ഒരാള്‍ എവിടെ ജനിക്കണം എന്നു തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യന് നല്‍കിയിട്ടില്ല. അങ്ങനെ ഒരവസരം നമുക്ക് ലഭിച്ചിരുന്നെങ്കില്‍ നമ്മില്‍ പലരും ഇന്നത്തെ ഈ അവസ്ഥയില്‍ കാണപ്പെടുമായിരുന്നില്ല. നാം ജനിച്ചുവളര്‍ന്നു തിരിച്ചറിവായ ശേഷമാണ് നമ്മുടെ കുടുംബപശ്ചാത്തലവും മത പശ്ചാത്തലവും മറ്റും നാം മനസ്സിലാക്കുന്നത്. താങ്കള്‍ എന്തുകൊണ്ട് ഒരു കത്തോലിക്കാ വിശ്വാസിയായിരിക്കുന്നു എന്ന് ഒരാളോടു ചോദിച്ചാല്‍ അവന്‍റെ ഉത്തരം ഞാന്‍ ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നു എന്നു തന്നെ ആയിരിക്കും. അപ്പോള്‍ താങ്കള്‍ ഒരു ഹിന്ദുകുടുംബത്തിലാണ് ജനിച്ചിരുന്നതെങ്കിലോ? താങ്കള്‍ ഒരു ഹിന്ദുവായിരിക്കും. ഇങ്ങനെ മതങ്ങളുടേയും സഭകളുടെയും പേരുകള്‍ മാറിമാറി ചോദിച്ചാലും അവരുടെ മറുപടി ഇപ്രകാരം തന്നെ ആയിരിക്കും. അങ്ങനെയെങ്കില്‍ താങ്കളുടെ സഭയോട് താങ്കള്‍ കാണിക്കുന്ന കൂറും അവേശവും എന്തിന്‍റെ അടിസ്ഥാനത്തിലാണ്, അതിന്‍റെ ഉത്തരം പാരമ്പര്യം എന്നായിരിക്കും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ സഭയോട് കാണിക്കുന്ന തീഷ്ണത അതിന്‍റെ അടിസ്ഥാനം നമുക്ക്വേണ്ടി ക്രൂശില്‍മരിച്ച കര്‍ത്താവിനോടുള്ള സ്നേഹമോ ദൈവവചനത്തോടുള്ള ആത്മാര്‍ത്ഥതയോകൊണ്ടല്ല, കേവലം പാരമ്പര്യത്തില്‍ നിന്ന് ഉളവായ മതഭക്തിയാണ്.

പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന മനുഷ്യന്‍ പക്ഷെ! ഏതു കാര്യത്തിലാണ് മനുഷ്യന്‍ പാരമ്പര്യം സൂക്ഷിക്കുന്നത്? ഭീമമായ തുക ഡൊണേഷന്‍-കൈക്കൂലി-കൊടുത്ത് മക്കളെ ഉന്നതവിദ്യാഭ്യാസത്തിനയക്കുന്ന മനുഷ്യരില്‍ എത്രപേര്‍ 4-ാം ക്ലാസ്സുവരെ പഠിച്ചിട്ടില്ലാത്ത തങ്ങളുടെ പൂര്‍വ്വികരുടെ പാരമ്പര്യം വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ സൂക്ഷിക്കാറുണ്ട്.

മക്കളെ ഡോക്ടറും, എഞ്ചിനീയറും, വക്കീലുമൊക്കെ ആക്കാന്‍ പെടാപാടുപെടുന്ന മനുഷ്യന്‍ അരയില്‍ ഈരെഴ തോര്‍ത്തും തലയില്‍ പാളത്തൊപ്പിയും വെച്ച് പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്തു ജീവിച്ച പിതാക്കന്മാരുടെ പാരമ്പര്യം തൊഴില്‍ മേഖലയില്‍ സൂക്ഷിക്കാറുണ്ടോ?

