James Chalmers

Birth. 4 Aug 1841

Death. 8 April 1901

ജെയിംസ് ചാമേഴ്സ്

ക്രിസ്തുവിനോടും അവന്‍റെ ക്രൂശിനോടും അടുക്കുന്തോറും ജാതികളോടു നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തുവാനുളള ദാഹം എന്നില്‍ വര്‍ദ്ധിച്ചു വരുന്നു – കുക്ക് ദ്വീപുകളില്‍ പത്ത് വര്‍ഷവും പാപ്വാ ന്യൂ ഗിനിയയില്‍ ഇരുപത്തി നാലു വര്‍ഷവും മിഷനറി പ്രവര്‍ത്തനം നടത്തിയ സ്കോട്ട്ലണ്ടുകാരനായ ജെയിംസ് ചാമേഴ്സിന്‍റെ ആവേശവും ജീവിത ലക്ഷ്യവും ഇതായിരുന്നു. ഏറ്റവും ആപല്ക്കരമായ സാഹചര്യങ്ങളില്‍ കര്‍ത്താവിനു വേണ്ടി മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുളള തന്‍റെ എരിവും വാഞ്ചയും, കര്‍ത്താവിനായി തങ്ങളുടെ ജീവന്‍ അര്‍പ്പിക്കുവാന്‍ മറ്റ് പലര്‍ക്കും ഉത്തേജകമായിത്തീര്‍ന്നു.

കൗമാര പ്രായാരംഭത്തില്‍ തന്നെ ചാമേഴ്സ് തന്‍റെ ഹൃദയം കര്‍ത്താവിനു കൊടുക്കുകയും കര്‍ത്തൃശുശ്രൂഷയ്ക്കായി തന്‍റെ ജീവന്‍സമര്‍പ്പിക്കുകയും ചെയ്തു.ഒരു ദിവസം പളളിയില്‍ വച്ച് ഫിജി ദ്വീപുകളിലെ ഒരു മിഷനറി അയച്ച കത്ത് താന്‍ വായിച്ചു കേള്‍ക്കുകയുണ്ടായി. വലിയ അപകടങ്ങളും കലാപങ്ങളും നിറഞ്ഞ രാജ്യമായിരുന്നു എങ്കിലും സുവിശേഷത്തിന് അവിടുത്തെ മനുഷ്യ ജീവിതത്തെ(നരഭോജികശെപ്പോലും!) മാറ്റാനുളള കഴിവിനെപ്പറ്റി ആ കത്തില്‍ ആ മിഷനറി പ്രസ്താവിച്ചിരുന്നു. തങ്ങശുടെ ജീവനെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കുവാനും നരഭോജികളിലേക്ക് യേശുവിന്‍റെ സുവിശേഷം എത്തിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായുളള ഒരു ആഹ്വാനമായിരുന്നു ആ കത്ത്.അതു വായിച്ചു കേട്ട മാത്രയില്‍ തന്നെ ബാലനായ ജെയിംസ് കര്‍ത്തൃസേവയ്ക്കായി തന്നെത്താന്‍ സമര്‍പ്പിക്കുകയും മടക്ക യാത്രയില്‍ റോഡരുകില്‍ മുട്ടുകുത്തി: “എന്നെ ഒരു മിഷനറി ആക്കിത്തീര്‍ക്കണമേ”എന്നു താന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ കര്‍ത്താവിന്‍റെ പാതയില്‍ ചാമേഴ്സ് അധികനാള്‍ തുടര്‍ന്നു പോയില്ല. സാവധാനം തന്‍റെ ഹൃദയം വ്യതിചലിക്കയും ദൈവിക കാര്യങ്ങളിലുളള എരിവ് തണുത്തുപോകുകയും ചെയ്തു.

