ഇന്നെവിടെ നോക്കിയാലും പല കാരണത്താലും ഹ്യദയം
മുറിഞ്ഞ് വേദനിക്കുന്നവരെ നമുക്ക് കാണാം. ഉറ്റവരും
സ്നേഹിതരും ഹ്യദയത്തിൽ ആഴമായ മുറിവുകൾ ഉണ്ടാക്കാം.
ഭർത്താക്കന്മാരുടെ ക്രൂരമായ പീഢനങ്ങൾ ഭാര്യമാരുടെ ഹ്യദയത്തിൽ മുറിവുണ്ടാക്കാം. മാതാപിതാക്കൾ വ്യദ്ധരാകുമ്പോൾ മക്കളുടെ ക്രൂരമായ പെരുമാറ്റങ്ങൾ അവരുടെ ഹ്യദയത്തിൽ ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കാം. ഒരിക്കൽ ദാവീദ് ഇങ്ങനെ പറഞ്ഞു.
” ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു”
109-ാം സങ്കീ 22-ാം വാക്യം
തകർന്നവരുടെ
മുറിവുകളെ ദൈവം കെട്ടുന്നു എന്നതിന് വേദപുസ്തകത്തിൽ
അനേകം വാക്യങ്ങൾ ഉണ്ട്.
“ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.
നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
അവന്റെ അസ്ഥികളെ എല്ലാം അവൻ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല”
34-ാം സങ്കീ 18-20
“ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു”
യെശയ്യാ 57:15
” മനംതകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു”
147-ാം സങ്കീ 3-ാം വാക്യം
യേശു ഈ ഭൂമിയിൽ വന്നത് ഹൃദയം തകർന്നവരെ മുറികെട്ടുവാനും, തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിപ്പാനും ആണെന്ന്
യശയ്യാപ്രവാചകൻ അരുളപ്പാട് നൽകി.
ജീവിതത്തിലെ വേദനകളുടെ നിമിഷങ്ങളിൽ ജീവിതത്തിലെ നന്മകളെ ഓർത്ത് എണ്ണിയെണ്ണി സ്തുതിക്കുക. കാണുന്ന കണ്ണ്, കേൾക്കുന്ന ചെവി, ഉൽസാഹമുള്ള മനസ്സ്, ആരോഗ്യം ഉള്ള ശരീരം, ശ്വസിക്കാനുള്ള കഴിവ്, എഴുതാനും വായിക്കാനും ഉള്ള കഴിവ്, ക്ഷമിക്കാനുള്ള മനസ്സ്, വിദ്യാഭ്യാസം, ചുറ്റുപാടുകൾ സർവോപരി ജീവനുള്ള ദൈവത്തെ അനുഭവിച്ചറിയാൻ ഉള്ള ഭാഗ്യം ഇങ്ങനെ എന്തെല്ലാം നമുക്ക് ചിന്തിച്ച് എണ്ണിയെണ്ണി പറഞ്ഞു ദൈവത്തെ സ്തുതിക്കുവാനുണ്ട്.
വേദനകളും, മുറിവുകളും വരുമ്പോൾ നിന്ദിക്കപ്പെട്ട് ,
ത്യജിക്കപ്പെട്ട്, വ്യസനപാത്രമായി, രോഗവും, ദു:ഖവും ശീലിച്ചവനായും, സകലരും മുഖം മറച്ച് കളയതക്കവണ്ണം വിരൂപനായി,
എല്ലാതരത്തിലും മുറിവേറ്റവനായി കിടന്നവനെ ധ്യാനിക്കുന്നത് നമ്മുടെ
മുറിവുകളെ ഉണക്കും.
” നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.
എബ്രായർ 12:3
ദൈവത്തിൻ്റെ യാഗങ്ങൾ തകർന്ന ആത്മാവാണ്; തകർന്ന ഹൃദയത്തെ, ദൈവം നിരസിക്കുകയില്ല.
ഏതവസ്ഥയിലും ഇങ്ങനെ പറയുവാൻ നമുക്ക് കഴിയണം.
“എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു”
73-ാം സങ്കീ 26-ാം വാക്യം.
തിരസ്കരിക്കപ്പെട്ടവരുടെ
വേദന ദൈവം അറിയുന്നു എന്നുള്ളത് ഹ്യദ്യമായി യെശയ്യാവ് 56-ാം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു.
ഏത് സാഹചര്യത്തിലും ദൈവത്തിന്റെ ദയ നമ്മെ പിന്തുടരും. മനോഹരമായ വാഗ്ദത്തങ്ങൾ നൽകി ഈ അദ്ധ്യായം അവസാനിക്കുന്നു. ആ വാഗ്ദത്തങ്ങളെ മുറുകെ പിടിച്ച് മുന്നോട്ടു പോകാം.
“പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.
അരിഷ്ടയും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ടു ആശ്വാസമറ്റവളും ആയുള്ളോവേ, ഞാൻ നിന്റെ കല്ലു അഞ്ജനത്തിൽ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും.ഞാൻ നിന്റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും.
നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോടു അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോടു അടുത്തുവരികയില്ല”
യശയ്യാവ് 54:10-14
Leave a Reply