“മരത്തിന്മേല്‍ തൂങ്ങുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു. ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍ നിന്നു നമ്മെ വിലെക്കുവാങ്ങി. (ഗലാത്യര്‍-3:13)

ആദി മനുഷ്യനായ ആദം പാപം ചെയ്തപ്പോള്‍ ലോകത്തില്‍ കടന്നുവന്നതാണ് ശാപം. ആദി മനുഷ്യന്‍റെ പാപം മൂലം ഭൂമി ശാപഗ്രസ്ഥമായിത്തീര്‍ന്നു. ഏദെന്‍ തോട്ടത്തില്‍ കടന്നുവന്ന ദൈവം പാമ്പിനെ ശപിച്ചു. ശാപത്തിന്‍റെ ഫലമായി ഭൂമിയില്‍ മുള്ളും പറക്കാരയും മുളയ്ക്കുവാന്‍ തുടങ്ങി. മനുഷ്യന്‍റെ പാപത്തിനാല്‍ ഭൂമിയിന്മേലുള്ള സകലതും ശപിക്കപ്പെട്ടു.

ഇന്നും അനുഗ്രഹവും ശാപവും ഒരു വ്യക്തിയെ പിന്തുടരുന്നു. ദൈവത്തെ അനുസരിച്ച് ജീവിക്കുന്നവര്‍ക്കു അനുഗ്രഹവും അനുസരിക്കാത്തവര്‍ക്ക് ശാപവും ദൈവം പ്രദാനം ചെയ്തിരിക്കുന്നു.

ശാപം വരുവാനുള്ള കാരണങ്ങള്‍

“കുരികിന്‍ പാറിപ്പോകുന്നതും മീവല്‍പക്ഷി പറന്നു പോകുന്നതും പോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.” (സദൃശ്യവാക്യങ്ങള്‍-26:2)

ഈ വാക്യം ശാപങ്ങളോടുള്ള ബന്ധത്തില്‍ ശ്രദ്ധേയമാണ്. ഒരു ശാപം ഉണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു കാരണം ഉണ്ട്. കാരണം കൂടാതെ ഒരുവന്‍റെ മേല്‍ ശാപം വരികയില്ല. അതിനാല്‍ ശാപത്തില്‍ നിന്നും വിടുവിക്കപ്പെടണമെങ്കില്‍ ആദ്യം തന്നെ അതിന്‍റെ കാരണം കണ്ടുപിടിക്കണം.

ശാപത്തിന്‍റെ ഉറവിടങ്ങള്‍

A. ദൈവം

പല സന്ദര്‍ഭങ്ങളിലും വ്യക്തികളുടെമേലും, രാഷ്ട്രങ്ങളുടെ മേലും ദൈവം ശാപം ചൊരിഞ്ഞിട്ടുണ്ട്. ദൈവിക ന്യായവിധിയുടെ നിശിതമായ ഒരു രൂപമാണിത്.

1. അബ്രാഹാമിനോടുള്ള ബന്ധത്തില്‍

“യഹോവ അബ്രാമിനോടു അരുളിചെയ്തതെന്തെന്നാല്‍: നീ നിന്‍റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. ഞാന്‍ നിന്നെ വലിയൊരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്‍റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” (ഉല്പത്തി-12:1-3)

അബ്രാഹാമിന് ലഭിച്ച സ്വര്‍ഗ്ഗീയ വിളിയെക്കുറിച്ചാണ് ഇവിടെ വിവരിക്കപ്പെട്ടിരിക്കുന്നത്. ഈ വിളിക്ക് ഏഴു തലങ്ങള്‍ ഉണ്ടായിരുന്നു. അവ:

1. ഞാന്‍ നിന്നെ വലിയൊരു ജാതിയാക്കും.

2. ഞാന്‍ നിന്നെ അനുഗ്രഹിക്കും.

3. നിന്‍റെ പേര്‍ വലുതാക്കും.

4. നീ ഒരു അനുഗ്രഹമായിരിക്കും.

5. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും.

6. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും.

7. നിന്നാല്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.

അബ്രാഹാമിന്‍റെ വിളിയുടെ ഈ ഏഴു തലങ്ങളില്‍ അവന്‍റെ ഭാഗദേയത്തിന്‍റെ ഏഴുവിധ തലങ്ങള്‍ ഉണ്ട്.

ഇതിലെ ആറാമത്തെ തലം അബ്രാഹാമിനെ ശപിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശാപമാണ്. ഇത് അബ്രാഹാമിനും, യിസ്ഹാക്കിനും, യാക്കോബിനും അവന്‍റെ തലമുറകള്‍ക്കും ബാധകമാണ്.

അബ്രാഹാമിനെയൊ അവന്‍റെ സന്തതി പരമ്പരയായ യഹൂദന്മാരെയോ ശപിക്കുന്നവന്‍ ശാപത്തിന്‍ കീഴിലാണ്. ഇന്നും യഹൂദന്മാര്‍ക്കെതിരെ സംസാരിക്കുകയോ വിമര്‍ശിക്കുകയൊ ചെയ്യുമ്പോള്‍ അവന്‍റെ ജീവിതത്തിലേക്ക് ശാപം കടന്നുവരുന്നു.

2. ദൈവിക പ്രമാണങ്ങള്‍ അനുസരിക്കാതിരിക്കുന്നതിനാല്‍ വരുന്ന ശാപങ്ങള്‍

ആവര്‍ത്തനപുസ്തകം 27:11-26-വരെ നോക്കുക.

a. അന്യദൈവങ്ങളും വിഗ്രഹാരാധനയും

“അപ്പോള്‍ ലേവ്യര്‍ എല്ലാ യിശ്രായേല്യരോടും ഉറക്കെ വിളിച്ചു പറയേണ്ടതു എന്തെന്നാല്‍: ശില്പിയുടെ കൈപ്പണിയായി യഹോവെക്കു അറ്റപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാര്‍ത്തോ ഉണ്ടാക്കി രഹസ്യത്തില്‍ പ്രതിഷ്ഠിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു ഉത്തരം പറയേണം.” (ആവര്‍ത്തന പുസ്തകം-27:14,15)

ഏതെങ്കിലും തരത്തിലുള്ള വിഗ്രഹം ഉണ്ടാക്കുവാനോ അതിനെ നമസ്കരിക്കാനോ ബൈബിള്‍ അനുമതി നല്‍കുന്നില്ല. വിഗ്രഹത്തെ ഉണ്ടാക്കുന്നവനും അവയെ ചുമന്നുകൊണ്ട് നടക്കുന്നവനും അവയെ മുത്തുകയോ ആരാധിക്കുകയോ ചെയ്യുന്നവനും ശപിക്കപ്പെട്ടവന്‍ എന്ന് ബൈബിള്‍ പറയുന്നു. പുറപ്പാട് 20:4-6 വരെ വാക്യങ്ങളില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു.

“ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്‍റെ പ്രതിമയും അരുതു അവയെ നമസ്ക്കരിക്കുകയോ സേവിക്കയോ ചെയ്യരുത്. നിന്‍റെ ദൈവമായ യഹോവയായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരില്‍ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേല്‍ സന്ദര്‍ശിക്കയും എന്നെ സ്നേഹിച്ചു എന്‍റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കു ആയിരം തലമുറവരെ ദയ കാണിക്കയും ചെയ്യുന്നു.”

സ്വര്‍ഗ്ഗത്തിലൊ, ഭൂമിയിലൊ, സമുദ്രത്തിലൊ ഉള്ള യാതൊരു വസ്തുവിന്‍റെയും വിഗ്രഹമൊ പ്രതിമയൊ ഉണ്ടാക്കരുത്. അവയെ നമസ്ക്കരിക്കയോ സേവിക്കുകയോ ചെയ്യരുത്. ഇങ്ങനെ ചെയ്യുന്നവന്‍ ശപിക്കപ്പെട്ടവന്‍. നിങ്ങളുടെ ഭവനത്തില്‍ ഏതെങ്കിലും വിഗ്രഹം ഉണ്ടെങ്കില്‍ നിങ്ങള്‍ ശാപത്തില്‍ ആയിരിക്കുന്നു. നിങ്ങള്‍ മാത്രമല്ല നിങ്ങളുടെ തലമുറകളും ശാപത്തിലായിരിക്കുന്നു. ആകയാല്‍ വിഗ്രഹങ്ങളില്‍ നിന്നും വിഗ്രഹാരാധനയില്‍ നിന്നും ഓടി ആത്മാവായ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുക.

ഏക സത്യ ദൈവത്തെ ആരാധിക്കാത്തവരെല്ലാം ശാപത്തിന്‍കീഴില്‍ ആകുന്നു. യേശുക്രിസ്തു ആകുന്നു ഏക സത്യ ദൈവം. മാനവകുലത്തിന്‍റെ പാപത്തിന്‍റെ പരിഹാരത്തിനുവേണ്ടി കാല്‍വരിയില്‍ മരിച്ച ഏകവ്യക്തി യേശുക്രിസ്തു ആകുന്നു. യേശുക്രിസ്തുവില്‍ക്കൂടി മാത്രമേ സ്വര്‍ഗ്ഗരാജ്യത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കയുള്ളൂ. യേശു പറഞ്ഞു:

“ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല.” (യോഹന്നാന്‍-14:6)

യേശു ക്രിസ്തു മാത്രമാണ് പാപികള്‍ക്കുവേണ്ടി മരിച്ചത്. അതുകൊണ്ട് യേശുക്രിസ്തുവാണ് ഏക സത്യദൈവം. ഏകസത്യ ദൈവത്തെ വിട്ടുള്ള ഏതാരാധനയും അന്യദൈവാരാധനയാണ്. പ്രകൃതി ശക്തികളായ സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, കാറ്റ്, അഗ്നി, തുടങ്ങിയവയെയും മൃഗങ്ങളെയും, പാമ്പുകളെയും മറ്റും ആരാധിക്കുന്നതും അന്യദൈവാരാധനയാണ്.