കോട്ടും, സൂട്ടും, ബൂട്ടും ധരിച്ച്, റ്റൈയും കെട്ടി ലക്ഷങ്ങള്‍ വിലയുള്ള കാറില്‍ പറന്നു നടക്കുമ്പോള്‍ പണ്ട് ഒറ്റമുണ്ടും മുറികയ്യന്‍ ഷര്‍ട്ടുമിട്ട് നഗ്നപാദരായി മൈലുകള്‍ താണ്ടിയിരുന്ന വല്യപ്പച്ചന്‍മാരുടെ പാരമ്പര്യം വസ്ത്രധാരണത്തിലൊ വാഹനകാര്യത്തിലൊ നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ടോ?

ഓലമേഞ്ഞ കൂരെക്കുകീഴെ ചാണകം മെഴുകിയ തറയില്‍ മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചത്തിലിരുന്ന് അക്ഷരം പഠിച്ചിരുന്ന, അത്താഴം കഴിച്ചിരുന്ന മനുഷ്യന്‍ ഗ്രനൈറ്റും, മാര്‍ബിളും വിരിച്ച മണിമാളികകള്‍ വൈദ്യുതി ദീപങ്ങളാലലങ്കരിച്ച് മോടിപിടിപ്പിക്കുമ്പോള്‍ വീടിന്‍റെ കാര്യത്തില്‍ വിളക്കിന്‍റെ കാര്യത്തില്‍ പാരമ്പര്യം തെറ്റുമെന്ന് പറഞ്ഞ് പഴഞ്ചന്‍ വീടുകളില്‍ താമസിക്കാറുണ്ടോ? ഇല്ലേ ഇല്ല.

ഒറ്റക്കാര്യത്തിലെ മനുഷ്യര്‍ക്ക് പാരമ്പര്യമുള്ളൂ. ദൈവത്തിന്‍റെ കാര്യത്തില്‍, ആത്മീയ അന്ധത കൈവിടാത്തകാര്യത്തില്‍, ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും വിദ്യയിലൂടെ വിജ്ഞാനത്തിലൂടെ പുരോഗതി കൈവരിക്കുന്ന മനുഷ്യന്‍ ദൈവവചനം പഠിച്ച് സത്യം മനസ്സിലാക്കാനോ ദൈവത്തിന്‍റെ ഇഷ്ടം മനസ്സിലാക്കാനോ അങ്ങനെ വ്യര്‍ത്ഥമായ പാരമ്പര്യവും അന്ധവിശ്വാസങ്ങളും അബദ്ധജഡിലമായ ആചാരങ്ങളും പാപപ്രവൃത്തികളും ഉപേക്ഷിച്ച് ദൈവമക്കളായി ജീവിക്കുവാനോ ആഗ്രഹിക്കുന്നില്ല.

പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്നവരെക്കുറിച്ച് യേശുക്രിസ്തു പറഞ്ഞിരിക്കുന്ന വാക്കുകള്‍ വളരെ ശ്രദ്ധേയമാണ്. “അവന്‍ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവന്‍ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങള്‍ക്കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍ നിന്നു വളരെ ദൂരെയാണ്. വ്യര്‍ത്ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ കല്പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു. അവന്‍ തുടര്‍ന്നു: നിങ്ങളുടെ പാരമ്പര്യം പാലിക്കാന്‍വേണ്ടി കൗശലപൂര്‍വ്വം ദൈവകല്പന അവഗണിക്കുന്നു. (മര്‍ക്കോസ് – 7:6-9)

പാരമ്പര്യവും ദൈവവചനവും ഒന്നിച്ചു പോകയില്ല. യേശു ഇവിടെപ്പറയുന്നത് കപടഭക്തിക്കാര്‍ ദൈവവചനം കൗശലപൂര്‍വ്വം മാറ്റിവച്ച് മനുഷ്യരുടെ കല്പനകളെ പ്രമാണങ്ങളായി പഠിപ്പിക്കുകയും അവയെ ദൈവവചനത്തിനു തുല്യമായിക്കണ്ട് അനുസരിക്കുകയും ചെയ്യുന്നു. ഈ കൂട്ടര്‍ക്ക് ദൈവവചനം അറിയില്ലെങ്കിലും മാനുഷികമായ പ്രമാണങ്ങളെല്ലാം മനഃപാഠമായിരിക്കും. ഈ കൂട്ടര്‍ ദൈവത്തില്‍ നിന്നും ദൈവവചനത്തില്‍ നിന്നും ദൈവരാജ്യത്തില്‍ നിന്നും വളരെയേറെ അകലെയാണ്.