18-ാമത്തെ വയസില്‍ ഒരു ദിവസം ചാമേഴ്സ് തന്‍റെ ചില കൂട്ടുകാരുമൊത്ത് ഒരു ഉണര്‍വ്വുയോഗം കാണുവാന്‍ പോയി. യോഗത്തില്‍ സംബന്ധിക്കുകയല്ല, പ്രത്യുത യോഗസമയത്ത് കലക്കം സൃഷ്ടിക്കയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ കര്‍ത്താവില്‍ നിന്ന് എന്തെങ്കിലും നന്മ പ്രാപിക്കത്തക്കവണ്ണം ശരിയായ ആത്മാവില്‍ യോഗത്തില്‍ സംബന്ധിക്കുവാന്‍ അതില്‍ ഒരു സ്നേഹിതന്‍ ചാമേഴ്സിനെ പ്രേരിപ്പിച്ചു. യോഗമദ്ധ്യേ കര്‍ത്താവ് പ്രവര്‍ത്തിച്ചതിനാല്‍ ചാമേഴ്സിന് ആഴമേറിയ കുറ്റബോധം ഉണ്ടായി. താന്‍ എത്രമാത്രം അധ:പതിച്ചുപോയി എന്ന് ഗ്രഹിച്ചു. അയാള്‍ തന്‍റെ ജീവിതത്തെ കര്‍ത്താവിനായി വീണ്ടും സമര്‍പ്പിക്കുകയും നരഭോജികള്‍ക്കു സുവിശേഷം എത്തിക്കുവാനുളള തന്‍റെ മുന്‍ പ്രതിഷ്ഠ നിറവേറ്റുവാന്‍ മാര്‍ഗ്ഗങ്ങള്‍ അന്വഷിക്കുകയും ചെയ്തു.

ചാമേഴ്സ് “ഗ്ലാസ്ഗോ സിറ്റി മിഷനില്‍” ചേര്‍ന്ന് എട്ടു മാസത്തോളം തന്‍റെ ഭാവി പരിപാടികള്‍ക്കായുളള മുന്നൊരുക്കങ്ങള്‍ നടത്തി. ഒരു മിഷനറിയായി കര്‍ത്താവിനെ ശുശ്രൂഷിക്കുവാനുളള തന്‍റെ എരിവു വര്‍ദ്ധിക്കുകയും തന്‍റെ ദിവ്യ സ്വഭാവത്തില്‍ ആകൃഷ്ടരായിത്തീര്‍ന്ന പലരും കര്‍ത്താവിങ്കലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തു. “അവന്‍ ഒരു യഥാര്‍ത്ഥ ദൈവപൈതലും മൃദുലഹൃദയനായ ഒരു ക്രിസ്തു ശിഷ്യനുമാകുന്നു” എന്നു അവരെല്ലാം അദ്ദേഹത്തെക്കുറിച്ച് സാക്ഷ്യം പറഞ്ഞു.

എത്രയും വേഗം പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങുവാനുളള അത്യാവേശം അയാള്‍ക്കുണ്ടായി. എന്നാല്‍ പുറപ്പെടുന്നതിനു മുമ്പ് തനിക്ക് ഭാവിയില്‍ ആവശ്യമായ “ററോട്ടോണ്‍കന്‍”(Rarotongan) ഭാഷ പഠിക്കുവാന്‍ മറ്റൊരു ശുശ്രൂഷകനോടൊപ്പം ഒരു വര്‍ഷം ചെലവിട്ടു.

1865 ഒക്ടോബര്‍ 17-ാം തീയതി “ജയിന്‍ ഹെര്‍ക്കസ്” എന്ന യുവതിയെ ചാമേഴ്സ് വിവാഹം ചെയ്തു. തന്‍റെ പില്ക്കാല മിഷനറി പ്രവര്‍ത്തനങ്ങളുടെ പുരോഗതിക്ക് തന്‍റെ ജീവിത പങ്കാളി അദ്ദഹത്തിന് ഒരു വലിയ സഹായിയായിത്തീര്‍ന്നു. അവരുടെ വിവാഹം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ ശുശ്രൂഷയ്ക്കായി കൈവച്ച് വേര്‍തിരിക്കുകയും 1866 ജനുവരിയില്‍ അവര്‍ “ററോട്ടോണ്‍ക”ക്ക് കപ്പല്‍ കയറുകയും ചെയ്തു.