മേല്‍പ്പറഞ്ഞവയെല്ലാം ദൈവസൃഷ്ടികളാണ്. അല്ലാതെ ദൈവങ്ങളല്ല. ആകാശത്തെയും, ഭൂമിയെയും മനുഷ്യനെയും സൃഷ്ടിച്ച ഏകസത്യ ദൈവം ആത്മാവാണ്. ദൈവം ആത്മാവാകയാല്‍ ദൈവത്തിനു ജഢശരീരമില്ല. അതുകൊണ്ട് ആരും ദൈവത്തെ ഒരു നാളും കണ്ടിട്ടില്ല. കാണാത്ത ദൈവത്തെ എങ്ങനെ പ്രതിമകളിലും വിഗ്രഹങ്ങളിലും സൃഷ്ടിക്കാന്‍ കഴിയും. അന്യദൈവാരാധനയും വിഗ്രഹാരാധനയും മാരകമായ പാപമാണ്. ഏക സത്യദൈവത്തെക്കാളുപരി എന്തിനെയെങ്കിലും സ്നേഹിച്ചാല്‍ അതും വിഗ്രഹാരാധനയാണ്. ഇതു മുഖാന്തരം നിങ്ങളുടെ ജീവിതത്തില്‍ കുടുംബത്തില്‍ ഭാവിതലമുറകളില്‍ നിങ്ങള്‍ അറിയാതെതന്നെ ശാപം കയറിപ്പറ്റുന്നു. ശാപത്തിന്‍റെ പ്രമുഖവും പ്രധാനവുമായ കാരണമാണ് അന്യദൈവാരാധനയും വിഗ്രഹാരാധനയും.

b. മാതാപിതാക്കളോടുള്ള അനാദരവ്

“അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം ആമേന്‍ എന്നു പറയേണം. (ആവര്‍ത്തനപുസ്തകം 27:16)

മാതാപിതാക്കളോട് അനാദരവ് കാണിക്കുന്നത് ഗുരുതരമായ പാപമാണ്. വാഗ്ദാനത്തോടുകൂടിയ ദൈവത്തിന്‍റെ ഒന്നാമത്തെ കല്പനയാണ്. “നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീര്‍ഘായുസ്സുണ്ടാകുവാന്‍ നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.” (പുറപ്പാടു-20:12)

ഇന്ന് അനേകരുടെ ജീവിതത്തില്‍ കുഴഞ്ഞുമറിഞ്ഞ ജീവിതപ്രശ്നങ്ങള്‍ ഉണ്ടാകുവാനുള്ള കാരണം മാതാപിതാക്കളോടുള്ള അനാദരവാണ്. കഷ്ടപ്പെട്ട് വളര്‍ത്തിവിട്ട മക്കള്‍ തങ്ങള്‍ ഒരു സ്ഥാനത്ത് എത്തിച്ചേരുമ്പോള്‍ തങ്ങളുടെ മാതാപിതാക്കളെ മറക്കുന്നു. ഇന്നു നമ്മുടെ രാജ്യത്ത് അനേകം വൃദ്ധമന്ദിരങ്ങള്‍ മുളച്ചുവരുന്നു. അതിന്‍റെ പിന്നിലുള്ള രഹസ്യം മക്കള്‍ക്ക് മാതാപിതാക്കളെ നോക്കുവാനോ സംരക്ഷിക്കുവാനോ മനസ്സില്ലാത്തതുകൊണ്ട് ആണ്.

മാതാപിതാക്കളെ ആദരിക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍ എന്ന് ദൈവവചനം അനുശാസിക്കുമ്പോള്‍ ഇന്ന് അനേകം പേരും ഇതിനൊന്നും ചെവി കൊടുക്കാതെ തങ്ങളുടെ ജീവിതത്തിലേക്ക് ശാപത്തെ ക്ഷണിച്ചുവരുത്തുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള പവിത്രവും പരിപാവനവുമായ ബന്ധം ശിഥിലമായിക്കൊണ്ടിരിക്കുന്ന ദയനീയാവസ്ഥ ഇന്നു സര്‍വ്വ സാധാരണമാണ്.

സ്വന്തം മാതാപിതാക്കളോടുള്ള കടപ്പാടുകളും ഉത്തരവാദിത്വങ്ങളും വിസ്മരിച്ച് കളയുന്ന ആര്‍ക്കും താന്‍ ഒരു ദൈവ പൈതലാണെന്ന് അവകാശപ്പെടുവാന്‍ കഴിയുകയില്ല. എന്തെന്നാല്‍ തന്‍റെ ജനം അനുസരിക്കുവാനും അനുഷ്ഠിക്കുവാനും ദൈവം നല്‍കിയ പത്തുകല്പനകളില്‍ അഞ്ചാമത്തേതു ഓരോരുത്തനും തനിക്ക് ദീര്‍ഘായുസ്സുണ്ടാകുവാന്‍ തന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം എന്നുള്ളതായിരുന്നു. ബാഹ്യമായ പ്രകടനങ്ങളൊ വാക്കുകളൊ കൊണ്ടുള്ള ബഹുമാനത്തെക്കാള്‍ ഉപരി മാതാപിതാക്കളുടെ സംരക്ഷണം സമ്പൂര്‍ണ്ണമായി ഏറ്റെടുക്കുമ്പോഴാണ് അവരോടുള്ള ബഹുമാനം പൂര്‍ത്തീകരിക്കപ്പെടുന്നത്. കാരണം സ്വന്തം മാതാപിതാക്കളെ ബഹുമാനിക്കുന്നവരാരും അവര്‍ കഷ്ടത്തില്‍ നട്ടം തിരിയുന്നതു കാണുവാന്‍ ആഗ്രഹിക്കുന്നവരല്ല.

അനുദിനം അറിവിന്‍റെ അഗാധങ്ങളിലേക്ക് പോയ്ക്കൊണ്ടിരിക്കുന്ന യുവതലമുറ പലപ്പോഴും തങ്ങളെപ്പോലെ പരിജ്ഞാനമോ വിദ്യാഭ്യാസമൊ സാമ്പത്തിക നേട്ടങ്ങളൊ ഇല്ലാത്ത മാതാപിതാക്കളെ പുച്ഛത്തോടും പരിഹാസത്തോടുമാണ് വീക്ഷിക്കുന്നത്. എന്നാല്‍ “അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കുന്നതില്‍ നിന്ദകാണിക്കുകയും ചെയ്യുന്ന കണ്ണിനെ താഴ്വരയിലെ കാക്കകള്‍ കൊത്തിപ്പറിക്കയും കഴുകന്‍ കുഞ്ഞുങ്ങള്‍ തിന്നുകയും ചെയ്യും.” (സദൃശ്യവാക്ക്യം 30:17) എന്ന ബൈബിള്‍ മുന്നറിയിപ്പ് ഇന്നത്തെ തലമുറയുടെ കണ്ടു തുറപ്പിക്കേണ്ടിയിരിക്കുന്നു. മാതാപിതാക്കളെ കവര്‍ച്ച ചെയ്തിട്ട് അത് അക്രമമല്ല എന്നു പറയുന്നവനെ ‘നാശത്തിന്‍റെ സഖി’ യായിട്ടാണ് ബൈബിള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മാതാപിതാക്കളെ അനുസരിക്കുവാനും അവര്‍ വാര്‍ദ്ധക്യത്തില്‍ എത്തുമ്പോള്‍ അവരെ നിന്ദിക്കാതിരിക്കാനും ഉദ്ബോധിപ്പിക്കുന്നതോടൊപ്പം മാതാപിതാക്കളെ ശപിക്കുന്നവന്‍റെ വിളക്ക് കൂരിരുട്ടില്‍ കെട്ടുപോകും എന്നും അഥവാ അവന്‍ പരിപൂര്‍ണ്ണ അന്ധകാരത്തില്‍ ആകും എന്നും (സദൃശ്യവാക്യം-20:20) ബൈബിള്‍ പ്രബോധിപ്പിക്കുന്നു. മാതാപിതാക്കളോടുള്ള കടപ്പാടുകള്‍ വിസ്മരിക്കുന്നവര്‍ ഭാവിയില്‍ തങ്ങളും മാതാപിതാക്കള്‍ ആകുമെന്നുള്ളത് വിസ്മരിക്കരുത്. ആയതിനാല്‍ മാതാപിതാക്കളെ അനുസരിച്ച് ദൈവീകാനുഗ്രഹങ്ങള്‍ പ്രാപിക്കുന്നവരായിത്തീരുക. മാതാപിതാക്കളെ അനുസരിക്കാത്തവര്‍ ശാപത്തിന്‍ കീഴില്‍ ആയിരിക്കുന്നു.

c. അവിഹിതവും പ്രകൃതി വിരുദ്ധവുമായ ലൈംഗികത

ഏതു തരത്തിലുള്ള പ്രകൃതിവിരുദ്ധലൈംഗികതയും ശാപം ക്ഷണിച്ചുവരുത്തുന്നു. സ്വവര്‍ഗ്ഗ ലൈംഗികതയും മൃഗസമാനമായ ലൈംഗികതൃഷ്ണയും സ്വന്തം കുടുംബാംഗങ്ങളുമായുള്ള ലൈംഗികബന്ധവും ശാപകാരണമാണ്.

