കണ്ണുനീർ മാറ്റുന്ന പുസ്തകമാണ് സത്യവേദപുസ്തകം. കണ്ണീർ തുടച്ച് ആനന്ദം നൽകുന്നവനാണ് യേശു.
” അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.
വെളിപ്പാടു 21:4,5
നമ്മുടെ ദു:ഖത്തെ സന്തോഷമാക്കുന്നവൻ
ആണ് യേശു. നമ്മുടെ വിലാപത്തെ ന്യത്തമാക്കുന്നവനാണ്
യേശു. ക്രിസ്തീയജീവിതം
സുഖവും ദു:ഖവും നിറഞ്ഞതാണെങ്കിലും എന്നും നമുക്ക് ദു:ഖം ഉണ്ടാകയില്ല.
“അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു”
30-ാം സങ്കീ 5-ാം വാക്യം
ദു:ഖത്തിൻ്റേയും, നിരാശയുടേയും, കടബാദ്ധ്യതകളുടേയും
രോഗത്തിൻ്റേയും ആകുലതകളുടേയും
സന്ധ്യകൾ ജീവിതത്തിൽ ഉണ്ടാകാം. ശരിയായി പ്രാർത്ഥിക്കുവാൻ പോലും കഴിയാതെ മനസ് തകർന്ന അവസ്ഥകൾ ജീവിതത്തിൽ കടന്നുവരാം. കഷ്ടതകളുടെ രാത്രിയിൽ
കണ്ണീർ കാണുന്നതിനോ
സഹായത്തിനോ ആരും കടന്നുവരണമെന്നില്ല. എന്നാൽ നിന്റെ കണ്ണുനീർ
കാണുന്ന ഒരു ദൈവം ഉണ്ട്. വേദനയുടെ രാത്രിയാമങ്ങൾ കഴിഞ്ഞാൽ ഒരു പ്രഭാതസൂര്യൻ്റെ ഉദയമുണ്ട്. ആ പ്രഭാതസൂര്യൻ്റെ കിരണങ്ങൾ നിന്നെ ആനന്ദഘോഷങ്ങളിൽ
വഴി നടത്തും. യേശു ആണ് ആ ഉദയസൂര്യൻ.
ലേവ്യപുസ്തകം ആറാം അദ്ധ്യായത്തിൽ ഹോമയാഗത്തെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.
“ഹോമയാഗത്തിന്റെ പ്രമാണമാവിതു: ഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കയും യാഗപീഠത്തിലെ തീ അതിനാൽ കത്തിക്കൊണ്ടിരിക്കയും വേണം. യാഗപീഠത്തിന്മേൽ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണംലേവ്യപുസ്തകം 6:9,12
ഹോമയാഗത്തിനായി ഉപയോഗിക്കുന്നത് കാള,
കോലാട്,കുറുപ്രാവ് ,
പ്രാവിൻകുഞ്ഞ് എന്നിവയെ ആണ്.
ഇവ തീയ്യിൽ രാത്രി മുഴുവനും കത്തിയെരിയണം. അപ്പോൾ അവ സൗരഭ്യയാഗമായി സ്വർഗ്ഗം സ്വീകരിക്കുന്നു.
ജീവിതത്തിൽ പൊന്നും വെള്ളിയും തീയ്യിൽ ഉരുക്കി ശോധന ചെയ്യുന്നു.
അതുപോലെയുള്ള ശോധനകൾ
ഉണ്ടാകാം. തട്ടാൻ്റെ കരസ്പർശനം
ഏൽക്കാതെ, തട്ടാൻ തീയ്യിലിട്ട് ചുട്ടും അടിച്ചും രൂപാന്തരപ്പെടുത്താതെ,
ഒരു പൊന്നും മനോഹരമായ ആഭരണമായ് മാറുകയില്ല. കുശവൻ്റെ പാദസ്പർശനവും, കരസ്പർശനവും
ഏൽക്കാത്ത ഒരു മണ്ണും മനോഹരമായ
മാനപാത്രമായി മാറുകയില്ല. തോട്ടക്കാരൻ തൻ്റെ മൂർച്ചയുള്ള ആയുധത്താൽ ചെത്തി വെടിപ്പാക്കാത്ത ഒരു വ്യക്ഷവും ഫലം നൽകില്ല.
