Charles Thomas Studd

Birth. 2 Dec 1860

Death.16 July 1931

ചാള്‍സ് തോമസ് സ്റ്റഡ്

സി.റ്റി.സ്റ്റഡ് എന്നു സാധാരണ അറിയപ്പെടുന്ന ചാള്‍സ് തോമസ് സ്റ്റഡ് 1860-ല്‍ ഇംഗ്ലണ്ടിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ടു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ 19-ാമത്തെ വയസ്സില്‍ താന്‍ എറ്റോണ്‍ കോളേജില്‍ ക്രിക്കറ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്ന് അയാള്‍ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്രിക്കറ്റ് താരമായി കരുതപ്പെട്ടിരുന്നു. അതിലൂടെ ധാരാളം പണം ലഭിച്ചിരുന്നതിനാല്‍ സാമ്പത്തികമായി തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ക്രിക്കറ്റ് കളിയിലുളള തന്‍റെ അസാമാന്യ പാടവം മുഖാന്തരം തനിക്ക് മഹത്തായ അന്തര്‍ദേശീയ പ്രശസ്തി ലഭിച്ചു. എന്നാല്‍ ദൈവത്തിന് അദ്ദേഹത്തെക്കുറിച്ച് മറ്റൊരു ഉദ്ദേശ്യമായിരുന്നു ഉണ്ടായിരുന്നത്.

സി. റ്റി.സ്റ്റഡിന് 18 വയസ്സായപ്പോള്‍ ഒരു സഭാശുശ്രൂഷകന്‍ തന്നോട്: “നീ വീണ്ടും ജനിച്ച ദൈവ പൈതലാണോ?” എന്നു ചോദിച്ചു. ഈ ചോദ്യത്തിനു ശേഷം തന്‍റെ ജീവിതത്തെക്കുറിച്ച് താന്‍ ഒരു ആത്മപരിശോധന നടത്തുകയും ഹൃദയം കര്‍ത്താവിനായി സമര്‍പ്പിക്കുകയും ചെയ്തു. തന്‍റെ ഹൃദയം അപ്പോള്‍ സന്തോഷത്താലും സമാധാനത്താലും നിറയപ്പെട്ടു. എന്നാല്‍ തുടര്‍ന്നുളള ആറു വര്‍ഷക്കാലം താന്‍ പിന്മാറ്റാവസ്ഥയിലേക്ക് വഴുതിപ്പോയി. അതിനു ശേഷം തന്‍റെ കുറ്റത്തെക്കുറിച്ച് ഉണര്‍ന്നു. അതിനെക്കുറിച്ച് താന്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു. “ക്രിസ്തുവിന്‍റെ സ്നേഹത്തെക്കുറിച്ച് മറ്റുളളവരോട് പറയുന്നതിന് പകരം സ്വാര്‍ത്ഥതല്പരനായി എന്‍റെ അറിവ് എന്നില്‍ തന്നെ മറച്ചുവച്ചു. അതിന്‍റെ ഫലമായി സാവധാനം ക്രിസ്തുവിന്‍റെ സ്നേഹം എന്നില്‍ തണുക്കുകയും പകരം ലോകസ്നേഹം ഉളളിലേക്കു പ്രവേശിക്കുകയും ചെയ്തു”.

