James Gilmour

Birth. 12 January 1843

Death. 21 May 1891

ജെയിംസ് ഗില്‍മര്‍

ഏറ്റവും ക്ലേശകരമായ സാഹചര്യങ്ങളില്‍ ദീര്‍ഘവര്‍ഷങ്ങള്‍ ഏകനായി കര്‍ത്താവിന്‍റെ വയല്‍ പ്രദേശത്ത് പ്രവര്‍ത്തിച്ച ഒരു വിശുദ്ധനായിരുന്നു ജെയിംസ് ഗില്‍മര്‍. ജനവാസം വളരെ കുറഞ്ഞ പ്രദേശങ്ങളിലായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അപ്രകാരം പല വര്‍ഷങ്ങള്‍ അദ്ധ്വാനിച്ചിട്ടും പ്രത്യക്ഷമായി പറയത്തക്ക ഫലം ലഭിക്കായ്കയാല്‍ അദ്ദേഹത്തിന്‍റെ സ്വന്തം സമൂഹത്തില്‍ പെട്ടവര്‍ പോലും തന്‍റെ പ്രവൃത്തി മേഖലയെ ചോദ്യം ചെയ്തിരുന്നു. എങ്കിലും പില്ക്കാലത്ത് പല മിഷനറിമാര്‍ക്കും മാതൃകയായി പിന്‍പറ്റുവാന്‍ തക്കവണ്ണം ജെയിംസ് ഗില്‍മര്‍ കര്‍ത്താവിനോടൊത്ത് പ്രവര്‍ത്തിച്ച് ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും മനോഹരമായ അടിസ്ഥാനം ഇട്ടു. തന്‍റെ അദ്ധ്വാനഫലം ധാരാളമായി കാണുവാന്‍ അദ്ദേഹത്തിന്‍റെ സ്വന്തം കണ്ണുകൊണ്ട് സാധിച്ചില്ലെങ്കിലും തന്‍റെ പ്രതിഷ്ഠയും വിശ്വാസവും തത്വചിന്തകളും ത്യാഗോജ്ഞലമായ ജീവിതവും പലരിലും നിലനില്ക്കുന്ന സ്വാധീനം ചെലുത്തുകയുണ്ടായി. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളെയും ജീവിതശൈലിയെയും അഭിനന്ദിക്കുവാന്‍ അദ്ദേഹത്തിന്‍റെ കൂട്ടുവേലക്കാര്‍ക്കുപോലും ചിലപ്പോഴൊക്കെ കഴിഞ്ഞില്ലെങ്കിലും താന്‍ പ്രിയം വച്ച ഗുരുവിന്‍റെ ശുശ്രൂഷയില്‍ ജെയിംസ് ഗില്‍മര്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടും പൂര്‍ണ്ണ ഹൃദയത്തോടും തുടര്‍ന്നുകൊണ്ടിരുന്നു.

1843 ജൂണ്‍ മാസം 12 -ാം തീയതി സ്കോട്ട്ണ്ടിലെ ഒരു ദൈവഭക്തിയുള്ള ഭവനത്തില്‍ ജെയിംസ് ഗില്‍മര്‍ ജാതനായി. ദൈവീകകാര്യങ്ങളില്‍ അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ വളരെ കര്‍ശനമുള്ളവരായിരുന്നു. എല്ലാ സന്ധ്യക്കും അവരുടെ ഭവനത്തില്‍ കുടുംബാരാധന ഉണ്ടായിരുന്നു. ആ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്‍റെ മാതാവ് മിഷനറി പ്രവര്‍ത്തന വിവരണങ്ങളും വേദപുസ്തക കഥകളും വായിച്ച് കേള്‍പ്പിക്കുമായിരുന്നു. തന്മൂലം കര്‍ത്താവിന്‍റെ ശുശ്രൂഷയ്ക്കായി സ്വന്തം ജീവന്‍ അര്‍പ്പിക്കുവാന്‍ ജെയിംസിനു തന്‍റെ ബാല്യകാലത്തില്‍ തന്നെ പ്രേരണ ലഭിച്ചു. ജെയിംസ് ബാല്യം മുതല്‍ വളരെ ബുദ്ധിമാനും പഠനത്തില്‍ സമര്‍ത്ഥനും ആയിരുന്നു. ഭാഷാപഠനത്തില്‍ പ്രത്യേകിച്ച് ലാറ്റിനിലും ഗ്രീക്കിലും അദ്ദേഹത്തിന് പ്രത്യേക നൈപുണ്യം സിദ്ധിച്ചിരുന്നു. സ്വദേശത്തെക്കാള്‍ വിദേശങ്ങളില്‍ കര്‍തൃശുശ്രൂഷകര്‍ കുറവാകുന്നു എന്ന വസ്തുത ഗ്രഹിച്ചതിനാല്‍ തന്‍റെ ബാല്യത്തില്‍ തന്നേ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി തന്‍റെ ജീവിതം പ്രതിഷ്ഠിച്ചു. “എന്നെ സംബന്ധിച്ചിടത്തോളം ഒരു ഇന്ത്യക്കാരന്‍റെ ആത്മാവും ഇംഗ്ലിഷ്ക്കാരന്‍റെ ആത്മാവും തുല്യ വിലയുള്ളതും ചൈനാക്കാരുടെയും യുറോപ്യരുടെയും ഇടയിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ഒരുപോലെയും ആകുന്നു” എന്നദ്ദേഹം പ്രസ്താവിച്ചു.

