ആദാം പാപം ചെയ്തപ്പോള്‍ അവനില്‍ ഭയം കടന്നുകൂടി. പാപത്തില്‍ നിന്നാണ് ഭയം ഉടലെടുത്തത്. (ഉല്പത്തി-3:10) ഭയം എന്നത് നഷ്ടം ഉണ്ടാകും എന്ന തോന്നലാണ്. ചിലര്‍ സദാസമയവും ഭയ ചകിതരാണ്. ഉദാഹരണമായി രോഗത്തേക്കുറിച്ചുള്ള ഭയം, ഭാവിയെക്കുറിച്ചുള്ള ഭയം, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഭയം, മരണത്തെക്കുറിച്ചുള്ള ഭയം, സല്‍പ്പേരുപോകുമോ എന്ന ഭയം. മൃഗങ്ങളെ ഭയം, പ്രകൃതി ശക്തികളായ കാറ്റ്, ഇടി, മിന്നല്‍, മുതലായവയെ ഭയം മനുഷ്യരെ ഭയം, സാത്താനെ ഭയം സമ്പത്തു നശിക്കുമോ എന്ന ഭയം മുതലായ അനേകം ഭയങ്ങള്‍ ലോകത്തില്‍ കാണാവുന്നതാണ്.

“ഞാന്‍ പേടിച്ചതു തന്നേ എനിക്കു നേരിട്ടു; ഞാന്‍ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു. (ഇയ്യോബ്-3 25)

ഇയ്യോബ് നിഷ്ക്കളങ്കനും, നേരുള്ളവനും, ദൈവഭക്തനും, ദോഷം വിട്ടകലുന്നവനും ആയിരുന്നു. മധ്യപൂര്‍വ്വദേശത്തെ മഹാസമ്പന്നനായിരുന്നു. ഇയ്യോബിന് ഒരു ബലഹീനത ഉണ്ടായിരുന്നു. തന്‍റെ സകല സമ്പത്തിനു ചുറ്റും ദൈവം വേലി കെട്ടിയിട്ടുണ്ട് എന്ന ബോധ്യം തനിക്കില്ലാത്തതിനാല്‍ തന്‍റെ സകല സമ്പത്തും തനിക്ക് നഷ്ടമായി പോകുമോ എന്നു താന്‍ ഭയപ്പെട്ടിരുന്നു. താന്‍ ഭയപ്പെട്ടതു തന്നെ തനിക്കു ഭവിച്ചു. തന്‍റെ സകലസമ്പത്തും മക്കളും തനിക്ക് നഷ്ടപ്പെട്ടു എന്നു ബൈബിളില്‍ കാണാവുന്നതാണ്.

ഒരു വ്യക്തി ഏതൊരു കാര്യത്തെ ഭയപ്പെടുന്നുവോ അതുതന്നെ അവന്‍റെ ജീവിതത്തില്‍ ഭവിക്കും. ഭയത്തെ നാലു വിധത്തില്‍ തരംതിരിക്കാവുന്നതാണ്.

1. വിശുദ്ധഭയം

ജീവിക്കുന്ന ദൈവത്തെക്കുറിച്ചുള്ള ബോധത്തില്‍ നിന്നുമാണ് വിശുദ്ധഭയം ഉണ്ടാകുന്നത്. പ്രകൃത മനുഷ്യന് ദൈവത്തെ പൂര്‍ണ്ണമായി ഭയപ്പെടുവാന്‍ കഴിയുകയില്ല. വിശുദ്ധഭയം ദൈവദത്തമാണ്. ദോഷം വിട്ടകലുന്നതിനും ദൈവകല്പന അനുസരിക്കുന്നതിനും ദൈവത്തിന്‍റെ അധികാരത്തെ ബഹുമാനിക്കുന്നതിനും മനുഷ്യനെ പ്രേരിപ്പിക്കുന്നത് വിശുദ്ധഭയമാണ്. ദൈവഭയവും ദൈവഭക്തി അഭേദ്യമാണ്. യഹോവാഭക്തി (The fear of the Lord) ജ്ഞാനത്തിന്‍റെ ആരംഭമാണ്. (സങ്കീര്‍ത്തനം 111:11) തന്നെ ഭയപ്പെടുന്നവരില്‍ യഹോവ പ്രസാദിക്കുന്നു. (സങ്കീര്‍ത്തനം 147:11) മനുഷ്യന്‍റെ പൂര്‍ണ്ണമായ കടമ യഹോവയെ ഭയപ്പെടുകയാണ്. പുതിയ നിയമത്തില്‍ ദൈവസ്നേഹത്തില്‍ ജീവിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സ്വപുത്രനിലൂടെ പുത്രത്വത്തിന്‍റെ ആത്മാവിനെ ദൈവം നല്‍കി. (റോമര്‍ 8:15) ഭീരുത്വത്തിന്‍റെ ആത്മാവിനെയല്ല ശക്തിയുടെയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെ അത്രേ ദൈവം നമുക്ക് തന്നത്. (2തിമൊഥെയൊസ് 1:7) മരണപര്യന്തം മരണഭീതിയിലായിരുന്നവരെ യേശുക്രിസ്തുവിന്‍റെ മരണം മൂലം ദൈവം വിടുവിച്ചു. (എബ്രായര്‍ 2:15) ദൈവഭയം വിശുദ്ധിയെ തികെക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. (2 കൊരിന്ത്യര്‍-7:1) പ്രായോഗിക ജീവിതത്തില്‍ ക്രിസ്തുവിന്‍റെ ഭയത്തില്‍ അന്യോന്യം കീഴ്പ്പെട്ടിരിക്കേണ്ടതാണ്. (എഫെസ്യര്‍-5:21)

