“മക്കള്‍ ജഡരക്തങ്ങളോടുകൂടിയവര്‍ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടുകൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ച്”. (എബ്രായര്‍-2:14,15)

മണ്ണില്‍ നിന്നു എടുക്കപ്പെട്ട മനുഷ്യന്‍ മണ്ണിലേക്കു മടങ്ങുന്നു. “നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും”. പാപത്തില്‍ വീണ മനുഷ്യനോടുള്ള ദൈവകല്പനയാണിത്. (ഉല്പത്തി 3:19) മനുഷ്യന്‍റെ കൂടെപ്പിറപ്പാണ് മരണം. ജനിക്കുന്ന നിമിഷം മുതല്‍ മരണവക്രത്തിലേക്കു ചുവടുവെച്ചവന്‍ പതുക്കെ പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്നു. മനുഷ്യാനുഭവത്തില്‍ എല്ലാവരാലും വിലപിക്കപ്പെടുന്ന ഒരു സംഭവമാണ് മരണം. ദൈവസൃഷ്ടിയുടെ മകുടമാണ് മനുഷ്യന്‍. ദൈവസാദൃശ്യത്തിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതെങ്കില്‍ എന്തുകൊണ്ട് അവന്‍ മരിക്കുന്നു എന്നത് ഒരു പ്രശ്നമാണ്. ദൈവഹിതത്തിനു വിരുദ്ധമായി മനുഷ്യന്‍ പാപത്തില്‍ വീണതാണ് അതിനു കാരണം എന്ന് തിരുവെഴുത്തുകള്‍ വ്യക്തമാക്കുന്നു. (ഉല്പത്തി 2:17) പാപം സാര്‍വ്വത്രികമായതുകൊണ്ട് പാപത്തിന്‍റെ ശമ്പളമായ മരണവും സാര്‍വ്വത്രികമാണ്. “അതുകൊണ്ടു ഏക മനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്‍ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമര്‍ 5:12)

മരണത്തെ രണ്ടുവിധത്തില്‍ തരം തിരിച്ചിരിക്കുന്നു.

1. ആത്മീക മരണം

ആത്മീയാര്‍ത്ഥത്തില്‍ ദൈവത്തില്‍ നിന്നുള്ള വേര്‍പാടാണ് മരണം. ആദാം ദൈവകല്പന ലംഘിച്ചപ്പോള്‍ മരിച്ചു. (ഉല്പത്തി 2:17) തന്മൂലം എല്ലാ മനുഷ്യരും ഇതേ അവസ്ഥയിലാണ് ജനിക്കുന്നത്. അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവര്‍ എന്നാണ് പൗലോസ് അപ്പൊസ്തലന്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് (റോമര്‍ 5:12,14,21; എഫെസ്യര്‍ 2:1) ദൈവത്തോടുള്ള കൂട്ടായ്മയില്‍ ബോധപൂര്‍വ്വമായ അസ്തിത്വമാണ് ആത്മിക ജീവിതം. ദൈവത്തില്‍ നിന്നും വേര്‍പാടുള്ള ബോധപൂര്‍വ്വമായ അസ്തിത്വമാണ് ആത്മികമരണം.

മരണം ജീവിതംപോലെ ഒരവസ്ഥയാണ്. “ജഡത്തിന്‍റെ ചിന്ത മരണം”. (റോമര്‍ 8:6) എന്ന് പൗലോസ് അപ്പൊസ്തലന്‍ എഴുതിയിരിക്കുന്നു. ജഡത്തിനാണു മരണം അതായത് ജഡത്തിന്‍റെ അന്ത്യമാണ് മരണം. ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വമാകുന്നു. അതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിനു കീഴ്പ്പെടുന്നില്ല എന്നു റോമര്‍ 8:7-ല്‍ കാണുന്നു.