നശിച്ചു പോകുന്ന ആത്മാക്കളോടുള്ള സ്നേഹം വര്‍ദ്ധിച്ചു വരുന്തോറും ജെയിംസ് വേദവചന പഠനത്തില്‍ കൂടുതല്‍ വ്യാപൃതനാകുവാന്‍ ആരംഭിച്ചു. സുവിശേഷം പ്രസംഗിക്കുവാനായി വിദേശത്ത് അയ്ക്കപ്പെടുന്നതു വരെ കാത്തിരിക്കാതെ പലപ്പോഴും അദ്ദേഹം ഏകനായി വഴിയോരങ്ങളിലും വയല്‍ പ്രദേശങ്ങളിലും കാണുന്നവരോടെല്ലാം സുവിശേഷം അറിയിക്കുവാന്‍ തുടങ്ങി. ദൈവവചനം പ്രചരിപ്പിക്കുന്നതിനു ചില സന്ധ്യകളില്‍ അദ്ദേഹം ഏകനായി പരസ്യയോഗങ്ങള്‍ നടത്തുമായിരുന്നു.

മംഗോളിയായില്‍ ദീര്‍ഘകാലമായി നിര്‍ത്തി വച്ചിരുന്ന സുവിശേഷ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവാന്‍ ലണ്ടന്‍ മിഷണറി സൊസൈറ്റി 1870-ല്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. അതനുസരിച്ച് അദ്ദേഹം ചൈനയിലേക്ക് കപ്പല്‍ കയറി. കപ്പലില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സഹയാത്രികരോടെല്ലാം ജെയിംസ് കര്‍ത്താവിനെക്കുറിച്ച് സാക്ഷ്യം പ്രസ്താവിച്ചുകൊണ്ടിരുന്നു. കര്‍ത്താവുമായുള്ള തന്‍റെ വ്യക്തിപരമായ അനുഭവങ്ങളും ദൈവവചനവും ലജ്ജ കൂടാതെ അദ്ദേഹം ധൈര്യത്തോടെ പ്രസംഗിച്ചു. മംഗോളിയായില്‍ എത്തിച്ചേരുന്നതിനു മുമ്പ് ചൈനയില്‍ എത്തിയപ്പോള്‍ തന്നെ ജെയിംസിന് പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വന്നു. സുവിശേഷ പ്രഘോഷണത്തിനായി സ്വന്തജീവന്‍ ബലിയര്‍പ്പിക്കുന്നതിനു പോലും അദ്ദേഹം ഒരുക്കമായിരുന്നു. ڇനമ്മുടെ ജീവനെക്കാള്‍ അധികം മരണത്താല്‍ ക്രിസ്തുവിന്‍റെ സുവിശേഷം പ്രചരിപ്പിക്കുവാന്‍ കഴിയുംڈ എന്നു അഗ്നി പരിശോധയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം എഴുതുകയുണ്ടായി. ആ വര്‍ഷം അവസാനിക്കുന്നതിനു മുമ്പേ (മൂന്നു മാസത്തിനുള്ളില്‍) അദ്ദേഹം മംഗോളിയന്‍ ഭാഷ പഠിക്കുകയും തദ്ദേശവാസികളുടെ ജീവിതശൈലിയും ഹൃദയസ്പന്ദനങ്ങളും ഗ്രഹിക്കുകയും ചെയ്തു.

