കര്‍ത്താവില്‍ പ്രിയ സഹോ.

യേശുക്രിസ്തുവിന്‍ നാമത്തില്‍ സ്നേഹവന്ദനം.

നിങ്ങള്‍ സന്തോഷമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. നിങ്ങളുടെ ഏതു പ്രശ്നത്തിനും പരിഹാരം വരുത്തുവാന്‍ കഴിവുള്ളവനായ യേശു ഇന്നും ജീവിക്കുന്നു. യേശുവിന്‍റെ നാമത്തില്‍ സകലതും സാദ്ധ്യമാണ്. ദൈവത്താല്‍ അസാദ്ധ്യമായത് ഒന്നുമില്ല. വിശ്വസിക്കുക, ഏറ്റെടുക്കുക, യേശു നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതം പ്രവര്‍ത്തിക്കും.

“നിങ്ങള്‍ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്‍റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ എന്നു വിളിക്കുന്ന പുത്രത്വത്തിന്‍ ആത്മാവിനെ അത്രേ പ്രാപിച്ചത്.” (റോമര്‍ 8:15)

ദൈവകല്പനയെ ലംഘിച്ച് മാനവവര്‍ഗ്ഗം പാപത്തില്‍ വീണുപോയപ്പോള്‍ കരുണാസമ്പന്നനായ ദൈവം മാനവവര്‍ഗ്ഗത്തെ കൈവിടാതെ ഒരു രക്ഷാമാര്‍ഗ്ഗം ഒരുക്കി. അതാണ് യേശുക്രിസ്തു. മാനവവര്‍ഗ്ഗത്തെ പാപത്തിന്‍റെയും ശാപത്തിന്‍റെയും രോഗത്തിന്‍റെയും മരണത്തിന്‍റെയും സാത്താന്‍റെയും അടിമത്വത്തില്‍നിന്നും വീണ്ടെടുക്കാന്‍ തന്‍റെ ഏകജാതനായ പുത്രനെ നല്‍കി. യേശു മാനവവര്‍ഗ്ഗത്തിനുവേണ്ടി കാല്‍വരിയില്‍ മരിച്ചു. അങ്ങനെ മാനവവര്‍ഗ്ഗത്തിനുവേണ്ടി നിത്യരക്ഷ ദൈവം യേശുക്രിസ്തുവില്‍ക്കൂടി ഒരുക്കി. യേശുവിന്‍റെ മരണത്തിനാല്‍ നമുക്ക് പാപത്തില്‍നിന്നും ശാപത്തില്‍നിന്നും രോഗത്തില്‍നിന്നും സാത്താന്യഅടിമത്വത്തില്‍നിന്നും മോചനം കാല്‍വരി ക്രൂശിനാല്‍ ലഭിച്ചു. സ്വര്‍ഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹവും യേശുക്രിസ്തുവില്‍ക്കൂടി ലഭിച്ചു. എന്നാല്‍ ഈ അനുഗ്രഹങ്ങള്‍ അധികംപേര്‍ക്കും പ്രാപിക്കാന്‍ കഴിയുന്നില്ല. അതിന്‍റെ കാരണം അവര്‍ യേശുവില്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ല. എന്നാല്‍ യേശുവില്‍ വിശ്വസിച്ച് അവന്‍റെ കല്പനകള്‍ അനുസരിക്കുന്നവര്‍ക്ക് ദൈവം സകലവിധമായ അനുഗ്രഹങ്ങള്‍ നല്‍കിത്തരും. ആരാണ് ദൈവത്തിന്‍റെ മക്കള്‍? എങ്ങനെ ഒരു വ്യക്തിക്ക് ദൈവമകനായി അഥവാ മകളായി തീരാം? അതിനെക്കുറിച്ച് ചുവടെ വിവരിക്കുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ മക്കള്‍ അല്ലെങ്കില്‍ ദൈവമകനായി / മകളായി തീരുക. അതിനായി ദൈവം നിങ്ങളെ സഹായിക്കട്ടെ.

a)യേശുവിനെ സ്വീകരിച്ച് അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവമക്കളാകാം

“അവനെ (യേശു) കൈക്കൊണ്ട് അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു.” (യോഹ. 1:12)