2. അടിമഭയം

പാപത്തിന്‍റെ പരിണിതഫലമായിട്ടാണ് ഈ ഭയം ഉണ്ടാകുന്നത്. (ഉല്പത്തി 3:10; സദൃശ്യവാക്യം 28:1) പാപം ചെയ്യുന്നവന്‍ സാത്താന്‍റെ മകനാണ്. പാപത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയില്‍ ഭയം കുടിയിരിക്കും. ഈ ഭയം ഒരു ശിക്ഷയാണ്. പൗലോസ് പ്രസംഗിക്കുന്ന കേട്ടപ്പോള്‍ ഫേലിക്സിനു ഈ ഭയം ഉണ്ടായി. (അപ്പ. പ്രവൃത്തി 24:25) പാപികളുടെ മാനസാന്തരത്തിനുവേണ്ടി പരിശുദ്ധാത്മാവ് പലപ്പോഴും ഉപയോഗിക്കുന്നത് ഈ ഭയമാണ്.

3. മാനുഷഭയം

യജമാന്മാരും ന്യായകര്‍ത്താക്കളുമായ മനുഷ്യരോട് ബഹുമാനപൂര്‍വ്വം കാണിക്കുന്ന ഭയം (1 പത്രോസ് 2:18 റോമര്‍ 13:7) അന്തമായ മനുഷ്യഭയം നല്ലതല്ല. (സംഖ്യ 14:9; യെശയ്യാവ് 8:12) “മാനുഷഭയം ഒരു കണി ആകുന്നു; യഹോവയില്‍ ആശ്രയിക്കുന്നവനോ രക്ഷ പ്രാപിക്കും.” (സദൃശ്യവാക്യങ്ങള്‍ 29:25)

യഥാര്‍ത്ഥ ദൈവസ്നേഹം വരുമ്പോള്‍ അടിമഭയവും മാനുഷഭയവും ഒഴിഞ്ഞുപോകുന്നു. “സ്നേഹത്തില്‍ ഭയമില്ല; ഭയത്തിനു ദണ്ഡനം ഉള്ളതിനാല്‍ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവന്‍ സ്നേഹത്തില്‍ തികഞ്ഞവനല്ല. (1 യോഹന്നാന്‍ 4:18)

4. ഭയ വിഷയത്തെക്കുറിച്ചുള്ള ഭയം

“അബ്രാഹിമിന്‍റെ ദൈവവും നാഹോരിന്‍റെ ദൈവവും അവരുടെ പിതാവിന്‍റെ ദൈവവുമായവന്‍ നമുക്കു മദ്ധ്യേ വിധിക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു. (ഉല്പത്തി 31:53).

ദൈവത്തെ യിസ്ഹാക്കിന്‍റെ ഭയമായവന്‍ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നു. യിസ്ഹാക്ക് ഭയപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നവന്‍ എന്നാണതിനര്‍ത്ഥം. ദുഷ്ടന്മാര്‍ ഭയപ്പെടുന്നതുതന്നെ അവരുടെ മേല്‍ വരുന്നു. (സദൃശ്യവാക്യങ്ങള്‍ 1:26;27) യിസ്രയേല്യര്‍ കനാനില്‍ പ്രവേശിച്ചപ്പോള്‍ ദൈവം അവര്‍ക്കു മുമ്പായി തന്‍റെ ഭയത്തെ അയച്ചു. അതു ജാതികളെ അമ്പരപ്പിക്കയും അവരെ ഓടിക്കയും ചെയ്തു.

ഭയത്തില്‍ നിന്നുള്ള മോചനം

സകല ഭയത്തേയും യേശു കാല്‍വറിക്രൂശില്‍ വച്ച് തകര്‍ത്തു. നമുക്കുണ്ടായിരിക്കേണ്ടുന്ന ഒരേ ഒരു ഭയം ദൈവഭയം മാത്രമാണ്. യേശുവിലായ ഒരു വ്യക്തിക്ക് ഭയം ഉണ്ടാകത്തില്ല. പൗലോസ് അപ്പസ്തെലനെപ്പോലെ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠത നിമിത്തം സകലതും ചപ്പുംചവറെന്നും എണ്ണുന്നു എങ്കില്‍ ഈ നിഷേധാത്മകമായ ഭയത്തെ നമുക്കു ജയിക്കുവാന്‍ കഴിയും. നമുക്ക് നഷ്ടപ്പെടുവാന്‍ ഒന്നും ഇല്ലെങ്കില്‍ ഭയപ്പെടുവാനും ഒന്നും ഉണ്ടാവുകയില്ല. ഭയത്തില്‍ നിന്നുള്ള മോചനത്തിനായി ദൈവസ്നേഹത്താല്‍ നിറയപ്പെടേണ്ടിയിരിക്കുന്നു. (1 യോഹന്നാന്‍ 4:18) ഒരുവനില്‍ ദൈവസ്നേഹം കടന്നുവരുന്നതു പരിശുദ്ധാത്മാവിനെ പ്രാപിക്കുമ്പോഴാണ്. (റോമര്‍ 5:5) യേശുവിലായ ഒരു വ്യക്തി തനിക്കുള്ള സകലത്തെയും യേശുവിനായി സമര്‍പ്പിച്ചിരിക്കും. ഏതെങ്കിലും തരത്തിലുള്ള ഭയം നമുക്കുണ്ടാകുന്നുണ്ടെങ്കില്‍ ആ വിഷയം ദൈവത്തിന് പൂര്‍ണ്ണമായി സമര്‍പ്പിക്കാത്തതുകൊണ്ടത്രേ. …