ലൂക്കോസ് 15-ാം അദ്ധ്യായത്തില്‍ ധൂര്‍ത്തപുത്രന്‍റെ സംഭവത്തില്‍ ധൂര്‍ത്തപുത്രന്‍ മരിച്ചവനായിരുന്നു എന്നു കാണുന്നു. (ലൂക്കോസ് 15:24) ദൈവത്തെ വിട്ടു അകന്നു നടക്കുന്ന സകല മനുഷ്യരും പാപത്താല്‍ മരിച്ചവരാണ്. അവര്‍ ഈ അവസ്ഥയില്‍ ജീവിക്കുന്നിടത്തോളം കാലം നിത്യനരകത്തിനു യോഗ്യരാണ്. കാല്‍വരിയില്‍ യേശു സാധിപ്പിച്ച രക്ഷയെ മനസ്സിലാക്കി തങ്ങളുടെ പാപജീവിതത്തെ ഉപേക്ഷിച്ച് ദൈവത്തിന്‍റെ മക്കളായിത്തീരുമ്പോള്‍ ഒരുവനില്‍ ദൈവിക ജീവന്‍ ഉദിക്കും. യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കാതെ, പാപജീവിതത്തെ ഉപേക്ഷിക്കാതെ ജീവിച്ചാല്‍ നിത്യനരകത്തിനു പാത്രമായിത്തീരും. മരണശേഷം രക്ഷപ്രാപിക്കുവാനുള്ള സാധ്യത ആര്‍ക്കും ഇല്ല. മരണത്തില്‍നിന്നും ജീവനിലേക്ക് കടക്കുന്നതാണ് രക്ഷ. (യോഹന്നാന്‍ 5:24) പാപത്തില്‍ ജീവിച്ചുമരിക്കുന്ന ഒരു വ്യക്തി ദൈവത്തില്‍നിന്നു എന്നന്നേക്കുമായി വേര്‍പെട്ടുപോകുന്നു. ഇതിനെ രണ്ടാം മരണമെന്ന് വെളിപാടു പുസ്തകം 20-ന്‍റെ 15-ല്‍ പറഞ്ഞിരിക്കുന്നു.

യേശുക്രിസ്തുവില്‍ വിശ്വസിച്ച് ഏതൊരു വ്യക്തിക്കും നിത്യജീവന്‍ നേടാവുന്നതാണ്. യേശു പറഞ്ഞു. “യേശു അവളോടു: ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കയില്ല.” (യോഹന്നാന്‍ – 11:25,26)

യേശുക്രിസ്തു കാല്‍വരിക്രൂശില്‍ നിന്‍റെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു എന്നു വിശ്വസിച്ച് പാപജീവിതത്തെ ദൈവത്തോടു ഏറ്റുപറഞ്ഞു ഉപേക്ഷിച്ച് യേശുവിനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുക. യേശുവിന്നായി നിന്‍റെ ജീവിതത്തെ സമര്‍പ്പിക്കുക. അങ്ങനെ സ്വര്‍ഗ്ഗരാജ്യത്തിന് അവകാശിയായിത്തീരുക.