പാരമ്പര്യ വാദികളെക്കുറിച്ച് സ്നാപകയോഹന്നാന്‍ പറയുന്നത് ഇപ്രകാരമാണ്.

“അനേകം ഫരിസേയരും സദുക്കായരും സ്നാനമേല്‍ക്കാന്‍ വരുന്നതുകണ്ട്, യോഹന്നാന്‍ അവരോടു പറഞ്ഞു: അണലി സന്തതികളേ, ആസന്നമായ ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയതാരാണ്? മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍. ഞങ്ങള്‍ക്കു പിതാവായി അബ്രാഹം ഉണ്ട് എന്ന് പറഞ്ഞ് അഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. വൃക്ഷങ്ങളുടെ വേരിനു കോടാലി വച്ചു കഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടിതീയിലെറിയും. (മത്തായി – 3:7-10)

മാനസാന്തരപ്പെട്ട് നല്ല ഫലം നല്‍കാതെ അബ്രാഹിമിന്‍റെ മക്കളാണെന്ന പാരമ്പര്യംകൊണ്ട് ദൈവക്രോധത്തില്‍ നിന്നു രക്ഷപെടുകയില്ലെന്നാണ് ഇവിടെ യോഹന്നാന്‍ പറയുന്നത്.

വി. പത്രോസ് പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്. “പിതാക്കന്‍മാരില്‍ നിന്നു നിങ്ങള്‍ക്കു ലഭിച്ച വ്യര്‍ത്ഥമായ ജീവിതരീതിയില്‍ നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണ്ണമോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്‍റേതുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്യരക്തം കൊണ്ടത്രേ.” (1 പത്രോസ് -1:18,19) ഇതിനര്‍ത്ഥം ക്രിസ്തുവിന്‍റെ അമൂല്യരക്തംകൊണ്ട് നമ്മെ വീണ്ടെടുത്തത് പാപത്തില്‍ നിന്നു മാത്രമല്ല. പിതാക്കന്മാരില്‍ നിന്ന് നമുക്ക് കിട്ടിയിരിക്കുന്ന ജീവിതരീതിയില്‍ നിന്നുകൂടിയാണഅതായത് പാരമ്പര്യത്തില്‍ നിന്ന്.

വി. പൗലൊസ് താന്‍ യേശുവിനെ കണ്ടുമുട്ടുന്നതിനുമുമ്പ് തന്‍റെ ജീവിതത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതിപ്രകാരമാണ്. “മുമ്പ് യഹൂദമതത്തില്‍ ആയിരുന്നപ്പോഴത്തെ എന്‍റെ ജീവിതത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാന്‍ ദൈവത്തിന്‍റെ സഭയെ കഠിനമായി പീഢിപ്പിക്കുകയും അതിനെ ഉന്മൂലനം ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു. എന്‍റെ വംശത്തില്‍പ്പെട്ട സമപ്രായക്കാരായ അനേകരെക്കാള്‍ യഹൂദമതകാര്യങ്ങളില്‍ ഞാന്‍ മുന്‍പന്തിയിലായിരുന്നു. എന്‍റെ പിതാക്കന്മാരുടെ പാരമ്പര്യങ്ങളില്‍ അത്യധികം തീക്ഷണ്ത മതിയുമായിരുന്നു. (ഗലാത്യര്‍ – 1:13,14)

മതകാര്യങ്ങളില്‍ മുന്‍പന്തിയിലായിരുന്ന പൗലൊസ് യേശുവിനെ കണ്ടെത്തിയപ്പോള്‍ പാരമ്പര്യമെല്ലാം ഉപേക്ഷിച്ച് യേശു ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിച്ച് അനേകരെ ദൈവത്തിങ്കലേക്ക് നടത്തി.

