ഒരിക്കൽ യേശു ശമര്യക്കും ഗലീലെക്കും നടുവിൽകൂടി യാത്ര ചെയ്യുമ്പോൾ
ഒരു ഗ്രാമത്തിൽ ചെന്നു. അവിടെ കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അകലെ നിന്നുകൊണ്ടു: യേശു നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു.
അവർ അശുദ്ധരായതു
കൊണ്ട് പാളയത്തിന് പുറത്ത് കഴിയേണ്ടവരും
ജനങ്ങളിൽ നിന്നും അകലം പാലിക്കേണ്ടവരും ആയിരുന്നു. അതുകൊണ്ട് അവർ യേശുവിനെ കണ്ടപ്പോൾ അകലം പാലിച്ചാണ് കരഞ്ഞത്.
നാം പലപ്പോഴും പാപം മൂലം ദൈവത്തോട് അടുത്ത് ചെല്ലുവാൻ കഴിയാത്ത അവസ്ഥയിൽ
ആയിരിക്കും. എന്നാൽ ദൂരസ്ഥരായ നമ്മെ ദൈവം സമീസ്ഥരാക്കി മാറ്റി. പുത്രനായ യേശുവിന്റെ
പുണ്യാഹരക്തമാണ് നമ്മെ യേശുവിലേക്ക്
സമീപസ്ഥനാക്കുന്നത്.
“മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.
എഫേസ്യർ 2:13
ദൈവം ദൂരെ നിൽക്കുന്നു എന്ന് നമുക്ക് തോന്നുന്നത് നാം ദൈവത്തിൽ നിന്നും അകന്നു പോകുന്നത് കൊണ്ടാണ്. യേശു പിടിക്കപ്പെട്ടപ്പോൾ പത്രൊസ് യേശുവിൽ നിന്നും അകലം വിട്ട് നടന്നു. എന്നാൽ ദൈവീക സ്നേഹം അവനെ തേടിയെത്തി. അകലം വിട്ട് നടന്ന പത്രൊസിനെ
യേശു തൻ്റെ ഒരു നോട്ടത്തിൽ തന്നോട് സമീപസ്ഥനാക്കി.
ദൈവം നമ്മിൽ നിന്നും ദൂരെ മറയുന്നവനോ,
നമ്മിൽ നിന്നും അകന്നു പോകുന്നുവനോ അല്ല. നാം അകന്നുപോയാലും
നമ്മെ തേടി വരുന്നവനാണ്. നമ്മുടെ ക്രിയകളോ, നമ്മുടെ കുടുംബമഹിമയോ,
നേർച്ചകാഴ്ച്ചകളോ അല്ല
നമ്മെ ദൈവത്തോട് സമീപസ്ഥനാക്കുന്നത്.
കാൽവരിയിൽ നമുക്കായി ചൊരിഞ്ഞ രക്തമാണ്.
” അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി”
കൊലൊസ്സ്യർ 1:20
ഒരിക്കൽ
ദാവീദിന് കഷ്ടങ്ങളും പ്രയാസങ്ങളും നേരിട്ടപ്പോൾ, ദൈവം തന്നിൽ നിന്നും മുഖം മറച്ചുവോ എന്ന് ദാവീദിന് തോന്നി. അതുകൊണ്ട് ദാവീദ് ഇങ്ങനെ ചോദിക്കുന്നു.
” യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതും
എന്തു? 10-ാം സങ്കീ 1-ാം വാക്യം
ഒന്ന് മുതൽ നാല്പത്തൊന്ന്
വരെയുള്ള സങ്കീർത്തനങ്ങൾ ദാവീദിൻ്റേതാണ്. 10-ാം സങ്കീർത്തനത്തിൻ്റെ ശീർഷകത്തിൽ ദാവീദിന്റെ പേർ എഴുതിയിട്ടില്ലെങ്കിലും 9-ാം സങ്കീർത്തനത്തിൻ്റെ തുടർച്ച ആണെന്നും 10-ാം സങ്കീർത്തനം ദാവീദിൻ്റെ സങ്കീർത്തനം ആണെന്നും വേദശാസ്ത്രജ്ഞന്മാർ
അഭിപ്രായപ്പെടുന്നു. ദൈവം തൻ്റെ ജീവിതത്തിൽ നിന്നും മാറി
നിൽക്കുന്നു എന്ന് ദാവീദിന് തോന്നി. ദൈവം ദൂരെ നിൽക്കുന്നതല്ല മറിച്ച് പാപം മൂലം ദാവീദ് ദൈവത്തിൽ നിന്നും അകന്നു പോയി എന്നതാണ്
സത്യം. മുടിയനായ പുത്രന്റെ പാപം ഭവനത്തിൽ നിന്നും പിതാവിൽ നിന്നും അവനെ അകറ്റി. എല്ലാം നഷ്ടപ്പെട്ടപ്പോൾ തൻ്റെ പിതാവ് തന്നിൽ നിന്നും ദൂരെ നിൽക്കയായിരിക്കും എന്ന് അവന് തോന്നി. അതുകൊണ്ട് മകനെ പോലെയല്ല ഒരു കൂലിക്കാരനെ പോലെ തന്നെ സ്വീകരിക്കണമെന്ന് അവൻ അപേക്ഷിക്കുന്നു.
എന്നാൽ അവൻ പ്രതീക്ഷിച്ചപോലെ ദൂരെ അകന്നു നിൽക്കുന്ന
പിതാവിനെയല്ല അവൻ കണ്ടത്. സമീപസ്ഥനായി
ഇറങ്ങിവരുന്ന പിതാവിനെയാണ്.തൻ്റെ മകൻ തിരിച്ചുവരും എന്ന് പ്രതീക്ഷയോടെ
ചങ്കു തകർന്ന് കാത്തിരിക്കുന്ന പിതാവ്.
ആ പിതാവ് മകനെ ദൂരെ കണ്ട് ഓടിചെല്ലുന്നു. പുതിയ അങ്കിയിടുന്നു.
കാലിൽ ചെരിപ്പ് അണിയിക്കുന്നു.വിരലിൽ
മോതിരം ഇടുന്നു. മകനായി സ്വീകരിക്കുന്നു.
വിരുന്നൊരുക്കുന്നു.
ദൈവം നമ്മിൽ നിന്നും ദൂരെ നിൽക്കുന്നു എന്ന തോന്നലുണ്ടോ? എങ്കിൽ നമ്മുടെ പാപങ്ങളാണ്
നമ്മെ ദൈവത്തിൽ നിന്നും അകറ്റുന്നത്. നാം ദൈവത്തിൽ നിന്നും അകന്നു പോകുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ദൈവം ഇമ്മാനുവേൽ ആണ്.
നമ്മോടു കൂടെ എന്നാണ്
ആ വാക്കിനർത്ഥം. ദൈവം എന്നും സമീപസ്ഥനായി നമ്മോടൊപ്പം ഉണ്ട്. യേശു നമ്മുടെ സംരക്ഷകൻ. നമ്മുടെ രക്ഷകൻ.
അനുതാപത്തോടെ
തിരിച്ചുവരുന്ന സകല പാപികളേയും യേശു മക്കളായി സ്വീകരിക്കുന്നു.
ദൈവം നമുക്ക് ഏറ്റവും അടുത്ത തുണയാണ്. നമ്മുടെ സങ്കേതവും ബലവുമാണ്. ആയതിനാൽ ദൈവത്തിൽ നിന്നും നമ്മെ അകറ്റുന്ന സകല പാപങ്ങളേയും ഉപേക്ഷിക്കാം. അനുതാപത്തോടെ യേശുവിന്റെ അടുക്കലേക്ക് വരാം.
” ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ”
യാക്കോബ് 4:8
Leave a Reply