വണങ്ങുന്നതും ശുശ്രൂഷിക്കുന്നതും തികച്ചും പൈശാചികമായ പ്രവൃത്തികളാണെന്ന് പൗലോസ് ഇവിടെ ദൈവാത്മാവിനാല്‍ സാക്ഷ്യപ്പെടുത്തുന്നു.

യേശുവിലൂടെ സൗജന്യമായി ലഭിക്കുന്ന ആത്മരക്ഷയെക്കുറിച്ചും യേശുവിന്‍റെ രണ്ടാം വരവിനെക്കുറിച്ചും ദൈവജനത്തിന് ദൈവത്തില്‍നിന്ന് ലഭിക്കുന്ന കരുതലിനെയും നടത്തിപ്പിനെയും സംരക്ഷണത്തെയുംകുറിച്ചും ദൈവവചനത്തിലുടനീളം പറയുന്നു. ദൈവത്തിന്‍റെ വചനം ഇങ്ങനെ ആയിരിക്കെ കാര്യസാധ്യത്തിനായി പെരുന്നാള്‍ നടത്തിയും അതില്‍ പങ്കെടുത്തും വിഗ്രഹങ്ങളെയും മറ്റാരെയൊക്കെയോ പ്രീതിപ്പെടുത്തുവാന്‍ ശ്രമിക്കുന്നവര്‍ ദൈവത്തില്‍നിന്ന് വളരെ വളരെ അകലെയാണ്.

തങ്ങള്‍ തുടര്‍ന്നുപോരുന്ന പാരമ്പര്യ ആചാരങ്ങളില്‍നിന്നും വിഭിന്നമായി ദൈവവചനം ഒന്നും പറയുന്നില്ല എന്ന് തെറ്റായ ന്യായീകരണം പൂര്‍വ്വികരില്‍നിന്നും മതനേതാക്കളില്‍നിന്നും ഉള്‍ക്കൊണ്ട് സ്വരൂപാരാധാന തുടങ്ങിയ മ്ലേച്ഛതകള്‍ ചെയ്തു കൂട്ടുന്നവര്‍ അനവധിയാണ്. അതേക്കുറിച്ച് അവര്‍ ബോധമുള്ളവരല്ല എന്ന കാരണത്താലോ അവര്‍ക്ക് അറിവില്ല എന്ന കാരണത്താലല്ലോ ദൈവം അവരെ നീതീകരിക്കുകയില്ല. (1 കൊരി 4:4) കാരണം, വള്ളിക്കൊ പുള്ളിക്കൊ മാറ്റം വരാത്ത ദൈവവചനം നമുക്ക് തന്നിരിക്കുന്നത് അതില്‍നിന്ന് പഠിക്കുവാനും അനുസരിക്കുവാനുമാണ്. മനുഷ്യന്‍റെ ആത്മരക്ഷയ്ക്കാവശ്യമായിട്ടുള്ളതെല്ലാം അതില്‍ അടങ്ങിയിരിക്കുന്നു. (യോഹ 20:31) വചനവിരുദ്ധമായ ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ ചതിക്കപ്പെടുകതന്നെ ചെയ്യും. അതിനാല്‍ ബൈബിള്‍ പുതിയ നിയമമെങ്കിലും പഠിച്ചിരിക്കേണ്ടത് ആവശ്യമാണ്. അപ്പോള്‍ നിങ്ങളുടെ ഹൃദയദൃഷ്ടിപ്രകാശിക്കും സത്യം വെളിപ്പെട്ടുകിട്ടുവാന്‍ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കും.

നമ്മുടെ ശരീരം ഉള്‍പ്പെടെ ഇന്നു പ്രപഞ്ചത്തില്‍ കാണപ്പെടുന്നവയെല്ലാം നശിക്കുവാനുള്ളതാണ്. എന്നാല്‍ ശരീരത്തില്‍ വസിക്കുന്ന നിങ്ങളുടെ നാശമില്ലാത്ത ആത്മാവ് എവിടെ ചെന്നെത്തും? നിത്യ സന്തോഷത്തിലായിരിക്കുമോ, അതോ നിത്യ ദണ്ഡനത്തിലൊ?

മനുഷ്യന്‍ ഭൂമിയിലിരിക്കുമ്പോള്‍തന്നെ വിശ്വാസത്താല്‍ സ്വന്തം ആത്മരക്ഷ സാധ്യമാക്കിയിരിക്കണം. മരണശേഷം അതിനവസരമില്ല. (എബ്രായര്‍. 9:27)