George Mullar

Birth. 27 Sep 1805

Death. 10 Mar 1898

ജോര്‍ജ്ജ് മുള്ളര്‍

1805-ല്‍ പ്രഷ്യയിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജോര്‍ജ്ജ് മുള്ളര്‍ ജനിച്ചു. ലൂഥറന്‍ സഭയിലെ ഒരു ശുശ്രൂഷകനായിത്തീരുവാന്‍ താന്‍ അഭ്യസിപ്പിക്കപ്പെട്ടു എങ്കിലും തന്‍റെ ജീവിതരീതി അതിനൊട്ടും യോജിച്ചതായിരുന്നില്ല. താന്‍ ഒരു മോഷ്ടാവും മദ്യപാനിയും ഭോഷ്ക്ക് പറയുന്നവനും ആയിരുന്നതിനാല്‍ 16-ാം മത്തെ വയസ്സില്‍ താന്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു. തന്‍റെ മാതാവു മരിച്ച ദിവസത്തില്‍ സ്നേഹിതരുമായി താന്‍ മദ്യപാനത്തില്‍ മുഴുകിയിരുന്നു. ഇപ്രകാരമുള്ള അധഃപതിച്ച നിലയില്‍ നിന്നു വിമുക്തനാകുവാന്‍ താന്‍ പലപ്രാവശ്യം ശ്രമിച്ചെങ്കിലും ദൈവസന്ദര്‍ശനം ഉണ്ടാകുന്നതു വരെ തനിക്കത് സാദ്ധ്യമായില്ല. ജയില്‍ മോചിതനായ ശേഷം 20-ാം മത്തെ വയസ്സില്‍ തന്‍റെ ഒരു സ്നേഹിതന്‍ ഒരു ഭവനയോഗത്തിനു തന്നെ ക്ഷണിച്ചു. ആ യോഗത്തില്‍ പാട്ടും പ്രാര്‍ത്ഥനയും വേദപുസ്തക പാരായണവും എല്ലാം ഉണ്ടായിരുന്നു. അതില്‍ സംബന്ധിച്ചിരുന്ന മറ്റു പലരെക്കാളും തനിക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിലും അവരെപ്പോലെ ഭംഗിയായി പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കാത്തതിനാല്‍ താന്‍ അതീവ ദുഃഖിതനായിത്തീര്‍ന്നു. ആ രാത്രിയില്‍ മുള്ളര്‍ തന്‍റെ ജീവിതം ദൈവത്തിനു സമര്‍പ്പിക്കുകയും ദൈവം തന്നില്‍ കൃപയുടെ പ്രവര്‍ത്തി ആരംഭിക്കുകയും ചെയ്തു.

താമസംവിനാ നശിച്ചുപോകുന്ന ആത്മാക്കളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിച്ച് ഒരു മിഷനറിയായിത്തീരണമെന്നു മുള്ളര്‍ തീരുമാനിച്ചു. ഈ തീരുമാനത്തില്‍ അദ്ദേഹത്തിന്‍റെ പിതാവ് അസന്തുഷ്ടനായിത്തീരുകയും തുടര്‍ന്ന് അയാളുടെ വിദ്യാഭ്യാസത്തിന് ധനസഹായം ചെയ്യുന്നത് നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എങ്കിലും ദൈവം തന്നെ എന്തിനായി വിളിച്ചിരിക്കുന്നു എന്നു അറിഞ്ഞിരുന്നതിനാല്‍ മുള്ളര്‍ എല്ലാ ആവശ്യങ്ങള്‍ക്കും കര്‍ത്താവില്‍ ആശ്രയിക്കുവാന്‍ തുടങ്ങി. തന്‍റെ ഫീസ് എങ്ങനെ കൊടുക്കുവാന്‍ കഴിയും എന്നറിയാതെ അയാള്‍ തുടര്‍ന്നും കോളേജില്‍ പൊയ്ക്കൊണ്ടിരുന്നു. ഒരു ദിവസം മുട്ടിന്മേല്‍ നിന്ന് തന്‍റെ ആവശ്യങ്ങള്‍ക്കായി ദൈവത്തോടു ശ്രദ്ധയോടെ പ്രാര്‍ത്ഥിച്ചു. ഒരു മണിക്കുറിനുള്ളില്‍ ഒരു പ്രൊഫസര്‍ തന്‍റെ വാതിലില്‍ മുട്ടുകയും അയാള്‍ക്കു ഒരു ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. മുള്ളറുടെ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം മറുപടി നല്കിയ ആയിരക്കണക്കിന് സംഭവങ്ങളുടെ ആരംഭമായിരുന്നു അത്.

