ഹബക്കൂക് ഇങ്ങനെ പ്രാർത്ഥിച്ചു.

“യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ”
ഹബക്കൂക്‍ 3:2

ഹബക്കൂക്‍ ഒന്നാമത്തെ അദ്ധ്യായത്തിൽ അന്നത്തെ സാമൂഹ്യ വ്യവസ്ഥയിലുള്ള അനീതിയെ കുറിച്ച് പ്രവാചകൻ പറഞ്ഞു. രണ്ടാം അദ്ധ്യായത്തിലേക്ക് പ്രവേശിക്കുമ്പോൾ ദൈവത്തിൻ്റെ മറുപടിക്കായി കാത്തിരിക്കുന്ന പ്രവാചകനെ നാം കാണുന്നു. ദൈവം അവന് മറുപടി കൊടുക്കുകയും ചെയ്യുന്നു.നമ്മുടെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒരു നിർജീവാവസ്ഥ ഉണ്ടാകാറുണ്ട്. നാം നിർജീവരാകാൻ പാടില്ല.
നമ്മെ ദൈവം ജീവിപ്പിക്കുന്നു. ഏതെല്ലാം വിധത്തിലാണ് ദൈവം നമ്മെ ജീവിപ്പിക്കുന്നത്.

1) പരിശുദ്ധാത്മാവിനാൽ

“ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു”
യോഹന്നാൻ 6:63

“യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും”
റോമർ 8:11

ഉണങ്ങി വരണ്ട നിർജീവമായ ആത്മീയ അവസ്ഥകളെ ജീവിപ്പിക്കുവാൻ പരിശുദ്ധാത്മാവിന്റെ സ്പർശനം കൂടിയേ തീരൂ. യെഹെസ്കേൽ 37-ാം അദ്ധ്യായത്തിൽ ഉണങ്ങി വരണ്ട അസ്ഥികൂടങ്ങൾ നിറഞ്ഞ താഴ്വരയിൽ കൂടെ, പ്രവാചകനെ ദൈവം ചുറ്റി നടക്കുമാറാക്കി. അസ്ഥികൂടങ്ങളോട് ദൈവ കല്പനപ്രകാരം പ്രവചിച്ചപ്പോൾ ആ അസ്ഥികൂടങ്ങൾ ത്വക്ക് പൊതിഞ്ഞ് നിർജീവങ്ങളായ മനുഷ്യരൂപങ്ങളായി മാറി എന്നാൽ അവയ്ക്ക് ജീവൻ പ്രാപിച്ചത് നാലു ഭാഗത്തുനിന്നും പ്രവാചകന്റെ കൽപ്പന പ്രകാരം കാറ്റ് അഥവാ പരിശുദ്ധാത്മാവ് വീശിയപ്പോഴാണ്. ദൈവാത്മാവിന്റെ സ്പർശനം ഉണ്ടായാൽ ഉണങ്ങിയ ജീവിതങ്ങൾ
വേരൂന്നും,തളിരണിയും
പൂക്കും,ഫലം കായ്ക്കും.

2) ദൈവവചനത്താൽ

ആത്മാവും വചനവും കൂടിയാൽ അത്ഭുതങ്ങൾ
കാണാം. തിരുവചനം നമ്മെ ജീവിപ്പിക്കും. അത് അസ്ഥികളിലും മജ്ജകളിലും തുളച്ചു കയറും. പരിണാമം വരുത്തും. ഉണങ്ങിയ അസ്ഥികൾ വചനം കേൾക്കണം. വചനം
ജീവിപ്പിക്കും.

“എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ”
119-ാം സങ്കീ 25-ാം വാക്യം

അവിടുത്തെ ദയ മാറ്റമില്ലാത്തതാണ്. പുതിയതാണ്. നിരന്തരമായതാണ്. ആകാശത്തോളം ഉയർന്ന് നിൽക്കുന്നതാകുന്നു. അസ്ഥികൂടങ്ങൾ ജീവൻ പ്രാപിച്ചത് പരിശുദ്ധാത്മാവ് ആകുന്ന കാറ്റടിച്ചപ്പോഴാണെങ്കിലും മനുഷ്യരൂപം വന്നത് അവയോട് പ്രവാചകന്‍ ദൈവവചനം പ്രവചിച്ചപ്പോഴാണ് ദൈവവചനത്താൽ നമ്മുടെ രൂപം മാറും .ഭാവം മാറും.
ജ്ഞാനം കൊണ്ട് നിറയും.

3) ദൈവനാമത്താൽ

” യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്റെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്നു ഉദ്ധരിക്കേണമേ”
143-ാം സങ്കീ 11-ാം വാക്യം

” അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും”
ഫിലിപ്പിയർ 2:10,11

ആ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും നിത്യജീവൻ ഉണ്ട്.
ദൈവസാന്നിധ്യത്തിൽ
തുടിക്കുന്നത് ജീവനാണ്.

ആണ്ടുകളുടെ മദ്ധ്യത്തിൽ എന്നെ ജീവിപ്പിക്കേണമേ എന്ന്
ഹബക്കൂക് പ്രാർത്ഥിച്ചപ്പോൾ ദൈവം മറുപടി കൊടുത്തു. അവൻ ദൈവത്തിന്റെ മഹിമ വർണ്ണിക്കുവാൻ ആരംഭിച്ചു. ദൈവത്തെ സ്തുതിച്ചപ്പോൾ അവൻ്റെ മനോഭാവം മാറി.അവൻ്റെ
കാഴ്ച്ചപാട് മാറി അവൻ ഇങ്ങനെ പറഞ്ഞു.

“അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു”
ഹബക്കൂക് 3:17-19

പരിശുദ്ധാത്മാവിനാലും
ദൈവവചനത്താലും, ദൈവനാമത്താലും ശക്തി പ്രാപിച്ച് കർത്താവിനെ ബലമാക്കി
പേടമാൻ കാൽ പോലെ
ബലം ധരിച്ച്
ഉന്നതികളിൽ വസിക്കാം