യേശുക്രിസ്തു ഭൂമിയില്‍ വന്നത് എന്നെ പാപത്തില്‍നിന്നും രോഗത്തില്‍നിന്നും ശാപത്തില്‍നിന്നും സാത്താന്യ അടിമത്തത്തില്‍നിന്നും വിടുവിച്ച് സ്വര്‍ഗ്ഗരാജ്യത്തിനവകാശിയാക്കി തീര്‍ക്കാനെന്ന് പൂര്‍ണ്ണമായി വിശ്വസിച്ച് യേശുവിനെ സ്വന്തം രക്ഷിതാവും കര്‍ത്താവുമായി അംഗീകരിച്ച് ദൈവത്തിനായി ജീവിക്കുവാന്‍ സമര്‍പ്പിക്കുമ്പോള്‍ അവന്‍ ദൈവമകനായത്തീരുന്നു. വി. ബൈബിള്‍ പറയുന്നു.

“ക്രിസ്തുയേശുവിലെ വിശ്വാസത്താല്‍ നിങ്ങള്‍ എല്ലാവരും ദൈവത്തിന്‍റെ മക്കള്‍ ആകുന്നു.” (ഗലാത്യര്‍ 3:16)

ഒരുവന്‍ ദൈവപൈതലായ് തീരുമ്പോള്‍ അവന്‍ പാപജീവിതത്തെ ഉപേക്ഷിക്കും. അവന് നിത്യസന്തോഷവും സമാധാനവും ഉണ്ടായിരിക്കും. പ്രിയസുഹൃത്തെ, നിങ്ങള്‍ ദൈവമകനാണോ? മകളാണോ?

b)ദൈവകല്പനകള്‍ അനുസരിക്കുന്നവരാണ് ദൈവത്തിന്‍റെ മക്കള്‍

“നാം ദൈവത്തെ സ്നേഹിച്ചു, അവന്‍റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോള്‍ ദൈവമക്കളെ സ്നേഹിക്കുന്നു എന്നും അതിനാല്‍ അറിയാം. അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്‍റെ കല്പനകള്‍ ഭാരമുള്ളവയല്ല.” (1 യോഹ. 5:2-3)

അനേകവ്യക്തികള്‍ പറയുന്ന ഒരു കാര്യമുണ്ട്. ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു. ബൈബിള്‍ വായിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു എന്നൊക്കെ. എന്നാല്‍ ഈ വ്യക്തികള്‍ ദൈവകല്പനകള്‍ ശ്രദ്ധിക്കുകയോ അത് അനുസരിക്കുകയോ ചെയ്യാറില്ല. പകരം അവര്‍ മാനുഷിക കല്പനകളെയും ചട്ടങ്ങളെയും അനുസരിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. ഇക്കൂട്ടര്‍ ദൈവത്തില്‍നിന്നും ദൈവരാജ്യത്തില്‍നിന്നും വളരെ അകലെയാണ്.

ദൈവത്തെ സ്നേഹിക്കുന്നവര്‍ അവന്‍റെ കല്പനകളെ പ്രമാണിക്കുന്നു എന്ന് വി. യോഹന്നാന്‍ പറയുന്നു. എന്താണ് ദൈവകല്പനകള്‍? അത് വിശുദ്ധ ബൈബിളിലെ വചനങ്ങളാണ്. ദൈവവചനം അനുസരിക്കുന്ന ഒരു വ്യക്തി ദൈവപൈതലായിത്തീരുന്നു. ദൈവവചനത്തില്‍ ഇല്ലാത്ത എന്തു കാര്യം ചെയ്താലും ദൈവം അത് അംഗീകരിക്കുന്നില്ല. മാനസാന്തരപ്പെടുക, വിശ്വാസസ്നാനം സ്വീകരിക്കുക, പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുക, സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുക, വിശുദ്ധിയിലും വേര്‍പാടിലും ജീവിക്കുക തുടങ്ങിയവ ദൈവവചനത്തിലുള്ള കല്പനകളില്‍ ചിലതു മാത്രമാണ്.

