PREACH GOSPEL & SALVATION FOR THE LOST

Tag: daily motivation (Page 2 of 2)

ഇതു ഗ്രഹിപ്പാൻ തക്കവണ്ണം ജ്ഞാനി ആർ?ഇതു അറിവാൻ തക്കവണ്ണം വിവേകി ആർ?ഹോശേയ 14:9

ജ്ഞാനം എത്രയുണ്ടെങ്കിലും
അതു തക്കസമയത്തു ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതുകൊണ്ടു
യാതൊരു പ്രയോജനവും ഇല്ല.
ഭൂമിയിലുള്ള ഉയർന്ന ബിരുദങ്ങൾ കൊണ്ടു ഒരുവൻ
ജ്ഞാനിയാകണമെന്നില്ല. ഒരു
ഡ്രൈവർ അപകടസിഗ്നലിനെ
മറികടന്നു മുന്നോട്ടുപോയാൽ
അപകടം ഉണ്ടാകും. ഒരു pilot
Flight ശരിയായ രീതിയിൽ
Control ചെയ്തു ഇറക്കിയില്ലെങ്കിൽ അപകടം ഉണ്ടാകും. ക്രിസ്തീയ ജീവിതത്തിനു ഒരു control station സ്വർഗ്ഗത്തിലുണ്ടു.
ആ കല്പനകൾ അനുസരിച്ചു
ജീവിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾ നേരിടേണ്ടി വരും.
ദൈവത്തിന്റെ കല്പനകൾ ഗ്രഹിക്കുന്നവനും അതനുസരിച്ചു
ജീവിതം ചിട്ടപ്പെടുത്തു ന്നവനുമാണു ജ്ഞാനി. അവനാണു വിവേകി. ജ്ഞാനികളിൽ ജ്ഞാനിയായ
ശലോമോൻ പറഞ്ഞു.

“യഹോവാഭക്തി ജ്ഞാനത്തിന്റെ
ആരംഭമാകുന്നു.ഭോഷന്മാരോ
ജ്ഞാനവും പ്രബോധനവും
നിരസിക്കുന്നു” സദ്യശ1:7

ഇയ്യോബ് ജ്ഞാനത്തിന്റെ ഉറവിടം അന്വേഷിക്കുന്നതായി
ഇയ്യോബിന്റെ പുസ്തകം 28-ാം അദ്ധ്യായത്തിൽ
രേഖപ്പെടുത്തിയിരിക്കുന്നു. ഇയ്യോബ് ചോദിക്കുന്നു.
“എന്നാൽ ജ്ഞാനം എവിടെ
കണ്ടു കിട്ടും?
വിവേകത്തിന്റെ ഉത്ഭവസ്ഥാനം
എവിടെ?
ഇയ്യോബ് 28:12

അതിനുള്ള മറുപടിയും ഇയ്യോബ്
പറയുന്നു.
“കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം. ദോഷം അകന്നു
നടക്കുന്നതു തന്നെ വിവേകം”
ഇയ്യോബ് 28:28

രാജാവായ ദാവിദു പറയുന്നു.

” നിന്റെ കല്പനകൾ എന്നെ എന്റെ
ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു. അവ എപ്പോഴും എന്റെ പക്കൽ ഉണ്ടു.
നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ
സകലഗുരുക്കന്മാരിലും ഞാൻ
ബുദ്ധിമാനാകുന്നു”
സങ്കീർത്തനം 119:98,99

“നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ
എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു. നിന്റെ വചനങ്ങളുടെ വികാശനം
പ്രകാശപ്രദം ആകുന്നു.
അതു അല്പബുദ്ധികളെ
ബുദ്ധിമാന്മാരാക്കുന്നു”
സങ്കീർത്തനം 119:129,130

ദൈവീകകല്പനകൾ അനുസരിച്ചു
ജീവിക്കുന്നവനാണു ജ്ഞാനി.
അവനാണു വിവേകി. അവർക്കു
ലഭിക്കുന്ന അനുഗ്രഹങ്ങളെ ആവർത്തനപുസ്തകം 28-ാം
അദ്ധ്യായത്തിൽ രേഖപ്പെടുത്തി യിരിക്കുന്നു.

“ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ
ദൈവമായ യഹോവയുടെ
കല്പനകൾ കേട്ടു പ്രമാണിച്ചു
നടന്നാൽ യഹോവ നിന്നെ വാലല്ല തലയാക്കും. നീ ഉയർച്ച
തന്നേ പ്രാപിക്കും.താഴ്ച്ച പ്രാപിക്കയില്ല. ഞാൻ ഇന്നു
നിന്നോടു ആജ്ഞാപിക്കുന്ന
വചനങ്ങളിൽ യാതൊന്നെങ്കിലും
വിട്ടു അന്യദൈവങ്ങളെ പിന്തുടർന്നു സേവിപ്പാൻ
നീ ഇടത്തോട്ടോ വലത്തോട്ടോ
മാറരുതു” ആവർത്തനം 28:13,14

യഹോവയുടെ കല്പനകൾ അനുസരിച്ചു ജ്ഞാനിയും
വിവേകിയുമായി മാറാം.കാരണം

“യഹോവയുടെ വഴികൾ
ചൊവ്വുള്ളതല്ലോ. നീതിമാന്മാർ
അവയിൽ നടക്കും.
അതിക്രമക്കാരോ അവയിൽ
ഇടറിവീഴും”
ഹോശേയ 14:9

ആത്മാവേ! വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്?

ജീവിതത്തിൽ അപ്രതീക്ഷിതമായി പല സംഭവങ്ങളും കടന്നു വന്നേക്കാം. ഉറ്റവരും, ഉടയവരും കൈവെടിയാം. നിന്ദിക്കാം. പരിഹസിക്കാം. ആരോപണങ്ങൾ കൊണ്ടു മൂടാം. ദൈവം അകന്ന് മാറി നിൽക്കുന്നു എന്ന് തോന്നാം. കോരഹ് പുത്രന്മാർ ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരിട്ടവരാണ്. ദൈവസാന്നിധ്യമുള്ള ദേവാലയത്തിൽ നിന്നും അവർ വളരെ വിദൂരതയിൽ ആയി. ആരാധനയ്ക്കുള്ള സാഹചര്യമില്ല. വിജാതീയരായ ശത്രുക്കൾ അവരെ നിന്ദിച്ച് ഇങ്ങനെ ചോദിച്ചു. നിൻ്റെ ദൈവമെവിടെ? ഉള്ളിൽ ആത്മനൊമ്പരത്തോടെ കോരഹ് പുത്രന്മാർ രചിച്ചതാണ് 42, 43 സങ്കീർത്തനങ്ങൾ. തങ്ങളുടെ ആത്മനൊമ്പരം മൂന്ന്പ്രാവശ്യം കോരഹ് പുത്രന്മാർ ഈ സങ്കീർത്തനത്തിൽ വെളിപ്പെടുത്തുന്നുണ്ട്.ആ നൊമ്പരത്തിന്റെ പ്രതിഫലനം 42-ാം സങ്കീർത്തനം 5,11 വാക്യങ്ങളിലും 43-ാം സങ്കീർത്തനം 5-ാം വാക്യത്തിലും ഇങ്ങനെ
നാം വായിക്കുന്നു.

” എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതെന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും”

വേദനയ്ക്കും ആത്മനൊമ്പരത്തിനും നിരാശക്കും വിഷാദത്തിനും ഉള്ള ഏകമാർഗ്ഗം ദൈവത്തിൽ പ്രത്യാശ വയ്ക്കുക എന്നതാണ് എന്ന് കോരഹ്പുത്രന്മാർ
പറയുന്നു.

