സത്യവേദപുസ്തകത്തിൽ
മതിലുകളെ കുറിച്ച് അനേകം പരാമർശങ്ങളുണ്ട്. ഈ ഭൂമിയിൽ മനുഷ്യർ പണിയുന്ന മതിലുകൾ ഉണ്ട്. അതിർത്തി നിശ്ചയിക്കുന്നതിനും, ദുഷ്ടജന്തുക്കളിൽ നിന്നും
ദുഷ്ടമനുഷ്യരിൽ നിന്നും
ഒരു പരിധി വരെ രക്ഷ നേടുന്നതിന് ഈ മതിലുകൾ സഹായമാണ്.
അവയെല്ലാം താൽക്കാലികം മാത്രമാണ്. വേദപുസ്തകത്തിൽ
ആത്മീയപ്രാധാന്യമുള്ള
മതിലുകളെ പറ്റി പ്രതിപാദിക്കുന്നു.
1) തീമതിൽ
” എന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു”
സെഖർയ്യാവു 2:5
ഈ ലോകം മുഴുവനും സാത്താൻ്റെ അധീനതയിൽ കിടക്കുന്നു. അവൻ ഭൂമിയിൽ ആരെ വീഴ്ത്തേണ്ടു എന്ന് നോക്കി ഊടാടി സഞ്ചരിക്കുന്നു. ദൈവം നമുക്ക് ചുറ്റും തീമതിൽ തീർത്ത് സകല പാപത്തിൽ നിന്നും, അക്യത്യത്തിൽ നിന്നും
തിന്മകളുടെ ആക്രമണങ്ങളിൽ നിന്നും നമ്മെ കാത്ത് പരിപാലിക്കുന്നു.
2) രക്ഷാമതിൽ
ആദാം, ഹവ്വാ ദമ്പതികൾ
പാപത്തിൽ വീണപ്പോൾ
അവർ തിരിച്ച് ഏദെൻതോട്ടത്തിൽ കയറി ജീവവ്യക്ഷത്തിൻ്റെ ഫലം തിന്മാതിരിപ്പാൻ ദൈവം ഏദെൻ തോട്ടത്തിന് കിഴക്ക് കെരൂബുകളെ തിരിഞ്ഞു
കൊണ്ടിരിക്കുന്ന വാളിൻ്റെ ജ്വാലയുമായി നിറുത്തി എന്ന് ഉല്പത്തി പുസ്തകം 3ൽ 24-ാം വാക്യത്തിൽ നാം വായിക്കുന്നു. എന്നാൽ പിതാവായ ദൈവത്തിന് മനുഷ്യരോട് കരുണ തോന്നി സ്വന്തം പുത്രനെ ഭൂമിക്ക് നൽകി ഏദെനിൽ വച്ച് നഷ്ടപ്പെടുത്തിയ ജീവൻ്റെ വ്യക്ഷത്തിനുള്ള യോഗ്യത നൽകി ഒരു രക്ഷാമതിൽ
തീർത്തു.
“അന്നാളിൽ അവർ യെഹൂദാദേശത്തു ഈ പാട്ടു പാടും: നമുക്കു ബലമുള്ളോരു പട്ടണം ഉണ്ടു; അവൻ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവെക്കുന്നു”
യെശയ്യാ 26:1
യേശു നൽകിയ ഈ രക്ഷ ഒരു ശിരസ്ത്രം പോലെ ഒരു ഉറച്ച മതിൽ പോലെ നമ്മെ കാത്ത് സൂക്ഷിക്കുന്നു.
3) പ്രാർത്ഥനാമതിൽ
” ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നിൽക്കേണ്ടതിന്നു ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും”
യേഹേസ്കേൽ 22:30
ദൈവം പ്രാർത്ഥനാവീരന്മാരെ
തിരയുന്നു. മോശെ ജനത്തിനുവേണ്ടി ഇടിവിൽ നിന്ന് പ്രാർത്ഥിക്കയും യഹോവ ഉത്തരം അരുളുകയും ചെയ്തു. സോദൊം ഗോമൊര എന്നീ പട്ടണങ്ങൾ നശിപ്പിക്കുവാൻ പോകുന്നെന്ന് യഹോവയുടെ അരുളപ്പാട് ഉണ്ടായപ്പോൾ
അബ്രാഹാം ഒരു പ്രാർത്ഥനാമതിൽ പണിതു. അതിന്റെ ഫലമായി ലോത്തിനേയും
കുടുംബത്തേയും യഹോവ രക്ഷിക്കുന്നു.