എങ്കിലും ദൈവം സ്റ്റഡിനോട് മനസ്സലിഞ്ഞ് രക്ഷയുടെ സന്തോഷത്തിലേക്ക് മടക്കി വരുത്തി. തന്‍റെ സഹോദരന്‍ രോഗത്തിന്‍റെ കാഠിന്യത്തില്‍ എത്തിയതിനാല്‍ സ്റ്റഡ് ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍ തുടങ്ങി. “മനുഷ്യന്‍ തന്‍റെ നിത്യതയെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അവന്‍റെ പേരിനും പ്രശസ്തിക്കും എന്ത് വിലയാണുളളത്?” ഈ ജീവിതത്തില്‍ സകലതും താല്ക്കാലികമാകുന്നു എന്ന യാഥാര്‍ത്ഥ്യം അയാള്‍ക്കു ബോധ്യമായി.താന്‍ ഇപ്രകാരം ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. “ക്രിക്കറ്റ് നിലനില്ക്കുന്നതല്ല,സ്ഥാനമാനങ്ങള്‍ നിലനില്ക്കുന്നതല്ല.ഈ ലോകത്തില്‍ യാതൊന്നും നിലനില്ക്കുന്നതല്ല എന്നു ഞാന്‍ അറിയുന്നു.എന്നാല്‍ വരുവാനുളള ലോകത്തിനായി ജീവിക്കുന്നതു മാത്രമെ നിലനില്ക്കുകയുളളു”. ഡി.എല്‍.മൂഡിയുടെ ഒരു യോഗത്തില്‍ സംബന്ധിച്ചപ്പോള്‍ സ്റ്റഡ് തന്‍റെ ജീവിതത്തെ പുന:പ്രതിഷ്ഠിക്കുകയും ക്രിസ്തുവുമായുളള കൂട്ടായ്മയിലേക്കു മടങ്ങിവരുകയും ചെയ്തു.ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ചെയ്ത തെറ്റ് പിന്നീട് താന്‍ ഒരിക്കലും ആവര്‍ത്തിച്ചിട്ടില്ല.തന്‍റെ ടീമിലെ മറ്റ് അംഗങ്ങളോടും സ്നേഹിതന്മാരോടും സാക്ഷ്യംപറഞ്ഞുകൊണ്ട് അനേകരെ താന്‍ ക്രിസ്തുവിന്‍റെ സ്നേഹത്തിലേക്ക് ആനയിക്കുകയുണ്ടായി. മറ്റുളളവരെ ക്രിസ്തുവിനായി നേടുന്നത് തന്‍റെ ഒരു ആവേശമായിരുന്നു. ചൈനയിലെ സുവിശേഷ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു മിഷനറിയുടെ പ്രസംഗം കേട്ടപ്പോള്‍ വിദേശ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റഡിന് വലിയോരു ആത്മഭാരം ഉണ്ടായി. തന്‍റെ ഒരു പ്രശസ്തമായ പ്രസ്താവന ഈ ഭാരം വെളിപ്പെടുത്തുന്നു.” പളളിമണിയുടെ ശബ്ദവലയത്തിനുളളില്‍ പാര്‍ക്കാന്‍ പലരും ആഗ്രഹിക്കുന്നു.എന്നാല്‍ നരകത്തിന് ഒരു വാരക്കുളളില്‍ ഒരു രക്ഷാമന്ദിരം നടത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”. സ്റ്റഡിന്‍റെ വലിയ ധനസമ്പത്തും ക്രിക്കറ്റ്താരം എന്ന പ്രശസ്തിയും ബൗദ്ധിക കഴിവുകളും ഈ ലോകത്തില്‍ വലിയ വിജയ വാഗ്ദാനങ്ങള്‍ നല്കിയിരുന്നതിനാല്‍ മിഷനറി പ്രവര്‍ത്തനങ്ങളിലൂടെ കര്‍ത്താവിനെ സേവിക്കണം എന്ന തന്‍റെ ആഗ്രഹത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കുവാന്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും സ്നേഹിതരും ആവുന്നത്ര പരിശ്രമിച്ചു. എന്നാല്‍ അദ്ദേഹം തന്‍റെ തീരുമാനത്തില്‍ ഉറച്ചുനിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “ആയിരക്കണക്കിന് ആത്മാക്കള്‍ ദിവസേന നശിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ ലോക ബഹുമതികള്‍ക്കായി എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാന കാലഘട്ടം ചെലവിടാന്‍ എനിക്കെങ്ങനെ സാധിക്കും?” ചൈനയില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഹഡ്സണ്‍ ടെയിലറോട് താന്‍ ഒരു അഭിമുഖം ആവശ്യപ്പെടുകയും അതിലൂടെ ചൈനയിലെ മിഷനറിപ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സ്റ്റഡിന്‍റെ ഈ തീരുമാനത്തെ തുടര്‍ന്ന് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ മറ്റ് ആറ് വിദ്യാര്‍ത്ഥികള്‍ക്കൂടെ ക്രിസ്തുവിന്‍റെ സുവിശഷത്തിനും നശിച്ചുപോകുന്ന ആത്മാക്കളുടെ രക്ഷയ്ക്കുമായി തങ്ങളുടെ ജീവിതത്തെ ഒഴിഞ്ഞു വയ്ക്കുവാന്‍ തീരുമാനിച്ചു. ചൈനയില്‍ അവര്‍ ചെയ്ത ത്യാഗോജ്വലമായ സുവിശഷപ്രവര്‍ത്തനങ്ങളാല്‍ “കേംബ്രിഡ്ജ് സെവന്‍” എന്ന പേരില്‍ അവര്‍ ഇന്നും സ്മരിക്കപ്പെടുന്നു.