സൗരഭ്യമേറിയ മനോഹരമായ പുഷ്പങ്ങൾ വിടരണമെങ്കിൽ ച്ചെടിക്ക് ഒരു ചെത്തി വെടിപ്പാക്കൽ
ആവശ്യമാണ്.
കഷ്ടതകളുടെ രാത്രികൾ
ജീവിതത്തിലെ ചെത്തിവെടിപ്പാക്കലുകൾ മാത്രമാണ്. അവ
ആനന്ദഘോഷത്തിൻ്റെ
പ്രഭാതം നൽകും.
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് ഒരു വാചകം ചുമരിൽ എഴുതണമെന്ന് പറഞ്ഞു, ഒരു നിബന്ധനയും വച്ചു. സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും, ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷവും നൽകുന്നതായിരിക്കണം അത് . ജീവിതത്തിൽ അമിതമായി ദുഃഖിക്കാതിരിയ്ക്കാനും മതിമറന്നു ആഹ്ലാദിക്കാതിരിക്കാനും എപ്പോഴും തന്നെ ഓർമ്മപ്പെടുത്തുന്ന ഒരു വാചകം . ജ്ഞാനിയായ ബീർബൽ എഴുതി
“ഈ സമയവും കടന്നു പോവും”
ദുഃഖ സമയത്ത് കരുത്തേകുന്ന വാചകമാണിത്.
യേശുവിന്റെ ശിഷ്യന്മാർ അനേകം പീഢനങ്ങൾ സഹിക്കേണ്ടതായി വന്നു.
ഹെരോദാരാജാവിൻ്റെ കാലത്ത് യാക്കോബിൻ്റെ തല അറുത്തു. പിറ്റേദിവസം
പത്രൊസിൻ്റെ തല അറുക്കുവാനായി പത്രൊസിനെ കാരാഗ്യഹത്തിൽ അടച്ചു.
ചങ്ങലയാൽ ബന്ധിതനാക്കി. രണ്ടു പടയാളികളുടെ നടുവിൽ കിടന്നിട്ടും, പിറ്റേ ദിവസം
തൻ്റെ തല വെട്ടുമെന്ന്
ബോദ്ധ്യം ഉണ്ടായിട്ടും പത്രൊസ് പടയാളികളുടെ
മദ്ധ്യത്തിൽ സുഖമായി ഉറങ്ങി. കാരണം സന്തോഷത്തിൻ്റെ ഒരു പുലരി തന്നെ കാത്ത് നിൽക്കുന്നു എന്ന് പത്രൊസ് വിശ്വസിച്ചു. വിശ്വസിച്ചപോലെ
സ്വർഗ്ഗത്തിലെദൂതൻ
പത്രൊസിനെ രക്ഷിച്ചു.
സന്ധ്യ എത്ര കഠിനമാകട്ടെ. ഒരു പുലരി വരുന്നു.
“ഞാൻ അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാൻ അവരെ ആശ്വസിപ്പിച്ചു സങ്കടംപോക്കി സന്തോഷിപ്പിക്കും”
യിരേമ്യാവു 31:13
” യെരൂശലേമ്യരായ സീയോൻ നിവാസികളേ, ഇനി കരഞ്ഞുകൊണ്ട്
ഇരിക്കേണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവന്നു നിശ്ചയമായിട്ടു കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നേ അവൻ ഉത്തരം അരുളും”
യെശയ്യാ 30:19
നമ്മുടെ ഉള്ളങ്ങളെ ഉള്ളതുപോലെ അറിയുന്നവൻ ദൈവം മാത്രം. ആ സർവ്വശക്തനിൽ വിശ്വസിക്കാം. നിത്യമായി
കണ്ണീരെല്ലാം മാറുന്ന ഒരു ദിനം വരും. നാം ദൈവവുമായി വസിക്കുന്ന ഒരു ദിനം. ഈ ലോകത്തിലെ ദു:ഖങ്ങളെല്ലാം മാറും.
“ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു”
യിരേമ്യാവു 30:17
Leave a Reply