പ്രിയവ്യക്തിജീവിതമേ നീ ഈ ദൈവകല്പനകളെ അനുസരിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ മാനുഷിക കല്പനകളെ അനുസരിച്ച് ജീവിക്കുകയാണോ? ദൈവകല്പനകള്‍ അനുസരിക്കാത്തവര്‍ ആരും ദൈവത്തിന്‍റെ മക്കളല്ല. ദൈവത്തെ അനുസരിക്കാത്തവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല. അതിനാല്‍ പ്രിയ വ്യക്തിജീവിതമേ ദൈവകല്പനകള്‍ അനുസരിച്ച് ജീവിക്കുവാന്‍ തുടങ്ങുക. ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നവര്‍ ആയിത്തീരുക.

c)ദൈവാത്മാവ് നടത്തുന്നവരാണ് ദൈവമക്കള്‍

“ദൈവാത്മാവു നടത്തുന്നവര്‍ ഏവരും ദൈവത്തിന്‍റെ മക്കള്‍ ആകുന്നു.” (റോമര്‍ 8:14)

ലോകത്തില്‍ വിവിധതരം ആത്മാക്കള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ദൈവാത്മാവ്, മനുഷ്യാത്മാവ്, സാത്താന്യ ആത്മാവ് തുടങ്ങിയവ. ഒരു ദൈവപൈതല്‍ നടക്കേണ്ടത് ദൈവാത്മാവിനെ അനുസരിച്ചായിരിക്കണം. ദൈവാത്മാവിനാല്‍ നടത്തപ്പെടുന്നവരാണ് ദൈവത്തിന്‍റെ മക്കള്‍. ദൈവത്തിന്‍റെ മക്കള്‍ ദൈവേഷ്ടം ചെയ്തു ദൈവത്തെ പ്രസാദിപ്പിച്ചു ജീവിക്കുന്നവര്‍ ആണ്. ആ വ്യക്തിക്ക് ദൈവം തന്‍റെ സ്വര്‍ഗ്ഗീയ കലവറകള്‍ തുറന്ന് അനുഗ്രഹങ്ങള്‍ നല്‍കും.

ഇതു വായിക്കുന്ന പ്രിയവ്യക്തിജീവിതമേ നിങ്ങള്‍ ദൈവത്തിന്‍റെ മക്കളോ അല്ലെങ്കില്‍ സാത്താന്‍റെ മക്കളോ? ദൈവകല്പനകള്‍ അനുസരിച്ചു ജീവിക്കാത്ത ആരും ദൈവപൈതലല്ല. മറിച്ച്, സാത്താന്‍റെ മക്കളാണ്. ആയതിനാല്‍ നിങ്ങള്‍ ദൈവമക്കള്‍ ആയിത്തീരുക.

നിങ്ങളുടെ പ്രശ്നങ്ങള്‍ മലപോലെ അത്ര വലുത് ആണെങ്കില്‍ ദൈവത്തിന് ഒരു നിമിഷം മതി ആ പ്രശ്നത്തെ നീക്കുവാന്‍. ദൈവകല്പനകളെ കേട്ടിട്ട് അവ അനുസരിക്കാത്തവര്‍ക്കുവേണ്ടി ദൈവം എങ്ങനെ പ്രവര്‍ത്തിക്കും? നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ അനുഗ്രഹങ്ങളെ തടസ്സപ്പെടുത്തുന്നത്. ദൈവപൈതലായിത്തീരുക. അപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ ദൈവം അത്ഭുതം പ്രവര്‍ത്തിക്കും. സൃഷ്ടിതാവായ ദൈവത്തിന്‍റെ മക്കള്‍ ആകുക എന്നത് ഈ ലോകത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ്. തന്‍റെ ഭക്തന്മാര്‍ക്കും തന്നെ അന്വേഷിക്കുന്നവര്‍ക്കുംവേണ്ടി ദൈവം രാപകല്‍ പ്രവര്‍ത്തിക്കുന്നവനാണ്. നിങ്ങളെ ദൈവത്തിനു സമര്‍പ്പിക്കുക. ദൈവികഅനുഗ്രഹങ്ങളെ പ്രാപിച്ചെടുക്കുക. എഴുന്നേല്‍ക്കുക! ഇനി വൈകരുത്. ഇത് അത്ഭുതത്തിന്‍റെ സമയമാണ്. ദൈവപൈതലാകുവാന്‍ തീരുമാനിക്കുക.

“ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു ഒരുക്കിയിട്ടുള്ളത് കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല.” (1 കൊരി. 2:9)

“എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കും നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കും തന്നേ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു, എന്നു നാം അറിയുന്നു.” (റോമര്‍ 8:23).

മുകളില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയോടുകൂടി വായിച്ച്, ധ്യാനിച്ച്, ജീവിതത്തില്‍ മാറ്റം വരുത്തുമ്പോള്‍, നിങ്ങളുടെ ഏതു പ്രശ്നത്തിനും ദൈവം വേഗത്തില്‍ പരിഹാരം വരുത്തും. അതിനായി ദൈവം നിങ്ങളെ സഹായിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.