മോശെയുടെ സഹോദരിയാണ് മിര്യാം.
യിസ്രായേൽ ജനം മിസ്രയീം ജനതകളേക്കാൾ ബാഹുല്യവും, ശക്തിയും ഉള്ളവരായി മാറിയപ്പോൾ
അവരെ രാജാവ് അടിമവേല ചെയ്യിപ്പിച്ച് പീഡിപ്പിച്ചു. മാത്രമല്ല ജനിക്കുന്ന ആൺകുട്ടികളെ കൊന്നുകളയുവാൻ എബ്രായ
സൂതികർമ്മിണികളോടു
കല്പിച്ചു. അവരെ നൈൽ നദിയിൽ എറിഞ്ഞ് കൊന്നുകളയുവാൻ ആയിരുന്നു കല്പന.

അമ്രാമിനും, യോഖേബേദിനും, ഒരു സുന്ദരനായ കുഞ്ഞ് പിറന്നു. മാതാപിതാക്കന്മാർ മൂന്നുമാസം അവനെ ഒളിപ്പിച്ചു വച്ചു. പിന്നെ ഒളിപ്പിച്ച് വയ്ക്കുവാൻ കഴിയാതെ അവനെ ഒരു ഞാങ്ങണപെട്ടകത്തിൽ
ഒളിപ്പിച്ചു വച്ചു. പെങ്ങളായ മിര്യാമിൻ്റെ
മനസ്സുരുകി. അവന് എന്തു സംഭവിക്കും എന്നറിയാൻ മിര്യാം
ദൂരത്ത് വേദനയോടെ നോക്കി നിന്നു. ഫറവോൻ പുത്രി ഞാങ്ങണയുടെ ഇടയിൽ പെട്ടകം കാണുകയും ദാസിയോട് അതെടുത്ത് കൊണ്ടുവരുവാൻ കല്പിക്കയും ചെയ്തു.
ഇതു കണ്ടപ്പോൾ മിര്യാം ധൈര്യത്തോടെ രാജകുമാരിയുടെ അടുക്കലേക്ക് ഓടിച്ചെന്ന്
ഇപ്രകാരം പറഞ്ഞു.

” ഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു.
ഫറവോന്റെ പുത്രി അവളോടു: ചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു”
പുറപ്പാട് 2:7,8

രാജകുമാരി കുഞ്ഞിന്
ഞാൻ അവനെ വെള്ളത്തിൽ നിന്നും വലിച്ചെടുത്തു എന്ന് പറഞ്ഞ് മോശെ എന്ന് പേർവിളിച്ച് സ്വന്തം മകനായി വളർത്തി.

ഇവിടെ സഹോദരനോട് കരുതലും സ്നേഹവും ഉള്ള ഒരു കൊച്ചു സഹോദരിയെയാണ് നാം കാണുന്നത്.അസൂയ മൂത്ത് സ്വന്തം സഹോദരനെ പോലും കൊല്ലുവാൻ കയീൻ മടിച്ചില്ല.
സഹോദരസ്നേഹം വളരെയധികം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ മിര്യാമിനെ പോലെ നമുക്കാകുവാൻ കഴിയേണ്ടതാണ്. സ്വന്തം സഹോദരനുവേണ്ടി ജീവനെ മറന്ന് അവൻ രാജകുമാരിയുടെ മുന്നിലേക്ക് ഓടിവന്നു.

വീണ്ടും വളർന്നു, വലുതായി ഏകദേശം പ്രായമുള്ള ഒരാളായാണ്,
നാം മിര്യാമിനെ ചെങ്കടൽ തീരത്ത് കാണുന്നത്.
യഹോവ യിസ്രായേലിനുവേണ്ടി മിസ്രയീമ്യരോട് യുദ്ധം ചെയ്ത് അവരെ ചെങ്കടൽ കടത്തി. ദൈവം ചെയ്ത മഹാത്ഭുതങ്ങൾ നിമിത്തം അവൾ കരങ്ങളിൽ തപ്പെടുത്ത്
ദൈവത്തെ പാടി സ്തുതിച്ചു.