മംഗോളിയന്‍ ജനതയുടെ മദ്ധ്യേ ജെയിംസ് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തുടങ്ങി. എന്നാല്‍ അത് ദുഷ്ക്കരവും പ്രതിബന്ധങ്ങള്‍ നിറഞ്ഞതും ആയിരുന്നു. മദ്യപാനവും കടഭാരവും ആയിരുന്നു ആ ദേശവാസികളെ കീഴടക്കിയിരുന്ന ഏറ്റവും വലിയ ദുശ്ശീലങ്ങള്‍. ക്രിസ്തുവിന്‍റെ സ്നേഹവും വെളിച്ചവും പകര്‍ന്നുകൊണ്ട് ദുഷ്ടന്‍റെ കെണിയില്‍ നിന്നു ജനത്തെ വിടുവിക്കുവാനും സുവിശേഷസത്യങ്ങള്‍ ജനത്തെ അറിയിക്കുവാനും ജെയിംസ് അക്ഷീണം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അല്പം മാത്രം സമ്പാദ്യങ്ങള്‍ കരുതിക്കൊണ്ട് ദേശവാസികളെപ്പോലെ ലളിതമായൊരു ജീവിതം ജെയിംസ് നയിച്ചുപോന്നു. ഒട്ടകപ്പുറത്ത് യാത്ര ചെയ്യാനുള്ള ചിലവു ലാഭിക്കാന്‍ അദ്ദേഹം പലപ്പോഴും ഒരു പട്ടണത്തില്‍ നിന്നു മറ്റൊരു പട്ടണത്തിലേക്ക് കാല്‍നടയായി യാത്ര ചെയ്തു. ഇത്രയൊക്കെ ത്യാഗം സഹിച്ചെങ്കിലും ആദ്യമായി ഒരാള്‍ രക്ഷിക്കപ്പെട്ട് ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കാന്‍ പതിനാലു വര്‍ഷം വേണ്ടി വന്നു. അധൈര്യപ്പെടുത്തുന്ന പല സന്ദര്‍ഭങ്ങളോടും പോരാടേണ്ടി വന്നെങ്കിലും തന്‍റെ ജോലി വിത്തു വിതയ്ക്കുക മാത്രമാണെന്നും കര്‍ത്താവ് തക്ക സമയത്ത് അതിന്‍റെ വിളവു നല്കുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

തന്‍റെ ശുശ്രൂഷയിലെ സിംഹഭാഗവും അദ്ദേഹം ഏകനായിട്ടായിരുന്നു ചെയ്തത്. എന്നാല്‍ 1874-ല്‍ ഒരു ദൈവഭക്തിയുള്ള യൗവ്വനക്കാരിയെ കര്‍ത്താവ് അദ്ദേഹത്തിന് ഭാര്യയായി നല്കി. ആ ദമ്പതികള്‍ക്ക് കര്‍ത്താവ് മൂന്ന് ആണ്‍ കുഞ്ഞുങ്ങളെ നല്കി(അതില്‍ ഒരു കുഞ്ഞ് ശൈശവത്തില്‍ തന്നെ മരിച്ചു പോയി). അദ്ദേഹത്തിന്‍റെ ഭാര്യ എമിലി ആ അന്യദേശത്ത് പല പ്രതിസന്ധികളിലൂടെ കടന്നു പോയെങ്കിലും അവള്‍ സന്തോഷത്തോടെ കര്‍ത്താവിന്‍റെ ശുശ്രൂഷ ചെയ്തു പോന്നു. “എന്നെക്കാള്‍ ശ്രേഷ്ഠനായ ക്രിസ്ത്യാനിയും മിഷണനറിയുമാകുന്നു എമിലി” എന്നു അവളെക്കുറിച്ച് ജെയിംസ് പ്രസ്താവിച്ചു. പതിനൊന്നു വര്‍ഷത്തെ വിവാഹ ജീവിതാനന്തരം എമിലി രോഗബാധയെത്തുടര്‍ന്നു കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. തന്‍റെ രണ്ടു അണ്‍മക്കളെയും ഇംഗ്ലണ്ടില്‍ അയച്ചിട്ടു ജെയിംസ് തന്‍റെ ശുശ്രൂഷ ഏകനായി തുടര്‍ന്നുകൊണ്ടിരുന്നു.

