” അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു”
2 കൊരിന്ത്യർ 4:16
ഇന്ന് പുറമേയുള്ള മനുഷ്യനെ പോഷിപ്പിക്കുവാൻ
ഉത്സാഹിക്കുന്നവരാണ്
അധികം പേരും. ഇന്ന്
നമ്മുടെ ശരീരത്തെ കുറിച്ച് നാം വ്യാകുലപ്പെടുന്നു. ഭാവിയെ കുറിച്ച് നാം വ്യാകുലപ്പെടുന്നു.
യേശു പറഞ്ഞു.
“ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു”
മത്തായി 6:31
പൗലൊസ് അപ്പൊസ്തലൻ പുറമേയുള്ള മനുഷ്യനെ
ക്ഷീണിപ്പിക്കയും
അകമേയുള്ള മനുഷ്യനെ പോഷിപ്പിച്ച് പുതുക്കം പ്രാപിക്കയും ചെയ്ത വ്യക്തിയാണ്.
സകലവിധത്തിലും കഷ്ടതകൾ പൗലൊസിനെ വിഷമിപ്പിച്ചു.
സ്വജനത്താൽ ഉപദ്രവങ്ങൾ ഉണ്ടായി.
പട്ടണത്തിലും,കാട്ടിലും,
കടലിലും വലിയ ആപത്തുകൾ ഉണ്ടായി.അദ്ധ്വാനം, ഉറക്കിളപ്പ്, പട്ടിണി,ശീതം
നഗ്നത,തടവ്,കപ്പൽച്ചേതം
അടി,കല്ലേറ് എന്നിവ സഹിച്ചു. പുറമേയുള്ള മനുഷ്യൻ ക്ഷീണിച്ച് പോയെങ്കിലും
അകമേയുള്ള മനുഷ്യനെ
നാൾക്ക് നാൾ പൗലൊസ് പുതുക്കികൊണ്ടിരുന്നു.
അതിനാൽ പൗലൊസ് പറഞ്ഞു ഞങ്ങൾ അധൈര്യപ്പെടുന്നില്ല. കാരണം ഉള്ളിൽ വസിക്കുന്നത് അത്യുന്നതശക്തിയാണ്.
ബലഹീനതകളിൽ പ്രശംസിക്കുവാൻ ശക്തി പകരുന്നതാണ് ഈ അത്യുന്നതശക്തി. പൗലൊസ് പറഞ്ഞു ,ഈ ശക്തി ഞങ്ങളുടെ പുറമേയുള്ള ശരീരങ്ങളിലല്ല വസിക്കുന്നത്. ഞങ്ങളാകുന്ന മൺകൂടാരങ്ങളുടെ ഉള്ളിലാണ്.
“എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു”
2 കൊരിന്ത്യർ 4:7
അതുകൊണ്ട് എന്തെല്ലാം കഷ്ടങ്ങൾ സഹിച്ചാലും ഞെരുങ്ങിയിരിക്കുവാൻ പൗലൊസിന് കഴിഞ്ഞില്ല. എന്തെല്ലാം ബുദ്ധിമുട്ടിൽ കൂടി കടന്നുപോയപ്പോഴും നിരാശപ്പെട്ടില്ല. ആരൊക്കെ ഉപദ്രവിച്ചിട്ടും
വീഴ്ത്തിയിട്ടും നശിച്ചുപോയില്ല. കാരണം നമ്മുടെ ശരീരമാകുന്ന മൺകൂടാരത്തിനുള്ളിൽ
ആണ് ഈ
അത്യുന്നതശക്തിയുടെ
വ്യാപാരം.
നാം വെറും മൺകൂടാരങ്ങൾ ആണ്. ജീവിതത്തിൽ തീയ്യിലും വെള്ളത്തിലും ഉള്ള ശോധനകൾ ഉണ്ട്. തീ അമിതമായേറ്റാൽ ഈ മൺകുടം തകരും. അധികനാൾ വെള്ളത്തിൽ മുങ്ങികിടന്നാൽ മൺകുടം അലിഞ്ഞില്ലാതാകും.
ഇന്ന് വളരെ ചെറിയ പ്രശ്നങ്ങളുടെ മുൻപിൽ
മനുഷ്യർ വാടി വീഴുന്നു.
