സുവിശേഷം പ്രസംഗിച്ചതിൻ്റെ പേരിൽ
പൗലൊസിനെ യഹൂദന്മാർ പിടിച്ചുകൊണ്ടുപോയി അന്നത്തെ രാജാവായ അഗ്രിപ്പായുടെ മുൻപിൽ
വിസ്താരം കഴിച്ചു. അന്നത്തെ യഹൂദന്മാർ
പല കുറ്റങ്ങളും പൗലൊസിൽ ആരോപിച്ചു. ആയതിന്
പൗലൊസ് പറഞ്ഞ മറുപടിപ്രസംഗമാണ് അപ്പൊസ്തല
പ്രവർത്തികളുടെ പുസ്തകം 26-ാം അദ്ധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
അതിൽ വളരെ പ്രധാനപെട്ട വാക്യമാണ്
7-ാം വാക്യം.
“നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ടു എത്തിപ്പിടിപ്പാൻ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശ ഹേതുവായിട്ടത്രേ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നതു. ആ പ്രത്യാശയെച്ചൊല്ലി ആകുന്നു രാജാവേ, യെഹൂദന്മാർ എന്റെമേൽ കുറ്റം ചുമത്തുന്നതു”
ഈ വാക്യം ധ്യാനിച്ച് വായിച്ചാൽ വളരെ ആഴമേറിയ മർമ്മങ്ങൾ
ഉള്ള ഒരു വചനമാണ് ഇത്. യഹൂദന്മാരുടെ ക്രൂരമായ കുറ്റവിചാരണ
വേളയിൽ പൗലൊസ് തൻ്റെ വിശ്വാസവും, ആരാധനയും ഭയമില്ലാതെ വെളിപ്പെടുത്തുന്നു. എന്തുകൊണ്ടാണ് കുറ്റവിചാരണവേളയിൽ
തൻ്റെ ദൈവത്തെ കുറിച്ചും ദൈവത്തോടുള്ള ആരാധനയെകുറിച്ചും പൗലൊസിന് ധൈര്യമായി പറയുവാൻ കഴിഞ്ഞത്.
പൗലൊസിന്റെ ആരാധന സത്യ ആരാധന ആയിരുന്നു. പ്രധാനപ്പെട്ട നാല് കാര്യങ്ങൾ ആരാധനയെ പറ്റി പൗലൊസ് വ്യക്തമാക്കുന്നു.
1) ആരെയാണ് ആരാധിക്കുന്നത്
താൻ ഈ ലോകത്തിൽ ആരാധിക്കുന്നത് ജീവനില്ലാത്ത ഒരു ദൈവത്തെ അല്ല എന്നും
നമ്മുടെ പന്ത്രണ്ട് ഗോത്രങ്ങൾ ആരാധിക്കുന്ന
സത്യദൈവത്തെയാണ് ആരാധിക്കുന്നത് എന്നും
പൗലൊസ് വ്യക്തമാക്കുന്നു. മിസ്രയീമിൽ വച്ച് അവർക്ക് ഗോത്രങ്ങൾ ഉണ്ടായിരുന്നില്ല. മിസ്രേമിൽ നിന്നും പെസഹാകുഞ്ഞാടിൻ്റെ
തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ട് രക്ഷിക്കപ്പെട്ട ആറു ലക്ഷം പുരുഷാരവും ഇരുപത് ലക്ഷം ജനങ്ങളും ചെങ്കടൽ കയറി നാല്പത് വർഷം മരുഭൂയാത്ര ചെയ്തപ്പോൾ അവർ ഗോത്രങ്ങളായി. അവർ
പെസഹാകുഞ്ഞാടിനെ
ഭക്ഷിച്ച്
വീണ്ടെടുക്കപെട്ടവരാണ്.
ജീവന്റെ സ്വർഗ്ഗീയ മന്നാ ഭക്ഷിച്ചവരാണ്.തീയ്യിങ്കൽ
പാറയിൽ നിന്നും ജലം കുടിച്ചവരാണ്.
യഹോവയുടെ അനേകം അത്ഭുതങ്ങളും യഹോവയുടെ അനന്തമായ ശക്തിയും രുചിച്ചറിഞ്ഞ്
വാഗ്ദത്തനാടായ കനാനിൽ എത്തി പൂർവ്വപിതാക്കന്മാരുടെ
ജീവനുള്ള ദൈവത്തെ ആരാധിച്ചു വന്നവരാണ്.
പൗലൊസ് കുറ്റം വിധിക്കുന്നവരോട് പറഞ്ഞു ആ ദൈവത്തെയാണ് ഞാൻ ആരാധിക്കുന്നത്.
2) എങ്ങനെയാണ് ആരാധിക്കുന്നത്.
താൻ ആരാധിക്കുന്നത്
പന്ത്രണ്ട് ഗോത്രങ്ങൾ ആരാധിക്കുന്ന ദൈവത്തെയാണ് എന്ന്
പറഞ്ഞതിനുശേഷം പൗലൊസ് പറഞ്ഞു ഞാൻ ദൈവത്തെ വല്ലപ്പോഴും ആരാധിക്കുന്നവനല്ല.
ദൈവത്തെ രാപ്പകൽ
ആരാധിക്കുന്നവന്നാണ്.