” രാത്രിസമയത്തു ഞാൻ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർത്ഥന തന്നേ”
42-ാം സങ്കീ 8-ാം വാക്യം

ആത്മനൊമ്പരത്തിൽ
നിരാശപ്പെട്ട് വിഷാദിച്ച്
ഞരങ്ങാതെ രാത്രിയുടെ
യാമങ്ങളിൽ ഉണർന്നിരുന്ന് കർത്താവിന്
പാടുവിൻ. മടുത്തുപോകാതെ
പ്രാർത്ഥിപ്പിൻ. പൗലോസും,ശീലാസും ചാട്ടവാറിന്റെ പ്രകരം കൊണ്ടുള്ള വേദന സഹിച്ച്, കാൽ ആമത്തിൽ പൂട്ടി
കൽത്തുറുങ്കിൽ അടയ്ക്കപ്പെട്ടപ്പോൾ എന്താണ് ചെയ്തത്?

“അർദ്ധരാത്രിക്കു പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു”
അപ്പൊ.പ്രവ 16:25

അപ്പോൾ വലിയ ഭൂകമ്പം ഉണ്ടായി. കാരാഗ്യഹത്തിന്റെ അടിസ്ഥാനം കുലുങ്ങി.
ചങ്ങലകൾ അഴിഞ്ഞു. പ്രാർത്ഥനയാലും സ്തുതികളാലും തുറക്കാത്ത ഒരു ബന്ധനവുമില്ല. വിശ്വാസവും പ്രത്യാശയും ഉണ്ടെങ്കിൽ നിരാശയെയും, വിഷാദത്തെയും അതിജീവിക്കുവാൻ കഴിയും.

42-ാം സങ്കീർത്തനത്തിൽ ദൈവത്തിന്റെ സന്നിധിയിലേക്ക് കടന്നുവന്ന് ആത്മനൊമ്പരങ്ങൾ
ഇറക്കി വയ്ക്കുവാൻ
ആഗ്രഹിച്ച കോരഹ് പുത്രന്മാർ 43-ാം സങ്കീർത്തനത്തിൽ മൂന്ന്
പ്രാർത്ഥനകൾ നടത്തുന്നു. നീതി നടത്തികിട്ടുവാനും,
ഭക്തികെട്ടവരും, അനീതിയുമുള്ള
മനുഷ്യരിൽ നിന്നും
വിടുവിക്കപ്പെടുവാനും,
പ്രകാശവും, സത്യവും അയച്ചു
കിട്ടുന്നതിനും ആയിരുന്നു
അവരുടെ പ്രാർത്ഥന.

“ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കൽനിന്നു എന്നെ വിടുവിക്കേണമേ.
നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ”
43-ാം സങ്കീ 1,3 വാക്യങ്ങൾ

ഇവയെല്ലാം ലഭിക്കണമെങ്കിൽ പ്രകാശവും, സത്യവുമായ
യേശുവിലേക്ക് വരണം.
യേശു പറയുന്നു.

“ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” യോഹ 8:12

“യേശു അവനോടു:ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല” യോഹ 14:6

പ്രകാശവും, സത്യവും ദൈവമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ കോരഹ് പുത്രന്മാർ ആത്മപരിശോധന നടത്തി പറഞ്ഞു.
ആത്മാവേ! നീ ഇനി
വിഷാദിച്ച് ഞരങ്ങേണ്ട.
നിന്റെ ഇരുളടഞ്ഞ ജീവിതത്തിൽ പ്രകാശം നൽകികൊണ്ട് സത്യത്തിന്റെ വഴി കാണിച്ചു കൊണ്ട് ദൈവം കൂടെയുണ്ട്.അതിനാൽ ദൈവത്തിൽ പ്രത്യാശ വയ്ക്കുക. അവനാണ് രക്ഷ. അവനിലാണ് രക്ഷ.
അവൻ നമ്മുടെ ദൈവം.
ജീവിതത്തിലെ സകല ഭാരങ്ങളും,പ്രയാസങ്ങളും
ദൈവസന്നിധിയിൽ
ഇറക്കി വയ്ക്കാം.ജീവിതം പ്രാർത്ഥനകളാലും, സ്തുതികളാലും നിറച്ച് ആത്മനിറവാൽ കോരഹ് പുത്രന്മാർ ഉരുവിട്ടപോലെ നമുക്കും ഉറപ്പിച്ച് പറയാം.

” ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും”

സമാധാനത്തിനുള്ള മാർഗ്ഗങ്ങൾ തിരയുക

യേശു നഗരത്തെ സമീപിച്ചപ്പോൾ യരുശലേം ദേവാലയത്തെ
നോക്കി കരഞ്ഞു.

ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു. നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.
ലൂക്കോസ് 19:42-44

യെരുശലേം ദേവാലയത്തിന്റെ കൊത്തുപണികളും മനോഹാരിതയും കണ്ട് മതിമറന്ന് എല്ലാവരും നിൽക്കുമ്പോൾ നാല് കാര്യങ്ങളെ കുറിച്ച് ഓർത്ത് യേശു കരഞ്ഞു.

1) സമാധാനത്തിനുള്ള മാർഗ്ഗം ജനം അറിയാതെ പോയി.

2) നാല് ഭാഗത്തു നിന്നും
ശത്രുക്കൾ വളയുന്നു.

3) മക്കളെ ശത്രു നശിപ്പിക്കുന്നു.

4) യെരുശലേം ദേവാലയത്തിന്റെ നാശം

നാമാകുന്ന ദൈവമന്ദിരങ്ങളെ നാം സൂക്ഷിക്കണം. സമാധാനം നൽകുന്നത് യേശുവാണ്. ആ മാർഗ്ഗം അറിയാതെ പോയാൽ സാത്താൻ കടന്നു വരും. ചുറ്റും വളയും. മക്കളെ അവൻ അവൻ്റെ ബന്ധനത്തിലാക്കും. ദൈവമന്ദിരം പൂർണ്ണമായി
തകർക്കപ്പെടും.

മുമ്പേ ദൈവത്തിന്റെ രാജ്യവും നീതിയും നാം അന്വേഷിക്കണം. അതോടു കൂടെ സകലതും ലഭ്യമാകും എന്നതാണ് വചനം. സമാധാനത്തിനുള്ള
മാർഗ്ഗം അന്വേഷിച്ച
അനേകരെ സത്യവേദപുസ്തകത്തിൽ
കാണാം.

ജീവിതത്തിൽ നമുക്ക് നല്ല
ആഗ്രഹങ്ങൾ ഉണ്ടാകണം.
ബർത്തിമായി എന്ന കുരുടൻ യേശുവിനെ കണ്ടപ്പോൾ നിലവിളിച്ചു.

“യേശു അവനോടു: ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു” എന്നു ചോദിച്ചതിന്നു: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടൻ അവനോടു പറഞ്ഞു”
മർക്കൊസ് 10:51

ജീവിതത്തിൽ നമ്മുടെ ആത്മീയ കണ്ണുകൾ തുറന്നുകിട്ടുവാൻ നമുക്ക് ആഗ്രഹം വേണം.

ദാവീദിനുശേഷം രാജാവായ ശലോമോന് ഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ സ്വപ്നത്തിൽ പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു.

” നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക”
ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ”
1രാജാ 3:5,9

യഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. ദൈവത്തെ അറിയുന്നതാണ് ജ്ഞാനം.

” കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം”
ഇയ്യോബ് 28:28

ഈ ജ്ഞാനത്തിനുവേണ്ടി
നാം ദൈവത്തോട് അപേക്ഷിക്കേണ്ടതാണ്.

127 സംസ്ഥാനങ്ങളുടെ രാജാവായ അഹശ്വേരരാജാവ്, എസ്ഥേർ രാജ്ഞി ഒരുക്കിയ വിരുന്നിൽ, ഹാമാനോടൊപ്പം പങ്കെടുക്കുന്ന വേളയിൽ
രാജ്ഞിയോട് ഇപ്രകാരം പറഞ്ഞു.

” നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹം എന്തു? രാജ്യത്തിൽ പാതിയോളമായാലും അതു നിവർത്തിച്ചു തരാം എന്നു പറഞ്ഞു.അതിന്നു എസ്ഥേർരാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിന്നു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.
എസ്ഥേർ 7:2,3

നാം അനുഭവിക്കുന്ന സന്തോഷം മറ്റുള്ളവർക്ക് ഉണ്ടാകണമെന്ന് എത്രപേർ ആഗ്രഹിക്കും?
എസ്ഥേർ സ്വന്തം ജനത്തിന്റെ രക്ഷയെ ആഗ്രഹിച്ചു.

നെഹെമ്യാവും ദൈവത്തോട് അപേക്ഷിച്ചത് എന്താണ്?
യരുശലേമിൻ്റെ മതിൽ ഇടിഞ്ഞും അതിൻ്റെ മതിലുകൾ തീവച്ചും ചുട്ടു കിടക്കുന്നു എന്നറിഞ്ഞപ്പോൾ നെഹെമ്യാവിൻ്റെ മുഖം വാടി.രാജാവ് ഇതു കണ്ടപ്പോൾ കാര്യം തിരക്കി. അപ്പോൾ നെഹെമ്യാവ് പറഞ്ഞു.

” എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു”
നെഹെമ്യാവു 2:3

യരുശലേമിലെ തകർന്ന മതിലുകളെ പണിയുവാൻ നെഹെമ്യാവിനെ അയക്കുവാൻ അവൻ അപേക്ഷിച്ചു. രാജാവ് അവനെ അയച്ചു. നെഹെമ്യാവ് പണിയുകയും ചെയ്തു.

ഇന്ന് സഭയിലെ മതിലുകൾ പണിയുവാൻ നമുക്ക് ഉത്തരവാദിത്വം ഉണ്ട്. ആർ എനിക്കുവേണ്ടി പോകും എന്ന യഹോവയുടെ ശബ്ദം കേട്ട് നാം പ്രവർത്തിക്കണം.

യേശുവിന്റെ സകല ശിഷ്യന്മാരും നശിച്ചുപോകുന്ന ആത്മാക്കളെ നേടുവാൻ
രക്തസാക്ഷികളായി. ഇന്ന് ലോകത്തിൽ സത്യദൈവത്തെ അറിയാത്ത എത്രപേർ?
അന്ത്യകാലത്തോട് നാം അടുത്തു
കൊണ്ടിരിക്കുന്നു. കാരണം
അന്ത്യകാലഘട്ടത്തിൽ
മനുഷ്യർ ഏതുവിധമാകും
എന്ന് പൗലൊസ് അപ്പൊസ്തലൻ 1 തിമൊഥെയൊസ് 3-ാം അദ്ധ്യായം ഒന്ന് മുതൽ അഞ്ചു വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നു. മനുഷ്യർ സ്വസ്നേഹികളായി ഭോഗപ്രിയരായി സ്നേഹത്തിൻ്റെ കണികപോലും ഇല്ലാതെ ജീവിക്കുന്ന കാലഘട്ടമാണിത്. യേശു പറയുന്നു ഈ സമയം നീ സമാധാനത്തിനുള്ള മാർഗ്ഗം കണ്ടെത്തിയെങ്കിൽ കൊള്ളാമായിരുന്നു
എന്ന്.

യേശുവാണ് സമാധാനം. യേശു ഈ ലോകം വിട്ട് പോകുമ്പോൾ പറഞ്ഞു
“ഞാൻ എൻ്റെ സമാധാനം നിങ്ങൾക്ക് തന്നേച്ച് പോകുന്നു” എന്ന്. ഈ സമാധാനദാതാവിലേക്ക്
മടങ്ങി വരാം. മറ്റുള്ളവരെ
ഈ സമാധാനത്തിലേക്ക്
നയിക്കാം.അങ്ങനെ നാമാകുന്ന ദൈവമന്ദിരങ്ങളെ പണിയാം.