വിദ്യാഭ്യാസം പൂര്‍ത്തികരിച്ച ശേഷം മുള്ളര്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി ഇംഗ്ലണ്ടില്‍ പോയി. ആ നാളുകളില്‍ ഇംഗ്ലണ്ടിലെ പല പള്ളികളിലും ഇരിപ്പിടങ്ങള്‍ വാടകയ്ക്കു കൊടുക്കുന്ന പതിവുണ്ടായിരുന്നു. സഭയിലെ ധനികരയ വ്യക്തികള്‍ മുമ്പിലത്തെ നല്ല ഇരിപ്പിടങ്ങള്‍ പണം കൊടുത്ത് കൈവശമാക്കുകയും ദരിദ്രര്‍ മോശമായ പിന്‍സീറ്റുകളിലേയ്ക്ക് തള്ളപ്പെടുകയും ചെയ്തിരുന്നു. അത് വചനവിരുദ്ധം എന്നു കണ്ടതിനാല്‍ മുള്ളര്‍ അതു നിര്‍ത്തല്‍ ചെയ്തു. തങ്ങള്‍ക്കു ശമ്പളം നല്കുന്നവരെ മുറിപ്പെടുത്തുവാന്‍ മനസ്സില്ലായ്കയാല്‍ പല ശുശ്രൂഷകരും വിട്ടുവീഴ്ചയില്ലാത്ത ദൈവവചനം പ്രസ്താവിപ്പാന്‍ വിമുഖത കാട്ടുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. അതിനാല്‍ താന്‍ ശമ്പളം ഉപേക്ഷിക്കുകയും തന്‍റെ എല്ലാ ആവശ്യങ്ങള്‍ക്കും ദൈവത്തെ പൂര്‍ണ്ണമായി ആശ്രയിക്കുന്നത് തിരഞ്ഞെടുക്കുകയും ചെയ്തു. തന്‍റെ ആവശ്യങ്ങള്‍ക്കെല്ലാം കര്‍ത്താവ് അത്ഭുതകരമാംവിധം മതിയായവനായിരിക്കയാല്‍ എല്ലാ ദൈനംദിന ആവശ്യങ്ങള്‍ക്കും ദൈവത്തില്‍ ആശ്രയിക്കുവാന്‍ മുള്ളര്‍ അതിലൂടെ അഭ്യസിച്ചു. കൂടുതല്‍ ശ്രേഷ്ഠമായ പ്രവൃത്തിക്ക് ഇതിലൂടെ ദൈവം മുള്ളറെ ഒരുക്കുകയായിരുന്നു.

1696-ല്‍ അഗസ്റ്റ് ഫ്രേങ്കി എന്ന മാന്യ വ്യക്തി ജര്‍മ്മനിയില്‍ വലിയൊരു അനാഥാലയം സ്ഥാപിക്കുകയും അത് മുഴുലോകത്തിലും അനാഥാലയങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനമാകുകയും ചെയ്തു. ഫ്രേങ്കി സകലത്തിലും വിശ്വാസത്താല്‍ ദൈവത്തില്‍ ആശ്രയിച്ചിരുന്നു. മുള്ളറുടെ ബാല്യകാലത്ത് അഗസ്റ്റ് ഫ്രേങ്കി വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. അനാഥാലയം സ്ഥാപിക്കുവാനുള്ള പ്രേരണ ഇതിലൂടെ ദൈവം മുള്ളറുടെ ഹൃദയത്തില്‍ നല്കി. അതിനാല്‍ അനാഥാലയം ആരംഭിക്കുന്നതിന് തക്കതായ കെട്ടിടവും ആവശ്യമായ പണവും അത് നടത്തുന്നതിന് യോഗ്യരായ ദൈവമക്കളെയും നല്കണമെന്നു മുള്ളര്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. 1835-ല്‍ വെറും 2 ഷില്ലിംഗ് മാത്രം കൈയില്‍ വച്ചുകൊണ്ട് തന്‍റെ ഒന്നാമത്തെ അനാഥമന്ദിരം മുള്ളര്‍ വിശ്വാസത്താല്‍ ആരംഭിച്ചു. തന്‍റെ യാതൊരു ആവശ്യവും മനുഷ്യരെ അറിയിക്കാതെ സകലവും കര്‍ത്താവിന്‍റെ സന്നിധിയില്‍ മാത്രം അറിയിച്ചിരുന്നു. ദൈവം വിശ്വസ്തനാകയാല്‍ മുള്ളറിനു യാതൊരു കുറവും ഉണ്ടായില്ല.

