നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 29:11
പ്രത്യാശിക്കുന്ന ശുഭഭാവി നൽകുന്നവനാണു ദൈവം.പ്രത്യാശയില്ലാതെ ജീവിക്കരുതു .ഇന്നു ആത്മഹത്യകൾ വർദ്ധിക്കുന്നതിന്റെ ഒരു കാരണം ജീവിതത്തിൽ പ്രത്യാശയില്ലാത്തതാണു. പരീക്ഷയിൽ തോറ്റാൽ പോലും കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്യുന്നു. കാരണം എന്താണു?
അടുത്ത തവണ ഉന്നതവിജയം
വരിക്കാൻ പോകുന്ന കുട്ടിയാണു താനെന്ന പ്രത്യാശ അവനിൽ ഇല്ല.
ഇന്നു ജീവിതത്തിൽ ഉന്നതതലത്തിൽ ആയിരിക്കുന്നവരെല്ലാം തോൽവിയുടെ പടവുകൾ
കയറിയവരാണു. Electric bulb കണ്ടുപിടിച്ച Thomas Alva Edison പോലും അഞ്ഞൂറു തവണ പരീക്ഷണശാലയിൽ
തോറ്റവനാണു. എബ്രാഹാം
ലിങ്കൺ പലപ്രാവശ്യം പരാജിതനായിട്ടാണു അമേരിക്കൻ പ്രസിഡണ്ടായതു.
പ്രത്യാശയാണു നമുക്കു ശുഭഭാവി തരുന്നതു.
യിസ്രായേൽമക്കൾ ബാബിലോൺ പ്രവാസത്തിലായിരുന്ന കാലത്തു ഇരുളടഞ്ഞ ജീവിതമായിരുന്നു അവരുടേതു. കണ്ണീരും ദു:ഖവും നെടുവീർപ്പിന്റേതുമായ നാളുകൾ.യഹോവയുടെ ശിക്ഷയായിരുന്നു ബാബേൽ പ്രവാസം.
ആകെ വേദന നിറഞ്ഞ അനുഭവങ്ങൾ..കനത്ത ഏകാന്തത..ഈ സ്ഥിതിയെ കുറിച്ചു യിരെമ്യാവു വിവരിക്കുന്നുണ്ടു.
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പരുക്കു മാറാത്തതും നിന്റെ മുറിവു വിഷമമുള്ളതുമാകുന്നു.
നിന്റെ വ്യവഹാരം നടത്തുവാൻ ആരുമില്ല; നിന്റെ മുറിവിന്നു ഇടുവാൻ മരുന്നും കുഴമ്പും ഇല്ല.
നിന്റെ സ്നേഹിതന്മാർ ഒക്കെയും നിന്നെ മറന്നിരിക്കുന്നു; നിന്റെ അകൃത്യത്തിന്റെ ആധിക്യം നിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും ഞാൻ നിന്നെ ശത്രു അടിക്കുന്നതു പോലെയും ക്രൂരൻ ശിക്ഷിക്കുന്നതു
പോലെയും അടിച്ചിരിക്കകൊണ്ടു അവർ നിന്നെ നോക്കുന്നില്ല.
നിന്റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ചു നിലവിളിക്കുന്നതു എന്തിന്നു? നിന്റെ അകൃത്യത്തിന്റെ ആധിക്യംനിമിത്തവും നിന്റെ പാപത്തിന്റെ പെരുപ്പംനിമിത്തവും അല്ലോ ഞാൻ ഇതു നിന്നോടു ചെയ്തിരിക്കുന്നതു.
യിരെമ്യാവു 30:15
ഇന്നും പ്രത്യാശയില്ലാതെ മനസ്സിൽ പരുക്കും മുറിവുകളുമായി ജീവിക്കുന്നവർ
അനേകം പേരുണ്ടാകും..
മറ്റുള്ളവർ ഏല്പിച്ച മുറിവുകളാകാം..സ്വയം വരുത്തിവച്ച മുറിവുകളാകാം..എന്നാൽ
മുറിവുകൾ പൊറുപ്പിച്ചു തരുന്ന ഒരു നല്ല വൈദ്യൻ നമുക്കുണ്ടു.
” അവർ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോനെന്നും വിളിക്കകൊണ്ടു, ഞാൻ നിന്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
യിരെമ്യാവു 30:17
യഹോവ ഏറ്റവും വലിയ വൈദ്യൻ.യിരെമ്യാവു ചോദിക്കുന്നു.
” ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻപുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?
യിരെമ്യാവു 8:22
യിരെമ്യാവു പറയുകയാണു
പ്രത്യാശിക്കുന്ന ശുഭഭാവി നിങ്ങൾക്കു വരും. നിങ്ങളുടെ മുറിവുകൾ ഉണങ്ങും.അതിനു
പല കാര്യങ്ങൾ നിങ്ങൾ ചെയ്യണം.അവ ഏവയാണെന്നു
നോക്കാം.
“നിങ്ങൾ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയിൽവന്നു പ്രാർത്ഥിക്കയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കയും ചെയ്യും
നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.
യിരെമ്യാവു 29:12,13
ബാബേൽ പ്രവാസത്തെപോലെ
ഇരുളടഞ്ഞ ഒരു കാലഘട്ടത്തിൽ കൂടിയാണോ നാം കടന്നു പോകുന്നതു? നല്ലൊരു ശുഭഭാവി ദൈവം തരുമെന്നു പ്രത്യാശിക്കണം.
പ്രത്യാശിക്കുന്ന
ശുഭഭാവി നൽകുവാൻ ദൈവം ആഗ്രഹിക്കുന്നു. ആയതിനു ദൈവസന്നിധിയിലേക്കു കടന്നുവരണം. പ്രാർത്ഥിക്കണം.
പൂർണ്ണ ഹ്യദയത്തോടെ അന്വേഷിക്കുമ്പോൾ നാം ദൈവത്തെ കണ്ടെത്തും..
പ്രതികൂലങ്ങളുടെ നടുവിൽ പ്രത്യാശയില്ലാതെ ജീവിക്കരുതു.
“ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും തിരശ്ശീലെക്കകത്തേക്കു കടക്കുന്നതുമാകുന്നു.
എബ്രായർ 6:19
കൊടുങ്കാറ്റടിക്കുമ്പോൾ കപ്പലിനെ അതിന്റെ നങ്കൂരം ഉലയാതെ നിറുത്തുന്നപോലെ
നമ്മുടെ ദൈവത്തിലുള്ള ശക്തമായ പ്രത്യാശ മാനസികമായും വൈകാരികമായും ആത്മീയമായും സ്ഥിരതയുള്ളവരായി നിൽക്കുവാൻ നമ്മെ
സഹായിക്കും. അതിനാൽ പ്രത്യാശയോടെ മുന്നോട്ടു പോകാം…
” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കരയാതെ നിന്റെ ശബ്ദവും കണ്ണുനീർ വാർക്കാതെ നിന്റെ കണ്ണും അടക്കിക്കൊൾക; നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും;
യിരെമ്യാവു 31:16
Leave a Reply