പേടമാൻ കാലുകളുടെ ബലം നൽകുന്ന ദൈവം

Good morning

ജീവിതത്തിൽ തളർന്നുപോകുന്ന ഒരുപാട് നിമിഷങ്ങൾ വന്നു ച്ചേരും. ഈ സന്ദർഭങ്ങളിൽ നമ്മുടെ കാലുകൾക്ക് പേടമാനിൻ്റെ കാലുകളുടെ ബലം ദൈവം തരും. പേടമാനിൻ്റെ കാലുകൾ അസ്ഥികഷണങ്ങൾ പോലെയാണെങ്കിലും അവയ്ക്ക് വലിയ ബലം ഉണ്ട്. അവക്ക് എത്ര ഉയരത്തിൽ ഓടുവാനും ദീർഘദൂരം ലക്ഷ്യസ്ഥാനം
നോക്കി കുതിക്കാനും കഴിയും. ദൈവഭക്തനായ
ദാവീദ് പ്രതിസന്ധികളിൽ
ദൈവത്തെ പാടി സ്തുതിച്ച് ഇപ്രകാരം പറഞ്ഞു.

” അവൻ എന്റെ കാലുകളെ മാൻപേടക്കാലിന് തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു”
18-ാം സങ്കീ 33-ാം വാക്യം.

അനേകം പ്രതിസന്ധികളിൽ കൂടി കടന്നുപോയ ഹബക്കൂക്
ജീവിതത്തിൽ സകല പ്രതീക്ഷകളും അസ്തമിച്ചപ്പോഴും ദൈവത്തെ സ്തുതിച്ച്
ഇപ്രകാരം പറഞ്ഞു.

“അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.
ഹബക്കൂക് 3:17-19

പ്രയാസങ്ങളിൽ,
വേദനകളിൽ,
തീവ്രദു:ഖങ്ങളിൽ ദൈവത്തെ പാടി സ്തുതിക്കുന്നവർക്ക്
മാത്രമേ ബലമുള്ളവരായി മാറുവാൻ കഴിയൂ.
ദൈവത്തെ എപ്പോഴും സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുക.

പ്രഭാതത്തിൽ വളരെ മനോഹരമായി കിളികൾ ദൈവത്തെ പാടി സ്തുതിക്കുന്നു. കാറ്റിനാലോ, കൊടുങ്കാറ്റിനാലോ ആടുന്ന കൊമ്പാണെങ്കിലും അവ പാട്ടുപാടി കൊണ്ടിരിക്കുന്നു. അവയുടെ കാലുകൾ ബലം ധരിച്ച് കൊമ്പിൽ മുറുകെ പിടിക്കുന്നു. കൊമ്പ് ഒടിഞ്ഞു പോയാലും കിളിക്ക് ഭയമില്ല. കാരണം ദൈവം അവർക്ക് നൽകിയ ചിറകിന്റെ ബലം അവർക്കറിയാം. നാം ജീവിതത്തിൽ എന്തും സംഭവിച്ചാലും ഭയപ്പെടേണ്ടതില്ല. കാരണം നമ്മുടെ ഉള്ളിൽ വസിക്കുന്ന ദൈവാത്മാവിന്റെ ബലം നാം അറിയണം.

” നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു;
സെഫന്യാവു 3:17

അതിനാൽ ജീവിതത്തിലെ കൂരിരുൾ താഴ്വരകളെ ഭയപ്പെടേണ്ടതില്ല.

” യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
2 ശമൂവേൽ 22:29,30

ദൈവം തരുന്നത് അത്യുന്നതശക്തിയാണ്. പേടമാനിൻ്റെ കാലുകളുടെ ബലമാണ്. ഏതു ശത്രുവിനേയും തകർക്കുവാൻ ഉള്ള ബലമാണ്.
തബീഥാ എന്ന പേരിനർത്ഥം പേടമാൻ എന്നാണ്. ദൈവം പത്രൊസ് മുഖേന തബീഥയെ മരണത്തിൽ നിന്നും രക്ഷിച്ചു. അവൾ
പട്ടണത്തിൽ വളരെ പ്രസിദ്ധയായി. തളരാതെ
ശക്തിയോടെ പാവങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു.

