” യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം”
യെശയ്യാ 45:15

ദൈവം തന്നെ
വിളിച്ച് അപേക്ഷിക്കുന്നവർക്ക് എല്ലാം സമീപസ്ഥനാണ് എന്ന് നാം വായിക്കുന്നു. എന്നാൽ മേലെഴുതിയ
വേദഭാഗത്ത് ദൈവം മറഞ്ഞിരിക്കുന്നവൻ
എന്നും എഴുതിയിരിക്കുന്നു.

പലപ്പോഴും നാം കഷ്ടതയിൽ ആകുമ്പോൾ
ദൈവം എവിടെ എന്ന് ചോദിച്ചുപോകാറുണ്ട്.
ദാവീദ് പോലും ഇങ്ങനെ
ചോദിച്ചു.

“യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?
13-ാം സങ്കീ 1-ാം വാക്യം

കോരഹ്പുത്രന്മാരും
ഇതേ കാര്യം ആവർത്തിക്കുന്നു.

“നിന്റെ ദൈവം എവിടെ എന്നു അവർ എന്നോടു നിത്യം പറയുന്നതുകൊണ്ടു എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായ്തീർന്നിരിക്കുന്നു”
42-ാം സങ്കീ 3-ാം വാക്യം

എൻ്റെ കഷ്ടത ദൈവം അറിയുന്നില്ലേ എന്ന് മനം കൊണ്ട് ഒരിക്കൽ പോലും ചോദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ ദൈവത്തിന്റെ
ചിന്തകളും, പ്രവർത്തികളും നമ്മുടേതു പോലെയല്ല.

“ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു”
റോമർ 11:33

“എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു”
യെശയ്യാ 55:8,9

നമ്മിൽ നിന്നും പല കാര്യങ്ങളും മറച്ച്
വയ്ക്കുവാൻ നമ്മെ സ്യഷ്ടിച്ച ദൈവത്തിന് അവകാശമുണ്ട്. സഹോദരന്മാർ വിറ്റുകളഞ്ഞ ജോസഫിനെ യാക്കോബ് കാണുന്നത് നീണ്ട പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ്.
എന്തുകൊണ്ടാണിത്? കാരണം യഹോവക്ക് ജോസഫിനെ ഉയർത്തണം. സഹോദരന്മാർക്ക് കുറ്റബോധം ഉണ്ടാകണം.
അനേകം കാര്യങ്ങളിൽ നാം പ്രാർത്ഥിച്ചിട്ടും ഉത്തരം ലഭിക്കാതെ
വരുന്നതും എല്ലാം നന്മക്കായി തീർക്കുവാനുള്ള
ദൈവത്തിന്റെ പദ്ധതിയുടെ ഭാഗം മാത്രമാണ്.

ഇയ്യോബിന്റെ കഷ്ടതയുടെ കാരണം യഹോവ അവന് വെളിപ്പെടുത്തി കൊടുത്തില്ല. ദൈവം ഇയ്യോബിന് മറഞ്ഞിരുന്നു
എങ്കിലും, ഇയ്യോബ്, കഷ്ടതയിൽ ദൈവമുഖം
അന്വേഷിച്ചു. എന്നാൽ ദൈവം മറഞ്ഞിരുന്ന് അവനെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ദൈവം തക്കസമയത്ത് അവന് എല്ലാം മനോഹരമായി
ചെയ്തുകൊടുത്തു.
ഇയ്യോബിന് ചിന്തിക്കുവാൻ പോലും കഴിയാത്ത
ദൈവമഹത്വത്തിന്റെ
ആഴങ്ങൾ അവനു വെളിപ്പെടുത്തി
കൊടുത്തതിനുശേഷം,
അവന്
നഷ്ടമായവയെല്ലാം ഇരട്ടിയായി കൊടുത്തു.

മറഞ്ഞിരിക്കുന്ന ദൈവം നമ്മെ മറെക്കുന്നവനാണ്.

” അനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറെക്കും; പാറമേൽ എന്നെ ഉയർത്തും”
27-ാം സങ്കീ 5-ാം വാക്യം

മാത്രമല്ല മറഞ്ഞിരിക്കുന്ന
ദൈവം നമ്മെ പരസ്യമായി ഉയർത്തും.

“നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി”
40-ാം സങ്കീ 1-ാംവാക്യം

വലിയ നന്മ ഒരുക്കി വച്ച്
ദൈവം നമ്മിൽ നിന്നും നമ്മുടെ നന്മക്കായി അല്പസമയം മറഞ്ഞു നിൽക്കുന്നു.
വലിയ നന്മ ഒരുക്കി ദൈവമക്കളെ മാനിക്കുന്നു.

ദൈവം മറഞ്ഞ് കിടക്കുന്ന നിധികളുടെ
ഉടയവനാണ്.

” അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു”
കൊലൊസ്സ്യർ 2:3

ഈ നിധി ദൈവം തനിക്ക് പ്രിയപ്പെട്ടവർക്ക് വെളിപ്പെടുത്തി കൊടുക്കുന്നു.

ദൈവം ചിലരുടെ ജീവിതങ്ങളിൽ നിന്നും എന്നന്നേക്കുമായി
മറഞ്ഞു കളയാം. ശൗൽ രാജാവ് അനുസരണക്കേടിൽ
മുന്നോട്ട് പോയപ്പോൾ, മനം തിരിയുവാൻ ദൈവം ധാരാളം അവസരങ്ങൾ കൊടുത്തു.ഒടുവിൽ തള്ളിക്കളഞ്ഞു. ശിംശോൻ ജഡികനായി
ജീവിച്ചു. അനേകം അവസരങ്ങൾ ഉണ്ടായിട്ടും പാഠം പഠിച്ചില്ല. ഒടുവിൽ ദൈവം അവൻ്റെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി
മറഞ്ഞു കളഞ്ഞു. ദൈവഹിതത്തിനെതിരെ
നാം പ്രവർത്തിച്ചാൽ ദൈവം എന്നന്നേക്കുമായി മറഞ്ഞു കളയും.

ഒരു ദൈവപൈതൽ
പ്രതിസന്ധികളിൽ തളരാതെ ദൈവമുഖം അന്വേഷിച്ചാൽ ദൈവം
വെളിപ്പെടും. യിസ്രായേൽ
മക്കളുടെ മരുഭൂപ്രയാണത്തിൽ മുമ്പേ പോയി പാതകളെ
ക്രമീകരിച്ചവൻ നമുക്ക് മുമ്പായി ചെന്ന് ദുർഘടങ്ങളെ നിരപ്പാക്കി,
താമ്രക്കതകുകളെ തകർക്കുന്നവനായി മറഞ്ഞു നിന്ന് പ്രവർത്തിക്കും. ഒന്നും കാണുന്നില്ല എന്ന് ചിന്തിക്കുമ്പോഴും അവിടന്ന് എല്ലാം കാണും.
ദൈവത്തിന്റെ തക്കസമയത്ത് അവിടുന്ന് പദ്ധതികൾ വെളിപ്പെടുത്തി തരും.
മറഞ്ഞിരിക്കുന്ന ദൈവം
നിന്നെ മാറോടണച്ച് നിൽക്കുന്നു എന്ന് എപ്പോഴും ഓർക്കുക. ദൈവത്തിന്റെ തക്കസമയത്തിനായി
നിരാശപ്പെടാതെ കാത്തിരിപ്പിൻ.

“അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ”
1 പത്രൊസ് 5:6,7