അവന്‍ കപ്പല്‍ ഇറങ്ങിയപ്പോള്‍ തന്‍റെ പേര്‍ എന്താകുന്നു എന്നു നാട്ടുകാര്‍ അന്വഷിച്ചു. “ചാമേഴ്സ്” എന്ന് പറഞ്ഞപ്പോള്‍ “റ്റമെറ്റേ” എന്ന് അവര്‍ പ്രതിവചിച്ചു. അതിനു ശേഷം തന്‍റെ പേരിനൊപ്പം ഈ വാക്കുകൂടെ ചേര്‍ത്തായിരുന്നു താന്‍ അറിയപ്പെട്ടിരുന്നത്. ആ ദ്വീപില്‍ ക്രിസ്തുമാര്‍ഗ്ഗം അതിനു മുമ്പെ വന്നെത്തിയതറിഞ്ഞ് അദ്ദേഹത്തിന് ആരംഭത്തില്‍ നിരാശയുണ്ടായി. (കടുപ്പമേറിയ പുതിയ വെല്ലുവിളികളെ നേരിടുക എന്നതായിരുന്നു തന്നിലെ സാഹസിക ആത്മാവിന്‍റെ ആഗ്രഹം.) എന്നാല്‍ സ്ഥലവാസികളുടെ ഹൃദയത്തില്‍ യഥാര്‍ത്ഥത്തില്‍ സ്ഥായിയായ വ്യതിയാനം സൃഷ്ടിക്കുവാന്‍ പിന്നെയും ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനുണ്ടെന്നു അല്പകാലത്തിനുളളില്‍ അദ്ദേഹത്തിനു മനസ്സിലായി. ദേശത്തിലെ മദ്യപാനത്തിനെതിരെയായിരുന്നു തനിക്ക് ഏറ്റവും അധികം പോരാടേണ്ടി വന്നത്. പലപ്പോഴും മദ്യപാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മദ്ധ്യേ പോയി മദ്യപാനം നിറുത്തുവാന്‍ അവരോട് അപേക്ഷിക്കുകയും തുടര്‍ന്ന് അവരോട് സുവിശേഷം പ്രസംഗിക്കുകയും ചെയ്തിരുന്നു. കര്‍ത്താവ് ചാമേഴ്സിനെയും “റ്റൊറോട്ടോണ്‍ങ്കോ”യിലെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും അനുഗ്രഹിച്ചുവെങ്കിലും സുവിശേഷം അതുവരെയും എത്തിയിട്ടില്ലാത്ത ദേശങ്ങളിലെ നരഭോജികള്‍ക്കായി തന്‍റെ ഹൃദയം ദാഹിച്ചുകൊണ്ടിരുന്നു.

നരഭോജികളുടെ അടുക്കലേക്കു പോകണമെന്നു വലിയ ആഗ്രഹവും വാഞ്ചയും ഉണ്ടായിരുന്നതിനാല്‍ ചാമേഴ്സും ഭാര്യയും 1877-ല്‍ പാപ്വാ ന്യൂഗിനിയയിലേക്ക് കപ്പലില്‍ യാത്രതിരിച്ചു. “പരിഷ്കൃത മനുഷ്യനു ചിന്തിക്കുവാന്‍പോലും കഴിയാത്ത അളവില്‍ ഭീകരതയും മാനുഷികപീഡയും നിറഞ്ഞതാകുന്നു” എന്നു ചാമേഴ്സ് പോകുന്ന ദേശത്തെക്കുറിച്ച് ഒരാള്‍ പ്രസ്താവിക്കുകയുണ്ടായി. ദുരാത്മാക്കളെ ഭയപ്പെടുന്നതിലും ആത്മാവിന്‍റെ മരണമില്ലായ്മയിലും മാത്രം വിശ്വസിക്കുന്നതായിരുന്നു ആ ദേശവാസികളുടെ മതം. ദേശവാസികള്‍ ശീലിച്ചിരുന്നതുപോലെ ബലം പ്രയോഗിക്കലോ ഭീഷണിപ്പെടുത്തലോ ആയിരുന്നില്ല ചാമേഴ്സിന്‍റെ പ്രവര്‍ത്തന ശൈലി. അതിനാല്‍ ഏതെങ്കിലും ഒരു ജനക്കൂട്ടം തന്നെ ഭീഷണിപ്പെടുത്തി തന്നില്‍ നിന്ന് എന്തെങ്കിലും നേടാന്‍ ശ്രമിച്ചാല്‍ അതിനു ചാമേഴ്സ് ഒരിക്കലും വഴങ്ങിയിരുന്നില്ല. ഇതിലൂടെ ക്രിസ്തുവിന്‍റെ മാര്‍ഗ്ഗം അഥവാ ശരിയായ മാര്‍ഗ്ഗം ചാമേഴ്സ് അവരെ പഠിപ്പിച്ചു.

