നാം പല കാര്യങ്ങൾക്കും പ്രാർത്ഥിക്കാറുണ്ട്. എന്നാൽ പലപ്പോഴും ദൈവം അവയ്ക്ക് മറുപടി നൽകാതെ നിശ്ശബ്ദത പാലിക്കാറുണ്ട്. ഈ സമയം പലരുടേയും വിശ്വാസത്തിന് ക്ഷതം സംഭവിക്കാറുണ്ട്. ഇങ്ങനെ ഒരു സന്ദർഭത്തിൽ ദാവീദ് ചോദിച്ചു.

” യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?
എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ വിചാരം പിടിച്ചു എന്റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേൽ ഉയർന്നിരിക്കും?
13-ാം സങ്കീ 1,2 വാക്യങ്ങൾ

ദൈവത്തിന്റെ നിശ്ശബ്ദത
ഒരിക്കലും നിഷ്ക്രിയത്വം അല്ല. ഒരിക്കൽ യേശുവിന്റെ ശിഷ്യന്മാർ കടലിൽ കൂടി യാത്ര ചെയ്യുകയായിരുന്നു.
അമരത്ത് യേശു ഉറങ്ങുകയായിരുന്നു. പെട്ടെന്ന് കടലിന്റെ സ്വഭാവം മാറി. കാറ്റും കൊടുങ്കാറ്റും മൂലം പടക്
മുങ്ങുമാറായി. അവർ ഭയപ്പെട്ട് ഇങ്ങനെ ചോദിച്ചു. “ഞങ്ങൾ നശിച്ചുപോകുന്നതിൽ
നിനക്ക് വിചാരമില്ലയോ?

പടകിൽ യേശു ഉള്ളതിനാൽ അവർ ചഞ്ചലപ്പെടേണ്ട ആവശ്യം
ഇല്ലായിരുന്നു. യേശുവിന്റെ നിശ്ശബ്ദതയിൽ അവർ ഭയാസന്നരായി. ഇതുപോലെയാണ് നമ്മിൽ പലരും. യേശു നമ്മുടെ കൂടെ ഉണ്ട്, യേശു സകലതും അറിയുന്നു എന്ന് നാം മറന്നുപോകുന്നു.

ജീവിതത്തിൽ പല സന്ദർഭങ്ങളിൽ ദൈവം മിണ്ടാതെയിരിക്കുന്നത്
മഹത്തരമായ കാര്യങ്ങൾ
നമുക്ക് സമ്മാനിക്കാനാണ്. എല്ലാം നഷ്ടപ്പെട്ട
ഇയ്യോബ് ദൈവത്തോട് ചോദിച്ചു.

” അവൻ എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു; ഞാൻ പൊടിക്കും ചാരത്തിന്നും തുല്യമായിരിക്കുന്നു.
ഞാൻ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാൻ എഴുന്നേറ്റു
നില്ക്കുന്നു; നീ എന്നെ തുറിച്ചു
നോക്കുന്നതേയുള്ളു.
നീ എന്റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു; നിന്റെ കയ്യുടെ ശക്തിയാൽ നീ എന്നെ പീഡിപ്പിക്കുന്നു.”
ഇയ്യോബ് 30:19-21

ചിലപ്പോൾ കഠിനമായ ശോധനകളും, പ്രതികൂലങ്ങളും നമുക്ക് വന്ന് ഭവിക്കാം.എന്നാൽ
അവയെല്ലാം ഇരട്ടി അനുഗ്രഹങ്ങൾ ലഭിക്കുവാനാണ്.
ചില സമയങ്ങളിൽ ദൈവം തൻ്റെ മുഖത്തെ മറയ്ക്കാം. ലാസർ മരിച്ചപ്പോൾ യേശു അവിടെ വന്നത് നാലാം നാളാണ്. ലാസർ മരിച്ചു എന്നറിഞ്ഞ ഉടനെ യേശു
പോയില്ല. ശരീരം നാറ്റം വച്ച്, നാലാം നാൾ, യേശു കടന്നു ച്ചെന്നു. കാരണം
ഒരു വലിയ അത്ഭുതത്തിന് ആ പട്ടണം സാക്ഷിയാകുന്നതിന്
വേണ്ടിയായിരുന്നു അത്.

യേശുവിന്റെ ശിഷ്യന്മാർ
വീണ്ടും മറ്റൊരവസരത്തിൽ പടകിൽ പോകുമ്പോൾ വലിയ കാറ്റും കോളും ഉണ്ടായി. അവർ ഭയപ്പെട്ട് കരഞ്ഞു. എന്നാൽ ഒന്നാം യാമത്തിൽ യേശു വന്നില്ല. രണ്ടാം യാമത്തിലും, മൂന്നാം യാമത്തിലും യേശു വന്നില്ല. എന്നാൽ നാലാം യാമത്തിൽ പടക് മുങ്ങി പോകുന്നതിന് മുൻപ് യേശു വെള്ളത്തിന് മീതെ നടന്ന് അവരുടെ സമീപം വന്നു.

ജീവിതത്തിൽ കഷ്ടതകളുടേയും
സഹനങ്ങളുടേയും
വഴിയിൽ നാം കടന്നു
പോകേണ്ടതായി വരാം.
ദൈവം നമ്മെ മറന്നുപോയി എന്ന് തോന്നാം. എന്നാൽ ആ കഷ്ടതയിൽ മുങ്ങി ചാകാൻ ദൈവം അനുവദിക്കില്ല. കഷ്ടതയുടെ നാലാം യാമത്തിൽ നാം മുങ്ങി പോകുന്നതിന് മുൻപ് ദൈവം നിശ്ചയമായും ഇറങ്ങിവരും. ജീവിതത്തിൽ ആഞ്ഞു വീശുന്ന കഷ്ടതകളാകുന്ന കാറ്റിനേയും കൊടുങ്കാറ്റിനേയും നിശ്ചയമായും ശമിപ്പിക്കും.

ജീവിതത്തിൽ ദൈവത്തിന്റെ മൗനം നമ്മെ പലതും പഠിപ്പിക്കുന്നു. അതിനാൽ പൗലൊസ് അപ്പൊസ്തലൻ ഇപ്രകാരം പറഞ്ഞു.

” കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു.നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു”
റോമർ 5:3,4

കഷ്ടതകളിലൂടെ കടന്നുപോകുമ്പോൾ
വിശ്വാസം മുറുകെ പിടിക്കുക. വചനമെന്ന
വാൾ കരങ്ങളിലേന്തുക.
ദൈവത്തിൽ
പരിപൂർണ്ണമായി ആശ്രയിക്കുക. ദൈവത്തെ സ്തുതിക്കുക. ആരാധിക്കുക. വിശ്വസിച്ചാൽ നാം തക്കസമയത്ത്
ദൈവമഹത്വം ദർശിക്കുക തന്നെ ചെയ്യും. ദൈവത്തിൻ്റെ
നിശ്ശബ്ദത നിഷ്ക്രിയത്വം അല്ല. അവൻ നമുക്കുവേണ്ടി മഹത്വകരമായ കാര്യങ്ങൾ ചെയ്യുകയാണ്. അതിനാൽ ദൈവസന്നിധിയിൽ ക്ഷമയോടെ കാത്തിരിക്കാം.

” അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.
അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.
1പത്രൊസ് 5:6,7