മർക്കൊസ് 5-ാം അദ്ധ്യായത്തിൽ
മൂന്നു അത്ഭുതങ്ങൾ പ്രതിപാദിച്ചിരിക്കുന്നു.
ലെഗ്യോൻ എന്ന ഭൂതത്തെ പുറത്താക്കിയതും, പള്ളിപ്രമാണിയായ യായീറോസിൻ്റെ മകളെ സൗഖ്യമാക്കിയതും, രക്തസ്രവക്കാരിയെ സൗഖ്യമാക്കിയതുമാണ്
ഈ മൂന്ന് അത്ഭുതങ്ങൾ.

വളരെയേറെ അത്ഭുതങ്ങൾ നടന്നിട്ടും യേശുവിൽ വിശ്വസിക്കാത്ത
ഒരുകൂട്ടം ആളുകൾ അന്നുണ്ടായിരുന്നു. അവരിൽ പ്രധാനികൾ പരീശന്മാരും,
പ്രമാണിമാരും പുരോഹിതന്മാരും
ആയിരുന്നു. എന്നാൽ ആരേയും ഭയപ്പെടാതെയാണ് പള്ളിപ്രമാണി യേശുവിന്റെ അടുക്കലേക്കു കടന്നുവന്നത്. എന്നാൽ ഇന്നും ഭയം മനുഷ്യനെ കീഴ്പ്പെടുത്തുന്നു.

ഇന്നും ഭയം മനുഷ്യരെ
കാർന്നു തിന്നു
കൊണ്ടിരിക്കയാണു.
വിശ്വാസം
നശിപ്പിക്കാനുള്ള സാത്താന്റെ
ഒരായുധമാണു ഭയം. കാഴ്ച്ചയാലും കേൾവിയാലും വിശ്വാസം വരുന്നതുപോലെ കാഴ്ച്ചയാലും കേൾവിയാലും
ഭയവും കടന്നു വരാം. തന്നെ കൊല്ലുവാൻ
ഫറവോൻ ശ്രമിക്കുന്നുവെന്നു
മോശ കേട്ടപ്പോൾ മോശ ഭയപ്പെട്ടു മിദ്യാനിലേക്കു ഓടി പോയി എന്നു പുറപ്പാടു രണ്ടിന്റെ
15-ാം വാക്യത്തിൽ പറയുന്നു.
ഈസേബെൽ തന്നെ കൊല്ലുമെന്ന് കേട്ടപ്പോൾ ഏലിയാവു പേടിച്ചു. സിംഹത്തേയും കരടിയേയും
ഭയമില്ലാതിരുന്ന ദാവിദു ശൗൽ തന്നെ കൊല്ലാൻ വരുന്നെന്നു കേട്ടപ്പോൾ ഭയപ്പെട്ടു.യഹൂദയിലെ അനുഗ്രഹിക്കപ്പെട്ട
രാജാവു യെഹോശാഫാത്ത് മോവാബ്യസൈന്യവും മറ്റും ആക്രമിക്കുവാൻ വരുന്നതു കേട്ടപ്പോൾ ഭയപ്പെട്ടു.കേൾവിയിൽ ഭയം വരുന്ന പോലെ ,കാഴ്ച്ചയിലും ഭയം വരാം. ശിഷ്യർ ആർത്തിരമ്പുന്ന കൊടുങ്കാറ്റും തിരമാലകളും കണ്ടപ്പോൾ ഭയപ്പെട്ടു.
ഭയം കാഴ്ച്ചയാലും കേൾവിയാലും വരുന്നപോലെ
വിശ്വാസം കേൾവിയാലും വചനത്താലും വരുന്നു.

“ആകയാൽ വിശ്വാസം കേൾവിയാലും കേൾവി
ക്രിസ്തുവിന്റെ വചനത്താലും
വരുന്നു” റോമർ 10:17

മനുഷ്യരുടെ വാക്കു കേട്ടു ഭയന്നവർ ദൈവവചനം കേട്ടു വിശ്വാസത്തിലേക്കു വന്നതായി നാം കാണുന്നു. ഭയപ്പെട്ടു മിദ്യാനിലേക്കോടിയ മോശക്കു
മുൾപടർപ്പിന്റെ നടുവിൽ യഹോവ പ്രത്യക്ഷപ്പെട്ടു ഫറവോന്റെ മേൽ അധികാരം നൽകുന്നു. ഈസേബെലിനെ
ഭയപ്പെട്ടു മരുഭൂമിയിലേക്കോടി
ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ആഗ്രഹിച്ച ഏലിയാവിനോടു യഹോവ പറഞ്ഞു നീ
പുറപ്പെട്ടു പോകുക.
നിന്നിൽ കൂടെ എനിക്കു ഒരുപാടു കാര്യങ്ങൾ ചെയ്യുവാനുണ്ടു എന്ന്.

