John Gilbon Paton

Birth. 24 May 1824

Death. 28 Jan 1907

ജോണ്‍ ജിപ്സണ്‍ പേറ്റണ്‍

1839-ല്‍ജോണ്‍ വില്യംസ്,ജെയിംസ് ഹാരീസ് എന്നീ മിഷനറിമാര്‍ സുവിശേഷ പ്രചണത്തിനായി ലണ്ടന്‍ പട്ടണത്തില്‍ നിന്ന് ന്യൂ ഹോബ്രിഡ്സ് എന്ന അപരിഷ്കൃത ദ്വീപിലേക്ക് യാത്ര തിരിച്ചു. അവിടെ ചെന്നിറങ്ങി മിനിറ്റുകള്‍ക്കകം തന്നെ ദേശവാസികളായ നരഭോജികള്‍ അവരെ ഇരുവരെയും കൊന്നുതിന്നു. ഈ വസ്തുത അറിഞ്ഞിരുന്ന ജോണ്‍ ജിപ്സണ്‍ പേറ്റണ്‍ എന്ന മറ്റൊരു മിഷനറി ആപത്ത് മുന്നില്‍ കണ്ടുകൊണ്ട് സധൈര്യം 1858-ല്‍ ഇതേ ദ്വീപുസമൂഹങ്ങളില്‍ എത്തി. അവിടത്തെ അപരിഷ്കൃത മനുഷ്യരോട് യേശുക്രിസ്തുവിനെക്കുറിച്ചുള്ള സത്യം അറിയിക്കുവാന്‍ താന്‍ കാണിച്ച ധൈര്യവും അര്‍പ്പണബോധവും നമുക്ക് ഏവര്‍ക്കും ഒരു മാതൃകയാണ്. സുവിശേഷം നിമിത്തം താന്‍ അവിടെ അനുഭവിച്ച കഷ്ടങ്ങളെക്കുറിച്ച് അല്പമായി ചിന്തിക്കാം.

സ്കോട്ട്ലണ്ടില്‍ ഡംഫ്രിസ് എന്നഗ്രാമത്തില്‍ ദൈവഭക്തിയുള്ള ഒരു ദരിദ്രകുടുംബത്തില്‍ 1824-ല്‍ ജോണ്‍ പേറ്റണ്‍ ജനിച്ചു വളര്‍ത്തപ്പെട്ടു. തന്‍റെ ബാല്യകാലത്ത് പിതാവിന്‍റെ ദൈവഭക്തി കണ്ട് അതില്‍ ജോണ്‍ ആകൃഷ്ടനായിത്തീര്‍ന്നു. പിതാവ് ദിവസം മൂന്നു പ്രാവശ്യം അദ്ദഹത്തിന്‍റ പ്രാര്‍ത്ഥനാമുറിയില്‍ പോയി പ്രാര്‍ത്ഥിക്കുകയും രണ്ടു പ്രാവശ്യം കുടുംബപ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. ഗ്ലാസ്നോയിലെ കോളേജ് പഠനാനന്തരം പട്ടണത്തിലെ പിന്നോക്ക സ്ഥലങ്ങളില്‍ പാര്‍ത്തിരുന്ന ദരിദ്രരുടെ ഇടയില്‍ ജോണ്‍ ഒരു മിഷനറിയായി പ്രവര്‍ത്തിച്ചു. പത്തു വര്‍ഷത്തോളം വിശ്വസ്തനായി താന്‍ അവിടെ കര്‍ത്താവിന്‍റെ നാമത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ആത്മാക്കളെ ആദായപ്പെടുത്തുകയും ചെയ്തു. അവരില്‍ ചിലര്‍ പില്ക്കാലത്ത് കര്‍തൃശുശ്രൂഷകരായിത്തീര്‍ന്നു.