അവര്‍ക്ക് പരിചയമില്ലാതിരുന്ന കരുണയുടെ മാര്‍ഗ്ഗം അദ്ദേഹം കാണിച്ചുകൊടുക്കുകയും അതു സാവധാനം അവരുടെ ഹൃദയത്തില്‍പരിവര്‍ത്തനം സൃഷ്ടിക്കുകയും ചെയ്തു. ഏറ്റവും കഠിനഹൃദയനായ നരഭോജിയിലും മാറ്റം വരുത്തുവാന്‍ ക്രിസ്തുവിന്‍റെ സ്നേഹത്തിനു കഴിയും!

ചാമേഴ്സിന്‍റെ പ്രവര്‍ത്തനങ്ങളെ കര്‍ത്താവ് അനുഗ്രഹിക്കുകയും ഫലവത്താക്കിത്തീര്‍ക്കികയും ചെയ്തത് മുഖാന്തരം പല തദ്ദേശവാസികളും കര്‍ത്താവിങ്കലേക്കു ആനയിക്കപ്പെട്ടു. മുമ്പെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു വന്ന മാര്‍ഗ്ഗങ്ങള്‍ വിട്ട് കൂടുതല്‍ സാഹസികമായ ശുശ്രൂഷകള്‍ ചെയ്യുവാനായി അദ്ദേഹം ഉള്‍നാടുകളിലേക്ക് സഞ്ചരിച്ചു. പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ മദ്ധ്യേ താന്‍ ഒരു സമാധാനദൂതനായിരുന്നു. ഒരു കാലത്ത് പരസ്പരം മല്ലിട്ടിരുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ സുവിശേഷം കേട്ട ശഷം ഒരേ കൂരയ്ക്കു കീഴില്‍ ഇരുന്ന് ദൈവത്തെ ആരാധിക്കുവാന്‍ തുടങ്ങി. അദ്ദേഹം യാത്രചെയ്ത പല ദ്വീപുകളിലും ദേശവാസികള്‍ അദ്ദേഹത്തെ സസന്തോഷം സ്വീകരിക്കുക മാത്രമല്ല സുവിശേഷം പ്രസംഗിക്കുവാന്‍ തങ്ങളുടെ ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കുകയും ചെയ്തു. ഒരു യോഗാനന്തരം ڇറ്റമെറ്റേ, ഞങ്ങള്‍ക്കു മേലാല്‍ യുദ്ധമില്ല,മേലാല്‍ നരഭോജനമില്ല,ഞങ്ങള്‍ സുവിശേഷം കേട്ടുകഴിഞ്ഞു,ഇനി സമാധാനത്തിനായി ഞങ്ങള്‍ പ്രയത്നിക്കുംڈ എന്നു ഒരു നരഭോജിവിളിച്ചുപറഞ്ഞു.