നാം മറ്റുള്ളവർക്കായി പ്രാർത്ഥനാമതിൽ തീർക്കണം. നാം നമ്മുടെ
ദേശത്തിനും, രാജ്യത്തിനും, സഭകൾക്കും വേണ്ടി പ്രാർത്ഥിക്കണം.
4) ആത്മസംയമനമതിൽ
ജീവിതത്തിൽ നാം ഇന്ദ്രീയജയത്തിൻ്റേയും
ആത്മ നിയന്ത്രണത്തിൻ്റേയും
മതിലുകൾ പണിയണം. അല്ലെങ്കിൽ ദൈവം നമുക്കനുകൂലമായി പണിത മതിലുകൾ തകർന്നുപോകും.
” ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു”
സദൃശ്യവാക്യങ്ങൾ 25:28
സകലതും ദൈവത്തിന്റെ നിയന്ത്രണത്തിൽ ആണെങ്കിൽ ഒരു ശക്തിക്കും ദൈവം പണിത മതിലുകളെ തകർക്കുവാൻ കഴികയില്ല. അവർ ജീവിതത്തിൽ പ്രതിസന്ധികളായി നിൽക്കുന്ന മതിലുകളെ ചാടി കടക്കും. അവർ ദാവീദിനെ പോലെ ഇങ്ങനെ പറയും.
” നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും”
18-ാം സങ്കീ 29-ാം വാക്യം.
യെരീഹൊ മതിലിൽ വീണത്, സ്തുതിയുടേയും
ആരാധനയുടേയും കാഹളം മുഴങ്ങിയപ്പോഴാണ്. ആരാധനയാലും ,
സ്തുതികളാലും, വചനത്താലും, പ്രാർത്ഥനയാലും നമുക്കെതിരെ നിൽക്കുന്ന മതിലുകളെ തകർക്കാം. നീതിമാനായ ജോസഫ് മതിലിനു മീതെ
പന്തലിച്ച് വളർന്നു.
“യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിന്നരികെ ഫലപ്രദമായോരു വൃക്ഷം തന്നേ; അതിന്റെ കൊമ്പുകൾ മതിലിന്മേൽ പടരുന്നു” ഉല്പത്തി 49:22
5) നിത്യമായ, മനോഹരമതിൽ
സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങുന്ന യെരൂശലേമെന്ന
വിശുദ്ധനഗരത്തിനു ചുറ്റും മനോഹരമായ മതിൽ.
“അതിനു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു.കിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം.
വെളിപ്പാട്21:12,13
ദൈവം നമുക്കുവേണ്ടി പണിത തീമതിലിനുള്ളിൽ
വിശ്വാസത്താലും, പ്രാർത്ഥനയാലും ആരാധാനയാലും വസിച്ച്,
സാത്താൻ നമുക്കെതിരെ
കൊണ്ടുവരുന്ന മതിലുകളെ തകർത്ത് ഇന്ദ്രീയജയവും, ആത്മനിയന്ത്രണവും
പാലിച്ച് ജീവിച്ചാൽ, സാത്താൻ കൊണ്ടുവരുന്ന മതിലുകളിൽ പടർന്നു കയറി ഫലപ്രദമായ വ്യക്ഷം പോലെ പരിശോഭിക്കുവാൻ
നമുക്ക് കഴിയും. അങ്ങനെയുള്ളവർക്ക്
ലഭിക്കും യെരുശലേം എന്ന വിശുദ്ധ നഗരവും, അതിൻ്റെ ചുറ്റുമുള്ള മനോഹരമായ മതിലും. എത്ര ജീവിച്ചാലും
കൊതി തീരാത്ത ആ മനോഹരമായ വിശുദ്ധനഗരത്തിനും മതിലിനുമായി വിശുദ്ധിയോടെ
കാത്തിരിക്കാം.
Leave a Reply