പ്രതിസന്ധികളെ തരണം ചെയ്യുവാൻ കഴിയാതെ അവർ ആത്മഹത്യയെ
കുറിച്ച് ചിന്തിക്കുന്നു. അവർ സമൂഹത്തിൽ നിന്നും ഉൾവലിയുന്നു. എന്നാൽ ഈ അത്യുന്നതശക്തി
നമ്മിൽ വസിച്ചാൽ നാം ശക്തി പ്രാപിക്കും. അപ്പോൾ വേദനകളും സഹനങ്ങളും നമ്മെ ഒതുക്കി ഇരുത്തുകയില്ല.
“എന്നെ ശക്തനാക്കുന്നവൻ
മുഖാന്തിരം ഞാൻ സകലത്തിനും മതിയായവനാണെന്ന് “
ഈ ശക്തിയുള്ളവർ ഉറപ്പിച്ച് പറയും.
അവർ പ്രശ്നങ്ങളിൽ നിന്നും കണ്ണ് മാറ്റി പ്രശ്നപരിഹാരകനായ
യേശുവിലേക്ക്
നോക്കും.
പൗലൊസിന് കഷ്ടങ്ങളിൽ അധൈര്യപ്പെടാതിരിപ്പാൻ
ശക്തി നൽകിയത് ഈ അത്യുന്നതശക്തിയാണ്.ശരീരത്തിൽ നോവിപ്പിക്കുന്ന വലിയ ശൂലമുണ്ടെങ്കിലും ആ ബലഹീനതയിൽ പ്രശംസിക്കുവാൻ പൗലൊസിന് കഴിഞ്ഞു.
എന്തു കൊണ്ട് വേദനകൾ? എന്തുകൊണ്ട് കഷ്ടപ്പാടുകൾ? പൗലൊസ് പറയുന്നു വെളിപ്പാടുകളുടെ ആധിക്യം നിമിത്തം നിഗളിച്ച്
പോകാതിരിപ്പാൻ, ദൈവം ശൂലം തന്നിരിക്കുന്നു എന്ന്. അത് നീങ്ങിപോകുവാൻ മൂന്നു വട്ടം അപേക്ഷിച്ചിട്ടും നീങ്ങിയില്ല. എന്നിട്ടും ബലഹീനതകളിൽ പൗലൊസ് പ്രശംസിച്ചു. ക്രിസ്തുവിന്റെ അത്യുന്നതശക്തി പകരപ്പെടുവാനാണ് ജീവിതത്തിലെ കഷ്ടപ്പാടുകളും ബലഹീനതകളും. ഈ ശക്തി എവിടെയൊക്കെ
വ്യാപരിച്ചുവോ അവിടെയെല്ലാം ദൈവത്തിൻ്റെ മഹത്വം ദർശിച്ചിട്ടും ഉണ്ട്.
ഈ അത്യുന്നതശക്തി
യേശുവിന്റെ അമ്മ മറിയത്തിൽ വ്യാപരിച്ചു.
സ്വർഗ്ഗത്തിലെ ദൂതൻ പറഞ്ഞു.
” പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും”
ലൂക്കോസ് 1:35
ഈ അത്യുന്നതശക്തി നമ്മിൽ വ്യാപരിച്ചാൽ നമ്മിൽ യേശു വസിക്കും.
ഈ ശക്തി വ്യാപരിപ്പാൻ
ഹ്യദയങ്ങളെ ഒരുക്കണം.
യേശുവിന് വന്നു പിറപ്പാൻ യോഗ്യമായ ഇടമായി നാം മാറണം.
യേശു പറഞ്ഞു.
” എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെമേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു”ലൂക്കോസ് 24:49
ഈ അത്യുന്നതശക്തി നമ്മിൽ നിറഞ്ഞിരിക്കുന്നു. ഈ ശക്തിയെ അനുദിനം നാം പുതുക്കണം.
മൺകുടാരത്തിൽ ഈ അത്യന്നതശക്തി വന്ന് നിറഞ്ഞാൽ ഒരു കഷ്ടവും സാരമില്ല. അങ്ങനെയുള്ളവർ പുറത്തെ മനുഷ്യനെ പോഷിപ്പിക്കാതെ എന്നും അകത്തെ മനുഷ്യനെ പരിപോഷിപ്പിച്ച് ജീവിക്കും.
അങ്ങനെയുള്ളവർ ഏത് പ്രതിസന്ധികളിലും പൗലൊസ് അപ്പൊസ്തലനെപോലെ
ധൈര്യത്തോടെ ഇങ്ങനെ
പറയും.
” കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു”
2 കൊരിന്ത്യർ 5:1
Leave a Reply