ചൈനയില്‍ വച്ച് സ്റ്റഡ് ചൈനാക്കാരെപ്പോലെ വസ്ത്രം ധരിക്കുകയും ചൈനാക്കാരുടെ ആഹാരം ഭക്ഷിക്കുകയും ചൈനാക്കാരോട് സുവിശേഷം അറിയിക്കുവാന്‍ ചൈനീസ് ഭാഷ പഠിക്കുകയും ചെയ്തു. ചൈനയില്‍ പോയി അല്പ ദിവസത്തിനുളളില്‍ സ്റ്റഡിന് 25 വയസ് തികഞ്ഞു.തന്‍റെ പിതാവിന്‍റെ വില്‍പത്ര പ്രകാരം 25 വയസ് തികഞ്ഞപ്പോള്‍ സ്റ്റഡിന് പിതാവിന്‍റെ സ്വത്തിന്മേല്‍ തന്‍റെ ഓഹരിക്കുളള അവകാശം ലഭിച്ചു. വിശ്വാസത്താല്‍ ജീവിക്കുവാനും തന്‍റെ എല്ലാ ആവശ്യങ്ങള്‍ക്കും ദൈവത്തില്‍ മാത്രം ആശ്രയിക്കുവാനും സ്റ്റഡ് ഇതിനകം അഭ്യസിച്ചു കഴിഞ്ഞിരുന്നു. തന്‍റെ സകല സമ്പത്തും ക്രിസ്തുവിനായി ചെലവഴിക്കുമെന്നു സ്റ്റഡ് തീരുമാനമെടുത്തു. തനിക്ക് അവകാശപ്പെട്ട തുക എത്രയാണെന്ന് അറിയുന്നതിന് മുമ്പ്തന്നെ “മൂഡി ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്” ആരംഭിക്കുന്നതിന് ഡി.എല്‍ മൂഡിക്കും വിശ്വാസത്താല്‍ അനാഥാലയങ്ങള്‍ നടത്തിയിരുന്ന ജോര്‍ജ്ജ് മുളളറിനും ലണ്ടനില്‍ സാധു സംരക്ഷണം നടത്തിയിരുന്ന ജോര്‍ജ്ജ് ഹോളിന്‍സിനും ഇന്ത്യയില്‍ സാല്‍വേഷന്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ബൂത്ത്ടക്കറിനും വലിയ തുകയ്ക്കുളള ചെക്കുകള്‍ താന്‍ എഴുതിക്കൊടുത്തു. ചില മാസങ്ങള്‍ക്ക് ശേഷം തന്‍റെ അവകാശത്തിന്‍റെ കൃത്യമായ തുക ഗ്രഹിച്ചപ്പോള്‍ അര്‍ഹരായ ശുശ്രൂഷകര്‍ക്ക് താന്‍ വീണ്ടും വലിയ തുകകള്‍ സംഭാവനയായി നല്കി. അവസാനമായി മൂവായിരത്തി നാനൂറ് പൗണ്ട് മാത്രം തന്‍റെ പക്കല്‍ അവശേഷിക്കുകയും അത് തന്‍റെ വിവാഹ ആവശ്യങ്ങള്‍ക്കായി നീക്കി വയ്ക്കുകയും ചെയ്തു. ലോകത്തില്‍ ഏറ്റവും വിശ്വാസ യോഗ്യമായത് ദൈവവചനമാണെന്നും താന്‍ ദൈവത്തില്‍ ആശ്രയിച്ചതിനാല്‍ ദൈവം തന്‍റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും അദ്ദേഹം വിശ്വസിച്ചു.