ദൈവത്തിന്‍റെ പൂര്‍ണ്ണഹിതം നിറവേറ്റുന്നതിനും അവനില്‍ പൂര്‍ണ്ണമായി ആശ്രയിക്കുന്നതിനും മുള്ളര്‍ തന്‍റെ ജീവിതം സമര്‍പ്പിച്ചു. തന്നിലുണ്ടായിരുന്ന ചില പ്രതിഷ്ഠകളിലൂടെ തന്‍റെ ജീവിത ചര്യകള്‍ക്കും ശുശ്രൂഷകള്‍ക്കും അനാഥമന്ദിരങ്ങള്‍ക്കും രൂപം നല്കി. തനിക്കു ലഭിച്ചിരുന്ന പണത്തിന്‍റെ വെറുമൊരു ദൈവീക കാര്യവിചാരകന്‍ മാത്രം ആകുന്നു താന്‍ എന്നും ദൈവവുമായി നേരിട്ട് ആലോചിച്ച് മാത്രമേ ഏതു പണവും സ്വീകരിക്കാനോ ചിലവിടുവാനോ പാടുള്ളു എന്നുമുള്ള അടിസ്ഥാനത്തില്‍ വേരൂന്നിയതായിരുന്നു ഈ പ്രതിഷ്ഠകള്‍. അവ താഴെക്കാണുന്നവ അത്രേ.

1. ജീവനുള്ള ദൈവത്തെയല്ലാതെ മറ്റു മാനുഷിക ഉറവിടങ്ങളെ ആശ്രയിക്കേണ്ടി വരും എന്നതിനാല്‍ ആരുടെ പക്കല്‍ നിന്നും ശമ്പളം വാങ്ങാതിരിക്കുക.

2. തന്‍റെ ആവശ്യം എത്ര വലുതായാലും യാതൊരു മനുഷ്യനിലും ആശ്രയിക്കാതെ തന്‍റെ ദാസന്മാരുടെ പ്രാര്‍ത്ഥന കേട്ട് അവരുടെ ആവശ്യങ്ങള്‍ക്കെല്ലാം ഉത്തരം അരുളാമെന്നു വാഗ്ദത്തം ചെയ്ത ദൈവത്തില്‍ മാത്രം ആശ്രയിക്കുക.

3. ലൂക്കോസ് 12:33 ല്‍ പറഞ്ഞിരിക്കുന്ന കല്പന അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുക. ദൈവം നല്കുന്ന പണം അല്പവും സ്വരൂപിക്കാതെ ദരിദ്രര്‍ക്കും ദൈവരാജ്യത്തിന്‍റെ കെട്ടുപണിക്കും മാത്രം ചെലവിടുക.

4. റോമര്‍ 13:8 ല്‍ കാണുന്ന കല്പന പൂര്‍ണ്ണമായി പാലിക്കുക. അതായത് വായ്പാ വാങ്ങാതെ സകല ആവശ്യങ്ങള്‍ക്കും വിശ്വാസത്താല്‍ ദൈവത്തില്‍ മാത്രം സമ്പൂര്‍ണ്ണമായി ആശ്രയിക്കുക.

ഇപ്രകാരമുള്ള ജീവിതം പ്രാരംഭത്തില്‍ അത്ര ലഘുവായിരുന്നില്ല. എന്നാല്‍ ജീവനുള്ള ദൈവത്തില്‍ ആശ്രയിച്ചിരുന്നതിനാല്‍ അവനില്‍ നിന്നു ശാശ്വത സമാധാനവും സന്തോഷവും അനുഭവിപ്പാന്‍ മുള്ളര്‍ക്കു കഴിഞ്ഞു.