ന്യൂഹോബ്രിഡ്സ് ദ്വീപുകളില്‍ മിഷനറി പ്രവര്‍ത്തനം ചെയ്യുവാനുള്ള വിളി ഉണ്ടായപ്പോള്‍ അവിടത്തെ നരഭോജികളോടു സുവിശേഷം അറിയിക്കുവാന്‍ ജോണ്‍ പേറ്റണും ഭാര്യയും ദക്ഷീണ പസഫിക്കിലേക്കു കപ്പലില്‍ യാത്ര തിരിച്ചു. ജോണ്‍ വിവാഹിതനായിട്ട് അപ്പോള്‍,രണ്ടാഴ്ച മാത്രമെ ആയിരുന്നുള്ളു. ڇനരഭോജികള്‍ നിന്നെ കൊന്നു ഭക്ഷിക്കുംڈ! എന്നു ഒരാള്‍ അദ്ദേഹത്തിനു മുന്നറിയിപ്പു നല്കി. ڇകര്‍ത്താവിനെ ബഹുമാനിച്ച് സേവിച്ച് ജീവിക്കുവാന്‍ കഴിഞ്ഞാല്‍ എന്നെ നരഭോജി കള്‍ ഭക്ഷിച്ചാലും പുഴുക്കള്‍ തിന്നാലും ഞാന്‍ അതിനെ സാരമായി കണക്കാക്കുന്നില്ല. എന്തെന്നാല്‍ ആ വലിയ ദിവസത്തില്‍ എന്‍റെ പുനരുത്ഥാന ശരീരം ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ ശരീരംപോല അതിമനോഹരമായി ഉയിര്‍ത്തെഴുന്നേറ്റു വരും എന്നു ഞാന്‍ താങ്കള്‍ക്കു ഉറപ്പു തരുന്നുڈ എന്നു മറുപടി നല്കി.കര്‍ത്താവിന്‍റെ ശുശ്രൂഷയില്‍ ചെലവിടുന്ന ജീവിതമാണ് അത്യുത്തമമെന്നു പേറ്റണ്‍ വിശ്വസിച്ചു.

ന്യൂഹോബ്രിഡ്സില്‍ ചെന്ന് അധികം താമസിയ്ക്കാതെ തന്നെ പേറ്റണ്‍ ദമ്പതികള്‍ക്ക് പല പരീക്ഷകളേയും നേരിടേണ്ടിവന്നു.നരഭോജികളുടെ ആഘോഷങ്ങള്‍ തങ്ങളുടെ ഭവനത്തില്‍ ഇരുന്നു തന്നെ അവര്‍ക്ക് കാണുവാനും കേള്‍ക്കുവാനും കഴിഞ്ഞു. മാത്രമല്ല തങ്ങളുടെ ജീവന് നിരന്തരമായി ഭീഷണി ഉണ്ടായിക്കൊണ്ടിരുന്നു. പലപ്പേഴും അവര്‍ക്കു നേരെ തോക്കുകള്‍ ചൂണ്ടുകയും കത്തിയോങ്ങുകയും കല്ലെറിയുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയുടെയൊക്കെയും നടുവില്‍ കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് അവര്‍ ധൈര്യസമേതം നിലനിന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ആ ദമ്പതികള്‍ക്കു ഒരു ആണ്‍കുഞ്ഞു ജനിച്ചു. എന്നാല്‍ രണ്ടുമാസത്തിനുള്ളില്‍ പനി ബാധിച്ച് അമ്മയും കുഞ്ഞും മരണത്തിനധീനരായിത്തീര്‍ന്നു.തന്‍റെ അന്ത്യമൊഴികള്‍: ڇസ്വന്തഭവനത്തെയും സ്നേഹിതന്മാരെയും വിട്ടുപിരിയുന്നതില്‍ ഞാന്‍ ഖേദിക്കുന്നില്ല. അത് ഒഴിവാക്കാന്‍ കഴിയാത്തതാണെങ്കില്‍ സന്തോഷത്തോടെ ഞാന്‍ അതിനു വിധേയയാകും.അതേ,എന്‍റെ പൂര്‍ണ്ണമനസ്സോടെڈ എന്നു ജോണിന്‍റെ ഭാര്യ പ്രസ്താവിക്കുകയുണ്ടായി.

