ദൈവസാന്നിധ്യമിറങ്ങിയ പർവ്വതങ്ങളെ കുറിച്ചു നമുക്കു ചിന്തിക്കാം.
1.അരാരത്ത് പർവ്വതം
ഈ പർവ്വതം എല്ലാം പുതുക്കുന്ന പർവ്വതമാണു.
മഴയെപറ്റി കേട്ടുകേൾവി പോലും ഇല്ലാതിരുന്ന അക്കാലത്തു നീതിമാനായ നോഹ ദൈവം തന്നോടു കല്പിച്ചതൊക്കെയും
ചെയ്തു. നോഹയുടെ കാലത്തു ജല പ്രളയത്താൽ ഭൂമി നശിച്ചു. ദൈവം നോഹയേയും നോഹയുടെ കുടുംബത്തെയും ഓർത്തു. ദൈവം ഉറവുകളെ അടച്ചു. പുതിയ ആകാശവും പുതിയ ഭൂമിയും നൽകി. അരാരത്തു പർവ്വതം എല്ലാം പുതുതാക്കുന്ന പർവ്വതമാണു.
ഒരുവൻ ക്രിസ്തുവിലായാൽ
അവൻ പുതിയ സ്യഷ്ടിയാകുന്നു.
ഈ ക്യപായുഗത്തിൽ രക്ഷയുടെ പെട്ടകത്തിൽ എത്രയും വേഗം കയറുക. ദൈവം എന്നാണു
ഈ വാതിൽ അടക്കുക എന്നു ആർക്കും അറിയുകയില്ല.
2) മോറിയ മല
ഈ മല പരീക്ഷണത്തിന്റെയും, വിശ്വാസത്തിന്റെയും മലയാണു.
ഈ മല നമ്മെ പഠിപ്പിക്കുന്നതു
“യഹോവയിരെ”.യഹോവ നമ്മെ കരുതുന്നു
എന്നാണു.
അബ്രാഹാം ദൈവത്തിന്റെ വാക്കനുസരിച്ചു തന്റെ ഏകജാതനായ ഇസഹാക്കിനെ
ബലി കഴിക്കാൻ കൊണ്ടുപോയപ്പോൾ, ഹോമയാഗത്തിനുള്ള ആടെവിടെ എന്ന ചോദ്യത്തിനു,
ദൈവം കുഞ്ഞാടിനെ കാണിച്ചു
കൊടുത്ത കരുതലിന്റെ മലയാണിത്.
അബ്രാഹാമിനെ
വിശ്വാസത്താൽ സ്ഥിരപ്പെടുത്തി രക്ഷയെ ചൂണ്ടികാണിച്ച മല.
ഹോമയാഗത്തിനുള്ള ആടെവിടെ? എന്ന ചോദ്യത്തിനു
യോഹന്നാൻ സ്നാപകൻ ഉത്തരം നൽകി.
“ഇതാ ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു” യോഹന്നാൻ 1:29
മോറിയമല മനുഷ്യകുലത്തിന്റെ
കരുതലിന്റെ മല.
3) “ഹോരേബ് പർവ്വതം അതായതു സീനായ് മല.
ഹോരേബ് പർവതം ദൈവത്തിന്റെ പർവ്വതമാണു. ഈ പർവ്വതത്തിലേക്കു ആടുകളെ മേയ്ക്കാൻ പോയ മോശക്കു, ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ടു വലിയൊരു ദൗത്യം നൽകി. മോശ പാറയെ അടിച്ചു വെള്ളം നൽകിയതു സീനായ് മരുഭൂമിയിൽ ആണു. ദൈവം എഴുതിയ പത്തു കല്പനകൾ മോശക്കു നൽകിയതും ഈ പർവ്വതത്തിലാണു. വചനം കേട്ടു ദൈവ സാന്നിധ്യത്തിൽ ഇരുന്നപ്പോൾ മോശയുടെ ത്വക്കു പ്രകാശിച്ചതു ഈ പർവ്വതത്തിൽ ആണു .വചനം കേൾക്കുവാൻ കയറി വരികയെന്നു ദൈവം ഇന്നും നമ്മോടു പറയുന്നു. “എന്റെ വചനം തീ പോലെയും,പാറയെ തകർക്കുന്ന ചുറ്റിക പോലെയും, അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു”
യിരെമ്യാവ് 23 :29
4) കർമ്മേൽ പർവ്വതം.