സര്‍വ്വശക്തനായ ദൈവം മനുഷ്യജീവിതത്തിന്‍റെ തുടര്‍ച്ചക്കും കുടുംബജീവിതത്തിന്‍റെ കെട്ടുറപ്പിനുമായി മനുഷ്യനെ സൃഷ്ടിച്ചശേഷം അവന് അനുയോജ്യമായ തുണയായി സ്ത്രീയെ സൃഷ്ടിച്ചു. അങ്ങനെ മറ്റെല്ലാ ബന്ധങ്ങളെക്കാളും സുദൃഢവും പരിശുദ്ധവും ആകര്‍ഷകവുമായ ലൈംഗികബന്ധം സ്ഥാപിതമായി. എന്നാല്‍ കുടുംബജീവിതത്തിന്‍റെ കെട്ടുറപ്പിനും സന്തോഷത്തിന്‍റെ പരിപൂര്‍ണ്ണതക്കുമായി സ്നേഹവാനായ ദൈവം വിഭാവനം ചെയ്ത ലൈംഗികജീവിതത്തെ ദുരുപയോഗപ്പെടുത്തി പാപത്തിന്‍റെ പെരുവഴിയിലേക്കു മനുഷ്യന്‍ പോയപ്പോഴൊക്കെയും ദൈവം അവനെ കഠിനമായി ശിക്ഷിച്ചിട്ടുണ്. നോഹയുടെ കാലത്തെ ജലപ്രളയവും ചരിത്രസ്മാരകമായി അവശേഷിക്കുന്ന സോദോമും, ഗൊമോരയും ചാവുകടലും അതിന് ഉദാഹരണങ്ങളാണ്. മാനവചരിത്രത്തില്‍ ലൈംഗിക അരാജകത്വം അതിന്‍റെ ഉച്ഛകോടിയില്‍ എത്തി നില്‍ക്കുന്നു. ഈ കാലഘട്ടത്തില്‍ നിഷിദ്ധമെന്ന് ദൈവം കല്‍പ്പിച്ചിരിക്കുന്ന ലൈംഗിക വേഴ്ചകളെക്കുറിച്ച് നാം മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

1. രക്തബന്ധം ഉള്ളവരുമായി (ലേവ്യ-18:6)

2. പിതാവിന്‍റെ ഭാര്യയുമായി (ലേവ്യര്‍ 18:8)

3. പിതാവിന്‍റെയൊ മാതാവിന്‍റെയൊ മകളുമായി (ലേവ്യര്‍ 18:9,11)

4. മകന്‍റെയോ മകളുടെയോ മകളുമായി (ലേവ്യര്‍-18:10,17)

5. പിതാവിന്‍റെയൊ മാതാവിന്‍റെയൊ സഹോദരിയുമായി (ലേവ്യര്‍ 18:12,13,20:19)

6. സഹോദരന്‍റെ ഭാര്യയുമായി/ഭാര്യയുടെ സഹോദരിയുമായി (ലേവ്യര്‍ 18:16, 18)

7. മരുമകളുമായി (ലേവ്യര്‍ 18:15)

8. അമ്മാവിയമ്മയുമായി (ലേവ്യര്‍ 20:14)

9. അയല്‍ക്കാരന്‍റെ ഭാര്യയുമായി (ലേവ്യര്‍ 18:20)

10. പുരുഷനും പുരുഷനും തമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലും (ലേവ്യര്‍ 18:22, 20:13, റോമര്‍ 1:26,27)

11. മൃഗങ്ങളുമായി (ലേവ്യര്‍-18:23, 20:15 16)

മുകളില്‍ വിവരിച്ചിരിക്കുന്നതായ ലൈംഗികമ്ലേഛതകള്‍ മൂലം ഒരുവന്‍റെ ജീവിതത്തിലേക്ക് ശാപം കടന്നുവരുന്നു. ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ പിതാക്കന്മാരുടെ ലൈംഗികാക്രമണത്തിനു ഇരകളായിക്കൊണ്ടിരിക്കുന്നു. ഇതും ശാപത്തിന് കാരണമാണ്.

d. ദുര്‍ബലരോടും ആലംബഹീനരോടും കാണിക്കുന്ന അനീതി

“പരദേശിയുടെയും അനാഥന്‍റെയും വിധവയുടെയും ന്യായം മറിച്ചു കളയുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.” (ആവര്‍ത്തനപുസ്തകം-27:19)

ഇന്നത്തെ സമൂഹം ദുര്‍ബലരോടും ആലംബഹീനരോടും യാതൊരു തരത്തിലും ഉള്ള കരുണ കാണിക്കാത്തവരാണ്. ദുര്‍ബലരേയും ആലംബഹീനരെയും പീഡിപ്പിക്കുകയും അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ കവര്‍ച്ച ചെയ്യുകയും ചെയ്യുന്നു. അവര്‍ക്ക് അര്‍ഹിക്കുന്ന നീതി കൊടുക്കുന്നില്ല.അനാഥരുടെയും ദുര്‍ബലരുടെയും ന്യായത്തെ മറിച്ചു കളയുന്നു. “ദൈവം തന്‍റെ വിശുദ്ധനിവാസത്തില്‍ അനാഥന്മാര്‍ക്കു പിതാവും വിധവമാര്‍ക്കു ന്യായപാലകനും ആകുന്നു.” (സങ്കീര്‍ത്തനങ്ങള്‍ 68:5)

ദുര്‍ബലരോടും ആലംബഹീനരോടും, വിധവമാരോടും അന്യായം ചെയ്യുകയോ അവരെ പീഡിപ്പിക്കുകയോ ചെയ്താല്‍ തീര്‍ച്ചയായും ശാപം കടന്നുവരും.

e. സ്വന്ത ജഢത്തില്‍ ആശ്രയിക്കുന്നതിനാല്‍

“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; മനുഷ്യനില്‍ ആശ്രയിച്ചു ജഢത്തെ തന്‍റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍. അവന്‍ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോള്‍ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ടപ്രദേശങ്ങളിലും നിവാസികള്‍ ഇല്ലാത്ത ഉവര്‍നിലത്തിലും പാര്‍ക്കും. (യിരെമ്യാവു-17:5,6)

സമ്പൂര്‍ണ്ണമായും വ്യത്യസ്തമായ ഒരു കാര്യമാണിവിടെകാണുവാന്‍ കഴിയുന്നത്. ജഢത്തെ ഭുജമാക്കി (മാനുഷിക കഴിവുകളിലും ഭൗതികവസ്തുക്കളിലും ആശ്രയം വച്ച്) ദൈവത്തെ വിട്ടു മാറുന്നവര്‍ ശാപത്തിന്‍ കീഴിലാണ്. ഈക്കൂട്ടര്‍ ദൈവത്തിനൊ ദൈവികമായ കാര്യത്തിനൊ യാതൊരു വിലയും കൊടുക്കാതെ സമ്പത്തിലും, വിദ്യാഭ്യാസത്തിലും, പ്രശസ്തിയിലും, പേരിലും, ജോലിയിലും അഭിമാനം കൊണ്ട് അതില്‍ത്തന്നെ പ്രശംസിച്ച് ദൈവത്തെ വിട്ടുമാറിയിരിക്കുന്നു. ഇവര്‍ ശപിക്കപ്പെട്ടവരാണ്.

ഒരു കാലത്ത് ദൈവകൃപ രുചിച്ചറിഞ്ഞവരും അനുഗ്രഹമെന്താണെന്ന് മനസ്സിലാക്കിയവരുമായ പല ക്രിസ്തീയവിശ്വാസികളും സ്വന്ത ഉദ്യമങ്ങളിലും ബുദ്ധിയിലും പ്രസ്ഥാനങ്ങളിലും ആശ്രയിക്കുന്നതിനാല്‍ അവര്‍ ശപിക്കപ്പെട്ട അവസ്ഥയിലായിരിക്കും. അവര്‍ ജഢത്തെ തങ്ങളുടെ ഭുജമാക്കിയിരിക്കയാല്‍ ദൈവാനുഗ്രഹം അവരെ വിട്ടുപോയി.

f. കള്ളസത്യം ചെയ്യുന്നതിനാലും, മോഷ്ടിക്കുന്നതിനാലും വരുന്ന ശാപങ്ങള്‍

“ഞാന്‍ അതിനെ പുറപ്പെടുവിച്ചിട്ടു അതു കള്ളന്‍റെ വീട്ടിലേക്കും എന്‍റെ നാമത്തില്‍ കള്ളസത്യം ചെയ്യുന്നവന്‍റെ വീട്ടിലേക്കും ചെല്ലും; അതു അവന്‍റെ വീട്ടിനകത്തു താമസിച്ചു, അതിനെ മരവും കല്ലുമായി നശിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു” (സെഖര്യാവു-5:4)

സെഖര്യാവിന്‍റ പുസ്തകം 5-ാം അദ്ധ്യായത്തില്‍ രണ്ടുവശത്തും ശാപങ്ങള്‍ എഴുതിയ ഒരു ചുരുള്‍ പ്രവാചകന്‍ കാണുന്നു. അതില്‍ മോഷ്ടിക്കുന്നവനും കള്ളസത്യം ചെയ്യുന്നവനും വരുന്ന ശാപത്തെക്കുറിച്ച് എഴുതിയിരിക്കുന്നു. ഒരു ഭവനത്തിലേക്ക് ഈ ശാപം പ്രവേശിച്ചാല്‍ അത് അവരുടെ ഭവനങ്ങളെ നശിപ്പിച്ചുകളയും.