1882-ല്‍ ഒരു സന്ദര്‍ശത്തിനായി ജെയിംസ് ഇംഗ്ലണ്ടില്‍ പോയി. ഈ കാലയളവില്‍ “Among The Mangols” എന്ന തന്‍റെ വിഖ്യാതമായ പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മിഷനറിമാര്‍ക്കും വേണ്ടി പ്രാര്‍ത്ഥനയില്‍ പോരാടണമെന്നു അദ്ദേഹം ഇംഗ്ലംണ്ടിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. “പ്രാര്‍ത്ഥനയുടെ പിന്‍ബലമില്ലെങ്കില്‍ ശ്വസിക്കുവാന്‍ വായു കരുതാത്ത ഒരു മുങ്ങള്‍ വിദഗ്ദ്ധനെയും വെള്ളമില്ലാത്ത ഹോസ് കൈയില്‍ പിടിച്ചിരിക്കുന്ന ഒരു അഗ്നി ശമന പ്രവര്‍ത്തകനെയും പോലെ മാത്രമാകുന്നു ഞാന്‍” എന്നദ്ദേഹം പ്രസ്താവിക്കുമായിരുന്നു.

1884-ല്‍ അദ്ദേഹം മംഗോളിയായില്‍ മടങ്ങി വന്നു. അദ്ദേഹം കാല്‍നടയായിട്ടായിരുന്നു ആ പ്രദേശത്ത് യാത്ര ചെയ്തിരുന്നത്. സാധുക്കളായ പ്രാദേശികരെപ്പോലെ ഒരു വിദേശി കാല്‍നടയായി യാത്ര ചെയ്യുന്നത് ദേശവാസികള്‍ കണ്ട് അത്ഭുതപ്പെട്ടു. ഈ അവസരത്തിലായിരുന്നു ജെയിംസിന്‍റെ പ്രവര്‍ത്തനത്താല്‍ ആദ്യമായി ഒരാള്‍ മാനസാന്തരത്തിലേക്കു കടന്നു വന്നത്. പല മാസങ്ങളായി ഈ വ്യക്തി കര്‍ത്താവിനെക്കുറിച്ച് പഠിച്ചുകൊണ്ടിരുന്നെങ്കിലും കര്‍ത്താവിനെ സ്വന്തരക്ഷിതാവായി സ്വീകരിക്കുവാന്‍ അവസാനമായി തീരുമാനമെടുത്തത് ഈ സന്ദര്‍ഭത്തിലായിരുന്നു. ഈ അനുഭവത്തെക്കുറിച്ച് ജെയിംസ് ഇപ്രകാരം എഴുതി. “എനിക്ക് ഈ പ്രദേശം സ്വര്‍ഗ്ഗത്തിന്‍റെ കവാടം പോലെ മനോഹരവും ക്രിസ്തുവിനെക്കുറിച്ചുള്ള ഏറ്റുപറച്ചില്‍ തേജോമയമായ മേഘത്തില്‍ നിന്നുമുള്ള ദൈവദൂതന്‍റെ അരുളപ്പാടു പോലെ പ്രചോദനകരവുമാകുന്നു”. ഓരോരുത്തരോടും വ്യക്തിപരമായി ഇടപെടുന്നതാകുന്നു സുവിശേഷം പ്രചരിപ്പിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമെന്നു ഈ അനുഭവത്തോടുകൂടി ജെയിംസിന് ബോദ്ധ്യമായി.

പലരെയും ക്രിസ്തുവിങ്കലേക്കു ആകര്‍ഷിക്കുന്നതിന് ജെയിംസ് വി.പൗലോസിനെപ്പോലെ ‘എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു” (1 കൊരി 9:22). അതിനായി അദ്ദേഹം ഒരു സസ്യഭുക്കായിമാറി. ദേശവാസികളോട് അടുത്ത് അദ്ദേഹം ആ ദേശത്തിലെ വസ്ത്രധാരണരീതി അനുകരിക്കുകയും ഏറ്റവും മിതവ്യയം സ്വീകരിക്കുകയും ചെയ്തു. ഒരിക്കല്‍ എട്ടു മാസത്തോളം നീണ്ടുനിന്ന ഒരു തീവ്ര സുവിശേഷ യജ്ഞം അദ്ദേഹം നടത്തി. ആ അവസരത്തില്‍ അദ്ദേഹം ഇരുപത്തിനാലായിരം പേരോടു സുവിശേഷം പ്രസംഗിക്കുകയും മൂവായിരം പുസ്തകങ്ങള്‍ വില്ക്കുകയും നാലായിരത്തി അഞ്ഞുറ് ലഘുലേഖകള്‍ വിതരണം ചെയ്യുകയും ആയിരത്തി എണ്ണൂറ്റി അറുപത് മൈല്‍ ദൂരം യാത്ര ചെയ്യുകയും ചെയ്തു. എന്നാല്‍ അതിന്‍റെ അന്ത്യത്തില്‍ രണ്ടു പേര്‍ മാത്രം കര്‍ത്താവിനെ പരസ്യമായി ഏറ്റുപറഞ്ഞു. അവിടത്തെ വേല വളരെ കഠിനവും പലപ്പോഴും നിരുല്‍സാഹജനകവും ആയിരുന്നെങ്കിലും കര്‍ത്താവ് തന്നെ ഏല്പ്പിച്ച പ്രവൃത്തി ജെയിംസ് വിശ്വസ്തതയോടെ ചെയ്തു പോന്നു.