ചൈനയില്‍ വച്ച് സ്റ്റഡ് പ്രസ്കില്ല ലിവിംങ്സ്റ്റണ്‍ സ്റ്റുവര്‍ട്ട് എന്നൊരു യുവതിയെ വിവാഹം ചെയ്തു. താന്‍ സ്വരൂപിച്ചു വച്ചിരുന്ന പണം വിവാഹത്തിനു മുമ്പേ പ്രസ്കില്ലക്ക് കൊടുത്തു.” ചാര്‍ളീ, ധനവാനായ യൗവ്വനക്കാരനോട് കര്‍ത്താവ് എന്താണ് കല്പിച്ചത്?” എന്ന് അവള്‍ ചോദിച്ചതിന് :”നിനക്കുളളതെല്ലാം വില്ക്കുക” എന്ന് സ്റ്റഡ് മറുപടി നല്കി. വിവാഹത്തിനായി സ്വരൂപിച്ചിരുന്ന തുക മുഴുവന്‍ കര്‍ത്താവിന്‍റെ വേലയ്ക്ക് ചിലവിടുവാനും തങ്ങളുടെ വിവാഹജീവിതം ദൈവത്തില്‍ ആശ്രയിച്ച് വിശ്വാസത്താല്‍ മാത്രം ആരംഭിക്കുവാനും അവര്‍ തീരുമാനിച്ചു.

സ്റ്റഡ് ദമ്പതികള്‍ക്ക് നാലു പെണ്‍മക്കള്‍ ജനിക്കുകയും ഏകദേശം 10 വര്‍ഷം അവര്‍ ചൈനയില്‍ കര്‍ത്താവിനായി അദ്ധ്വാനിക്കുകയും ചെയ്തു.അതിനു ശേഷം അനാരോഗ്യം നിമിത്തം ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോകുവാന്‍ അവര്‍ നിര്‍ബന്ധിതരായി. ക്രിസ്തുവിന്‍റെ വിളിയെക്കുറിച്ചും മിഷനറിപ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ചും അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ പ്രസംഗിക്കുന്നതിന് ആ കാലയളവുകളില്‍ സ്റ്റഡിന് ക്ഷണമുണ്ടായി. അതനുസരിച്ച് രണ്ടു വര്‍ഷത്തോളം തന്‍റെ ആത്മഭാരം പകര്‍ന്നുകൊണ്ട് സ്റ്റഡ് അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും തല്‍ഫലമായി പൂര്‍ണ്ണസമയ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി പലരും തങ്ങളുടെ ജീവിതത്തെ സമര്‍പ്പിക്കുകയും ചെയ്തു.