ശാപം മൂലം തകര്‍ന്നു നശിച്ച അനേകം കുടുംബങ്ങള്‍ ഉണ്ട്. ചില വ്യക്തികള്‍ തങ്ങളുടെ നേട്ടത്തിനും ഉയര്‍ച്ചക്കുംവേണ്ടി കള്ളസത്യം ചെയ്ത് മറ്റുള്ളവരെ ചതിക്കുന്നവരാണ് അതുപോലെ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ ശാപത്തിന്‍ കീഴിലാണ്. ഓഫീസുകളില്‍ നിന്നോ, ജോലി സ്ഥലങ്ങളില്‍ നിന്നോ, ഉടമസ്ഥനൊ അതിന്‍റെ അധികാരികളൊ അറിയാതെ വീട്ടില്‍ കൊണ്ടുവരുന്ന ഒരു ചെറിയ മൊട്ടുസൂചിപോലും നിങ്ങള്‍ക്ക് ശാപത്തിന് കാരണമായിത്തീരും.

ഇന്നനേകര്‍ ദശാംശം കൊടുക്കുന്നതിലും വിട്ടുവീഴ്ച കാണിക്കുന്നു. ഇതും ഗുരുതരമായ പാപമാണ്. ആരായിരുന്നാലും തങ്ങളുടെ വരുമാനത്തില്‍ പത്തിലൊന്ന് ദൈവത്തിനുള്ളതാണ്. അത് ദൈവത്തിനു കൊടുക്കാത്തവന്‍ ദൈവത്തെ മോഷ്ടിക്കുകയാണ്. അത് ശാപം ക്ഷണിച്ചു വരുത്തുന്നു. അതുകൊണ്ട് ദൈവത്തിനുള്ളത് ദൈവത്തിനും ഗവണ്‍മെന്‍റിന് ഉള്ളത് ഗവണ്‍മെന്‍റിന് കൊടുക്കുവാനും ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്.

g. ദൈവത്തെ സ്നേഹിക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍

“കര്‍ത്താവിനെ സ്നേഹിക്കാത്തവന്‍ ഏവനും ശപിക്കപ്പെട്ടവന്‍! നമ്മുടെ കര്‍ത്താവു വരുന്നു” (1 കൊരിന്ത്യര്‍-16:22)

ദൈവത്തെ സ്നേഹിക്കാത്ത ഏവനും ശപിക്കപ്പെട്ടവന്‍ എന്ന് ബൈബിള്‍ പറയുന്നു. അനേക വ്യക്തികള്‍ പറയുന്ന ഒരു കാര്യമാണ് ഞങ്ങള്‍ ദൈവത്തെ സ്നേഹിക്കുന്നു എന്ന്. എന്നാല്‍ അവര്‍ ദൈവകല്പനകളെ ശ്രദ്ധിക്കുകയൊ അവ അനുസരിക്കുകയോ ചെയ്യാറില്ല. മറിച്ച് മാനുഷികമായ കല്പനകളിലും ആചാരങ്ങളിലും പ്രമാണങ്ങളിലും ജല്പനങ്ങളിലും കുടുങ്ങി സത്യദൈവത്തെ തിരസ്കരിച്ചിരിക്കുന്നു. വിഗ്രഹം ഉണ്ടാക്കരുത് എന്നു കല്‍പ്പിച്ച ദൈവത്തിന്‍റെ വിഗ്രഹത്തെ ഉണ്ടാക്കുന്നു. ഞാന്‍ തന്നെ ഏകവഴി എന്ന് അരുളി ചെയ്ത യേശുവിനെ തിരസ്കരിച്ച് മറ്റനേകരില്‍ കൂടെ സ്വര്‍ഗ്ഗരാജ്യത്തില്‍ പോകുവാന്‍ ശ്രമിക്കുന്നു. ഇങ്ങനെ തീര്‍ത്തും മാനുഷികമായ സമ്പ്രദായത്തിലൂടെ ദൈവത്തെയും ദൈവകല്പനയെയും ചവിട്ടി പുറത്താക്കിയിട്ട് ഞങ്ങള്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്.

ദൈവത്തെ സ്നേഹിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്ത്? അതേക്കുറിച്ച് 1 യോഹന്നാന്‍ 5:2,3-ല്‍ ഇപ്രകാരം പറയുന്നു. “നാം ദൈവത്തെ സ്നേഹിച്ചു അവന്‍റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോള്‍ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാല്‍ അറിയാം. അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്‍റെ കല്പനകള്‍ ഭാരമുള്ളവയല്ല.

ദൈവകല്പനകള്‍ അനുസരിക്കുന്നതത്രേ ദൈവത്തോടുള്ള സ്നേഹം. മാനസാന്തരപ്പെടുക, വിശ്വാസസ്നാനം സ്വീകരിക്കുക, പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുക, വിശുദ്ധിയിലും വേര്‍പാടിലും ജീവിക്കുക, വിശുദ്ധകൂട്ടായ്മ ആചരിക്കുക, അപ്പം നുറുക്കുക തുടങ്ങിയ ദൈവകല്പനകള്‍ അനുസരിക്കുമ്പോഴാണ് ഒരുവന്‍ ദൈവത്തെ സ്നേഹിക്കുന്നത്. ദൈവത്തെ സ്നേഹിക്കുന്നുണ്ടെന്നു പറയുകയും ദൈവകല്പനകള്‍ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ കള്ളനാണ്. അവര്‍ സാത്താന്‍റെ മക്കളാണ്. ദൈവത്തെ സ്നേഹിക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍ ആകുന്നു.

h. തെറ്റായ പാതയില്‍ നടത്തുന്നവര്‍

“കുരുടനെ വഴി തെറ്റിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.” (ആവര്‍ത്തനപുസ്തകം.27:18)

ജീവിതത്തിന്‍റെ യഥാര്‍ത്ഥപാതയില്‍ നിന്നും മനുഷ്യരെ വഴിതെറ്റിക്കുന്നത് ശാപത്തിന് കാരണമാണ്. മതത്തിന്‍റെയും സഭകളുടെയും പേരില്‍ ബൈബിള്‍ വിരുദ്ധമായ ഉപദേശങ്ങള്‍ പ്രസ്താവിക്കുന്നവര്‍ ആത്മീകമായി അന്ധന്മാരായിരിക്കുന്നു. അവര്‍ ജനങ്ങളെ വഴി തെറ്റിക്കുന്നു. ബൈബിളിനെ യഥാര്‍ത്ഥമായി വ്യാഖ്യാനിച്ച് ജനത്തെ നേര്‍പാതയില്‍ നടത്തുമ്പോള്‍ ദൈവികമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ കഴിയും. മറിച്ച് സത്യമാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ച് സഞ്ചരിക്കുന്നവര്‍ ദൈവികമായ ശാപത്തിന് പാത്രങ്ങളായിത്തീരുന്നു.

സ്വയമേ നില്‍ക്കുവാനൊ നടക്കുവാനൊ കഴിയാതെ ഇരിക്കുന്ന ഒരു സാധുവിനെ വഴിതെറ്റിക്കുന്നവര്‍ ശാപഗ്രസ്തരായിത്തീരും.

i. മറ്റുള്ളവരുടെ അതിരുമാറ്റുന്നവര്‍

“കൂട്ടുകാരന്‍റെ അതില്‍ നീക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.” (ആവര്‍ത്തനപുസ്തകം 27:17)

തങ്ങള്‍ക്കുവേണ്ടി മറ്റുള്ളവരുടെ അതിര്‍ നീക്കി സ്ഥലം കൈവശപ്പെടുത്തുന്നത് ജീവിതത്തിലേക്ക് ശാപം വരുത്തി വയ്ക്കുന്നു. മറ്റുള്ളവര്‍ക്ക് അര്‍ഹതപ്പെട്ട ഏതെങ്കിലും ഒന്ന് മനഃപൂര്‍വ്വമായി നമ്മുടെ ജീവിതത്തിലേക്ക് എടുത്താല്‍ അത് ശാപത്തിന് കാരണമായിത്തീരുന്നു. മറ്റൊരു വ്യക്തിയുടെ ഭൂമിയുടെ അതിര്‍ മാറ്റുന്നതും മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് (സാമ്പത്തികം, സ്ഥാനമാനങ്ങള്‍ …………………….. മുതലായവ) കൈക്കൂലി എന്നിവ ഒരുവന്‍റെ ജീവിതത്തിലേക്ക് നിശ്ചയമായും ശാപത്തെ ക്ഷണിച്ചു വരുത്തുന്നു.

j. കുലപാതകന്‍

“കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം. കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിനു പ്രതിഫലം വാങ്ങുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം. (ആവര്‍ത്തനപുസ്തകം-27:24,25)

കുലപാതകം പാപമാണ്. കുലചെയ്യുന്നതും, കുലപാതകത്തിനു കൂട്ടുനില്‍ക്കുന്നതും, കുലപാതകത്തിന് പ്രേരണ നല്‍കുന്നതും, ഒരുപോലെ ശിക്ഷാര്‍ഹമായ കാര്യമാണ്. കുലപാതകം ശാപം കൊണ്ടുവരുന്നു.