” അഹരോന്റെ സഹോദരി മിർയ്യാം എന്ന പ്രവാചകി കയ്യിൽ തപ്പു എടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു.മിർയ്യാം അവരോടു പ്രതിഗാനമായി ചൊല്ലിയതു: യഹോവെക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു”
പുറപ്പാട് 15:20,21

അവൾ സ്വയം ദൈവത്തെ ആരാധിക്കുക മാത്രമല്ല
ചെയ്തത് ,അവളുടെ കൂടെയുള്ള എല്ലാ സ്ത്രീകളേയും അവൾ ദൈവത്തിലേക്ക് അടുപ്പിച്ചു. അവരും അവളുടെ പിന്നാലെ ദൈവത്തെ പാടി സ്തുതിച്ചു.

ജീവിതത്തിൽ അനുഗ്രഹങ്ങളും, അത്ഭുതങ്ങളും ദർശിക്കുമ്പോൾ ദൈവത്തെ പാടി സ്തുതിക്കാറുണ്ടോ?
തന്ന ക്യപകൾക്കായി
സ്തുതിയും നന്ദിയും കരേറ്റാറുണ്ടോ? മിര്യാമിൻ്റെ ഈ സ്വഭാവം
നാം മാത്യകയാക്കേണ്ടതാണ്.

ദൈവം അനുഗ്രഹങ്ങൾ തരുമ്പോൾ അഹങ്കരിക്കരുത്. മിര്യാമിലും ഈ അഹങ്കാരം കടന്നുവന്നു.

“മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീനിമിത്തം മിർയ്യാമും അഹരോനും അവന്നു വിരോധമായി സംസാരിച്ചു:യഹോവ മോശെമുഖാന്തരം മാത്രമേ അരുളി
ച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾമുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു.സംഖ്യ 12:1,2

കലഹം കൂശ്യസ്ത്രീയിൽ നിന്ന് തുടങ്ങി ഒടുവിൽ ആത്മീയ അഹങ്കാരമായി
അത് അവസാനിച്ചു. ദൈവം അവളെ ശിക്ഷിച്ചു. മിര്യാം ഹിമം പോലെ വെളുത്ത് കുഷ്ഠരോഗിണിയായി.
മോശെ അവൾക്കുവേണ്ടി നിലവിളിച്ച് പ്രാർത്ഥിച്ചു.
ഏഴു ദിവസത്തെ ഏകാന്തവാസത്തിനു
ശേഷം അവൾ സൗഖ്യം
പ്രാപിച്ചു.

നാം എവിടെ ആയിരിക്കേണം എന്ന് നിശ്ചയിക്കുന്നത് ദൈവമാണ്. ദൈവം നമുക്ക് നൽകിയിരിക്കുന്ന ശുശ്രൂഷകളിൽ ഒരിക്കലും അഹങ്കരിക്കരുത്. ദൈവശുശ്രൂഷ ചെയ്യുന്നവരെ ആക്ഷേപിക്കുകയോ
കയർത്ത് സംസാരിക്കുകയോ ചെയ്യരുത്. മിര്യാമിൻ്റെ ജീവിതത്തിൽ സംഭവിച്ചത്
നമുക്ക് ഒരു പാഠമായിരിക്കട്ടെ.

രോഗസൗഖ്യം പ്രാപിച്ച മിര്യാം ഒരു നല്ല പ്രവാചികയായി, ഗായികയായി, തൻ്റെ വലിയ ശുശ്രൂഷകൾ ചെയ്തു ജീവിതാവസാനം വരെ ജീവിച്ചു അവൾ നിത്യതയിലേക്ക് യാത്രയായി.മീഖാ
പ്രവാചകൻ്റെ
പുസ്തകത്തിൽ മിര്യാമിനെ അയക്കപ്പെട്ടവളായി
പറയുന്നു.

“ഞാൻ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിർയ്യാമിനെയും നിന്റെ മുമ്പിൽ അയച്ചു”
മീഖാ 6:4

മിര്യാമിൻ്റെ ജീവിതത്തിൽ
നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് നമ്മുടെ ജീവിതത്തെ ദൈവത്തിൻ്റെ കരങ്ങളിൽ ഏല്പിച്ച് മുന്നോട്ടു പോകാം.