ശൗലിനെപേടിച്ചു ഓടിയ ദാവിദിനും ദൈവം ധൈര്യം പകർന്നു. അതിനാൽ ദാവിദു
ദൈവത്തിൽ വിശ്വസിച്ചു ഇങ്ങനെ എഴുതി.

“തന്റെ ഭക്തന്മാരുടെ മരണം
യഹോവെക്കു വിലയേറിയ താകുന്നു” 116-ാം സങ്കീർത്തനം
15-ാം വാക്യം

ശത്രുസൈന്യം കണ്ടു പേടിച്ച
യെഹോശാഫാത്തിനോടു യഹോവ പറഞ്ഞു.

“ഈ വലിയ സമൂഹം നിമിത്തം
ഭയപ്പെടരുതു. ഭ്രമിക്കയും അരുതു. യുദ്ധം നിങ്ങളുടേതല്ല.
ദൈവത്തിന്റെതത്രേ.”
2ദിനവ്യ 20:15 അവസാനഭാഗം.

തിരമാലകളെ കണ്ടു പേടിച്ച ശിഷ്യന്മാരുടെ മുമ്പാകെ തിരമാലകളുടെ മുകളിൽ കൂടി നടന്നു വന്നു അവരുടെ ഭയത്തെ
യേശു നീക്കി കളഞ്ഞു. മനുഷ്യർ പലതും പറയും. കേൾവികൾ ഭയത്തെ കൊണ്ടുവരും. എന്നാൽ
വചനകേൾവി വിശ്വാസത്തെ
കൊണ്ടുവരും. മനുഷ്യരുടെ ഭയപ്പെടുത്തുന്ന വാക്കുകളെ കേൾക്കരുതു.

യേശു യായിറോസിന്റെ മകളെ സൗഖ്യമാക്കുവാൻ പോകുമ്പോൾ
പള്ളിപ്രമാണിയുടെ വീട്ടിൽ നിന്നും ആൾ വന്നു.

“നിന്റെ മകൾ മരിച്ചുപോയി.
ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു ഭയപ്പെടേണ്ട
വിശ്വസിക്ക മാത്രം ചെയ്ക എന്നു
പറഞ്ഞു” മർക്കൊസ് 5:35,36

യേശു മറ്റുള്ളവരുടെ ഭയപ്പെടുത്തുന്ന വാക്കുകൾക്കു
കാതോർത്തില്ല. അവയെ അവഗണിച്ചു. യായിറോസിന്റെ
ഭവനത്തിലേക്കു യേശു കടന്നു ചെന്നു. യേശു നമ്മുടെ ഭവനത്തിലേക്കു
കടന്നുവന്നാൽ ഒന്നും ഭയപ്പെടാനില്ല. നമ്മുടെ സ്ഥിതി മാറും. മരണത്തെ കുറിച്ചു ആശങ്കപ്പെടേണ്ട. കാരണം യേശു മരണത്തെ ജയിച്ചവൻ. യേശു യായിറോസിന്റെ മകളുടെ മുറിയിലേക്കു കയറി ചെന്നു.

” ബാലേ, എഴുന്നേൽക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ “തലീഥാ കൂമി” എന്നു അവളോടു പറഞ്ഞു”
മർക്കൊസ് 5:41

ബാല ഉടനെ എഴുന്നേറ്റു.
ലോകം നമുക്കു തരുന്നതു ഭയമാണു. സാത്താൻ വരുന്നതു
നമ്മുടെ സന്തോഷം മോഷ്ടിക്കുവാനും,
നിരാശയും ഭയവും നൽകുവാനുമാണ്. ആകുല ചിന്തകൾ വേണ്ട. ഭയപ്പാടോടിരുന്നു കാലം
പോക്കിയതു മതി. യേശു
പറയുന്നു ” തലീഥാ കൂമി”
ഭയപ്പാടിൽ നിന്നും ആകുലചിന്തകളിൽ നിന്നും പുറത്തുവരിക.
ഏതെല്ലാം പ്രതിസന്ധികൾ വന്നുകൊള്ളട്ടെ..
നിനക്കിനി രക്ഷയില്ലായെന്ന ലോകത്തിന്റെ വാക്കുകൾ കേൾക്കരുതു. രക്ഷ നൽകുന്നവൻ
ഒരുവനുണ്ടു.
അവനാണു യേശു..
ആകാശത്തിൻ കീഴിൽ രക്ഷിക്കപ്പെടാനായി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല..ലോകം
പറയുന്നതു കേട്ടു ഭയപ്പെടേണ്ട..
എല്ലാതരത്തിലുള്ള
പ്രതികൂലങ്ങളിൽ നിന്നും
എഴുന്നേൽക്കാം. അവഗണിക്കേണ്ടവയെ അവഗണിക്കാം..വചനം മുറുകെപിടിച്ചു പ്രത്യാശയോടെ
മുന്നോട്ടു കുതിക്കാം..