അല്പകാലത്തിനു ശേഷം സ്റ്റഡ് ദമ്പതികള്‍ ദക്ഷിണേന്ത്യയില്‍ വരികയും ആറു വര്‍ഷം അവിടുത്തെ ഒരു സഭയുടെ ചുമതല വഹിക്കുകയും ചെയ്തു. ഇന്ത്യയില്‍ സുവിശേഷം കൊണ്ടത്തിക്കണം എന്ന തന്‍റെ ചിരകാല സ്വപ്നം ഇതിലൂടെ നിറവേറ്റുവാന്‍ സാധിച്ചു. ആത്മാക്കള്‍ രക്ഷിക്കപ്പെടുന്നതുകാണുമ്പോള്‍ ഏതൊരു യഥാര്‍ത്ഥ മിഷനറിയേയും പോലെ തന്‍റെ ഹൃദയവും സന്തോഷത്താല്‍ നിറയുമായിരുന്നു. സുവിശേഷ വയല്‍ പ്രദേശത്തെക്കുറിച്ചുളള ഭാരം തന്‍റെ ഹൃദയത്തില്‍ എപ്പോഴും ഉണ്ടായിരുന്നു.

സ്റ്റഡ് ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയപ്പോള്‍ “ആഫ്രിക്കയില്‍ സുവിശേഷം എത്തിക്കുക” എന്ന പുതിയ നിയോഗം അഥവാ പുതിയ കല്പന കര്‍ത്താവില്‍ നിന്ന് ലഭിക്കുകയുണ്ടായി. 50 വയസ്സോളം പ്രായമായതിനാല്‍ ആരോഗ്യപ്രശ്നം ഉള്‍പ്പെടെ പല പ്രതിബന്ധങ്ങളെയും നേരിടേണ്ടി വന്നു. പോകുന്നതിനെ തടസ്സപ്പെടുത്തുവാന്‍ പലരും ശ്രമിച്ചെങ്കിലും കര്‍ത്താവ് ആവശ്യപ്പെട്ടതാകയാല്‍ തന്‍റെ ജീവന്‍ ബലികഴിച്ചും അത് അനുസരിക്കുക തന്നെ എന്നു തീരുമാനിച്ചു. വിമര്‍ശിച്ചവര്‍ക്ക് താന്‍ ഇപ്രകാരം മറുപടി നല്കി: “സ്നേഹിതരെ,പോകാനായി ദൈവം എന്നെ വിളിച്ചു, ഞാന്‍ പോകുക തന്നെ ചെയ്യും.എന്‍റെ ശവകുടീരത്തില്‍ ചവിട്ടി മറ്റ് യൗവ്വനക്കാര്‍ മുന്നേറുമാറ് ഞാന്‍ അവര്‍ക്ക് മുന്നോടിയായി പാതയൊരുക്കും!” തന്‍റെകുടുംബാംഗങ്ങളുടെയും സ്നേഹിതരുടെയും അഭ്യുദയകാംക്ഷികളുടെയും ഉപദേശത്തിന് വിരുദ്ധമായി തന്‍റെ ഭാര്യയെയും പെണ്‍മക്കളെയും ഇംഗ്ലണ്ടില്‍ വിട്ടിട്ട് ദൈവവിളി അനുസരിച്ച് താന്‍ വിശ്വാസത്താല്‍ യാത്ര തിരിച്ചു. സാമാന്യ ബുദ്ധിക്കു വിരുദ്ധമായ ഭോഷത്വമായി പ്രാരംഭത്തില്‍ തോന്നിയെങ്കിലും അന്നുവരെയും സുവിശേഷം എത്തിച്ചേരാത്ത ആഫ്രിക്കയിലെ ഏറ്റവും വിസ്തൃകമായ ഭൂപ്രദേശം സ്റ്റഡ് തിരഞ്ഞെടുത്തതിനാല്‍ അത് ആയിരക്കണക്കിന് ആഫ്രിക്കക്കാര്‍ക്ക് വലിയൊരു അനുഗ്രഹമായി ഭവിച്ചു. “യേശുക്രിസ്തു എനിക്കുവേണ്ടി ജീവന്‍ യാഗമാക്കിയ ദൈവമാണെങ്കില്‍ ഞാന്‍ അവനായി സഹിക്കുന്ന ഏതൊരു ത്യാഗവും അധികമായിപ്പോകുകയില്ല” എന്ന് അദ്ദേഹം ഏറ്റു പറഞ്ഞു.