ബൈബിളിനെക്കാള്‍ പാരമ്പര്യത്തിനും ഇതര ഉപദേശങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ഒരു രീതിയാണ് ഇന്ന് അനേക സഭകളില്‍ കണ്ടുവരുന്നത്. അനേകര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ബൈബിള്‍ മാത്രം അനുസരിക്കണമെന്ന് നിങ്ങള്‍ ശഠിക്കുന്നത്? പാരമ്പര്യം എന്തുകൊണ്ടാവശ്യമില്ല. എന്തുകൊണ്ടാണ് പാരമ്പര്യങ്ങള്‍ നമുക്ക് ആവശ്യമില്ലെന്ന് പറയുവാനും ബൈബിള്‍ മാത്രം വിശ്വസിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യണമെന്ന് പറയാന്‍ കാരണം. അതിനെക്കുറിച്ച് ചുവടെ വിവരിക്കുന്നു.

1) 2 തിമൊഥെയൊസ് – 3:16,17

“അങ്ങനെ ദൈവത്തിന്‍റെ മനുഷ്യന്‍ പരിപൂര്‍ണ്ണനാകുകയും സകല സത്കൃത്യങ്ങളും ചെയ്യാന്‍ പ്രാപ്തനാകുകയും ചെയ്യുന്നു.” ഒരുവനെ ശാസിക്കാനും പഠിപ്പിക്കാനും തെറ്റ് തിരുത്തുവാനും ബൈബിളിനു കഴിയുമെന്നും അത് ഒരുവനെ പൂര്‍ണ്ണതയില്‍ എത്തിക്കുവാന്‍ സഹായിക്കുന്നു എന്നുമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വാക്കിന്‍റെ അര്‍ത്ഥം. ഒരുവന് പൂര്‍ണ്ണനാകുവാനള്ളതെല്ലാം ദൈവവചനത്തില്‍ ഉണ്ട്. പിന്നെന്തിനു മറ്റുള്ളവയെ തേടിപ്പോകണം. ദൈവസന്നിധിയില്‍ പൂര്‍ണ്ണനാകുക എന്നതാണ് ഒരുവന്‍റെ ജീവിതത്തില്‍ ഏറ്റവും ധന്യമായ കാര്യം. അതു സാദ്ധ്യമാക്കുവാന്‍ ദൈവവചനത്തിനേ കഴിയൂ. ഇന്നു മനുഷ്യന്‍ പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുന്നതും കര്‍മ്മങ്ങള്‍ ചെയ്യുന്നതും പൂര്‍ണ്ണതപ്രാപിക്കാന്‍ വേണ്ടിയാണ്. ഇതു മുഖാന്തരം പാരമ്പര്യങ്ങളെ മുറുകെപിടിക്കുകയും കര്‍മ്മാനുഷ്ഠാനങ്ങളില്‍ പുകഴുകയും ചെയ്യുന്നവര്‍ ദൈവത്തെയും ദൈവവചനത്തെയും തള്ളിക്കളയുകയാണ് ചെയ്യുന്നത്.

2) യോഹന്നാന്‍ 20:30,31

“ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ ക്രിസ്തുയെന്ന് നിങ്ങള്‍ വിശ്വസിക്കുവാനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്‍റെ നാമത്തില്‍ നിത്യജീവന്‍ ഉണ്ടാകേണ്ടതിനും വേണ്ടിയാണ്.”

യേശു ചെയ്ത അനേകം കാര്യങ്ങള്‍ രേഖപ്പെടുത്താനുണ്ട്. എന്നാല്‍ വിശ്വസിച്ച് നിത്യജീവന്‍ പ്രാപിക്കാനുള്ളതെല്ലാം എഴുതിയിട്ടുണ്ട് എന്നാണ് ഈ വാക്യം പറയുന്നത്. നമുക്ക് ആവശ്യമില്ലാത്തതൊന്നും എഴുതിയില്ല. യേശു ചെയ്ത അടയാളങ്ങളാണ് രേഖപ്പെടുത്താത്തത്. അല്ലാതെ യേശു പറഞ്ഞ ഉപദേശങ്ങളല്ല. സഭക്ക് വേണ്ട ഉപദേശങ്ങളെല്ലാം പൂര്‍ണ്ണമായിരിക്കെ ബൈബിളില്ലാത്ത പാരമ്പര്യങ്ങളെ പിന്‍പറ്റുന്നതില്‍ യാതൊരു ന്യായീകരണവുമില്ല.

