ഈ ലോകത്തിൽ അനേകം പോരാട്ടങ്ങൾ ഉണ്ട്. നാം സദാസമയവും ഉയർന്നും ജാഗരൂകരായും
ഇരിക്കേണ്ടതാണ്. സാത്താൻ നമ്മെ വീഴ്ത്തുവാൻ തൻ്റെ സർവ്വശക്തിയും ഉപയോഗിച്ച് സദാസമയവും പരിശ്രമിക്കുന്നു.

” നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ”എഫെസ്യർ 6:12

ജീവിതത്തിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ സാത്താനാകുന്ന ശത്രു നുഴഞ്ഞു കയറി പോരാട്ടങ്ങളിൽ നമ്മെ പരാജിതരാക്കും.

യിസ്രായേല്യരെ മിദ്യാനിൽ നിന്നും വിടുവിക്കുവാൻ ദൈവം പരാക്രമശാലിയായ ഗിദെയോനെ തിരഞ്ഞെടുത്ത് കർത്താവിൻ്റെ ബലം നൽകി അയച്ചു.
ഗിദെയോൻ്റെ പുറകേ അനേകംപേർ ഒരുമിച്ച് കൂടി. യഹോവ
ഗിദെയോനോടു നിന്നോടു കൂടെയുള്ള ജനം അധികമാകുന്നു എന്ന് പറഞ്ഞു. അങ്ങനെ വന്നാൽ അവരുടെ കൈ അവരെ രക്ഷിച്ചു എന്നു യിസ്രായേൽ വമ്പു
പറയും. അങ്ങനെ സംഭവിക്കാതിരിപ്പാൻ ആർക്കെങ്കിലും ഭയമുണ്ടെങ്കിൽ അവർ ഗിലെയാദ്പർവ്വതത്തിൽനിന്നു മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്നു ജനത്തോട് പറയുവാൻ യഹോവ ഗിദെയോനോട് പറഞ്ഞു.അപ്പോൾ ജനത്തിൽ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു.യഹോവ പിന്നെയും ഗിദെയോനോടു വീണ്ടും ജനം അധികമാണെന്നും അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക എന്നും അവിടെ വെച്ചു യഹോവ അവരെ പരിശോധിച്ചുതരാം എന്നും തിരഞ്ഞെടുക്കപ്പെട്ടവർ ഗിദെയോനോടു കൂടെ പോരട്ടെ എന്നും പറഞ്ഞു.
യഹോവയുടെ കല്പന പ്രകാരം ഗിദെയോൻ ജനത്തെ വെള്ളത്തിങ്കലേക്കു കൊണ്ടുപോയി.

” യഹോവ ഗിദെയോനോടു: പട്ടി നക്കിക്കുടിക്കുംപോലെ നാവുകൊണ്ടു വെള്ളം നക്കിക്കുടിക്കുന്നവരെ
ഒക്കെ വേറെയും, കുടിപ്പാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറേയും നിർത്തുക എന്നു കല്പിച്ചു.കൈ വായ്ക്കു വെച്ചു നക്കിക്കുടിച്ചവർ ആകെ മുന്നൂറുപേർ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു”
ന്യായാധിപന്മാർ 7:5,6

