മോശയുടെ സമകാലികനായ കോരഹ് വലിയ ധനികനായിരുന്നു എന്ന് യഹൂദ ചരിത്രം പറയുന്നു. കോരഹ്, ലേവി ഗോത്രത്തിൽ പെട്ട കെഹാത്തിൻ്റെ മകനായ യിസ്സ്ഹാറിന്റെ മകനായിരുന്നു.കോരഹ് സമാഗമനകൂടാരത്തിലെ ദൈവം ഏൽപ്പിച്ച വേലയിൽ തൃപ്തനല്ലായിരുന്നു. തനിക്കും കുടുംബത്തിനും അഹരോനെപ്പോലെ പൗരോഹിത്വം കിട്ടണമെന്ന് അവൻ ആഗ്രഹിച്ചു.രുബേൻ ഗോത്രത്തിലെ ദാഥാൻ, അബീരാം,ഓൻ എന്നിവരെയും ചേർത്ത് ഒരു ലഹള മോശയ്ക്ക് നേരെ കോരഹ് ഉണ്ടാക്കി. അതിൻ്റെ ഫലമായി ദൈവം ശിക്ഷ അയച്ചു ഭൂമി വായ്പിളർന്ന്, ജീവനോടെ കോരഹിനേയും, കൂടെയുള്ള ആളുകളെയും വിഴുങ്ങി പാതാളത്തിലേക്ക് കൊണ്ടെത്തിച്ചു. 250 പേർ ആ ശിക്ഷയിൽ ന്യായം വിധിക്കപ്പെട്ടു. എന്നാൽ ആ ശിക്ഷക്ക് മുമ്പേ രക്ഷപ്പെടുവാൻ ആഗ്രഹിക്കുന്നവർ അവരിൽനിന്ന് മാറുവാൻ മോശെ മുന്നറിയിപ്പ് നൽകി . കോരഹിൻ്റെ പുത്രന്മാർ ആയിരുന്നു അസ്സൂർ, എൽക്കാനാ, അബിയാസാഫ് എന്നിവർ.
അപ്പൻ്റെ ദുഷ്ടതയ്ക്ക് കൂട്ടുനിൽക്കാതെ അവർ പാളയങ്ങളിൽ നിന്നും ഓടിപ്പോയി. ഈ ചരിത്രം പുറപ്പാട് 6:24 ,സംഖ്യ
16:1- 50, 26 :9 -10 വരെയുമുള്ള ഭാഗങ്ങളിൽ നാം വായിക്കുന്നു.അങ്ങനെ ആ വംശം അറ്റു പോയില്ല. അവരുടെ തലമുറയെ ദൈവം അനുഗ്രഹിച്ചു. കോരഹ് പുത്രന്മാർ ദൈവാലയത്തിൽ സംഗീത ശുശ്രൂഷകരായി. അവർ രചിച്ച 11 പാട്ടുകളാണ് സങ്കീർത്തനങ്ങൾ 42, 44, 45, 46, 47, 48, 49, 84, 85, 87, 88 എന്നിവ. കോരഹ് പുത്രന്മാർ ദൈവാലയത്തിലെ വാതിൽ കാവൽക്കാരായി. അവർ 84-ാം സങ്കീർത്തനത്തിൽ ഇങ്ങനെ പാടി.
“എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവൽക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം” 84-ാം സങ്കീ 2,10 വാക്യങ്ങൾ
കോരഹ്പുത്രന്മാരുടെ തലമുറകൾ വീരന്മാരായി. കോരഹ് പുത്രന്മാരുടെ തലമുറകളിൽ പെട്ടവർ ദാവീദിന്റെ കാലത്ത് നല്ല സൈനികരായി, പ്രാപ്തിയുള്ള വീരന്മാരും യുദ്ധപ്രാപ്തരും ആയിതീർന്നു. ശമുവേൽ പ്രവാചകൻ കോരഹ്പുത്രന്മാരുടെ വംശത്തിൽ പെട്ടവനായിരുന്നു. അഹോരോന്യ വംശത്തിൽപ്പെട്ട ഏലി പുരോഹിതൻ വൻപരാജയത്തിലേക്ക് വീണപ്പോൾ, ദൈവം ലേവി ഗോത്രത്തിലെ കോരഹിൻ്റെ വംശത്തിൽ പെട്ട ശമുവേലിനെയാണ് പൗരോഹിത്യ ശുശ്രൂഷ ഏൽപ്പിക്കുന്നത്.
കോരഹിൻ്റെ പുത്രന്മാർ അപ്പൻ്റെ ദുഷ്ടതയ്ക്ക് കൂട്ടുനിൽക്കാതെ ദൈവത്തിൻ്റെ ഇഷ്ടത്തിലേക്കും, ആലയത്തിലേക്കും വന്നതിനാൽ അവരുടെ വംശാവലിയിൽ വന്ന അനുഗ്രഹം എത്രയോ ശ്രേഷ്ഠമാണ്.
നാം ലോകത്തിന് അനുരൂപരാകരുത് തിന്മയ്ക്ക് ദുഷ്ടതയ്ക്കും കൂട്ടുനിൽക്കരുത്. സ്വന്തം ബന്ധുക്കളും മാതാപിതാക്കന്മാരും തെറ്റായ വിശ്വാസങ്ങളിലേക്കും തിന്മകളിലേക്കും മാറിയാൽ, ദൈവമക്കൾ വ്യത്യസ്തമായ വ്യക്തിത്വം കാത്ത് സൂക്ഷിക്കണം. ദൈവകൽപനകൾ പരിപൂർണ്ണമായി അനുസരിക്കണം. അങ്ങനെയുള്ളവർ
കോരഹ് പുത്രന്മാരെ പോലെ
അനുഗ്രഹീതരാകും. അവരുടെ തലമുറയെ ദൈവം കാത്ത് പരിപാലിക്കും.
അവരെ ദൈവം അനുഗ്രഹത്തിലേക്കും
വലിയ ആത്മീയ ശുശ്രൂഷയിലേക്കും വഴിതിരിച്ചു വിടും. സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ദൈവഭക്തർ പ്രതികൂലങ്ങളിലൂടെ കടന്നാലും കോരഹ് പുത്രന്മാരെ പോലെ പ്രത്യാശയോടെ ഇങ്ങനെ
സ്തുതിച്ച് പറയും.
“കണ്ണുനീർ താഴ്വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. മുന്മഴയാൽ അതു അനുഗ്രഹപൂർണ്ണമായ്തീരുന്നു.അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു”
84-ാം സങ്കീ 6,7 വാക്യങ്ങൾ
Leave a Reply