ജീവിതത്തിൽ നമ്മെ അവഗണിക്കുന്നവരും,
ഒറ്റപ്പെടുത്തുന്നവരും,
നിന്ദിക്കുന്നവരും ധാരാളം
ഉണ്ടാകാം. നമ്മുടേതല്ലാത്ത കാരണങ്ങളാൽ പലവിധ
പീഢനങ്ങളിൽ കൂടി നമുക്ക് കടന്നു പോകേണ്ടി വരാം.
യാതൊരു കുറ്റവും ചെയ്യാതെ ധാരാളം പഴി
കേൾക്കേണ്ടി വരാം. രാത്രിയുടെ യാമങ്ങളിൽ
ഏകാന്തതയിൽ, കണ്ണീർ
പൊഴിച്ച്, രാത്രികൾ തള്ളി നീക്കേണ്ട അവസ്ഥകൾ
വന്നു ച്ചേരാം. എന്നാൽ ഒരു കാര്യം നാം വിസ്മരിച്ച് പോകരുത്. നമ്മുടെ ദൈവത്തിന് നീ
വിലയേറിയവന്നാണ്. ആരൊക്കെ തള്ളിയാലും
ആരൊക്കെ ഉപേക്ഷിച്ചാലും, നിന്ദിച്ചാലും ദൈവം നിന്നെ മാന്യനായും വിലയേറിയവനായും
കാണുന്നു. യശയ്യാപ്രവാചകനിലൂടെ
ദൈവം ഇങ്ങനെ പറയുന്നു.
“നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു.
ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു”
ദാവീദ് എന്ന ഇടയബാലനെ ആരും
വിലയേറിയവനായി കണ്ടില്ല.മാതാവും പിതാവും, സ്വന്തം സഹോദരന്മാരും ഉപേക്ഷിച്ചു. എന്നാൽ യഹോവ അവന് വലിയ വിലയിട്ടു. അതിനാൽ യഹോവ ദാവീദിനെ
സിംഹാസനത്തിൽ ഇരുത്തി.
നമുക്ക് വിലകല്പിക്കുന്നത്
ഈ ലോകത്തിലെ ജനങ്ങൾ അല്ല.
സ്വർഗ്ഗമാണ്. നാം ദൈവത്തിന്റെ സ്വന്തമാണ്.ദൈവം നമുക്ക് ഒരു വില ഇട്ടിട്ടുണ്ട്. തള്ളികളഞ്ഞ
കല്ലിനെ മൂലകല്ലാക്കി
മാറ്റുന്നത് ദൈവമാണ്.
നാം ദൈവത്തിനുള്ളവർ ആകയാൽ ജീവിതത്തിലെ പ്രയാസവേളകളിൽ
ദൈവം കൂടെയിരിക്കും.
പ്രതികൂലങ്ങളാകുന്ന
വെള്ളം നിന്നെ മുക്കി കളയുവാൻ ദൈവം അനുവദിക്കയില്ല.തീയ്യിൽ
കൂടി കടക്കേണ്ടി വന്നാലും നീ
വെന്തുപോകയില്ല.
കാരണം നമ്മുടെ ദൈവത്തിന് നാം മാന്യരും
വിലയേറിയവരുമാണ്.
സൗന്ദര്യം കുറവായതുകൊണ്ടോ,
സ്ഥാനമാനങ്ങൾ കുറവായതുകൊണ്ടോ
തള്ളികളയുന്നവനല്ല
ദൈവം. അവൻ എളിയവനെ ആദരിക്കുന്നവനാണ്.
“എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.
അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും”
72-ാം സങ്കീ 13,14 വാക്യങ്ങൾ.
നമ്മുടെ രക്തം കർത്താവിന്
വിലയേറിയതാണ്.ആ രക്തത്തിന് ദൈവം കാവൽ ഒരുക്കുന്നു. ആഹാബിൻ്റെ ഭാര്യ ഈസേബെൽ നാബോത്തിനെ ഇല്ലാത്ത കുറ്റം ചുമത്തി അവനെ കല്ലെറിഞ്ഞ് കൊല്ലിച്ച് അവൻ്റെ മുന്തിരിതോട്ടത്തെ സ്വന്തമാക്കി. യഹോവ ഏലീയാവ് പ്രവാചകനിലൂടെ അവർക്ക് അരുളപ്പാട് കൊടുത്തു.
“നീ അവനോടു: നീ കൊലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കന്നു. നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തു വെച്ചു തന്നേ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക. ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു: നായ്ക്കൾ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ചു തിന്നുകളയും.
ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും”
1 രാജാക്കന്മാർ
21:19, 23,24 വാക്യങ്ങൾ
യഹോവ പറഞ്ഞപ്രകാരം
സംഭവിക്കയും ചെയ്തു.
ഹാബേലിൻ്റെ രക്തം യഹോവക്ക് വിലപ്പെട്ട രക്തമായിരുന്നു.അതുകൊണ്ട് യഹോവ കയീനോട് പറഞ്ഞു.
“നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽനിന്നു എന്നോടു നിലവിളിക്കുന്നു”
ഉല്പത്തി 4:10
ഹാബേലിൻ്റെ
പുണ്യാഹരക്തത്തിൻ്റെ
ശബ്ദം യഹോവ കേട്ടു.
യഹോവ കയീനെ തൻ്റെ
സന്നിധിയിൽ നിന്നും ആട്ടി കളയുകയും അവൻ ശാപഗ്രസ്തനാകുകയും
ചെയ്തു.
നമ്മുടെ കർത്താവ് തള്ളപ്പെട്ട കല്ലായിരുന്നു.
എന്നാൽ ദൈവം അതിനെ മൂലകല്ലാക്കി
മാറ്റി.
“അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല”
യെശയ്യാ 28:16
നാം തള്ളപ്പെട്ട കല്ലായിരിക്കാം. വെള്ളി ഊതികഴിക്കുമ്പോലെയും,തീയ്യിൽ ഉരുകുന്നതുപോലെയും
അനേകം ശോധനകളിൽ കൂടി കടന്നുപോയ കല്ലായിരിക്കാം.എന്നാൽ
ദൈവം നമ്മെ വളരെ വിലയേറിയവരായി കാണുന്നു. കാരണം ദൈവം നമ്മെ വളരെ വിലകൊടുത്തു വാങ്ങിയതാണ്. ദൈവത്തിന് നാം എന്നും പ്രിയപ്പെട്ടവരാണ്. അതിനാൽ ഈ ലോകത്തിലെ സകലവേദനകളും
ദൈവനാമമഹത്വത്തിനു
വേണ്ടി മാത്രം.
” അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും”
1 പത്രൊസ് 1:7
Leave a Reply