ദൈവം ഉത്സാഹികളെ വിളിക്കുന്നു. അലസതയും, മടിയും ഉള്ളവർക്കല്ല സുവിശേഷ വേല.
വേദപുസ്തകത്തിൽ വിളിക്കപ്പെട്ടവരെല്ലാം അവരുടെ ജോലി ഉത്സാഹത്തോടെ ചെയ്തവരാണ്.

മോശയെ ദൈവം വിളിച്ചത് അമ്മായിയപ്പന്റെ ആടുകളെ മേയ്ച്ചു കൊണ്ടിരുന്നപ്പോഴാണ്. ശൗലിന്റെ മേൽ അഭിഷേക തൈലം വീഴുന്നത് വീട്ടിൽ വെറുതെ ഇരുന്നപ്പോഴെല്ല. അപ്പൻ്റെ കഴുതകളെ അന്വേഷിച്ച് യാത്ര ചെയ്തു
കൊണ്ടിരിക്കുമ്പോഴാണ്. ദാവീദിനെ അഭിഷേകം തേടിവന്നത് അവൻ കാട്ടിൽ ആടുകളെ പാലിച്ചുകൊണ്ട്
ഇരുന്നപ്പോൾ ആണ്. ആമോസിനെ ദൈവം വിളിച്ചത് കാട്ടത്തീപഴം പെറുക്കി കൊണ്ടിരിക്കുമ്പോഴാണ്. യോശുവാ, ഇസ്രായേലിന്റെ നായകനായി നിയമിക്കപ്പെട്ടത്, കൂടാരം വിട്ടു പിരിയാതെ മോശയുടെ ഭ്യത്യനായി, തുടർന്നതിനാലാണ്. പത്രോസിനെയും അന്ത്രയോസിനേയും കർത്താവിൻ്റെ വേലയ്ക്കായി വിളിച്ചത് അവർ അവരുടെ ജോലി ചെയ്യുമ്പോഴാണ്. യാക്കോബിനെയും യോഹന്നാനെയും യേശു വിളിക്കുന്നത് അവർ വല നന്നാക്കുമ്പോൾ ആയിരുന്നു. മത്തായിയെ യേശു വിളിക്കുന്നത് അവൻ ചുങ്കസ്ഥലത്ത് ഇരുന്ന് തന്റെ ഉത്തരവാദിത്വം നിർവഹിക്കുമ്പോൾ ആയിരുന്നു. പൗലോസിനെ കർത്താവ് വിളിക്കുന്നത് അവൻ ക്രിസ്ത്യാനികളെ പീഡിപ്പിക്കുക എന്ന തൻ്റെ ജോലി ആഘോഷത്തോടെ ചെയ്യുമ്പോൾ ആയിരുന്നു.

മടിയന്മാരെ ദൈവം ഒരിക്കൽ പോലും വിളിച്ചില്ല. മടിയനെ കുറിച്ച് സദ്യശ്യവാക്യങ്ങളിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

” മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും?
കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടിക്കിടക്ക.
അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും”
സദൃശ്യവാക്യങ്ങൾ 6:9-11

ദൈവവേലക്കാരൻ തൻ്റെ ശുശ്രൂഷയിൽ മടിയനാകാനോ, അലസനാകാനോ പാടില്ല.
പ്രാർത്ഥനയിലും, വചനശുശ്രൂഷയിലും, ഉറ്റിരിക്കും എന്ന് പറഞ്ഞ അപ്പൊസ്തലന്മാരുടെ മാത്യക അവൻ പിന്തുടരേണം. ഉത്സാഹികളുടെ താലന്തുകൾ വർദ്ധിക്കും.
ഉത്സാഹികൾക്കാണ് വിശ്വസ്തരാകുവാൻ കഴിയുക.

ദൈവം ജീവിതത്തിൽ ഒരു ശുദ്ധീകരണ
പ്രക്രിയയിലൂടെ കടത്തിവിട്ട് ചിലരെ ദൈവവേലക്കായി വിളിക്കുന്നത് കാണാം. ഹോരേബ് പർവ്വതത്തിൽ വെച്ച് ദൈവം മോശയെ വിളിച്ചപ്പോൾ ശുദ്ധീകരണത്തിന്റെ അടയാളമായി അവൻ്റെ ചെരുപ്പ് ഊരികളയാൻ ആവശ്യപ്പെട്ടു. യെശയ്യാവിനെ പ്രവാചകനായി നിയമിച്ചത് ശ്രദ്ധിക്കുക കനൽ കൊണ്ട് അവൻ്റെ നാവിനെ തൊട്ട് ശുദ്ധീകരിച്ചു. അനന്തരമാണ് ഞാൻ ആരെ അയക്കേണ്ടു? ആർ എനിക്കുവേണ്ടി പോകും? എന്ന നിയോഗത്തിന്റെ ശബ്ദം മുഴങ്ങിയത്. യിരെമ്യാവിനേയും വിശുദ്ധീകരിച്ച ശേഷമാണ് പ്രവാചകനായി നിയമിച്ചത്.

“നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു”
യിരേമ്യാവു 1:5

ദൈവവിളിയുള്ളവരെ
ദൈവം വ്യത്യസ്തമായ
പരിശീലനങ്ങൾ നൽകി വിളിക്കുന്നതായി കാണാം. ദൈവം മോശെയെ രണ്ടു ഘട്ടങ്ങളിലൂടെ പരിശീലിപ്പിച്ചു. ആദ്യത്തെ നാല്പത് വർഷം മിസ്രയീം കൊട്ടാരത്തിൽ ജീവിച്ച മോശെ വാക്കിലും ജ്ഞാനത്തിലും സമർത്ഥനായിരുന്നു.
അടുത്ത നാല്പത് വർഷങ്ങളിൽ ആട്ടിടയനായി അന്യദേശത്തിൽ വസിച്ച്
താഴ്മയും സൗമ്യതയും ഉള്ളവനായി. അങ്ങനെ അടുത്ത നാല്പത് വർഷം ദൈവം അവനെ ഏറ്റവും പ്രയോജനപ്പെടുത്തി.

അഭിഷേകം ലഭിച്ചയുടനെ
ദാവീദിന് സിംഹാസനം ലഭിച്ചില്ല.അനേകം കഷ്ടങ്ങളിലൂടെ അവനെ കടത്തിവിട്ട് ദൈവം അവനെ ഒരുക്കിയെടുത്തു. ഈ കാലഘട്ടങ്ങളിലെല്ലാം
ദാവീദ് ദൈവത്തോട് വിശ്വസ്തനും ദൈവത്തെ
സ്തുതിക്കുന്നവനും ആയിരുന്നു. അതുകൊണ്ട് ദാവീദ് രാജാവിന്റെ കാലഘട്ടം ദൈവം സുവർണ്ണ കാലഘട്ടം ആക്കി മാറ്റി.
പൗലൊസിൻ്റെ ജീവിതത്തിലും രണ്ട് കാലഘട്ടം കാണാം.
തികഞ്ഞ പരീശനും നല്ലൊരു
ന്യായപ്രമാണവക്താവും
ആയിരുന്ന ഒന്നാം ഘട്ടം.
പിന്നീട് ദമസ്കൊസിലെ
മാനസാന്തരം. അതിനുശേഷം മൂന്ന് വർഷം അറേബ്യയിലെ ഏകാന്തവാസം. അങ്ങനെ ദൈവം പൗലൊസിനെ ദൈവത്തിന് ഏറ്റവും പ്രയോജനപ്പെട്ട മകനാക്കിതീർത്തു.

എല്ലാവരുടേയും ജീവിതത്തിൽ വ്യത്യസ്തമായ
ദൈവവിളികൾ ഉണ്ട്. അവയെ നാം തിരിച്ചറിയണം. ജീവിതത്തിൽ കഷ്ടങ്ങളും പ്രയാസങ്ങളും ശോധനകളും അഭിമുഖീകരിക്കുന്നു
എങ്കിൽ അവയെല്ലാം
വിശുദ്ധിയിലേക്ക് നമ്മെ
നയിക്കുന്ന ചില ഒരുക്കങ്ങൾ മാത്രമാണ്.
ശുശ്രൂഷകന് ആത്മീക ഒരുക്കം വേണം. കഷ്ടതകളുടെ തീയ്യിൽ നാം ശോധന ചെയ്യപ്പെടുമ്പോൾ നാം കൂടുതൽ തിളക്കമുള്ളവർ ആകും.
നാം വിശ്വാസത്തിൽ സ്ഥിരതയുള്ളവർ ആകും.
നാം ദൈവവിളി തിരിച്ചറിയും. ലഭിക്കുവാൻ പോകുന്ന നിത്യതേജസിൻ്റെ ഘനം
നാം തിരിച്ചറിയും.

“എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ
നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.
എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.
യാക്കൊബ് 1:2-4

ജീവിതത്തിലെ ഏതു സാഹചര്യത്തിലും ദൈവസന്നിധിയിൽ താണിരുന്ന് ദൈവവിളി തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ സർവ്വേശ്വരൻ ക്യപ നൽകട്ടെ…