കര്‍ത്താവിന്‍റെ ശുശ്രൂഷ താന്‍ തുടര്‍ന്നു ചെയ്തു കൊണ്ടിരുന്നു.അദ്ദഹം തദ്ദേശ ഭാഷ പഠിക്കുകയും വേദപുസ്തകം ആ ഭാഷയില്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തു. നിരന്തരമായ പ്രതിസന്ധികളുടേയും ആപത്തുകളുടേയും മദ്ധ്യേ സുവിശേഷവും വഹിച്ചുകൊണ്ട് ഗ്രാമങ്ങള്‍തോറും ചുറ്റിനടന്നു. ഒരിക്കല്‍ വസ്തുവകകള്‍ എല്ലാം മോഷ്ടിക്കപ്പെട്ട് കൊടുംപട്ടിണിയില്‍ ആയിത്തീര്‍ന്നപ്പോള്‍ അദ്ദേഹം ആ ദ്വീപില്‍ക്കൂടെ യാത്രചെയ്ത് വല്ലവിധേനയും മറ്റൊരു മിഷനറിയുടെ ഭവനത്തില്‍ ചെന്നെത്തി. അപ്പോള്‍ ദേശവാസികള്‍ ആ വീടു വളയുകയും അടുത്ത കെട്ടിടത്തിനു തീവെയ്ക്കുകയും ചെയ്തു. ആ മിഷനറിമാര്‍ മരണത്തിന്‍റെ വക്കോളം എത്തി. എന്നാല്‍ പെട്ടെന്ന് ഒരു കൊടുങ്കാറ്റ് ആദ്വീപിന്മേല്‍ അടിച്ച് തീ അണയുകയും അതുകണ്ട് ദേശവാസികള്‍ ഭയന്ന് ഓടിപ്പോവുകയും ചെയ്തു. അടുത്ത ദിവസം ആ മിഷനറിമാര്‍ക്കു രണ്ടു പേര്‍ക്കും ആ ദ്വീപില്‍നിന്ന് പ്രയാസത്തോടെ രക്ഷപെടുവാന്‍ കഴിഞ്ഞു. നാലുവര്‍ഷത്തെ കഠിനാദ്ധ്വാനം നിഷ്പ്രയോജനമായിത്തീരുകയും അതിനിടയില്‍ ഭാര്യയും കുഞ്ഞും നഷ്ടപ്പെടുകയും ദേശവാസികള്‍ എല്ലാം ശത്രുക്കളായിത്തീരുകയും ചെയ്തപ്പോള്‍ ജോണ്‍ പേറ്റണ്‍ തന്‍റെ പ്രയത്നം ഉപേക്ഷിച്ച് മടങ്ങിപോകണമെന്ന് ഒരുപക്ഷേ ന്യായമായി ചിന്തിച്ചേക്കാം. എന്നാല്‍ കര്‍ത്താവു തന്നോടു കൂടെ ഉണ്ടായിരുന്നതിനാല്‍ ഉറച്ച ധൈര്യത്തോടും പുതിയ ദര്‍ശനത്തോടും ന്യൂ ഹോബ്രിഡ്സിലേക്കു മടങ്ങിപ്പോകുവാന്‍ പേറ്റണ്‍ തീരുമാനിച്ചു.

ڇകര്‍ത്താവിന്‍റ സമ്പൂര്‍ണ്ണഹിതം ആകുന്നു എന്നു അറിയാവുന്ന കാര്യങ്ങള്‍ക്കായി മുന്നിട്ടിറങ്ങുവാനുള്ള തീരുമാനംപോലെ ജീവിതത്തെ ഉയര്‍ത്തുന്നതും ദര്‍ശനത്തെ വ്യക്തമാക്കുന്നതുമായ മറ്റൊന്നില്ലڈ എന്നു താന്‍ പറയാറുണ്ടായിരുന്നു.

ന്യൂ ഹോബ്രിഡ്സിലെ വേലയെക്കുറിച്ചുള്ള ഭാരം പങ്കുവെയ്ക്കുവാനും പുതിയ മിഷനറിമാരുടെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരിക്കാനുമായി അടുത്ത നാലുവര്‍ഷത്തോളം ജോണ്‍ പേറ്റണ്‍ പലരാജ്യങ്ങളില്‍ യാത്രചെയ്തു. പുനര്‍വിവാഹനന്തരം അദ്ദേഹം ന്യൂ ഹോബ്രിഡ്സിലെ څ അനീവچ എന്ന ദ്വീപിലേക്ക് മടങ്ങിപ്പോയി. തങ്ങളുടെ ജീവനു നേരെ പലപ്പോഴും ഉണ്ടായ ഭീഷണിയേയും രോഗങ്ങളെയും മറ്റു പല പ്രതിസന്ധികളേയും അഭിമുഖീകരിച്ചുകൊണ്ട് പേറ്റണ്‍ ദമ്പതികള്‍ വിശ്വസ്തതയോടെ കര്‍തൃ ശുശ്രൂഷയില്‍ വീണ്ടും തുടര്‍ന്നു. തങ്ങളുടെ അദ്ധ്വാനഫലം കാണുവാന്‍ പേറ്റണ്‍ ദമ്പതികള്‍ക്കു സാധിക്കുകയും പല ആത്മാക്കള്‍ രക്ഷയിലേക്കു കടന്നുവന്നതിലൂടെ തങ്ങളുടെ ത്യാഗോജ്വലമായ പ്രയത്നത്തിനു കര്‍ത്താവില്‍ നിന്നു പ്രതിഫലം ലഭിക്കുകയും ചെയ്തു. ആ ജനത്തെ ക്രിസ്തു വിശ്വാസത്തിലേക്കു നടത്തുവാന്‍ സാധിക്കുമോ എന്ന ഉത്കണ്ഠയാല്‍ തന്‍റെ ഹൃദയം ചഞ്ചലിച്ച പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് പേറ്റണ്‍ അഭിപ്രായപ്പെടുകയുണ്ടായി. എങ്കിലും സുവിശേഷത്തിന്‍റെ ശക്തിയില്‍ താന്‍ ആശ്രയിക്കുകയും തല്‍ഫലമായി ആയിരങ്ങള്‍ കര്‍ത്താവിനായി തങ്ങളുടെ ഹൃദയം സമര്‍പ്പിക്കുകയും ചെയ്തു.

