“മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞു അവൾ കുഞ്ഞിന്നു ഈഖാബോദ് എന്നു പേർ ഇട്ടു”
1 ശമൂവേൽ 4:21

“കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നു പേർവിളിക്കും”
മത്തായി 1:22

“ഈഖാബോദ്” എന്ന് വാക്കിന്റെ അർത്ഥം മഹത്വം നഷ്ടമാകുക
എന്നതാണ്. ഇമ്മാനുവേൽ എന്ന വാക്കിന് അർത്ഥം ദൈവം നമ്മോടു കൂടെ എന്നാണ്. ഈഖാബോദിൽ നിന്നും
ഇമ്മാനുവിലേക്കുള്ള ഒരു ജീവിതമാണ് ശ്രേഷ്ഠമായ
ക്രിസ്തീയ ജീവിതം.

ആർക്കാണ് ഈഖാബോദ്
എന്ന് പേർ വീണത്. അത് അറിയുവാൻ പഴയനിയമത്തിലെ ഒരു കുടുംബത്തിലേക്ക് നാം
എത്തി നോക്കണം. അത് ഏലി എന്ന പുരോഹിതൻ്റെ കുടുംബത്തിലേക്കാണ്.
ഏലിപുരോഹിതന് രണ്ട്
പുത്രന്മാർ.ഹൊഫ്നിയും,
ഫീനെഹാസും.
ഫിനെഹൊസിൻ്റെ ഭാര്യ പ്രസവിച്ചപ്പോൾ അവൾ മഹത്വം യിസ്രായേലിൽ നിന്നും പൊയ്പോയി എന്നു പറഞ്ഞു ആ കുഞ്ഞിന് ഈഖാബോദ്
എന്ന പേരിട്ടു.

മഹത്വം യിസ്രായേലിൽ നിന്നും പോകുവാൻ തക്ക കാരണങ്ങൾ ഉണ്ടായിരുന്നു.
ദൈവസാന്നിധ്യം അവരിൽ നിന്നും നീങ്ങി പോയതാണ് അവരുടെ സകല പരാജയങ്ങൾക്കും അടിസ്ഥാനകാരണം. പുരോഹിതനായ ഏലിയുടെ പുത്രന്മാർ നീചന്മാരും ദൈവത്തെ
ഓർക്കാത്തവരും ആയിരുന്നു. അവർ ദൈവാരാധനയെ വികലമാക്കി.
യഹോവയുടെ ആലയത്തിൽ കഴിക്കുന്ന
യാഗങ്ങളിൽ മേദസ് ദഹിക്കുന്നതിന് മുൻപ്
എടുത്ത് അവയെ ഭക്ഷിച്ച് യഹോവയുടെ
വഴിപാടുകളെ നിന്ദിച്ചു.
മാത്രമല്ല സമാഗമനകൂടാരത്തിൻ്റെ
വാതിൽക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടു കൂടെ ശയിച്ച് ആരാധനയേയും ആരാധനാലയത്തേയും അപമാനിച്ചു. ഏലി എന്ന പുരോഹിതൻ യഹോവയെക്കാൾ കൂടുതലായി മക്കളെ സ്നേഹിച്ചതുകൊണ്ട് പുരോഹിതന് മക്കളുടെ
ദുർ പ്രവർത്തികളെ കുറിച്ചും വരുവാൻ പോകുന്ന ശിക്ഷയെ കുറിച്ചും യഹോവ മുന്നറിയിപ്പു കൊടുത്തു പറഞ്ഞു.

“നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാൻ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതു: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. നിന്റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാൻ നിന്റെ ഭുജവും നിന്റെ പിതൃഭവനത്തിന്റെ ഭുജവും തകർത്തുകളയുന്ന നാളുകൾ ഇതാ വരുന്നു”
1 ശമൂവേൽ 2:30,31

ഇത്ര വലിയ ശാസനം കേട്ടിട്ടും ഏലി തൻ്റെ മക്കളെ ശാസിക്കയോ
നേർവഴിക്ക് നടത്തുകയോ ചെയ്തില്ല.
ദൈവകോപം അവരിൽ ഇറങ്ങി. യിസ്രായല്യരുടെ
നേരെ ഫെലിസ്ത്യർ പട നിരത്തി. യുദ്ധത്തിൽ അവർ തോറ്റുപോയി.
ഏലിയുടെ രണ്ട് പുത്രന്മാരും കൊല്ലപ്പെട്ടു.
ഈ വിവരം ഏലി പുരോഹിതൻ അറിഞ്ഞപ്പോൾ ആസനത്തിൽ നിന്നും
പുറകോട്ട് വീണു കഴുത്തൊടിഞ്ഞു വീണു
മരിച്ചു. ഗർഭിണിയായ ഫിനെഹാസിൻ്റെ
ഭാര്യ പ്രസവിച്ചു. ആ മകന് അവൾ നിലവിളിച്ചു കൊണ്ട് പേരിട്ടു.
“ഈഖാബോദ്”