ഇന്നത്തെ കാലത്ത് അനേകം ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഒരുവ്യക്തി ഒരു വ്യക്തിയെ നശിപ്പിക്കുവാന്‍ വേണ്ടി ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പണം നല്‍കുന്നു. അവര്‍ ആ കൃത്യം വളരെ ഭംഗിയായി നിര്‍വ്വഹിക്കുന്നു. ഇത് ചെയ്യിച്ച വ്യക്തി മാന്യനായി ജീവിക്കുന്നു. എന്നാല്‍ ദൈവം ഇതെല്ലാം കാണുന്നു. ഇവിടെ കുലചെയ്തവന്‍റെയും കുലചെയ്യാന്‍ പ്രേരണ നല്‍കിയവന്‍റെയും മേല്‍ ദൈവശാപം കടന്നുവരുന്നു.

കോപിക്കുന്നത് കുലപാതകത്തിന് തുല്യമായ പാപമാണ്. മറ്റുള്ളവരെ വാക്കുകള്‍ക്കൊണ്ടും പ്രവൃത്തികൊണ്ടും മനഃപൂര്‍വ്വമായി മുറിവേല്പിക്കുന്നതും തങ്ങള്‍ക്കുള്ള അധികാരംകൊണ്ട് മറ്റുള്ളവരെ അടിച്ചമര്‍ത്തി ഭരിക്കുന്നതും ശാപംകൊണ്ടുവരുന്നു.

k. ബൈബിള്‍ അനുസരിക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍

“ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ പ്രമാണമാക്കി അനുസരിച്ചു നടക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം. (ആവര്‍ത്തനപുസ്തകം-27:26)

ബൈബിള്‍ ദൈവത്തിന്‍റെ വചനമാണ്. സര്‍വ്വശക്തനായ ദൈവം കാലാകാലങ്ങളില്‍ മാനവകുലത്തിനുവേണ്ടി തന്‍റെ പ്രവാചകന്മാരില്‍കൂടിയും ദാസി ദാസന്മാരില്‍ക്കൂടിയും നല്‍കിയ ദൈവിക അരുളപ്പാടുകളാണ് ദൈവവചനം അഥവാ ബൈബിള്‍. (2 തിമൊഥെയൊസ് 3:16, 2 പത്രൊസ് 1:21) ദൈവവചനം ദൈവം അരുളി ചെയ്തതാകയാല്‍ അതിനോട് കൂട്ടുകയൊ കുറയ്ക്കുകയോ ചെയ്യുന്നതും, ദൈവവചനത്തെ തുച്ഛീകരിക്കുന്നതും ഗുരുതരമായ പാപമാണ്. ദൈവവചനം ലോകത്തിലെ സകല ജനങ്ങള്‍ക്കുംവേണ്ടി ഉള്ളതാണ്. ജാതി,മത, വര്‍ഗ്ഗ, വര്‍ണ്ണഭേദമന്യേ സകല മനുഷ്യനും വായിക്കുവാനും കേള്‍ക്കുവാനും അനുസരിക്കുവാനും വേണ്ടിയാണ് ദൈവവചനം നല്‍കപ്പെട്ടിരിക്കുന്നത്.

ദൈവവചനത്തിലെ സകല കല്പനകളും ഒരു വ്യക്തി അനുസരിച്ച് നടക്കേണ്ടതാകുന്നു. ചിലര്‍ ചില കല്പനകള്‍ അനുസരിക്കുകയും ചിലത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നു. വേറെ ചിലര്‍ ദൈവകല്പനകള്‍ക്ക് പകരം മാനുഷിക കല്പനകളെ അനുസരിക്കുന്നു. മറ്റുചിലര്‍ ദൈവവചനത്തെയും ദൈവകല്പനകളെയും പാടെ ചവിട്ടിക്കളയുന്നു. ദൈവവചനത്തെ യഥാര്‍ത്ഥമായി മനസ്സിലാക്കി അത് അനുസരിക്കാത്തവരെ ദൈവം അറിയുന്നില്ല. ഒരു പക്ഷെ നിങ്ങള്‍, പുരോഹിതനൊ, പാസ്റ്ററൊ, സുവിശേഷകനൊ, സുവിശേഷക്കാരത്തികളൊ, കന്യാസ്ത്രീകളൊ, വേദപണ്ഡിതനൊ, വിശ്വാസികളൊ, അല്മായരൊ, സാധാരണക്കാരനൊ ആരുതന്നെ ആയിരുന്നാലും ദൈവവചനത്തെ കോട്ടിമാറ്റി സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ച് പഠിപ്പിക്കുകയൊ അനുഷ്ഠിക്കുകയൊ ചെയ്യുകയാണെങ്കില്‍ അവന്‍ ശപിക്കപ്പെട്ടവന്‍.

ദൈവവചനത്തിലെ കല്പനകളെ അനുസരിക്കാതെ സ്വന്തഇഷ്ടപ്രകാരം ജീവിക്കുന്നവര്‍ സാത്താന്‍റെ സന്തതി അത്രേ. ദൈവത്തെ സമ്പൂര്‍ണ്ണമായി അനുസരിച്ച് ജീവിതത്തില്‍ ദൈവത്തിനു മുഖ്യസ്ഥാനം നല്‍കി ദൈവകല്പനകളെ അനുസരിക്കുന്നവരത്രേ ദൈവത്തിന്‍റെ മക്കള്‍. ദൈവകല്പനകള്‍ അനുസരിക്കാതിരിക്കുമ്പോള്‍ ഒരുവന്‍റെ ജീവിതത്തിലേക്ക് ശാപം കടന്നുവരുന്നു.

B. ദൈവത്തെ പ്രതിനിധീകരിക്കുന്ന മനുഷ്യര്‍

ദൈവത്തില്‍ നിന്നു മാത്രമല്ല ശാപം വരുന്നത്. ദൈവത്തെ പ്രതിനിധീകരിക്കുന്ന ദൈവശുശ്രൂഷകരില്‍ നിന്നും ശാപം കടന്നുവരുന്നതാണ്. ചില ഉദാഹരണങ്ങള്‍ നോക്കാം.

1. യോശുവ

“അക്കാലത്തു യോശുവ ശപഥം ചെയ്തു. ഈ യെരീഹോ പട്ടണത്തെ പണിയുവാന്‍ തുനിയുന്ന മനുഷ്യന്‍ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവന്‍; അവന്‍ അതിന്‍റെ അടിസ്ഥാനമിടുമ്പോള്‍ അവന്‍റെ മൂത്തമകന്‍ നഷ്ടമാകും; അതിന്‍റെ കതകു തൊടുക്കുമ്പോള്‍ ഇളയ മകനും നഷ്ടമാകും എന്നു പറഞ്ഞു (യോശുവ-6:26)

യിസ്രായേല്‍ ജനം യെരീഹോകോട്ട പിടിച്ചെടുത്തശേഷം യെരീഹോ കോട്ടയെയും അതിലുള്ള സകലത്തെയും ചുട്ടുകരിച്ചു. അതിനുശേഷം യോശുവ യെരീഹോകോട്ട പുനര്‍നിര്‍മ്മിക്കുന്നവനു വരുന്ന ശാപത്തെക്കുറിച്ചാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വാക്യം. ബി.സി. 1300-ല്‍ ആണ് യോശുവ ഈ ശാപം പ്രസ്താവിക്കുന്നത്. ബി.സി. 800-ല്‍ ആഹാബ് രാജാവ് യിസ്രായേല്‍ ഭരിച്ച കാലത്ത് ഹീയേല്‍ എന്ന മനുഷ്യന്‍ യെരീഹോ കോട്ട പണിതു എന്ന് 1 രാജാക്കന്മാര്‍ 16:34-ല്‍ കാണുന്നു. “അവന്‍റെ കാലത്തു ബേഥേല്യനായ ഹീയേല്‍ യെരീഹോ പണിതു; യഹോവ നൂന്‍റെ മകനായ യോശുവ മുഖാന്തരം അരുളിചെയ്ത വചനപ്രകാരം അതിന്‍റ അടിസ്ഥാനം ഇട്ടപ്പോള്‍ അവന്നു അബീറാം എന്ന മൂത്തമകനും അതിന്‍റെ പടിവാതില്‍ വെച്ചപ്പോള്‍ ശെഗൂബു എന്ന ഇളയ മകനും നഷ്ടം വന്നു.” (1 രാജാക്കന്മാര്‍ 16:34)

500 വര്‍ഷങ്ങള്‍ക്ക്ശേഷം യോശുവായുടെ ശാപം യെരീഹോ പണിത മനുഷ്യന്‍റെ മേല്‍ നിവൃത്തിയായി. അവന്‍റെ രണ്ടുമക്കള്‍ അവന് നഷ്ടമായി. ഈ കുട്ടികളുടെ മരണത്തെ സംബന്ധിച്ച് നാമൊന്നു വിശകലനം ചെയ്തു നോക്കിയാല്‍ വൈദ്യശാസ്ത്രപരമായ യാതൊരു കാരണവും കണ്ടെത്തുവാന്‍ കഴിയുകയില്ല. 500 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ശാപമാണ് ഈ മരണത്തിന്‍റെ പിന്നിലെന്ന് ഡോക്ടര്‍ന്മാര്‍ക്ക്പോലും തിരിച്ചറിയാന്‍ സാധിക്കയില്ല.