തങ്ങളുടെ ജീവനു നേരെയുള്ള ഭീഷണികള്‍ ആയിരുന്നു അവര്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി. പേറ്റണ്‍ ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി ڇ എത്ര തടസ്സങ്ങള്‍ നേരിട്ടാലും എന്‍റെ ജീവനെതിരെ നികൃഷ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ എന്‍റെ ശത്രുക്കള്‍ ഒരിക്കലും വിമുഖത കാട്ടിയിരുന്നില്ല. ഒരിക്കല്‍ കാട്ടുജാതിക്കാരുടെ ഒരു തലവന്‍ നിറതോക്കുമായി നാലുമണിക്കൂറോളം എന്നെ പിന്തുടരുതയും പല പ്രാവശ്യം അയാള്‍ എന്‍റെ നേരെ തോക്കു ചൂണ്ടുകയും ചെയ്തു. എങ്കിലും ആ ഹീനകൃത്യത്തില്‍ നിന്ന് ദൈവം അയാളെ തടഞ്ഞു. ഞാന്‍ അയാളോടു വളരെ വിനയത്തോടെ സംസാരിച്ച ശേഷം അയാളുടെ സാന്നിദ്ധ്യം അവഗണിച്ചിട്ട് ദൈവമാണ് എന്നെ അവിടെ അയച്ചതെന്നും എന്‍റെ പ്രവൃത്തി നിര്‍വഹിച്ചുതീരുവോളം അവന്‍ എന്നെ കാത്തുസൂക്ഷിക്കുമെന്നുമുള്ള ഉത്തമ വിശ്വാസത്തോടു കൂടെ എന്‍റെ പ്രവൃത്തി ചെയ്തുകൊണ്ടിരുന്നു. കര്‍ത്താവിനെ നോക്കി ഇടവിടാതെ പ്രാര്‍ത്ഥിച്ചുകൊണ്ട് എന്‍റെ ജോലി തീരുവോളം എനിക്ക് ഒന്നും സംഭവിക്കുകയില്ല എന്ന ഉത്തമ വിശ്വാസത്തോടുകൂടി സര്‍വ്വവും അവന്‍റെ കരങ്ങളില്‍ ഭരമേല്പ്പിച്ചു. പരിശോധനകളും തലനാരിടയിലുള്ള രക്ഷപെടലുകളും എന്‍റെ വിശ്വാസത്ത ബലപ്പെടുത്തുകയും ഭാവിയില്‍ വരാവുന്ന അഗ്നിശോധനകളെ നേരിടുവാന്‍ എനിക്കു ധൈര്യം പകര്‍ന്നു തരികയും ചെയ്തു. കര്‍ത്താവിന്‍റെ സാന്നിധ്യത്തെയും ശക്തിയെയും കുറിച്ചുള്ള സ്ഥായിയായിരുന്ന ബോധ്യം ഇല്ലായിരുന്നുവെങ്കില്‍ ദയനീയമായി നശിച്ചു പോകുന്നതില്‍ നിന്ന് എന്നെ വിടുവിക്കുവാന്‍ ലോകത്തിന്‍ യാതൊന്നിനും സാധിക്കയില്ലായിരുന്നു. ڇ ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെയുണ്ട്ڈ എന്ന അവന്‍റെ വചനം എന്‍റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നതിനാല്‍ കര്‍ത്താവിന്‍റെ ദര്‍ശനത്തില്‍ സ്തെഫാനൊസിനെപ്പോലെ ഞാനും ഞെട്ടിപ്പോകുവാന്‍ ഇടയായില്ല. തോക്കും കുറുവടിയും കുന്തവുമെല്ലാം എന്‍റെ നേരെ പ്രയോഗിക്കപ്പെട്ട ഭീകര നിമിഷങ്ങളില്‍ എന്‍റെ കര്‍ത്താവിന്‍റെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ ദര്‍ശനമായിരുന്നു എന്നെ നിലനിര്‍ത്തിയത്.ڈ