ആഫ്രിക്കയില്‍ സ്റ്റഡിന് കര്‍ത്താവിനായി വളരെ കഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നു. ബലഹീനത,ആസ്മ,തുടര്‍ച്ചയായ മലമ്പനി,അതിസാരം,അതിശൈത്യം,ആവര്‍ത്തിച്ചുണ്ടായ ഹൃദയാഘാതം ഇത്യാദി വിവിധ രോഗങ്ങള്‍ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും ആയിരക്കണക്കിന് ജനത്തെ അഭിസംബോധന ചെയ്ത് ദിവസേന 8 മുതല്‍ 18 മണിക്കൂര്‍ വരെ ക്രിസ്തുവിന്‍റെ സുവിശേഷം താന്‍ പ്രസംഗിച്ചു പോന്നു. മരണം വരെ താന്‍ ആഫ്രിക്കയില്‍ തന്നെ തുടര്‍ന്നു. ശുശ്രൂഷ അവസാനിക്കുന്നതിനു മുമ്പ് തന്‍റെ വീട്ടിലേക്ക് ഇപ്രകാരം എഴുതി: എന്‍റെ നിര്യാണകാലം അടുത്തിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ എനിക്ക് സന്തോഷം പകരുന്ന ചില വസ്തുതകള്‍ ചുവടെ ചേര്‍ക്കുന്നു:

1. എന്നെ ദൈവം ചൈനയിലേക്ക് ക്ഷണിച്ചപ്പോള്‍ എന്നെ സ്നേഹിക്കുന്നവരുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ ഞാന്‍ അവിടേക്ക് പോകുകയുണ്ടായി

2. ധനവാനായ യൗവ്വനക്കാരനോട് ക്രിസ്തു ആവശ്യപ്പെട്ട കാര്യം ഞാന്‍ എന്‍റെ ജീവിതത്തില്‍ സന്തോഷത്തോടെ നിറവേറ്റി.

3. ദൈവവിളി ലഭിച്ചപ്പോള്‍ ഞാന്‍ ഏകനായി ആഫ്രിക്കയില്‍ പോകുകയും കര്‍ത്താവിന്‍റെ വേലയില്‍ എന്‍റെ ജീവന്‍ അര്‍പ്പിക്കുകയും ചെയ്തു. അത് മേലാല്‍ സുഡാനില്‍ മാത്രമല്ല പ്രത്യുത, സുവിശേഷം എത്തിച്ചേരാത്ത മുഴു ലോകത്തിനും ഉളളതത്രേ.

ദൈവം എന്നെ ഏല്പ്പിച്ച പ്രവൃത്തി ഞാന്‍ നിരസിച്ചിട്ടില്ല എന്നതാണ് എന്‍റെ ഏക പ്രാഗത്ഭ്യം.

1931-ാം ആണ്ട് ജൂലൈ 16-ാം തീയതി തന്‍റെ എഴുപതാമത്തെ വയസ്സില്‍ സി.റ്റി.സ്റ്റഡ് താന്‍ സന്തോഷത്തോടെ സേവിച്ച പ്രിയ രക്ഷിതാവിന്‍റെ സ്നേഹകരങ്ങളില്‍ നിത്യവിശ്രാമം പ്രാപിച്ചു. ആഫ്രിക്കയിലെ എല്ലാ പരീക്ഷകളുടെയും പ്രതിസന്ധികളുടെയും മദ്ധ്യേ തന്‍റെ യജമാനന്‍റെ ശുശ്രൂഷയില്‍ അവസാനത്തോളം വിശ്വസ്തനായി നിലകൊണ്ടു. അവസാന ജയഘോഷ വാക്കായി “ഹല്ലേലൂയാ!” എന്നു ഉച്ചരിച്ചുകൊണ്ട് താന്‍ ക്രിസ്തുവില്‍ മറഞ്ഞു.