പതിനായിരം പേരിൽ വെള്ളം നക്കികുടിച്ചവർ
മുന്നൂറ് പേർ മാത്രം. അവരെ യഹോവ തിരഞ്ഞെടുത്തു. വലിയ അർത്ഥമുള്ള വാക്യം ആണിത്. വെള്ളം കണ്ടപ്പോൾ അവർ പരിസരം മറന്നില്ല. മരുഭൂമിയിൽ നടന്ന് വിശപ്പും ദാഹവും ഉള്ളവരായിരുന്നു അവർ. എങ്കിലും വെള്ളത്തിനോട്
ആർത്തി തോന്നി അവർ പരിസരം മറന്നില്ല. അവർ അല്പം വെള്ളം കൈയ്യിൽ എടുത്ത് നക്കി
കുടിച്ചു. അവരുടെ കണ്ണ്
ശത്രുക്കൾ വരുന്നുണ്ടോ എന്നതിലായിയുന്നു. എന്നാൽ മറ്റുള്ളവർ വെള്ളം കണ്ടപ്പോൾ തന്നെ സകലതും മറന്ന്
വെള്ളം കുടിപ്പാൻ മുട്ടുകുത്തി കുനിഞ്ഞു.
അവർ മതിയാവോളം കുടിച്ചു.അവർ പരിസരം മറന്നു.ശത്രുവിനെ മറന്നു. യഹോവ ഗിദയോനോട്
ഇപ്രകാരം പറഞ്ഞു.

” നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ടു ഞാൻ നിങ്ങളെ രക്ഷിച്ചു മിദ്യാന്യരെ നിന്റെ കയ്യിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു”
ന്യായാധിപന്മാർ 7:7

ജാഗരൂകരായി നിന്ന മുന്നൂറ് പേരെ കൊണ്ട്
ഗിദെയോൻ യുദ്ധം ജയിച്ചു.

“ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാവഴിയായി ബേത്ത്-ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി”
ന്യായാധി 7:22

ദൈവമക്കൾ എപ്പോഴും ജാഗരൂകരായി വർത്തിക്കണം. കാരണം അവർക്ക് യുദ്ധം ഉണ്ട്. യുദ്ധം ജയിക്കുവാൻ കർത്താവിൻ്റെ സർവ്വായുധവർഗ്ഗം ധരിക്കേണം.

” പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ”
എഫെസ്യർ 6:11

ജീവിതത്തിലെ യുദ്ധങ്ങളെ ജാഗരൂകരായി നേരിടാം.
ജീവിതത്തിൽ മുള്ളുകൾ ഉണ്ടാകാം.
ജീവിതപങ്കാളിയോ അല്ലെങ്കിൽ മക്കളോ മുള്ളുകളായി മാറി എന്നു വന്നേക്കാം. മുള്ളുകൾ വേദന നൽകാം. എങ്കിലും കർത്താവിൻ്റെ ക്യപയിൽ ആശ്രയിക്കാം. ഗർഭപാത്രത്തിൽ രൂപം കൊള്ളുമ്പോൾ നമ്മെ കണ്ടവൻ, നമ്മെ ഓമനപേരു ചൊല്ലി വിളിച്ചവൻ, നമ്മെ ദത്തെടുത്തവൻ, നമ്മെ വിലക്ക് വാങ്ങിയവൻ പറയുന്നു

“ഭയപ്പെടേണ്ട
ഞാൻ നിന്നോടു കൂടെ ഉണ്ട്”

നാം ഒരു യുദ്ധവും കരങ്ങളിൽ എടുക്കേണ്ട.
കാരണം യുദ്ധം ദൈവത്തിനുള്ളതാണ്. യഹോവ നമുക്കുവേണ്ടി
യുദ്ധം ചെയ്യും. ജീവിതത്തിൽ എന്തു സംഭവിച്ചാലും മരണകിടക്കയിൽ ആണെങ്കിലും നമുക്ക് ധൈര്യത്തോടെ പറയാം.

” എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല”

ഈ ശരീരം മണ്ണോടു ച്ചേർന്നാലും ദൈവം നമുക്ക് വിൺമയമാം ഒരു ശരീരം തരും. നാം കർത്താവിൻ്റെ സന്നിധിയിൽ പറന്നുയരും. അവൻ നമ്മുടെ കണ്ണിൽ നിന്നും കണ്ണീരൊക്കെയും തുടക്കും.

” ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല.
സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും”
വെളിപ്പാടു 7:16,17

ഈ നല്ല നാളെക്കായി
പ്രത്യാശയോടെ കാത്തിരിക്കാം.