څദൈവത്തിന്‍റെ രഹസ്യ ദൂതന്മാര് ((God’s Secret Angels) ) എന്ന തന്‍റെ പുസ്തകത്തില്‍ ബില്ലിഗ്രഹാം, പേറ്റണ്‍ ദമ്പതികള്‍ക്കുണ്ടായ ഒരു സംഭവം വിവരിച്ചിരിക്കുന്നു. ഒരു രാത്രിയില്‍ അവരെ കൊല്ലുവാനായി ശത്രുക്കളായ ദേശവാസികള്‍ അവരെ വളഞ്ഞു അവര്‍ കര്‍ത്താവിനെ നോക്കി തങ്ങളുടെ രക്ഷയ്ക്കായി രാത്രിമുഴുവന്‍ പ്രാര്‍ത്ഥിക്കുകയും അതിന്‍റെ ഫലമായി പ്രഭാതത്തില്‍ ശത്രുക്കള്‍ അവരെ വിട്ട് പിന്‍വാങ്ങിപ്പോവുകയും ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം അതിന്‍റെ തലവന്‍ പേറ്റണിന്‍റെ പ്രവര്‍ത്തനത്താല്‍ രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായിത്തീര്‍ന്നു. ആ രാത്രിയില്‍ എന്തുകൊണ്ട് അവര്‍ തങ്ങളെ ആക്രമിച്ചില്ല എന്നു പേറ്റണ്‍ അയാളോടു ചോദിച്ചപ്പോള്‍ അവര്‍ക്കുചുറ്റും ഊരിയവാളുമായി നൂറുകണക്കിനു മിന്നുന്ന വസ്ത്രധാരികള്‍ നില്ക്കുന്നതു കണ്ടതിനാലാണു തങ്ങള്‍ ആക്രമിക്കാത്തതെന്നു മറുപടിപറഞ്ഞു.

വളരെ വര്‍ഷത്തെ ക്ഷമയോടെയുള്ള അദ്ധ്വാനത്തിനു ശേഷം ആ ദ്വീപിലെ മുഴുവന്‍ ജനങ്ങളും മാനസാന്തരപ്പെട്ട് ക്രിസ്തുവിങ്കലേക്കു തിരിയുന്നതു കാണുവാന്‍ അവര്‍ക്കുസാധിച്ചു! ڇ അനീവ യേശുവിങ്കലേക്കു തിരിയുവാനായി ഞാന്‍ വാദിച്ചുകൊണ്ടിരുന്നു. ദൈവത്തിന്‍റെ കൃപയാല്‍ ഇപ്പോള്‍ മുഴവന്‍ അനീവയും കര്‍ത്താവിന്‍റെ പാദപീഠത്തിങ്കലിരുന്ന് ആരാധിക്കുന്നുڈ എന്നു അദ്ദേഹം പ്രസ്താവിച്ചു. അവര്‍ ഒരു പള്ളിയും ഒരു മിഷന്‍ വീടും രണ്ട് അനാഥശാലകളും അവിടെ സ്ഥാപിച്ചു. താന്‍ അനീവ ഭാഷയില്‍ വിവര്‍ത്തനം ചെയ്ത പുതിയനിയമം ന്യൂ ഹോബ്രിഡ്സിലെ മുപ്പതോളം ദ്വീപുകളില്‍ ദേശവാസികള്‍ക്കും മിഷനറിമാര്‍ക്കും വിതരണം ചെയ്യുന്നതു കാണുവാന്‍ 1899-ല്‍ അദ്ദേഹത്തിനു സാധിച്ചു. ജോണ്‍ പേറ്റണ്‍ അന്തരിച്ച് നൂറു വര്‍ഷം തികഞ്ഞ ഈ നാളുകളില്‍ څവനുവാറ്റുവിലെچ (ന്യൂ ഹോബ്രിഡ്സിന്‍റെ പുതിയ പേര്)85 ശതമാനം ആളുകളും ക്രിസ്ത്യാനികളായി തീര്‍ന്നിരിക്കുന്നു. അനേകം മിഷനറിമാരുടെ ദീര്‍ഘവര്‍ഷങ്ങള്‍ നീണ്ടുനിന്ന ത്യാഗപൂര്‍ണ്ണമായ കഠിനാദ്ധ്വാനത്താല്‍ ആത്മാക്കളുടെ മനോഹരമായ ഒരു കൊയ്ത്തു തന്നെ നേടുവാന്‍ സാധിച്ചു.