ദൈവം തീകൊണ്ടു ഉത്തരമരുളിയ പർവ്വതം. ഏലിയാവ്, ബാലിന്റെ പ്രവാചകന്മാരേയും മറ്റും കൂട്ടി വരുത്തി യഹോവക്കു ബലി കഴിക്കുവാനും ആരുടെ ദൈവം ആണോ ഇറങ്ങിവന്നു ബലിയെ സ്വീകരിക്കുന്നതു, ആ ദൈവം സത്യദൈവം എന്നു പറഞ്ഞു. ദൈവത്തിന്റെ തീ ഇറങ്ങി ഏലിയാവിന്റെ വിറകും മണ്ണും ഹോമയാഗവും ദഹിപ്പിച്ചു. യഹോവ തന്നെ ദൈവം എന്നു തെളിയിച്ച മലയാണു മോറിയാ മല. നമ്മുടെ ജീവിതത്തിലും തീയ്യിലൂടെ കടന്നുപോകുന്ന അനുഭവങ്ങൾ കടന്നുവരുമ്പോൾ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ ദൈവം നിശ്ചയമായും ഇറങ്ങിവന്നു നമുക്കു ഉത്തരമരുളും.
5) മറുരൂപമല
ഈ മല പ്രാർത്ഥനയുടെ,
തേജസ്ക്കരുണത്തിന്റെ ,ദൈവസാക്ഷ്യത്തിന്റെ മലയാണു. യേശു പത്രോസ്,യാക്കോബ് ,യോഹന്നാൻ എന്നിവരോടൊപ്പം പ്രാർത്ഥിക്കാൻ പോയതും, ഏലിയാവും മോശയും പ്രത്യക്ഷപ്പെട്ട് സ്വർഗീയ സംഭാഷണത്തിൽ ഏർപ്പെടുന്നതും, യേശുവിന്റെ വസ്ത്രം ഒരു അലക്കുകാരനും വെളുപ്പിക്കാൻ കഴിയാത്തവിധം നിർമ്മലമായതും , യേശു സൂര്യനെപ്പോലെ പ്രകാശിച്ചതും, സ്വർഗ്ഗം യേശുവിനെ നോക്കി
“ഇവനെന്റെ പ്രിയപുത്രൻ” എന്നു സാക്ഷിച്ചതും ഈ മലയിൽ വച്ചാണ്. നമ്മെ നോക്കി സ്വർഗ്ഗം പറയുമോ നാം ദൈവമക്കളാണെന്നു. ദൈവമക്കളായി തീരുവാൻ ഒരു വഴി മാത്രം മാത്രം.
“അവനെ കൈകൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു” യോഹന്നാൻ. 1:12
6) കാൽവരിമല അഥവാ ഗോഗുൽത്താമല .
തലയോടിടം എന്നർത്ഥം.
ഇതു നമ്മുടെ രക്ഷക്കായി യേശു യാഗമായ മല. കളളന്മാരുടെ മദ്ധ്യത്തിൽ രക്ഷകൻ മൂന്നാണിയിൽ ആറുമണിക്കൂർ തൂങ്ങികിടന്ന മല.
ഏഴു മൊഴികൾ ഉരുവിട്ട മല. എല്ലാം നിവ്യത്തിയായി എന്നു പറഞ്ഞു യേശു ജീവനെ വെടിഞ്ഞ മല.
നമ്മുടെ ജീവിതത്തിലും പിതാവിനെ നോക്കി നമ്മുടെ ദൗത്യം പൂർത്തീകരിച്ചുവെന്നു
നമുക്കു പറയാനാകുമോ..?
പാപപരിഹാരത്തിനായി കാൽവരി ക്രൂശിലേക്കു നോക്കാം…
7) ഒലിവുമല
മഹത്വത്തിന്റെ, അനുഗ്രഹത്തിന്റെ മല.
“ഗലീല പുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കി നിൽക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതു പോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു . അപ്പൊ.പ്രവ്യ 1 :11
ഈ മല പ്രതീക്ഷയുടെ മല. ജീവിതത്തിൽ പർവ്വതം പോലെ
വഴിമുട്ടി നിൽക്കുന്ന ജീവിതപ്രശ്നങ്ങൾ ഉണ്ടോ? നല്ലവനായ ദൈവം ഉത്തരം അരുളും. കാരണം യഹോവ
പർവ്വതങ്ങളുടേയും താഴ്വരകളുടേയും ദൈവമാകുന്നു.
നമുക്കൊരു പ്രതീക്ഷയുണ്ടു.
നമ്മുടെ പ്രാണനാഥൻ വരും. നമ്മെ മാറോടണക്കും
വിശുദ്ധിയെ തികച്ചു ആ നല്ല ദിവസത്തിനായി ഒരുങ്ങിയിരിക്കാം…
Leave a Reply