പാപ്വാ ന്യൂഗിനിയായിലെ പതിമൂന്നു വര്‍ഷത്തെ അദ്ധ്വാനത്തിനു ശേഷംററോട്ടോണ്‍കോയിലെ പഴയ ആത്മാക്കളെ സന്ദര്‍ശിക്കുവാനായി ചാമേഴ്സ് അവിടേക്ക് മടങ്ങിപ്പോയി. ചാമേഴ്സിനെ വീണ്ടും കണ്ടപ്പോള്‍ അവിടുത്തെ ദേശവാസികളും,തന്‍റെ അദ്ധ്വാനഫലം കര്‍ത്താവില്‍ നിലനില്ക്കുന്നതു കണ്ടപ്പോള്‍ ചാമേഴ്സും ഒരുപോലെ സന്തോഷാധിരേകത്താല്‍ തുളളിച്ചാടി. എങ്കിലും നരഭോജികളുടെ മദ്ധ്യേ ഉളള തന്‍റെ പ്രവര്‍ത്തനം തുടരുവാന്‍ ചാമേഴ്സ് പാപ്വാ ന്യൂഗിനിയയിലേക്ക് മടങ്ങിപ്പോയി.

1900-ല്‍ തന്‍റെ ഇംഗ്ലണ്ടിലെ ഭവനത്തിലേക്ക് മടങ്ങിപ്പോകാന്‍ ക്ഷണമുണ്ടായി. എന്നാല്‍ “എന്‍റെ അടുക്കലുളള ആയിരക്കണക്കിനു കാട്ടാളന്മാര്‍ ക്രിസ്തുവിനെ അറിയാതിരിക്കുമ്പോള്‍ എനിക്കു വിശ്രമിക്കുവാന്‍ കഴിയുകയില്ല” എന്ന് അദ്ദേഹം മറുപടി നല്കി. 1901-ല്‍ ഏപ്രില്‍ നാലാം തീയതി “ഗോറിബാറി” ദ്വീപിലേക്ക് ചാമേഴ്സ് തന്‍റെ അവസാന സാഹസിക യാത്ര നടത്തി. അവിടത്തെ കാട്ടാളന്മാരോട് സ്നേഹമായി താന്‍ ഇടപെട്ടെങ്കിലും അത് സ്വര്‍ഗ്ഗകവാടത്തിലേക്കുളള തന്‍റെ പ്രവേശനമായിത്തിര്‍ന്നു. മറ്റൊരു മിഷനറിയുമൊത്ത് അദ്ദേഹം ദേശവാസികളെ സന്ദര്‍ശിക്കുവാന്‍ പോയി. എന്നാല്‍ ആ മിഷനറിമാരെ കരുണയോടെ സ്വീകരിക്കുന്നതിനു പകരം കാട്ടാളന്മാര്‍ അവരെ ആക്രമിച്ച് ശിരച്ഛേദം ചെയ്തു.

നരഭോജികളായ കാട്ടാളന്മാരുടെ രക്ഷയ്ക്കായി ജെയിംസ് ചാമേഴ്സ് ജീവിക്കുകയും മരിക്കുകയും ചെയ്തു. കര്‍തൃശുശ്രൂഷയിലെ കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരിക്കേണമെന്നു താന്‍ ആഗ്രഹിച്ചിരുന്നു. മരണത്തെയോ നരഭോജികളെയോ താന്‍ ഭയപ്പെട്ടിരുന്നില്ല. അതിനാല്‍ താന്‍ പ്രിയം വച്ച കര്‍ത്താവിനായും തന്‍റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നല്കിയിരുന്ന കാട്ടാളന്മാര്‍ക്കായും തന്‍റെ ജീവന്‍ ബലിയര്‍പ്പിച്ചു. അക്രമത്തിന്‍റെയും രക്തച്ചൊരിച്ചിലിന്‍റെയും മദ്ധ്യേ താന്‍ ഒരു സമാധാന ദൂതനായി കാണപ്പെട്ടു. ഒരു രക്തസാക്ഷിയുടെ മഹനീയ കിരീടവും പ്രതിഫലവും തനിക്കായി സ്വര്‍ഗ്ഗത്തില്‍ കാത്തിരിക്കുന്നു.