“പിതാവായ ദൈവത്തിങ്കല്‍ നിന്നും നമ്മുടെ ദൈവവും പിതാവുമായവന്‍റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തില്‍ നിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങള്‍ നിമിത്തം തന്നെത്താന്‍ ഏല്പിച്ചുകൊടുത്തവനായി.” (ഗലാത്യര്‍ 1:3)

മനുഷ്യന്‍ ജനിക്കുന്നതും മരിക്കുന്നതുവരെ ജീവിക്കുന്നതും ഈ ലോകത്തിലാണ്. (യോഹന്നാന്‍ 16:21) ദൈവം തന്‍റെ മഹത്വത്തിനായി സൃഷ്ടിച്ച ഈ ലോകം അവനെതിരെ മത്സരിക്കുന്നു. ഏകമനുഷ്യന്‍റെ (ആദാം) അനുസരണക്കേടിനാല്‍ പാപം ഈ ലോകത്തില്‍ പ്രവേശിച്ചു. (റോമര്‍ 5:19) തല്ഫലമായി സര്‍വ്വലോകവും ദുഷ്ടന്‍റെ (സാത്താന്‍റെ) അധീനതയില്‍ അമര്‍ന്നു. (1 യോഹന്നാന്‍ 5:19) ലോകം ദൈവത്തിനെതിരായി നിന്നുകൊണ്ട് അതിന്‍റെ ജ്ഞാനത്താല്‍ ദൈവത്തെ അറിയുകയൊ (1 കൊരിന്ത്യര്‍ 1:21) സാക്ഷാല്‍ ജീവന്‍റെയും പ്രകാശത്തിന്‍റെയും ഉറവിടത്തെ തിരിച്ചറിയുകയൊ ചെയ്യുന്നില്ല. (യോഹന്നാന്‍-1:10) ലോകത്തിന്‍റെ രണ്ടു പ്രധാനസ്വഭാവങ്ങളാണ്. അഹങ്കാരവും അത്യാഗ്രഹവും. ഇവ ആകര്‍ഷകമായിട്ടുള്ള സകലത്തെയും സ്വന്തമാക്കുവാന്‍ അവനെ പ്രേരിപ്പിക്കുന്നു. (1 യോഹന്നാന്‍ 2:15) ‘ഈ ലോകം’ അതിന്‍റെ സ്വന്ത ആത്മാവിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ലോക മനുഷ്യന്‍ ജഢത്തെ തന്‍റെ ഭുജമാക്കി ദൈവത്തിനെതിരെ മത്സരിക്കുന്നു. സാധാരണ മനുഷ്യന്‍ ജഢമോഹങ്ങളില്‍ നടന്നു ജഢത്തിനും മനോവികാരങ്ങള്‍ക്കും ഇഷ്ടമായതു ചെയ്യുന്നു. (എഫെസ്യര്‍-2:3) മനുഷ്യന്‍ ജഢത്തിന്‍റെ ബന്ധനത്തിലാണ്. അതുകൊണ്ടാണ് മനുഷ്യനില്‍ നിന്നു എപ്പോഴും ജഢത്തിന്‍റെ പ്രവൃത്തികളായ ദുര്‍ന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് എന്നിവ പുറപ്പെടുന്നത്. (ഗലാത്യര്‍ 5:19-21) ജഢത്തെ അനുസരിച്ച് നടക്കുന്നവര്‍ ലോകത്തിന്‍റെ സമ്പ്രദായങ്ങളില്‍ ജീവിക്കുന്നു.

ഈ ലോകവ്യവസ്ഥിതി ദൈവത്തിനും, ദൈവരാജ്യത്തിനും എതിരായിട്ടുള്ളതാണ്. ലോകമെപ്പോഴും മനുഷ്യനെ പാപത്തിലേക്കു മാടിവിളിക്കുന്നു. മനുഷ്യന്‍റെ മൂന്നു പ്രബല ശത്രുക്കളില്‍ ഒന്നാണ് ലോകമോഹം. ലോകമോഹങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ സാധിക്കയില്ല. ഈ ലോകത്തിന്‍റേതായ ആഢംബരങ്ങള്‍, വാദ്യഘോഷങ്ങള്‍, സിനിമകള്‍, കളികള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഫാഷനുകള്‍, ഫാഷന്‍ ഷോകള്‍, ആഭരണഭ്രമങ്ങള്‍, മേയ്ക്കപ്പുകള്‍ തുടങ്ങിയ സകലതും, ഈ ലോകത്തിന്‍റെ പ്രഭുവായ സാത്താന്‍റെ സൃഷ്ടിയാണ്. ഇങ്ങനെ ലോകത്തിന് അനുരൂപരായി ജീവിക്കുന്ന മനുഷ്യര്‍ ദൈവത്തില്‍ നിന്നും ദൈവരാജ്യത്തില്‍ നിന്നും വളരെയേറെ അകലെയാണ്. ഇവരുടെ അവസാനം നിത്യനരകമാണ്. (യെശയ്യാവു-14:11)

