ഇന്ന് നാം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകയാണ്. ഈ കാലഘട്ടത്തിൽ പ്രാർത്ഥനയില്ലാതെ ആത്മീക ശക്തി നേടുവാൻ സാദ്ധ്യമല്ല. യേശു പലപ്പോഴും പ്രാർത്ഥനയിൽ ശക്തി നേടിയതായി നാം വായിക്കുന്നു. പൗലൊസ് അപ്പൊസ്തലൻ പറയുന്നു.
“ഇടവിടാതെ പ്രാർത്ഥിപ്പിൻ
എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം”
1തെസ്സലൊനീക്യർ
5:17,18
പലതരത്തിൽ പ്രാർത്ഥനകൾ ഉണ്ട്.
1)രഹസ്യപ്രാർത്ഥന
യേശുവുമായി രഹസ്യമായി നാം സംസർഗ്ഗത്തിൽ ഏർപ്പെടാറുണ്ടോ. യേശു പല സമയങ്ങളിലും വിജനമായ സ്ഥലങ്ങളിലേക്ക് പോകുകയും പിതാവുമായി രഹസ്യപ്രാർത്ഥനകളിൽ
ഏർപ്പെട്ടതായും നാം വായിക്കുന്നു. അതിനാൽ യേശുവിന് ലോകത്തെ നിഷ്പ്രയാസം ജയിക്കുവാൻ സാധിച്ചു.
യേശു ഇങ്ങനെ പറഞ്ഞു.
“നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും”
മത്തായി 6:6
പഴയകാലത്ത് വീട്ടിൽ നിക്ഷേപം കരുതി വയ്ക്കുന്നത് അറയിലാണ്. ആത്മീയമായി ശക്തിപ്രാപിപ്പാനുള്ള
നിക്ഷേപമാണ് പ്രാർത്ഥന. കുടുംബത്തിലെ അറകൾ
രഹസ്യപ്രാർത്ഥനകളുടെ നിക്ഷേപമായാൽ അവർ ആത്മീയമായി ശക്തി പ്രാപിച്ച് യേശുവിൻ്റെ പോരാളികളാകും.
2) പരസ്യപ്രാർത്ഥന
രഹസ്യപ്രാർത്ഥന പിതാവുമായി തനിയെ സംസർഗ്ഗം ചെയ്യുന്നതാണെങ്കിൽ
പരസ്യപ്രാർത്ഥന സഭകളിലൂം, സമൂഹങ്ങളിലും ദൈവസന്നിധേ സമർപ്പിക്കുന്ന പ്രാർത്ഥനയാണ്.
ഏലീയാവ് കാർമ്മേൽ പർവ്വതത്തിൽ നടത്തിയ
പരസ്യപ്രാർത്ഥനയിൽ സ്വർഗ്ഗത്തിൽ നിന്നും ദൈവം അഗ്നിയിറക്കി.
ദൈവമക്കൾ കൂട്ടമായി
ദൈവത്തെ ആരാധിക്കുമ്പോൾ ദൈവശക്തിയിറങ്ങും.
3) മദ്ധ്യസ്ഥ പ്രാർത്ഥന.
ഒരുവൻ മറ്റുള്ളവർക്ക് വേണ്ടി കഴിക്കുന്ന യാചനയാണ് മദ്ധ്യസ്ഥ പ്രാർത്ഥന.
” വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.
അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു.
1 തിമൊ 2:2,3
നാം നമ്മുടെ ഭരണാധികാരികൾക്കും,
ദേശത്തിനും, ലോകത്തിനും, ദരിദ്രർക്കും, അനാഥർക്കും വേണ്ടി ജാതിയും മതവും നോക്കാതെ പ്രാർത്ഥിക്കണം. അന്ധമായ വിശ്വാസങ്ങളിൽ പതിച്ചു കൊണ്ടിരിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണം.
” ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നിൽക്കേണ്ടതിന്നു ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും”.
യേഹേസ്കേൽ 22:30
നാം മറ്റുള്ളവർക്കുവേണ്ടി
ഇടിവിൽ നിന്ന് പ്രാർത്ഥിക്കേണമെന്ന്
വചനം അനുശാസിക്കുന്നു.
4) ഉപവാസപ്രാർത്ഥന
ക്രിസ്തീയ ജീവിതം സാത്താനുമായുള്ള ഒരു
അനുദിന പോരാട്ടമാണ്.
ഈ പോരാട്ടത്തിൽ വിജയം നേടുവാൻ പ്രാർത്ഥനയാലും, ഉപവാസത്താലും മാത്രമേ
സാദ്ധ്യമാകു. യേശു പറഞ്ഞു.
“എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു”
മത്തായി 17:21
യേശു നാല്പതു ദിവസം ഉപവസിച്ച് സാത്താനെ
തോല്പിച്ചു. യേശുവിന്റെ
ശിഷ്യന്മാരും ഉപവസിച്ചു
പ്രാർത്ഥിച്ചു.
” അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്പിക്കയും ചെയ്തു”
അപ്പൊ.പ്ര 14:23
ജീവിതത്തിൽ പ്രാർത്ഥന ഉണ്ടാകണം. ദൈവവുമായി സംസർഗ്ഗത്തിൽ വസിക്കണം. നമ്മുടെ ഭാരങ്ങൾ ഇറക്കി വയ്ക്കുവാൻ ഒരിടമുള്ളത് ആശ്വാസമല്ലേ? നാം ചെയ്ത തെറ്റുകൾ അനുതാപത്തോടെ ഏറ്റുപറയുവാൻ ഒരിടം വേണം. തന്ന നന്മകളെ
സ്തുതിച്ച് പാടണം. ഇടവിടാതെ, മുട്ടിപ്പായി,
മടുപ്പില്ലാതെ പ്രാർത്ഥിക്കേണം. പ്രാർത്ഥനക്ക് സമയമോ
പരിധിയോ ഇല്ല. അതിന് പ്രത്യേക രീതിയും ഇല്ല. ഒരു പിതാവിന്റെ സന്നിധിയിൽ നമുക്ക് ഇഷ്ടമായ രീതിയിൽ പ്രാർത്ഥിക്കാം. ഉത്തരം കിട്ടിയില്ല എന്ന് കരുതി പ്രാർത്ഥന മുടക്കരുത്.
ദൈവഹിതത്തിനു
വണങ്ങി പ്രാർത്ഥിക്കേണം. എത്ര നാൾ പ്രാർത്ഥിക്കേണം,? ദൈവം ക്യപ ചൊരിയും വരെ…
” സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.
ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കി
ക്കൊണ്ടിരിക്കുന്നു”
123-ാം സങ്കീ 1,2 വാക്യങ്ങൾ