ഇന്ന് നമ്മുടെ കുടുംബങ്ങളുടെ സ്ഥിതി
എങ്ങനെയാണ്. നാം ആരാധനയെ വികലമാക്കാറുണ്ടോ?
ദൈവീകമായ വഴികളിൽ നിന്നും കുഞ്ഞുങ്ങൾ അകന്നു പോകുന്നത് കണ്ടിട്ടും, അവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങി നിശബ്ദത
പാലിക്കുന്നവരാണോ?
പരാജയങ്ങളുടെ പടുകുഴിയിലേക്ക്
വീഴുന്നതിനിടയാക്കാതെ
ദൈവത്തിന് മഹത്വം കൊടുക്കണം. പ്രാർത്ഥനയ്ക്കും ആരാധനകൾക്കും
ജീവിതത്തിൽ പ്രാധാന്യം
കൊടുക്കണം. അങ്ങനെയുള്ള കുടുംബങ്ങൾ മഹത്വപ്പെടും. യഹോവ പറയുന്നു.

“എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും”
1ശമുവേൽ 2:30

ദൈവത്തിന്റെ മഹത്വം നമ്മിൽ നിന്നും
നീങ്ങി പോകുവാൻ ഉതകുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ
ഉണ്ടാകരുത്. യഹോവയുടെ മഹത്ത്വത്തെ നിന്ദിച്ച
ബേൽശസ്സർ രാജാവിന്
സംഭവിച്ചത് എന്താണെന്ന്
നമുക്കറിയാം. രാജാവ് ആരാധനാലയത്തെ
വിരുന്നുശാലയാക്കി മാറ്റുകയും, മന്ദിരത്തിലെ
പൊൻ വെള്ളി പാത്രങ്ങളിൽ വീഞ്ഞ് നിറക്കുകയും അതു കുടിച്ച്, മതിമറന്ന് മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിക്കയും വെപ്പാട്ടികളുമായി
രസിക്കയും അങ്ങനെ
ദൈവമഹത്ത്വത്തെ
നിഷേധിക്കയും ചെയ്തു.
ആ ക്ഷണം ദൈവകോപമിറങ്ങി.
അവനെ ദൈവം തുലാസിൽ തൂക്കി നോക്കി. അവനുള്ള
ന്യായവിധിയുണ്ടായി. അവനെ കുറവുള്ളവനായി കണ്ടു.
ആ രാത്രിയിൽ തന്നെ അവൻ കൊല്ലപ്പെട്ടു.

ദൈവനാമം തുച്ഛീകരിക്കരുതേ..
ദൈവസന്നിധിയിൽ
നിന്നും ഓടി ഒളിക്കരുതേ..
ഏതെങ്കിലും കാരണത്താൽ മഹത്വം നമ്മുടെ ഭവനങ്ങളിൽ നിന്നും പോയിട്ടുണ്ടോ
എന്ന് ചിന്തിക്കണം. ഉണ്ടെങ്കിൽ ദാവീദിനെ പോലെ മടങ്ങിവരണം.
ആ മടങ്ങിവരവും കാത്ത്
സകലമഹത്ത്വവും തിരിച്ച്
നൽകുവാൻ ഇമ്മാനുവേൽ ആയ ദൈവം കാത്ത് നിൽക്കുന്നു. സകലർക്കും
നഷ്ടപ്പെട്ടു പോയ മഹത്ത്വം തിരിച്ചു നൽകുവാനുള്ള ഒരു മഹാസന്തോഷമായി
യേശു പിറന്നു. അവൻ ഇമ്മാനുവേൽ..എപ്പോഴും നമ്മോടു കൂടെ…മഹത്ത്വം നഷ്ടപ്പെട്ട ഈഖാബോദ് ആണോ നീ? എങ്കിൽ ഇമ്മാനുവേലിലേക്ക്
മടങ്ങി വരിക. അപ്പോൾ ദർശിക്കാം
ദൈവമഹത്ത്വം.