കുഞ്ഞുങ്ങള്‍ക്കു വിളമ്പുവാനുള്ള അടുത്ത ആഹാരം എവിടെ നിന്ന് ലഭിക്കും എന്ന് അറിയാത്ത അവസ്ഥ മുള്ളര്‍ക്കു പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ അത്താഴത്തിന് റൊട്ടി വാങ്ങാന്‍ ഒരു പൈസാ പോലും തന്‍റെ കൈവശം ഇല്ലായിരുന്നു. തന്‍റെ ഉദ്യോഗസ്ഥരുമൊത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് റൊട്ടിക്ക് വേണ്ടി മുള്ളര്‍ പ്രാര്‍ത്ഥിച്ചു. തങ്ങളുടെ ആവശ്യം കര്‍ത്താവ് എങ്ങനെ നിറവേറ്റും എന്ന് കാത്തിരുന്ന് കാണുക എന്ന് അവരോട് നിര്‍ദേശിച്ച ശേഷം മുള്ളര്‍ നടക്കുവാന്‍ പുറത്തേയ്ക്കു പോയി. കഷ്ടിച്ച് 20 വാര മാത്രം നടന്നപ്പോള്‍ ഒരു ക്രിസ്തീയ സഹോദരന്‍ തന്നെ കണ്ട് കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പണം നല്കി. മറ്റൊരു ദിവസം അവിടെയുണ്ടായിരുന്ന 300 റോളം കുഞ്ഞുങ്ങള്‍ക്ക് നല്കുവാന്‍ ആഹാരം ഇല്ലായിരുന്നു. എല്ലാ കുഞ്ഞുങ്ങളെയും ഭക്ഷണത്തിന് ഇരുത്തുവാന്‍ മുള്ളര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആഹാരത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിച്ചു സ്തോത്രം ചെയ്ത ശേഷം അദ്ദേഹം വിശ്വാസത്തോടെ കാത്തിരുന്നു. മിനിറ്റുകള്‍ക്കകം ഒരു ബേക്കറി ഉടമ തന്‍റെ വാതിലില്‍ മുട്ടുകയും കുഞ്ഞുങ്ങള്‍ക്ക് റൊട്ടി നല്കുവാന്‍ അന്ന് രാവിലെ ദൈവം അയാളോട് ആവശ്യപ്പെട്ടതായി പറയുകയും ചെയ്തു. അപ്പോള്‍ തന്നെ കതകില്‍ മുട്ടുന്ന മറ്റൊരു ശബ്ദം കേട്ടു. തുറന്നപ്പോള്‍ മറ്റൊരാള്‍ വാതില്‍ക്കല്‍ നില്ക്കുന്നു. അതൊരു പാലുകാരനായിരുന്നു. തന്‍റെ പാല്‍വണ്ടി അനാഥമന്ദിരത്തിനു മുമ്പില്‍ വച്ച് കേടായതിനാല്‍ അതിലെ പാല്‍ ഉപയോഗ ശുന്യമായി പോകാതിരിക്കുവാന്‍ ദയവായി അത് ഉപയോഗിക്കണമെന്നു അയാള്‍ മുള്ളറോട് അഭ്യര്‍ത്ഥിച്ചു. അത് മുന്നൂറു കുട്ടികള്‍ക്കും മതിയായതായിരുന്നു. ഇപ്രകാരം കര്‍ത്താവ് മുള്ളറുടെ വിശ്വാസത്തെ മാനിക്കുകയും അദ്ദേഹത്തിന്‍റെയും തന്‍റെ അനാഥമന്ദിരത്തിന്‍റെയും എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്തിരുന്നു. ڇഎനിക്ക് വേണമെങ്കില്‍ ധാരാളം വസ്തുക്കള്‍ വായ്പ വാങ്ങുവാന്‍ കഴിയും. എന്നാല്‍ അടുത്ത പ്രാവശ്യം ആവശ്യം നേരിടുമ്പോള്‍ കര്‍ത്താവില്‍ ആശ്രയിക്കാതെ കൂടുതല്‍ കടത്തില്‍ ആശ്രയിക്കേണ്ടി വരുംڈ എന്ന് അദ്ദേഹം ഒരിക്കല്‍ പ്രസ്താവിച്ചു. 60 വര്‍ഷം അദ്ദേഹം ദിവസേന കുഞ്ഞുങ്ങളെ വിശ്വാസത്താല്‍ പോഷിപ്പിച്ചു. അദ്ദേഹമോ കുഞ്ഞുങ്ങളോ ഒരിക്കല്‍ പോലും വിശന്നിരിക്കേണ്ടി വന്നിട്ടില്ല. തന്‍റെ പിതൃതുല്യമായ ജീവിത ശൈലിയാലും സാക്ഷ്യത്താലും ആയിരക്കണക്കിന് അനാഥ കുഞ്ഞുങ്ങള്‍ തങ്ങളുടെ ജീവിതം കര്‍ത്താവിനായി സമര്‍പ്പിക്കുവാന്‍ ഇടയായി.