2. ദാവീദ്

“ഗില്‍ബോവ പര്‍വ്വതങ്ങളേ, നിങ്ങളുടെ മേല്‍ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടു നിലങ്ങള്‍ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞതു; ശൌലിന്‍റെ തൈലാഭിഷേകമില്ലാത്ത പരിച തന്നേ. (2 ശമൂവേല്‍-1:21)

ശൗലിന്‍റെ മരണാനന്തരമുള്ള ദാവീദിന്‍റെ വിലാപഗീതമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വാക്യം. പര്‍വ്വതങ്ങളോടു സംസാരിക്കുന്നതു അര്‍ത്ഥശൂന്യമല്ലേ. ക്രിസ്തുവിന് ആയിരം വര്‍ഷം മുമ്പാണ് ദാവീദ് ആ വാക്കുകള്‍ ഉച്ഛരിച്ചത് അതായത് ഇന്നത്തേക്ക് മൂവായിരം വര്‍ഷം മുമ്പ്. എന്നാല്‍ ഇന്നും ഗില്‍ബോവാ പര്‍വ്വതം വെറും മൊട്ടക്കുന്നാണ്. യാതൊരു പച്ചപ്പും ഇല്ലാത്ത സ്ഥലം. ചുറ്റുമുള്ള പര്‍വ്വതങ്ങള്‍ സസ്യവൃക്ഷനിബിഡമാണെങ്കിലും ഗില്‍ബോവ ഇന്നും ശൂന്യമായിക്കിടക്കുന്നു. ഗവണ്‍മെന്‍റ് ഇവിടെ വൃക്ഷങ്ങളും മറ്റുംവെച്ച് പിടിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അത് ഫലപ്രാപ്തിയിലെത്താത്തതിന്‍റെ കാരണം എന്ത്? മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദാവീദ് ഉച്ഛരിച്ച ശാപവാക്കു

3. ഏലിശാ

“ആകയാല്‍ നയമാന്‍റെ കുഷ്ഠം നിനക്കും നിന്‍റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നു അവനോടു പറഞ്ഞു. അവന്‍ ഹിമം പോലെ വെളുത്തു കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി. (2 രാജാക്കന്മാര്‍ 5:27)

ഏലീശായുടെ ബാല്യക്കാരനായ ഗേഹസി, ഏലീശാ സൗഖ്യമാക്കിയ ആരാമ്യനായ നയമാന്‍റെ പക്കല്‍നിന്നും പ്രവാചകന്‍ ത്യജിച്ച സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. എന്നാല്‍ ഏലീശാ അതു അറിഞ്ഞ് നയമാന്‍റെ കുഷ്ഠം നിനക്കും നിന്‍റെ സന്തതിക്കും ഇരിക്കട്ടെ എന്നവന്‍ ശപിച്ചു. ഗേഹസി കുഷ്ഠരോഗിയായി അതെ ദൈവപുരുഷന്‍റെ ശാപമാണ് ഗേഹസിയെ കുഷ്ഠരോഗിയാക്കിയത്.

4. യേശു ക്രിസ്തു

“പിറ്റെന്നാള്‍ അവര്‍ ബേഥാന്യ വിട്ടുപോരുമ്പോള്‍ അവന്നു വിശന്നു; അവന്‍ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തു നിന്നു കണ്ടു, അതില്‍ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോള്‍ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്‍റെ കാലമല്ലാഞ്ഞു. അവന്‍ അതിനോടു; ഇനി നിങ്കല്‍ നിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; (മര്‍ക്കൊസ്-11:12-14)

അത്തിവൃക്ഷങ്ങളില്‍ ഫലം ഉണ്ടാകുന്നതിന് മുമ്പ് ചെറിയ വൃത്താകൃതിയിലുള്ള ഒരു വസ്തു ഉണ്ടാകും. അത്തിപ്പഴത്തിന്‍റെ കാലമല്ലെങ്കിലും ആ വസ്തു ഒരു അത്തിമരത്തില്‍ ഉണ്ടായിരിക്കണം. അതു ആ അത്തിവൃക്ഷത്തില്‍ ഇല്ലായിരുന്നു. ആ വൃക്ഷം ഫലശൂന്യമാണെന്ന് യേശു അറിഞ്ഞതങ്ങനെയാണ് ഫലമോ അവന്‍ അതിനെ ശപിച്ചു. അതെ! അവന്‍ വൃക്ഷത്തോട് ശാപവാക്കുകള്‍ സംസാരിച്ചു. അവന്‍റെ ശിഷ്യന്മാര്‍ അതു കേട്ടു. രാവിലെ അവര്‍ അതുവഴി കടന്നുപോരുമ്പോള്‍ വേരോടെ ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു. (മര്‍ക്കൊസ് 11.20) ഇരുപത്തിനാല് മണിക്കൂറിനകം അതു ഉണങ്ങിപ്പോയി.

ഒരുപക്ഷെ നിങ്ങളുടെ ജീവിതത്തില്‍ പ്രവൃത്തിക്കുന്നതായ ശാപം ഈ തരത്തിലുള്ളതായിരിക്കാം. ദൈവസന്നിധിയില്‍ കാത്തിരുന്ന് അതിന്‍റെ ഉത്ഭവം മനസ്സിലാക്കി ശാപത്തില്‍ നിന്നും വിടുതല്‍ നേടുക.

C. ബന്ധനത്തിന്‍റേതായ അധികാരമുള്ള വ്യക്തികള്‍

ശാപങ്ങളുടെ മറ്റൊരു പ്രധാനമായ ഉറവിടമാണിത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ചില പ്രത്യേക വ്യക്തികള്‍ക്ക് മറ്റു വ്യക്തികളുടെ മേല്‍ അധികാരമുള്ളവന്‍ ആയിരിക്കത്തക്ക നിലയിലാണ് ദൈവം മനുഷ്യസമൂഹത്തെ ക്രമീകരിച്ചിരിക്കുന്നത്.

1. പിതാവ്

ദൈവവചനമനുസരിച്ച് അദ്ദേഹം കുടുംബനാഥനാണ്. കുടുംബാംഗങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും, ഇഷ്ടപ്പെട്ടില്ലെങ്കിലും ആരെതിര്‍ത്താലും എതിര്‍ത്തില്ലെങ്കിലും അദ്ദേഹത്തിന് കുടുംബത്തിന്‍റെമേല്‍ അധികാരം ഉണ്ട്. അദ്ദേഹം അതു ഉപയോഗിക്കുന്നില്ലെങ്കില്‍ അതു അദ്ദേഹത്തിന്‍റെ കുഴപ്പമാണ്.

ഭാര്യയുടെ മേല്‍ അധികാരമുള്ള ഭര്‍ത്താവാണ് മറ്റൊരു വ്യക്തി. അവര്‍ തമ്മില്‍ അടുത്തബന്ധം ഉള്ളവരാണ്. ദൈവവചനം പറയുന്നത് ക്രിസ്തുവിന്‍റെ തല ദൈവം, ഭര്‍ത്താവിന്‍റെ തല ക്രിസ്തു, ഭാര്യയുടെ തല ഭര്‍ത്താവ് എന്നാണ്. കുടുംബത്തില്‍ ഭരണം നടത്തുവാന്‍ ഭാര്യമാരെ ദൈവം അനുവദിച്ചിട്ടില്ല.

ഭര്‍ത്താക്കന്മാര്‍ക്ക് കീഴടങ്ങിയിരിക്കാനാണ് ദൈവവചനം അനുശാസിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യവാദികള്‍ക്ക് എന്തും പറയാം. പക്ഷേ സത്യം ഇതാണ്. അതിനെ എതിര്‍ക്കുവാനൊ മാറ്റം വരുത്തുവാനൊ ആര്‍ക്കും അധികാരം ഇല്ല.

ഉദാഹരണമായി യാക്കോബിന്‍റെയും കുടുംബത്തിന്‍റെയും കാര്യം എടുക്കാം. യാക്കോബ് നീണ്ടവര്‍ഷങ്ങള്‍ ലാബാനെ സേവിച്ചശേഷം ദൈവം തനിക്കായി വാഗ്ദാനം ചെയ്ത ദേശത്തേക്ക് പോകുവാന്‍ തീരുമാനിച്ചു. ലാബാന്‍ തന്‍റെ ഭാര്യമാരെ തിരിച്ചു ചോദിക്കുമൊ എന്നു ഭയപ്പെട്ട് രഹസ്യത്തില്‍ ഓടിപ്പോകുവാനാണ് യാക്കോബ് തീരുമാനിച്ചത്. എന്നാല്‍ കനാന്‍റെ അതിരില്‍വച്ച് ലാബാന്‍ അവരെ പിടിച്ചു.

അവര്‍ ഓടിപ്പോകുമ്പോള്‍ ലാബാന്‍റെ മകളും യാക്കോബിന്‍റെ രണ്ടാമത്തെ ഭാര്യയുമായ റാഹേല്‍ പിതാവിന്‍റെ ഗൃഹബിംബങ്ങള്‍ മോഷ്ടിച്ചെടുത്തിരുന്നു. ഒന്നാമതായി അവര്‍ക്ക് ഗൃഹബിംബങ്ങളുടെ ആവശ്യം ഉണ്ടായിരുന്നില്ല. രണ്ടാമതായി അവള്‍ അതു മോഷ്ടിക്കേണ്ടിയിരുന്നില്ല. പക്ഷേ അവള്‍ അതു മോഷ്ടിച്ചു.