3) റോമര്‍ 2:16

” ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷം അനുസരിച്ച് മനുഷ്യന്‍റെ രഹസ്യങ്ങളെ ക്രിസ്തു യേശുവിലൂടെ ദൈവം വിധിക്കുന്ന നാളില്‍ ഇതു വ്യക്തമാകും.”ദൈവം മനുഷ്യനെ ന്യായം വിധിക്കുന്നത് സുവിശേഷത്തിന്‍റെ അടിസ്ഥാനത്തിലാണ്. വിദ്യാര്‍ത്ഥിക്ക് പരീക്ഷയിടുന്നത് അവനു നല്‍കപ്പെട്ട പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലാണ്. മറ്റെന്തെല്ലാം പഠിച്ച് മനഃപ്പാഠമാക്കിയെന്നു പറഞ്ഞാലും ചോദ്യം പാഠ്യപദ്ധതിയില്‍ നിന്നാകയാല്‍ ഉത്തരം അതിന്‍പ്രകാരം എഴുതിയെ മതിയാകുകയുള്ളൂ. ഇതുപോലെ ദൈവവചനത്തോട് നാം എങ്ങനെ പ്രതികരിച്ചു എന്നതാണ് ദൈവിക ന്യായവിധിയുടെ മാനദണ്ഡം. അതിനപ്പുറത്ത് മറ്റെന്തനുസരിച്ചാലും ദൈവമുമ്പാകെ വിലപ്പോകില്ല. അതിനാല്‍ ദൈവവചനം മാത്രമാണ് നമുക്കാധാരം. ന്യായാധിപന്‍ വിധി പറയുന്നത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ്. ദൈവത്തിന്‍റെ നിയമാവലിയാണ് ബൈബിള്‍ (ദാനിയേല്‍ 7:9,10; വെളിപ്പാട് 20:12)

4) സദൃശ്യവാക്യങ്ങള്‍ 30:6

” അവന്‍റെ വചനത്തോട് ഒന്നും കൂട്ടിച്ചേര്‍ക്കരുത്. അങ്ങനെ ചെയ്താല്‍ അവിടുന്ന് നിന്നെ വിസ്തരിക്കും. നീ കള്ളനാകുകയും ചെയ്യും.”

ദൈവം വചനത്തോട് കൂട്ടിച്ചേര്‍ക്കുന്നത് വലിയ പാപമാണ്. ദൈവവചനത്തില്‍ ഇല്ലാത്തത് ഉണ്ടെന്നു പറഞ്ഞ് പഠിപ്പിക്കുന്നതും അനുഷ്ഠിക്കുന്നതും തെറ്റാണ്. (വെളിപ്പാട് – 22:18,19)

5) ഗലാത്യര്‍ 1:8

“ഞങ്ങളാരെങ്കിലുമോ, സ്വര്‍ഗ്ഗത്തില്‍ നിന്ന് ആഗതനായ ഒരു മാലാഖ തന്നെയോ നിങ്ങളോട് ഞങ്ങള്‍ പ്രസംഗിച്ചിട്ടുള്ള സുവിശേഷത്തിന് വിരുദ്ധമായി പ്രസംഗിക്കുകയാണെങ്കില്‍ അവന്‍ ശപിക്കപ്പെട്ടവന്‍”

ബൈബിളിന് വിപരീതമായി പഠിപ്പിക്കുന്നത് ശാപത്തിന് കാരണമാണ്. പൗലൊസും മറ്റപ്പൊസ്തലന്മാരും പ്രസംഗിച്ച വചനം എന്താണെന്ന് അപ്പസ്തോല പ്രവൃത്തികളുടെ പുസ്തകത്തിലും മറ്റ് ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു വിരുദ്ധമായതെല്ലാം ശാപകാരണമാണ്.

ഇതുവരെ പ്രസ്താവിച്ചതില്‍ നിന്നെല്ലാം മനസ്സിലാക്കിയാല്‍ പാരമ്പര്യമല്ല ദൈവവചനമാണ് വിശ്വാസത്തിന് അടിസ്ഥാനമെന്നു കാണുവാന്‍ കഴിയുന്നതാണ്.