1889-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് ഒരു ഹ്രസ്വസന്ദര്‍ശനം നടത്തി. മിഷനറി പ്രവര്‍ത്തനത്തിന്‍റെ കാഠിന്യം നിമിത്തം തന്‍റെ ശരീരഭാരം വളരെ കുറയുകയും മുഖം വിരൂപമായി തീരുകയും ചെയ്തിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ സ്നേഹിതന്മാര്‍ക്ക് അദ്ദേഹത്തെ തിരിച്ചറിയാന്‍പോലും കഴിഞ്ഞില്ല. അനന്തരം അദ്ദേഹം മംഗോളിയയിലേക്ക് മടങ്ങിപ്പോയി. താമസംവിനാ 1891 മെയ് 21-ാം തീയതി താന്‍ വിശ്വസ്തതയോടെ സേവിച്ച് പ്രിയം വച്ച കര്‍ത്താവിനോട് ചേര്‍ന്നു. ജെയിംസ് ഗില്‍മറിന്‍റെ മരണവാര്‍ത്ത കേട്ടപ്പോള്‍ മംഗോളിയന്‍ ജനത ഒന്നടങ്കം മുതിര്‍ന്നവര്‍ പോലും കുഞ്ഞുങ്ങളെപ്പോലെ വാവിട്ടു നിലവിളിക്കയുണ്ടായി.

ആയിരക്കണക്കിന് ആത്മാക്കളെ രക്ഷയിലേക്ക് ആനയിക്കുകയും മുഴുരാജ്യത്തിലും നിലനില്ക്കുന്ന വമ്പിച്ച ഉണര്‍വ്വു സൃഷ്ടിക്കുകയും ചെയ്ത പല മുന്‍കാല മിഷനറിമാരുടെതില്‍ നിന്നും വ്യത്യസ്തമായിരുന്നു ജെയിംസ് ഗില്‍മറിന്‍റെ ജീവിതം. തന്‍റെ വിളിയോടുള്ള വിശ്വസ്തതയായിരുന്നു ജെയിംസ് ഗില്‍മറിന്‍റെ ജീവിതസാക്ഷ്യം. അദ്ദേഹത്തിന്‍റെ ജീവിത ശൈലിയും ത്യാഗവും അദ്ദേഹം സഹിച്ച കഷ്ടതകളും നശിച്ചു പോകുന്ന ആത്മാക്കളോടു കാണിച്ച സ്നേഹവും ആര്‍ദ്രതയും പില്ക്കാലത്ത് പല മിഷനറിമാര്‍ക്കും മാര്‍ഗ്ഗദര്‍ശകമായിത്തീര്‍ന്നു. തന്‍റെ വിളിയെക്കുറിച്ച് അദ്ദേഹം ഇപ്രകാരം എഴുതി: “ഒരു മിഷണറി ആകുവാന്‍ ഞാന്‍ വിളിക്കപ്പെട്ടു. ദൈവരാജ്യം ഒരു കൊയ്ത്താണോ? ആണെങ്കില്‍ വേല ഏറ്റവും അധികവും വേലക്കാര്‍ ഏറ്റവും ചുരുക്കവുമായ സ്ഥലത്ത് വേല ചെയ്യണമെന്നു ഞാന്‍ തീരുമാനിച്ചു. ഞങ്ങള്‍ അധികഭാരം വഹിക്കുന്നു എന്നു സ്വദേശത്ത് പോലും വേലക്കാര്‍ പരാതി പറയാറുണ്ട്. അങ്ങനെയെങ്കില്‍ വിദേശത്തെ കഥ എത്ര അധികം?…..സ്വന്ത ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്ന മിഷണറിയായിട്ടല്ല, പ്രത്യൂത ക്രിസ്തുവിന്‍റെ മഹാനിയോഗം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മിഷണറിയായിട്ടത്രേ ഞാന്‍ പോകുന്നത്.”