യാക്കോബ് പിടിക്കപ്പെട്ടപ്പോള്‍ തന്നോടു യാത്ര ചോദിക്കാതെ പുറപ്പെട്ടതെന്തുകൊണ്ടാണെന്ന് ലാബാന്‍ ചോദിച്ചു. തന്‍റെ ഗൃഹബിംബങ്ങള്‍ മോഷ്ടിക്കപ്പെട്ടതില്‍ ലാബാന്‍ കുപിതനായി. റാഹേല്‍ അതു മോഷ്ടിച്ചിരുന്നത് യാക്കോബ് അറിഞ്ഞിരുന്നില്ല. എന്നാല്‍ ഗൃഹബിംബങ്ങള്‍ എവിടെയാണണെന്ന് അറിയാതിരിക്കുന്ന തരത്തില്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതില്‍ റാഹേല്‍ വിജയിച്ചു. തന്‍റെ അമ്മാവിയപ്പന്‍ തന്നെ മോഷ്ടാവായി കണ്ടതില്‍ യാക്കോബ് രോഷാകുലനായി. അതുകൊണ്ടവന്‍ ഇപ്രകാരം പ്രസ്താവിച്ചു.

“എന്നാല്‍ നീ ആരുടെ പക്കല്‍ എങ്കിലും നിന്‍റെ ദേവന്മാരെ കണ്ടാല്‍ അവന്‍ ജീവനോടിരിക്കരുതു; എന്‍റെ പക്കല്‍ നിന്‍റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാര്‍ കാണ്‍കെ നോക്കി എടുക്ക എന്നു ഉത്തരം പറഞ്ഞു. റാഹേല്‍ അവയെ മോഷ്ടിച്ചതു യാക്കോബ് അറിഞ്ഞില്ല. (ഉല്പത്തി 31:32)

എബ്രായ ഭാഷയില്‍ ‘ജീവിക്കാന്‍ അനുവദിക്കരുതു’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായിരുന്നു ശാപം. റാഹേലിന്‍റെ ഭര്‍ത്താവായ യാക്കോബ് ഉച്ഛരിച്ച ശാപം റാഹേലിന്‍റെ മേല്‍ പതിച്ചു. അവന് അധികാരമുണ്ടായിരുന്നു. അവ കേവലം പൊള്ളയായ വാക്കുകളായിരുന്നില്ല. പകരം അധികാരത്തിന്‍റെ ശബ്ദം ആയിരുന്നു.

റാഹേലിന് എന്തു സംഭവിച്ചു? അടുത്തകുട്ടിയെ പ്രസവിക്കുന്ന സമയം റാഹേല്‍ മരിച്ചു. തന്‍റെ ഭാര്യയുടെ വിധി പ്രസ്താവിച്ചത് യാക്കോബ് തന്നെ ആയിരുന്നു.

ദൈവാനുഗ്രഹം കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും അധികം അഭിലഷണീയമായ അനുഗ്രഹം പിതാവിന്‍റേതാണ്. ഏറ്റവും അധികം ഭയപ്പെടേണ്ടതും അദ്ദേഹത്തിന്‍റെ ശാപമാണ്. ഗൗരവം മനസ്സിലാക്കാതെ പല പിതാക്കന്മാരും തങ്ങടെ മക്കളുടെ നേരെ ശാപവാക്കുകള്‍ ഉച്ചരിക്കുന്നു. അതിന്‍റെ ഭവിഷ്യത്ത് വളരെ അധികമാണ്.

2. അദ്ധ്യാപകന്‍

ശപിക്കാന്‍ അധികാരം ഉള്ള മറ്റൊരു വ്യക്തി അദ്ധ്യാപകന്‍ അഥവാ ഗുരുനാഥനാണ്. ഒരു ഗുരുവിന് തന്‍റെ ശിഷ്യന്മാരുടെ മേല്‍ അധികാരം ഉണ്ട്. അദ്ധ്യാപകനെ നിരന്തരമായി ബുദ്ധിമുട്ടിക്കുകയോ അസഹ്യപ്പെടുത്തുകയോ ചെയ്യുമ്പോള്‍ അദ്ധ്യാപകന്‍ പറയുന്ന വാക്കുകളാണ് “നീ ഒരിക്കലും ജീവിതത്തില്‍ നന്നാകില്ല. വിജയിക്കില്ല”. ഈ വാക്കുകളാണ് ശാപം.

3. സഭാശുശ്രൂഷകന്‍

ശപിക്കുവാന്‍ അധികാരം ഉള്ള മറ്റൊരു വ്യക്തിയാണ് സഭാശുശ്രൂഷകന്‍. കാരണം ഒരു സഭാശുശ്രൂഷകന് തന്‍റെ സഭയുടെ മേല്‍ ആത്മീക അധികാരം ഉണ്ട്.

ഒരു പാസ്റ്റര്‍ക്ക് ഒരു വിശ്വാസിയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായി എന്നിരിക്കട്ടെ. ആവിശ്വാസി നീരസത്തോടെ സഭവിട്ടുപോകാന്‍ തീരുമാനിക്കുന്നു. ആ സമയം പാസ്റ്റര്‍ പറയുന്നു. “നീ എവിടെപ്പോയാലും വിജയിക്കില്ല. ഈ സഭയോട് നിരപ്പ് പ്രാപിക്കാത്തപക്ഷം നീ എങ്ങും എത്തിച്ചേരുകയില്ല”. ഇതെന്താണെന്നറിയാമൊ? ശാപം.

D. സ്വയം ശക്തമായ ശാപങ്ങള്‍

സ്വയം വരുത്തി വയ്ക്കുന്ന ചില ശാപങ്ങള്‍ ഉണ്ട്. അത് വളരെ സാധാരണമാണ്. യാക്കോബിന്‍റെയും റിബേക്കയുടെയും ചരിത്രത്തില്‍ ഇത് നമുക്ക് കാണുവാന്‍ കഴിയും.

“പക്ഷേ അപ്പന്‍ എന്നെ തപ്പി നോക്കും; ഞാന്‍ ഉപായി എന്നു അവന്നു തോന്നീട്ടു ഞാന്‍ എന്‍റെമേല്‍ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും എന്നു പറഞ്ഞു. അവന്‍റെ അമ്മ അവനോടു: മകനേ, നിന്‍റെ ശാപം എന്‍റെ മേല്‍ വരട്ടെ;” (ഉല്പത്തി 27:12,13)

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ‘ഇതു നിന്‍റെ മേല്‍ അല്ല എന്‍റെ മേല്‍ത്തന്നെ വരും’. എന്നാണവള്‍ പറഞ്ഞത്. അവള്‍ അവളെത്തന്നെ ശപിക്കയായിരുന്നു ഈ അദ്ധ്യായത്തിന്‍റെ അവസാനഭാഗത്ത് ഏശാവിന്‍റെ ഭാര്യമാരെ സംബന്ധിച്ച് സംസാരിക്കേണ്ടിവരുമ്പോഴും റിബേക്കാ തന്നെ തന്നെയാണ് ശപിക്കുന്നത്.

“ഈ ഹിത്യ സ്ത്രീകള്‍ നിമിത്തം എന്‍റെ ജീവന്‍ എനിക്കു അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുളള ഒരു ഹിത്യ സ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാല്‍ ഞാന്‍ എന്തിനു ജീവിക്കുന്നു? എന്നു പറഞ്ഞു. (ഉല്പത്തി-27:46)

രണ്ടു പ്രാവശ്യം റിബേക്കാ തന്നെ തന്നേ ശപിച്ചു. സ്വന്തം ജീവന്‍ അസഹ്യമാണെന്നും ജീവിക്കുന്നത് എന്തിനാണ് എന്നൊക്കെയും അവള്‍ പറഞ്ഞു. ചുരുക്കത്തില്‍ അവള്‍ അവളെത്തന്നെ ശപിക്കയായിരുന്നു.

സ്വയം ശപിക്കുന്ന ധാരാളം ആളുകള്‍ ഇന്നുണ്ട്. ഞാന്‍ എന്തിനു ജീവിക്കുന്നു, മരിച്ചെങ്കില്‍ നന്നായിരുന്നു, എനിക്ക് നല്ലതുപോലെ ജീവിക്കാന്‍ കഴിയുകയില്ല, എനിക്കൊന്നുമില്ല, ഞാന്‍ ഒന്നിനും കൊള്ളരുതാത്തവന്‍ തുടങ്ങി അനേകം വാക്കുകളില്‍കൂടി തങ്ങളെതന്നെ ദിനം തോറും ശപിച്ചുകൊണ്ടിരിക്കുന്നു.