നമ്മുടെ ആരാധന എങ്ങനെയാണ്. അത് പ്രത്യേകദിവസങ്ങളിൽ
പ്രത്യേകയവസരങ്ങളിൽ
പ്രത്യേകസമയങ്ങളിൽ
മാത്രമാണോ? ആരാധനകൾ വെറും ചടങ്ങുകൾ മാത്രമാണോ.
ഏതു നിമിഷവും, ഏതു സാഹചര്യങ്ങളിലും ഹ്യദയം ആരാധന കൊണ്ട് നിറയണം.
പൗലൊസ് രാജാവിനോടും ജനത്തോടും പറഞ്ഞു.
ഞാൻ രാപ്പകൽ ദൈവത്തെ ആരാധിക്കുന്നവനാണ്.
3) എങ്ങനെ ആരാധിക്കണം.
പൗലൊസ് പറഞ്ഞു. ഞാൻ ശ്രദ്ധയോടെ ആരാധിക്കുന്നവന്നാണ്.
നാം ശ്രദ്ധയോടെയാണോ
ദൈവത്തെ ആരാധിക്കുന്നത്. ഒരു ക്യത്യസമയം ദൈവത്തിന്
മാറ്റി വയ്ക്കുവാൻ ശ്രമിക്കാറുണ്ടോ? അതോ
വീട്ടിൽ കറന്റ് പോകുന്ന സമയം, ടി.വി.യിൽ നല്ല
പരിപാടികൾ ഇല്ലാത്ത സമയം ഇവയാണോ
ആരാധനക്ക് മാറ്റി വയ്ക്കുന്നത്. ആരാധനക്ക് ഇരിക്കുമ്പോൾ അനാവശ്യചിന്തകൾ ഹ്യദയത്തെ മദിക്കാറുണ്ടോ? പൂ കൊടുത്തോ,പണം കൊടുത്തോ,കാഴ്ച്ചകൾ
നൽകിയോ, സംഭാവനകൾ നൽകിയോ ദൈവത്തെ
പ്രസാദിപ്പിക്കുവാൻ കഴികയില്ല. ആയതിന്
ഹ്യദയം നൽകണം.
പൗലൊസ് ഉറപ്പോടെ കുറ്റം വിധിക്കുന്നവരോട്
പറഞ്ഞു ഞാൻ വളരെ ശ്രദ്ധയോടെ പ്രാർത്ഥിക്കുന്നവനാണ്.
4) എന്തിനാരാധിക്കണം
പൗലൊസ് പറഞ്ഞു. ഞാൻ പന്ത്രണ്ട് ഗോത്രങ്ങൾ ആരാധിക്കുന്ന ദൈവത്തെ രാപ്പകൽ
ശ്രദ്ധയോടെ ആരാധിക്കുന്നു. ഈ കഷ്ടങ്ങളിൽ കൂടി കടന്നുപോകുമ്പോഴും
എൻ്റെ മനസിൽ എനിക്കെത്തി പിടിക്കാനുള്ള ഒരു പ്രത്യാശയുണ്ട്. അത് എൻ്റെ ദൈവത്തിന്റെ വാഗ്ദത്തമാണ്. നിത്യമായ ഒരു ഭവനം.ആ വാഗ്ദത്തിനുവേണ്ടി
ഞാൻ പ്രാർത്ഥിക്കുന്നു.
ഞാൻ നിങ്ങളുടെ മുൻപിൽ വിസ്താരത്തിന്
നിൽക്കേണ്ടി വന്നിരിക്കുന്നത് പോലും
ഈ വാഗ്ദത്തം ലഭിക്കുന്നതിനു
വേണ്ടിയാണ്. ഈ വാഗ്ദത്തം ലഭിക്കുവാൻ
പൗലൊസ് പ്രാർത്ഥിച്ചു.
ഈ ലോകത്തിൽ ദൈവത്തിന്റെ പൈതലായീ ജീവിക്കുമ്പോൾ അനേകം കഷ്ടങ്ങളിൽ കൂടി കടക്കേണ്ടി വരും. അപ്പോൾ ദൈവത്തിൻ്റെ
സന്നിധിയിലേക്ക് കടന്നുവന്ന് പൗലൊസിനെപോലെ
ദൈവത്തെ ആരാധിക്കണം. പണ്ട്
പെസഹാ കുഞ്ഞാടിന്റെ
രക്തം യിസ്രായേല്യരുടെ
രക്ഷക്ക് കാരണമായെങ്കിൽ ഇന്ന്
കാൽവരിയിൽ ചൊരിഞ്ഞ ജീവനുള്ള കുഞ്ഞാടായ കർത്താവിൻ്റെ
രക്തം, നമ്മുടെ സകല പാപങ്ങളും പോക്കി നമ്മെ വീണ്ടെടുത്ത്
ശുദ്ധീകരിക്കുന്നു.
ഏത് പ്രതിസന്ധികളിലും
ആ ജീവനുള്ള ദൈവത്തെ രാപ്പകൽ
ശ്രദ്ധയോടെ ആരാധിക്കാം. കഷ്ടങ്ങളേയും, പ്രയാസങ്ങളേയും, ദൈവാരാധനയാൽ തരണം ചെയ്ത്
നാം എത്തിപിടിക്കാൻ
ആഗ്രഹിക്കുന്ന സ്വർഗ്ഗീയകനാനിനു
വേണ്ടി കാത്തിരിക്കാം.
Leave a Reply