ബൈബിളിൽ യബ്ബേസ് എന്ന ദു:ഖപുത്രൻ്റെ ചരിത്രം രണ്ട് വാക്യങ്ങളിലെ ഉള്ളു. എന്നാൽ ദൈവത്തിൽ നിന്നും അനുഗ്രഹം പ്രാപിച്ച യബ്ബേസിൻ്റെ പേരിൽ ഒരു സ്ഥലം യിസ്രായേലിൽ ഉള്ളതായി
1 ദിനവ്യത്താന്തം 2:55 ൽ നാം കാണുന്നു.തൻ്റെ ഭക്തന്മാർ നിമിത്തം ദൈവം തൻ്റെ ദേശത്തെ അനുഗ്രഹിക്കുന്നു.

ഈ ഭൂമി ദൈവത്തിൻ്റേതാണ്. ഭൂമിയും അതിൻ്റെ പൂർണ്ണതയും, ഭൂതലവും അതിൻ്റെ നിവാസികളും യഹോവയ്ക്കുള്ളത്
ആകുന്നു. മനുഷ്യൻ പാപം ചെയ്തതോടെ ഈ ലോകം ദുഷ്ടനായ സാത്താന്റെ അധീനതയിൽ കിടക്കുന്നു എന്നു മാത്രം. കൈവശാവകാശം മാത്രമേ പിശാചിനുള്ളൂ. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ദൈവത്തിനാണ്. ദൈവം ദേശങ്ങളെ അനുഗ്രഹിക്കുന്ന ദൈവമാണ്.

അബ്രഹാമിനെ വിളിച്ചിറക്കിയപ്പോൾ ദൈവം നൽകിയ അനുഗ്രഹങ്ങളുടെ കൂട്ടത്തിൽ ദേശത്തിന്റെ അനുഗ്രഹവും ദൈവം നൽകി.

“ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ
അബ്രാഹാമിനോടു അരുളിച്ചെയ്തതു: തലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തുനിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.
നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും”
ഉല്പത്തി 13:14,15

ദൈവം വാഗ്ദത്തം നിറവേറ്റി. യിസ്രായേല്യർ
മിസ്രയീം ദേശത്ത് ചെന്നപ്പോഴും യഹോവ അവർക്ക് മനോഹരമായ
ഗോശെൻ ദേശം നൽകി.

ദൈവഭക്തന്മാർ നിമിത്തം ദേശങ്ങൾ ജനങ്ങളുടെ ഇടയിൽ അറിയപ്പെട്ടതായി നാം വായിക്കുന്നു.

“ഇസ്രായേൽ” ദൈവം യാക്കോബിന് നൽകിയ പേരാണ്. ദൈവത്തിന്റെ പോരാളി, ദൈവത്തിന്റെ പ്രഭു എന്നതാണ് ആ വാക്കിനർത്ഥം. യാബോക്ക് കടവിൽ വെച്ച് ദൈവത്തോട് കരഞ്ഞപേക്ഷിച്ചു അനുഗ്രഹം പൊരുതി വാങ്ങിയപ്പോൾ ദൈവം സമ്മാനിച്ച പേരാണത്. യാക്കോബിന്റെ 12 മക്കളെയും ആ തലമുറയിൽ
നിന്നുത്ഭവിച്ച ജനതയും “യിസ്രായേൽ” എന്നറിയുവാൻ തുടങ്ങി.
അതിലും ഉപരി ദൈവം അവർക്ക് നൽകിയ രാജ്യത്തിന്റെ പേർ “യിസ്രായേൽ” എന്നായി.
യഹൂദർ കനാൻ നാട് പിടിച്ചടക്കിയ ശേഷം അതിന്റെ പേർ “കനാൻ” എന്നായിരുന്നില്ല, “യിസ്രായേൽ” എന്നായിരുന്നു. ദൈവത്തിൽ നിന്നും അനുഗ്രഹം
പ്രാപിക്കുന്നവൻ്റെ ദേശത്തെ പോലും ദൈവം അവൻ്റെ പേരിൽ അറിയപ്പെടുന്ന ദേശമാക്കുന്നു.

യഹൂദ ദേശങ്ങളിൽ ചെറിയ പട്ടണം ആയിരുന്നു ബേത്ലഹേം.എന്നാൽ അതിന് ഒരു വാഗ്ദത്തം ലഭിച്ചു.

” നീയോ, ബേത്ത്ലഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതി
ആയിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.
മീഖാ 5:2

മീഖാ പ്രവചിക്കുമ്പോൾ ചെറിയ പട്ടണമായിരുന്ന
ബേത്ലഹേം പട്ടണം യേശുവിന്റെ
ജനനശേഷം ലോകം മുഴുവനും അറിയുന്ന വലിയ പട്ടണമായി മാറി.

“യെഹൂദ്യദേശത്തിലെ ബേത്ത്ലേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽനിന്നു പുറപ്പെട്ടുവരും”
മത്തായി 2:6

നസറെത്ത് ഒരു കൊച്ചു പട്ടണമായിരുന്നു. അതിനാൽ നഥനിയേൽ ചോദിച്ചു.

“നസറെത്തിൽനിന്നു വല്ല നന്മയും വരുമോ?
യോഹന്നാൻ 1:46

യേശു അവിടെ വളർന്നത് കൊണ്ട് ആ പട്ടണം എല്ലാവരും അറിയപ്പെടുന്ന പട്ടണമായി.

ദൈവഭക്തന്മാർ അനുഗ്രഹിക്കപ്പെടുന്നു.
അവരുടെ കുടുംബവും ദേശവും അനുഗ്രഹിക്കപ്പെടും. ദൈവം അവരുടെ പ്രാർത്ഥന കേട്ട് ദേശത്തിന് സൗഖ്യം നൽകും.

” എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൗഖ്യം വരുത്തിക്കൊടുക്കും.
ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും”
2 ദിനവൃത്താന്തം 7:14,15

ദേശത്ത്
ആത്മീയചൈതന്യം
വ്യാപിക്കുന്നതും, സഭകൾ വളരുന്നതും ദൈവമക്കളുടെ പ്രാർത്ഥനയാൽ ആണ്.

സുവിശേഷവേലക്ക് വേണ്ടി സഹായിക്കുന്നവർ ധാരാളമുണ്ട്. എന്നാൽ അതു മാത്രം മതി എന്ന് കരുതിയിരിക്കരുത്. യേശു പറയുന്നു.

“കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ ”എന്നു പറഞ്ഞു.
മത്തായി 9:37,38

ദൈവത്തിനുവേണ്ടി വേല ചെയ്യുവാൻ മടികാണിക്കരുത്. മാത്രമല്ല ദൈവവേലക്കാരെ സഹായിക്കയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്. അപ്പോൾ നാം പാർക്കുന്ന ഇടവും, ദേശവും ദൈവം വസിക്കുന്ന ഇടങ്ങളായി മാറും.