ദൈവം നമുക്ക് നൽകിയിരിക്കുന്ന കണ്ണുകൾ ദൈവത്തിൻ്റെ
വലിയ ദാനമാണ്. ശരീരത്തിൻ്റെ വിളക്കാണ്.

“ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ. ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക”
ലൂക്കൊസ് 11:34,35

ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ ശരീരം മുഴുവൻ പ്രകാശം നിറഞ്ഞതാണെങ്കിൽ, വിളക്ക് അതിന്റെ രശ്മികൾകൊണ്ടു നിനക്കു വെളിച്ചം തരുന്നതുപോലെ ശരീരം മുഴുവൻ പ്രകാശമാനമായിരിക്കും.
കണ്ണുകൾ പാപത്തിൻ്റെ വാതിൽ ആകാതിരിക്കുവാൻ
നാം പരിശ്രമിക്കേണ്ടതാണ്.
ഈ ലോകത്തിലെ 95%
പാപങ്ങളും കടന്നുവരുന്നത്
കണ്ണാകുന്ന വാതിലിൽ കൂടിയാണ്. കണ്ണുകളാണ്
ഒരു വ്യക്തിയിൽ മോഹം ഉണ്ടാക്കുന്നത്.

” ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി”
മത്തായി 5:28

ദാവീദ് ബേത്ത്ശെബ എന്ന സ്ത്രീയെ കണ്ടു. ആദ്യം നോട്ടം കുഴപ്പമില്ലായിരുന്നു. എന്നാൽ മോഹങ്ങൾ ജനിക്കും വിധം നോക്കി പോയി. മോഹം പാപത്തിലേക്ക് നയിച്ചു.

“ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.
യാക്കൊബ് 1:14,15

ദാവീദിൻ്റെ കൺമോഹം
പത്തുകല്പനകളിലെ അഞ്ചുമുതൽ പത്തുവരെയുള്ള കല്പനകളുടെ ലംഘനമായി.

ആദാം, ഹവ്വ ദമ്പതിമാരിലേക്ക് പാപം കടന്നു വന്നത് കണ്ണിൽ കൂടിയാണ്.

” ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു”ഉല്പത്തി 3:6

അവരിൽ മൂന്നുതരം പാപങ്ങൾ കടന്നുവന്നു.
1)അവർ അത് തിന്മാൻ നല്ലതെന്ന് കണ്ടു. (ജഡമോഹം)2) കാണ്മാൻ ഭംഗിയുള്ളതെന്ന് കണ്ടു.
( കൺമോഹം) 3) ജ്ഞാനം പ്രാപിപ്പാൻ യോഗ്യമെന്ന് കണ്ടു.
(ലോകത്തിൻ്റെ പ്രതാപം)

“ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു”
1 യോഹ 2:16

സാത്താൻ യേശുവിനെ കൊണ്ടുപോയി ലോകത്തിലുള്ള സകലതും കാണിച്ചു കൺമോഹം വരുത്തുവാൻ നോക്കി.
സാത്താൻ്റെ മൂന്നു പരീക്ഷണങ്ങളേയും
യേശു വചനത്താൽ തോല്പിച്ചു.

ഇയ്യോബ്
സകല ദോഷങ്ങളും വിട്ടകന്ന് ജീവിച്ചവൻ എന്ന് യഹോവ സാത്താനോട് സാക്ഷ്യം പറഞ്ഞു. കാരണം ഇയ്യോബ് തൻ്റെ കണ്ണുകളെ പാപത്തിൻ്റെ വാതിൽ ആക്കിയില്ല. ഇയ്യോബ് പറഞ്ഞു.

” ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?
ഇയ്യോബ് 31:1

കന്യകയെ മോഹം ജനിക്കുവാൻ നോക്കാതവണ്ണം ഇയ്യോബ് തൻ്റെ കണ്ണുമായി നിയമം ചെയ്തു, സകല ദോഷങ്ങളേയും വിട്ടകന്നു
ജീവിച്ച്, നിഷ്കളങ്കനും,
നേരുള്ളവനും, ദൈവഭക്തനുമായി ജീവിച്ചു.

പ്രിയമുള്ളവരെ ശരീരത്തിൻ്റെ വിളക്കായ
കണ്ണിനെ പ്രകാശിപ്പിക്കാം.
പാപത്താൽ വിളക്ക് കെട്ടുപോകാതിരിപ്പാൻ
വചനമെന്ന വാൾ കരങ്ങളിലേന്താം. പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ പാപങ്ങളെ അതിജീവിച്ച് പ്രശോഭിതരാകാം.