പുതിയ നിയമം നാം പരിശോധിക്കുമ്പോള്‍ യേശുവിന്‍റെ വിസ്താരത്തോടനുബന്ധിച്ച സംഭവങ്ങളില്‍ യേശുവിനെ പിലാത്തോസ് വിസ്തരിച്ചപ്പോള്‍ “ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പിലാത്തൊസ് കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാണ്‍കെ കൈ കഴുകി: ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു കുറ്റം ഇല്ല; നിങ്ങള്‍ തന്നേ നോക്കിക്കൊള്‍വിന്‍ എന്നു പറഞ്ഞു. അവന്‍റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു. (മത്തായി-27:24,25)

ഒന്നാം നൂറ്റാണ്ടില്‍ അവര്‍ ഏറ്റുവാങ്ങിയ ശാപം 21-ാം നൂറ്റാണ്ടായിട്ടും അവസാനിച്ചിട്ടില്ല. സ്വയംകൃതമായ ശാപം വളരെയേറെ ഭവിഷ്യത്തുകള്‍ വരുത്തിവയ്ക്കും.

E. സാത്താനെ പ്രതിനിധീകരിക്കുന്ന മനുഷ്യര്‍

മന്ത്രവാദികള്‍ ശാപങ്ങള്‍ ഉച്ചരിക്കുന്നവരില്‍ കുപ്രസിദ്ധരാണ്. അതവരുടെ തൊഴിലായതിനാല്‍ അത് എപ്രകാരം ചെയ്യണമെന്ന് അവര്‍ക്കറിയാം. മന്ത്രവാദം ചെയ്യുന്നതിന്‍റെ ഉദ്ദേശങ്ങള്‍ ശത്രുക്കളെ നശിപ്പിക്കുന്നതിനും, സ്ത്രീകളെ വശീകരിക്കുന്നതിനും, രോഗം ശമിപ്പിക്കുന്നതിനും, സാമ്പത്തികനേട്ടം കൈവരാനും തുടങ്ങിയവയാണ്. മന്ത്രവാദികള്‍ തങ്ങളുടെ മന്ത്രം ഫലിക്കുന്നതിനുവേണ്ടി ധാരാളം ശാപങ്ങള്‍ ഉരുവിടുന്നു. മന്ത്രവാദവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സകല വ്യക്തികളിലും ശാപം കടന്നുവരുന്നു. “തന്‍റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവന്‍, പ്രശ്നക്കാരന്‍, മുഹൂര്‍ത്തക്കാരന്‍, ആഭിചാരകന്‍, ക്ഷുദ്രക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാടന്‍, ലക്ഷണം പറയുന്നവന്‍, അജ്ജനക്കാരന്‍ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയില്‍ കാണരുതു (ആവര്‍ത്തനപുസ്തകം-18:10,11)

ഭാവികാലം നോക്കുന്നതും, കൈനോക്കുന്നതും, ജാതകം നോക്കുന്നതും, മഷിയിട്ട് നോക്കുന്നതും, വാരഫലം നോക്കുന്നതും, കവടിനിരത്തുന്നതും, പ്രശ്നം നോക്കുന്നതും, മുഹൂര്‍ത്തം നോക്കുന്നതും, സ്ഥാനം നോക്കുന്നതും, പ്രത്യേകം ആണ്ടും മാസങ്ങളും നോക്കുന്നതും, രാഹുകാലം നോക്കുന്നതും, മരിച്ചവരുടെ ആത്മാവിനെ വിളിച്ചു വരുത്തുന്നതും, മന്ത്രവാദം, ആഭിചാരം, കൂടോത്രം, ക്ഷുദ്രം ചെയ്യുന്നതും ജപിച്ചും പൂജിച്ചും പ്രാര്‍ത്ഥിച്ചും ചരടുകെട്ടുന്നതും, സേവ ചെയ്യുന്നതും, അമ്പു നോക്കുന്നതും, തുടങ്ങിയ സകലപ്രവൃത്തികളും ശാപം കൊണ്ടുവരുന്നു. ഇവരുടെ അന്ത്യം നിത്യതീപ്പൊയ്കയിലത്രേ. (വെളിപാട് 21:7)

F. തിരുവചനാനുസൃതമല്ലാത്ത ഉടമ്പടികള്‍

“‘അവരോടു എങ്കിലും അവരുടെ ദേവന്മാരോടു എങ്കിലും നീ ഉടമ്പടി ചെയ്യരുത്. (ഉല്പത്തി 23:32)

പുറപ്പാടു പുസ്തകത്തില്‍ യിസ്രയേല്‍ മക്കള്‍ കൈവശമാക്കുവാന്‍ പോകുന്ന ദേശക്കാരെ സംബന്ധിച്ച് ദൈവം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ വാക്യമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. അന്ധകാരശക്തികള്‍ക്കനുസരിച്ച് ജീവിക്കുന്നവരുടെ ഏതെങ്കിലും ഒരു കൂട്ടവുമായൊ വിഗ്രഹാരാധനക്കാരുടെ കൂട്ടവുമായൊ ഉടമ്പടി ചെയ്യുന്നവരുടെ മേല്‍ ശാപം കടന്നുവരുന്നു.

ഇതുവായിക്കുന്ന പ്രിയ സ്നേഹിതാ നിങ്ങളുടെ ജീവിതത്തില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്നതായ ശാപം ഏതെന്നു മനസ്സിലാക്കി അതു വിട്ടുപേക്ഷിച്ച് അനുഗ്രഹത്തിന്‍റെ പാതയിലേക്ക് കടന്നുവരിക. അനുഗ്രഹത്തിന്‍റെ മൂലകാരണം ദൈവശബ്ദം കേള്‍ക്കയും അതിനെ അനുസരിക്കയും ചെയ്യുക എന്നതാണ്. (ആവര്‍ത്തനപുസ്തകം 28:1,2) ശാപത്തിന്‍റെ മൂലകാരണം ദൈവശബ്ദം കേള്‍ക്കാതെയും അതിനെ അനുസരിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. (ആവര്‍ത്തനപുസ്തകം 28:15)

ശാപത്തില്‍ നിന്നും അനുഗ്രഹത്തിലേക്ക്

“മരത്തിന്മേല്‍ തൂങ്ങുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു. ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍നിന്നു നമ്മെ വിലെക്കു വാങ്ങി. അബ്രാഹാമിന്‍റെ അനുഗ്രഹം ക്രിസ്തു യേശുവില്‍ ജാതികള്‍ക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താല്‍ പ്രാപിപ്പാന്‍ തന്നേ.” (ഗലാത്യര്‍ 3:13,14)

ശാപത്തില്‍ നിന്നുള്ള വിടുതല്‍ കാല്‍വരിക്രൂശില്‍ക്കൂടിയാണ്. ശാപത്തില്‍ നിന്നുള്ള വിടുതലുകള്‍ ഉള്‍പ്പെടെയുള്ള മനുഷ്യന്‍റെ സകല പ്രശ്നങ്ങള്‍ക്കും ദൈവം ഒരുക്കിയ വഴിയാണ് “കാല്‍വരി”. സകല ശാപങ്ങള്‍ക്കും കാല്‍വരി ക്രൂശില്‍ പരിഹാരമുണ്ടായി. മനുഷ്യരുടെ ശാപങ്ങള്‍ എല്ലാം യേശുവിന്‍റെ മേലായി. അവന്‍ നമുക്ക് വേണ്ടി ശാപമായി. ശാപത്തില്‍ നിന്നുള്ള വിടുതല്‍ ലഭ്യമാകുവാന്‍ ദൈവത്തിനു ഒരു കുരിശിനെ ഉണ്ടാക്കേണ്ടി വന്നു എങ്കില്‍ ശാപം അയഥാര്‍ത്ഥമാണെന്നുള്ള ചിന്ത നാം ഉപേക്ഷിക്കുന്നു. ശാപം എന്നൊന്നില്ലായിരുന്നുവെങ്കില്‍ ഇത്ര വലിയ വിലകൊടുത്തു ഒരു പരിഹാരമാര്‍ഗ്ഗം ദൈവം ഉണ്ടാക്കുമായിരുന്നില്ല. ശാപത്തില്‍ നിന്നുള്ള വിടുതലിന് യേശുക്രിസ്തുവിന്‍റെ പ്രാതിനിധ്യ മരണം തന്നേ! ആവശ്യമായിത്തീര്‍ന്നു.

യേശു കാല്‍വരിയില്‍ മരിച്ചത് നാം അനുഗ്രഹിക്കപ്പെടുവാന്‍ വേണ്ടിയാണ്. അതിനാല്‍ നാം ഇനി ശാപത്തിന്‍ കീഴില്‍ ഇരിക്കേണ്ട കാര്യമില്ല. നമ്മുടെ സകല ശാപത്തെയും യേശു കാല്‍വരിയില്‍ വഹിച്ചു. യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് പാപജീവിതത്തെ ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച് ഒരു ദൈവപൈതലായിത്തീരുക. ശാപകാരണങ്ങളെ വിട്ടൊഴിഞ്ഞ് യേശു ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ വിടുതല്‍ പ്രാപിക്കുക.

ദൈവമക്കളായിത്തീര്‍ന്നവര്‍ക്കു മാത്രമേ! ശാപത്തില്‍ നിന്നുള്ള മോചനം സാധ്യമാവുകയുള്ളൂ. അനുഗ്രഹം അനുഭവിക്കണമെങ്കില്‍ ദൈവവചനം അനുസരിച്ച് ജീവിക്കയും പ്രവൃത്തിക്കയും വേണം. സകല ശാപത്തില്‍ നിന്നും ഉള്ള വിടുതല്‍ ദൈവം കാല്‍വരിയില്‍ നല്‍കി കഴിഞ്ഞു. വിശ്വാസത്താല്‍ ഏറ്റെടുക്കുക. അനുഗ്രഹിക്കപ്പെടുക.