2: ശാരീരികമരണം

പ്രാകൃതിക ജീവന്‍റെ വിച്ഛേദനമാണ് മരണം. ഏതവസ്ഥയിലും വര്‍ഗ്ഗത്തിലും പ്രായത്തിലുമുള്ളവര്‍ മരണത്തിനു വിധേയരാണ്. ശരീരത്തില്‍നിന്നും ആത്മാവ് വേര്‍പെടുന്നതാണ് മരണം. (2 തിമൊഥെയൊസ് 4:6; ലൂക്കോസ് 23:46) മരണം സകല ഭൂവാസികളുടെയും വഴിയാണ്. (യോശുവ: 23:14) പൂര്‍വ്വാവസ്ഥയിലേക്കുള്ള മടക്കമാണ് മരണം. മരിച്ച ഒരു വ്യക്തിക്കു ദൈവത്തെ സ്തുതിക്കുവാന്‍ കഴിയില്ല. (സങ്കീര്‍ത്തനം – 6:5; യെശയ്യാവ് 38:18) ഈ ലോകത്തില്‍ ജനിച്ച സകല മനുഷ്യനും ഒരിക്കല്‍ മരിക്കും. സമയം ആര്‍ക്കും അറിയത്തില്ല. എന്നാല്‍ മരണത്തിനുശേഷം ഒരു നിത്യത ഉണ്ട്. മരണാനന്തരം നിങ്ങളുടെ ആത്മാവ് എവിടെ ആയിരിക്കും. നിങ്ങള്‍ ക്രിസ്തുവിനെ രക്ഷിതാവും കര്‍ത്താവുമായി അംഗീകരിച്ച് ദൈവകല്പനകള്‍ അനുസരിച്ച് വിശുദ്ധിയിലും വേര്‍പാടിലും ജീവിക്കുന്ന വ്യക്തി എങ്കില്‍ സ്വര്‍ഗ്ഗത്തില്‍ ദൈവത്തോടൊത്ത് നിത്യത ചെലവിടാം. മറിച്ച് ക്രിസ്തുവിനെ അംഗീകരിക്കാതെ കര്‍മ്മങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും പാരമ്പര്യങ്ങളിലും കുടുങ്ങി പാപത്തില്‍ ജീവിച്ച് ദൈവകല്പന അനുസരിക്കാതെ, വിശുദ്ധിയും വേര്‍പാടും ഇല്ലാതെ ജീവിക്കുന്ന വ്യക്തി എങ്കില്‍ നിത്യത അഗ്നിനരകത്തില്‍ ചെലവിടാം. നിങ്ങള്‍ ഏതു മതത്തിലൊ സഭയിലൊ പ്രസ്ഥാനങ്ങളിലൊ ആയിരിക്കുന്ന വ്യക്തിയെങ്കിലും യേശുവിനെ സ്വീകരിച്ചാല്‍ നിത്യജീവന്‍ കൈവരും. അല്ലയെങ്കില്‍ നിത്യമരണം!

മരണത്തിന്മേലുള്ള ജയം

നമ്മെ പാപത്തില്‍നിന്നും മരണത്തില്‍നിന്നും വീണ്ടെടുക്കുവാന്‍ യേശു കാല്‍വരിക്രൂശില്‍ മരിച്ചു. (1 കൊരിന്ത്യര്‍ 15:3; റോമര്‍ 4:24,25; 1 പത്രോസ് 3:18) മരണത്തിനു വിധേയനായിക്കൊണ്ട് ക്രിസ്തു മരണത്തെ ജയിക്കയും ജീവനും അമര്‍ത്യതയും വെളിപ്പെടുത്തുകയും ചെയ്തു. (2 തിമൊഥെയൊസ് 1:10) മരണത്തിന്‍റെ അധികാരിയായ പിശാചിനെ സ്വന്തം മരണത്താല്‍ നീക്കി മരണഭീതിയില്‍നിന്നും മനുഷ്യനെ വിടുവിച്ചു. (എബ്രായര്‍ 2:14) ഒരിക്കല്‍ മരിച്ചവരായ നമ്മെ (എഫെസ്യര്‍ – 2:1) കൃപയാല്‍ ജീവിപ്പിച്ചു. തന്‍റെ മരണത്താല്‍ യേശു മരണാധികാരിയായ സാത്താനെ കാല്‍വരിയില്‍ തകര്‍ത്തു. ക്രിസ്തു മരണത്തിലൂടെ പാപത്തിനു അന്ത്യം കുറിച്ചു. “അവന്‍ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവന്‍ ജീവിക്കുന്നതോ ദൈവത്തിനു ജീവിക്കുന്നു.” (റോമര്‍ – 6:10) ക്രിസ്തുവിനെക്കൂടാതെ മരണം നമ്മുടെ ആത്യന്തിക ശത്രുവാണ്. മരണത്തിന്മേലുള്ള വിജയത്തെ കര്‍ത്താവിന്‍റെ ഉയിര്‍ത്തെഴുന്നേല്പിലൂടെ സ്ഥിതീകരിച്ചു. “ക്രിസ്തു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍ ഇനി മരിക്കയില്ല; മരണത്തിനു അവന്‍റെ മേല്‍ ഇനി കര്‍തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ. (റോമര്‍ – 6:9)