ഒരു വ്യക്തി ദൈവത്താല്‍ ജനിച്ചില്ലായെങ്കില്‍ ഈ ലോകത്തില്‍ നിന്നു രക്ഷ നേടുവാന്‍ കഴിയുകയില്ല. (1 യോഹന്നാന്‍ 5:4) ക്രിസ്തുവിന്മേല്‍ അധികാരമില്ലാതിരുന്ന പിശാചിനെ സ്വയമേയ മരണത്തിനു വിധേയപ്പെടുത്തിക്കൊണ്ട് യേശു പരാജയപ്പെടുത്തി. (യോഹന്നാന്‍ 12:31;14:30) ക്രൂശില്‍വച്ച് ന്യായവിധി ഈ ലോകത്തിന്‍റെ പ്രഭുവായ സാത്താനിന്മേല്‍ വന്നു. (യോഹന്നാന്‍ 16:11) യേശു ക്രിസ്തു ലോകത്തെ ജയിച്ചു. (യോഹന്നാന്‍ 16:33) ക്രിസ്തു ദൈവപുത്രനാണെന്ന വിശ്വാസം ഒരു വ്യക്തിയെ ഈ ലോകത്തെ ജയിക്കുവാന്‍ സഹായിക്കുകയും (1 യോഹന്നാന്‍ 5:4-6) ലോകത്തിലെ കഷ്ടതകള്‍ സഹിക്കുവാന്‍ അവനെ പ്രാപ്തനാക്കുകയും ചെയ്യുന്നു. (യോഹന്നാന്‍ 10:33)

ലോകസ്നേഹം ദൈവത്തോടു ശത്രുത്വമാകുന്നു. (യാക്കോബ് 4:4) ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുന്നവര്‍ ലോകസ്നേഹം ഉപേക്ഷിക്കേണ്ടതാണ്. ഈ ലോകവും അതിന്‍റെ മോഹവും ഒഴിഞ്ഞു പോകുന്നതാണ്. ദൈവേഷ്ടം ചെയ്യുന്നവന്‍ എന്നേക്കും ജീവിക്കും. (1 യോഹന്നാന്‍ 2:15-17)

ഈ ലോകത്തില്‍ നിന്നു നമ്മെ വിടുവിക്കേണ്ടതിനു യേശു കാല്‍വരി ക്രൂശില്‍ മരിച്ചു. ഈ ലോകത്തിന്‍റെ രീതികളും ഭാവങ്ങളും ലോകവ്യവസ്ഥയും എല്ലാംതന്നെ സാത്താനാല്‍ ആസൂത്രിതമാണ്. മാറിമാറി വരുന്ന ഫാഷനുകള്‍, വസ്ത്രധാരണരീതികള്‍, ആഡംബരഭ്രമങ്ങള്‍ തുടങ്ങിയവയൊന്നും തന്നെ ദൈവത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിക്ക് യോജിച്ചതല്ല. ആയതിനാല്‍ ഈ ലോകത്തിന്‍റെ സമ്പ്രദായങ്ങളില്‍ നിന്നും നമ്മെത്തന്നെ കാത്തു ലോകത്തെ എപ്പോഴും ജയിക്കുന്നവരായിരിക്കണം. ദൈവാത്മാവിനാല്‍ മാത്രമേ ലോകത്തെ ജയിക്കുവാന്‍ സാധിക്കയുള്ളൂ. (1 കൊരിന്ത്യര്‍ 2:12) “നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലയോ? ദൈവത്തിന്‍റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്‍റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നെ. ആരും തന്നെത്താന്‍ വഞ്ചിക്കരുത്:” (1 കൊരിന്ത്യര്‍ 3:16;17)

യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ച് വിശ്വാസസ്നാനം സ്വീകരിച്ച്, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ഒരു വ്യക്തി. ഈ ലോകത്തിന്‍റേതായ സമ്പ്രദായങ്ങള്‍ ഒന്നും അനുകരിക്കുവാന്‍ പാടുള്ളതല്ല. നമ്മുടെ ജീവിതവും സ്വഭാവവുംകണ്ട് ലോകര്‍ നമ്മെ അനുകരിപ്പാന്‍ ഇടയാകണം. നമ്മുടെ പ്രാര്‍ത്ഥനാജീവിതം, ജീവിതവിശുദ്ധി മുതലായവയിലൂടെ നാം ലോകത്തിനു മാതൃക ആയിരിക്കണം. ..