മുള്ളര്‍ അഞ്ച് വലിയ അനാഥാലയങ്ങള്‍ സ്ഥാപിക്കുകയും പതിനായിരത്തിലധികം അനാഥ കുട്ടികളെ സംരക്ഷിക്കുകയും ചെയ്തിരുന്നു. താന്‍ മറ്റു പലരെയും അനാഥാലയം തുടങ്ങുവാന്‍ പ്രേരിപ്പിച്ചതിനാല്‍ തന്‍റെ മരണാന്തരം അമ്പതു വര്‍ഷത്തിനകം ഒരു ലക്ഷത്തിലധികം അനാഥ കുഞ്ഞുങ്ങള്‍ ഇംഗ്ലണ്ടില്‍ മാത്രം സംരക്ഷിക്കപ്പെടുകയുണ്ടായി. ആരോടും പണം ആവശ്യപ്പെടുകയോ കടം വാങ്ങുകയോ ചെയ്യാതെ ദൈവത്തിലുള്ള വിശ്വാസത്താല്‍ മാത്രം ജീവിച്ച് മുള്ളര്‍ പ്രതിവര്‍ഷം 15 ലക്ഷം ബ്രിട്ടീഷ് പൗണ്ട്(ഇന്നത്തെ നിരക്കില്‍ ഏഴരക്കോടി രൂപാ) വിശ്വാസത്താല്‍ പ്രാപിക്കുകയും മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു.

70-ാംമത്തെ വയസ്സില്‍ തന്‍റെ ചിരകാല സ്വപ്നമായ മിഷനറി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ആരംഭിച്ചു. അടുത്ത 17 വര്‍ഷം 42 രാജ്യങ്ങളിലായി അദ്ദേഹം രണ്ടു ലക്ഷം മൈല്‍ സഞ്ചരിച്ചു. അയ്യായിരത്തോളം ജനങ്ങളെ അഭിസംബോധന ചെയ്ത് ദിവസവും ശരാശരി ഒരു പ്രസംഗം എങ്കിലും ചെയ്തു പോന്നു. തന്‍റെ എല്ലാ ചിലവുകളും വിശ്വാസത്തോടുകൂടിയ പ്രാര്‍ത്ഥനയാല്‍ മാത്രം നിറവേറ്റിയിരുന്നു. 87-ാംമത്തെ വയസ്സില്‍ സുവിശേഷ പര്യടനങ്ങള്‍ അവസാനിപ്പിച്ച ശേഷം 92-ാംമത്തെ വയസ്സു വരെ അദ്ദേഹം സ്വന്തം പള്ളിയില്‍ പ്രസംഗിച്ചുകൊണ്ട് സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതനായിരുന്നു. ജോര്‍ജ്ജ് മുള്ളര്‍ വലിയൊരു വിശ്വാസവീരനായി ഇന്നും അറിയപ്പെടുന്നു. കേവലം ഭൗതികവാവശ്യങ്ങള്‍ക്കു മാത്രമല്ല, പ്രത്യുത കുഞ്ഞുങ്ങളുടെ ആത്മീയ പുരോഗതിക്കായും താന്‍ കഴിച്ച ആയിരക്കണക്കിന് പ്രാര്‍ത്ഥനകള്‍ക്ക് മറുപടി ലഭിച്ചിട്ടുണ്ട്. ڇഏറ്റവും വലിയ പ്രതിസന്ധികളിലും ഏറ്റവും ഭാരമേറിയ പരീക്ഷകളിലും കാഠിന്യമേറിയ ദാരിദ്ര്യത്തിലും ബുദ്ധിമുട്ടിലും അവനെന്നെ ഒരിക്കലും കൈവിട്ടിട്ടില്ല; കൃപയാല്‍ എനിക്കവനെ പൂര്‍ണ്ണമായി ആശ്രയിക്കുവാന്‍ കഴിഞ്ഞതിനാല്‍ അവന്‍ എപ്പോഴും എനിക്ക് സഹായം നല്കിയിരുന്നുڈ എന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. തന്‍റെ 68 വര്‍ഷത്തെ സുദീര്‍ഘമായ ശുശ്രൂഷയില്‍ ജോര്‍ജ്ജ് മുള്ളര്‍ ഒരിക്കലും ശമ്പളം കൈപ്പറ്റിയിരുന്നില്ല. ഏറ്റവും വലിയൊരു തേജസ്സിന്‍റെ നിത്യഘനം തനിക്കായി സ്വര്‍ഗ്ഗത്തില്‍ ഒരുക്കിയിട്ടുണ്ട്.