പുതിയ നിയമവെളിച്ചത്തില്‍ നിത്യജീവനെന്നത് ആത്മാവിനെ സംബന്ധിക്കുന്നതുമാത്രമല്ല. ശരീര പുനരുത്ഥാനവും കൂടിച്ചേര്‍ന്നതാണ്. ആത്മീക ജീവന്‍ പ്രാപിച്ചു എങ്കിലും വിശ്വാസി ശാരീരിക മരണത്തിനു വിധേയനാണ്. ജയിക്കപ്പെടേണ്ട ഒടുക്കത്തെ ശത്രുവാണ് മരണം. (1 കൊരിന്ത്യര്‍ 15:26) ക്രിസ്തുവിന്‍റെ പുനരാഗമനത്തില്‍ ക്രിസ്തുവില്‍ മരിച്ചവര്‍ അമര്‍തര്യായി ഉയിര്‍പ്പിക്കപ്പെടുമ്പോള്‍ മരണം എന്നന്നേക്കുമായി നീങ്ങിപ്പോകും. (1 കൊരിന്ത്യര്‍ 15:52; ഫിലിപ്പിയര്‍ 3:20,21)

രക്ഷിക്കപ്പെടാത്ത ഒരു വ്യക്തിക്ക് മരണം നഷ്ടവും രക്ഷിക്കപ്പെട്ടവര്‍ക്ക് മരണം ലാഭവും അത്രേ. (ഫിലിപ്പിയര്‍ 1:21) ശരീരത്തിന്‍റെ പുനരുത്ഥാനത്തിന്‍റെ വെളിച്ചത്തില്‍ വിശ്വാസിക്കു മരണം നിദ്ര മാത്രമാണ്. (1 തെസ്സലൊനിക്യര്‍ 4:14) മരണഭയം എന്നന്നേക്കുമായി ഒഴിഞ്ഞുപോയി. ക്രിസ്തുവിന്‍റെ പ്രായശ്ചിത്തമരണത്തിലൂടെ മരണത്തിന്‍റെ വിഷമുള്ളായ പാപം മാറ്റപ്പെട്ടു. (1 കൊരിന്ത്യര്‍ 15:56) മരണം ലാഭമാണ്. കാരണം മരണത്തോടുകൂടി ദൈവപുത്രന്‍റെ സാന്നിദ്ധ്യത്തിലായിരിക്കുവാന്‍ വിശ്വാസിക്ക് കഴിയും. (ഫിലിപ്പിയര്‍ – 1:21,23; 2 കൊരിന്ത്യര്‍ – 5:8) മരണത്തിനു ക്രിസ്തുവില്‍നിന്നും ഒരു വ്യക്തിയെ വേര്‍പെടുത്തുവാന്‍ കഴികയില്ല. (റോമര്‍ 8:38)

അവിശ്വാസി പാപം നിമിത്തം മരിച്ചവനാണ്. (എഫെസ്യര്‍ – 2:1; കൊലൊസ്യര്‍ – 2:11) അന്ത്യശിക്ഷാവിധിയില്‍ ദുഷ്ടന്മാര്‍ ദൈവത്തില്‍നിന്നും എന്നന്നേക്കുമായി വേര്‍പെടും. ഈ വേര്‍പാടാണ് രണ്ടാം മരണം. (വെളിപ്പാട് 2:11; 21:8) നിത്യ ശാപമാണ്……