ഇന്ന് ജീവിതത്തിൽ നാം പതറി പോകുന്നതിന് കാരണം ദൈവത്തിന്റെ
ശക്തിയുടെ അളവറ്റ വലുപ്പം ഗ്രഹിക്കാത്തതു
കൊണ്ടാണ്. ഈ ശക്തിയുടെ വലുപ്പം അറിയണമെങ്കിൽ നമ്മുടെ ദൈവം ആരാണെന്ന് നാം അറിയണം. ദൈവം എങ്ങനെ നമ്മെ സ്നേഹിച്ചു എന്നറിയണം.
ദൈവഹിതം എന്തെന്നും
ദൈവവിളിയുടെ ഉദ്ദേശവും അറിയണം. പൗലൊസ് അപ്പൊസാതലൻ ഇവയെല്ലാം ഗ്രഹിച്ചവനായിരുന്നു.
അർത്തീമസ് ദേവിയെ ആരാധിക്കയും, ആഭിചാരങ്ങളും മന്ത്രവാദങ്ങളും നടത്തി അതിൽ അടിമപ്പെട്ട് ജീവിക്കുന്ന ഒരു വലിയ സമൂഹം പാർത്തിരുന്ന സ്ഥലമായിരുന്നു
എഫെസ്യ. അവർ ദൈവത്തെ അറിയുവാനും, ദൈവീകശക്തിയുടെ വലുപ്പം അറിഞ്ഞ് അവർ മനം തിരിയുന്നതിനും പൗലൊസ് പ്രാർത്ഥിച്ചു.

“നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ
വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു”
എഫെസ്യർ 1:17-19

കർത്താവിന്റെ ശക്തിയുടെ അളവറ്റ വലുപ്പം ഗ്രഹിച്ചതിനാൽ
കോലിനാൽ അനേകം തവണ അടിക്കപ്പെട്ടപ്പോഴും,
കല്ലേറുകൊണ്ടപ്പോഴും, കാരാഗ്യഹവാസം അനുഭവിച്ചപ്പോഴും
കപ്പൽച്ചേതത്തിൽ അകപ്പെട്ടപ്പോഴും, അനേകം ആപത്തുകളെ നേരിട്ടപ്പോഴും,
കർത്താവിന്റെ അളവറ്റ ശക്തിയുടെ വലുപ്പം ഗ്രഹിച്ച് അവയെ നിസാരമാക്കാൻ പൗലൊസിന് കഴിഞ്ഞു.
അതുകൊണ്ട് പ്രത്യാശയോടെ ഇങ്ങനെ പറഞ്ഞു.

“അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു. നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം”
2 കൊരിന്ത്യർ 4:16-18

അബ്രാഹാമും
ദൈവവിളികേട്ട് സ്വന്തം അപ്പൻ്റെ ദൈവങ്ങളെ ഉപേക്ഷിച്ച്, ഇറങ്ങി പുറപ്പെട്ടത്,യഹോവയുടെ ശക്തിയുടെ അളവറ്റ വലുപ്പം ഗ്രഹിച്ചതിനാലാണ്.
അബ്രാഹാമിന് എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ലായിരുന്നു. എന്നാൽ ദൈവത്തിൻ്റെ
അളവറ്റ ശക്തിയുടെ വലുപ്പം ഗ്രഹിച്ചറിഞ്ഞു.
ആ ദൈവീകശക്തിക്ക്
നാല് പ്രത്യേകതകൾ ഉണ്ടെന്ന് അബ്രാഹാം
മനസിലാക്കി.

1) ദൈവം തേജോമയൻ

” സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കുംമുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി”
അപ്പൊ.പ്ര 7:2

2) ദൈവം അത്യുന്നതൻ

“നിന്റെ ശത്രുക്കളെ നിന്റെ കൈയില്‍ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടട്ടെ എന്നു പറഞ്ഞു. അവന്നു അബ്രാം സകലത്തിലും ദശാംശം കൊടുത്തു”.ഉല്പത്തി 14:20

3) സർവ്വശക്തിയുള്ള ദൈവം

” അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക”
ഉല്പത്തി 17:1

4) നിത്യനായ ദൈവം

“അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവെച്ചു ആരാധന കഴിച്ചു”ഉല്പത്തി 21:33

നമ്മുടെ ദൈവത്തിന്റെ അളവറ്റ ശക്തി ഗ്രഹിക്കുക. നമ്മുടെ ദൈവം തേജോമയനായ
ദൈവം. നമ്മുടെ ദൈവം അത്യുന്നതനായ
ദൈവം. നമ്മുടെ ദൈവം സർവ്വശക്തിയുള്ള
ദൈവം. നമ്മുടെ ദൈവം നിത്യനായ ദൈവം.

ഈ ദൈവത്തിൽ വിശ്വസിച്ച്,നമ്മിൽ വ്യാപരിക്കുന്ന ദൈവത്തിന്റെ അളവറ്റശക്തിയുടെ
വലുപ്പം ഗ്രഹിച്ച് മുന്നോട്ടു പോകാം.