ജീവിതത്തിൽ പണത്തിനും, വിദ്യാഭ്യാസത്തിനും നമ്മുടെ ബുദ്ധിക്കും നൽകുവാൻ കഴിയാത്തത് ദൈവം നൽകും.അതിനാൽ ദൈവത്തിൽ ആശ്രയിക്കാം.

” പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.
നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;
സദൃശ്യവാക്യങ്ങൾ
3:5,6

സകല ചിന്താകുലങ്ങളും
ദൈവത്തിൽ സമർപ്പിക്കാം. കാരണം അവൻ നമുക്കുവേണ്ടി കരുതുന്നവൻ.

” നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവർത്തിക്കും”
1 തെസ്സലൊനീക്യർ 5:24

ഉപ്പിന്റെ സവിശേഷതകൾ

ജീവിതത്തിൽ ഒഴിച്ചുകൂടാൻ സാദ്ധ്യമല്ലാത്ത ഒന്നാണ് ഉപ്പ്. വേദപുസ്തകത്തിൽ
വളരെ പ്രാധാന്യമുള്ളതും ആഴമുള്ളതുമായ പദമാണ് ഉപ്പ്. ഉപ്പിന്
വളരെയേറെ സവിശേഷതകൾ ഉണ്ട്.

1) ഉപ്പ് ദൈവവുമായുള്ള
ഉടമ്പടിക്ക് ഉപയോഗിച്ചിരുന്നു.

” യിസ്രായേൽമക്കൾ യഹോവെക്കു അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു”
സംഖ്യാപുസ്തകം 18:19

ഈ വചനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്.

“Whatever is set aside from the holy offerings the Israelites present to the Lord I give to you and your sons and daughters as your perpetual share. It is an everlasting covenant of salt before the Lord for both you and your offspring.”
Numbers 18:19

ദൈവവുമായി ഉപ്പിന്റെ ഉടമ്പടി നാം കാണുന്നു.

” യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിന്നു, അവന്നും അവന്റെ പുത്രന്മാർക്കും തന്നേ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതല്ലയോ?
2 ദിനവൃത്താന്തം 13:5

അന്നത്തെ കാലത്ത് ഉപ്പ് വളരെ വിലകൂടിയ വസ്തുവായിരുന്നു. ഉപ്പിനുവേണ്ടി യുദ്ധം പോലും നടന്നിരുന്നു. ശമ്പളമായും ഉപ്പ് നൽകിയിരുന്നുവത്രെ.

2) ഉപ്പ് രുചി വരുത്തുന്നു.

ഒരു കറി പാചകം ചെയ്യുമ്പോൾ അതിന് പാകത്തിന് ഉപ്പില്ലെങ്കിൽ
ആ കറിക്ക് രുചിയുണ്ടാകയില്ല. നാമാകുന്ന ഉപ്പ് നാം ആയിരിക്കുന്ന കുടുംബത്തിലും, സമൂഹത്തിലും ദേശത്തിനും രുചി വരുത്തുന്നതാകണം.

3) ഉപ്പ് ശുദ്ധി വരുത്തുന്നു.

” നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലാവഴിപാടിന്നും ഉപ്പു ചേർക്കേണം”
ലേവ്യപുസ്തകം 2:13

യാഗത്തിനുള്ള ഭോജനയാഗങ്ങളിൽ
ഉപ്പ് ഉണ്ടായിരിക്കണം
എന്ന് യഹോവ കല്പിച്ചു.

ഒരിക്കൽ എലീശാ യരീഹോവിൽ പാർക്കുമ്പോൾ പട്ടണക്കാർ വന്ന് ദേശം മനോഹരവും വെള്ളം ചീത്തയും ആണെന്ന് പറഞ്ഞു. അപ്പോൾ എലീശാ അവരോട് പറഞ്ഞു.

“ഒരു പുതിയ തളിക കൊണ്ടുവന്നു അതിൽ ഉപ്പു ഇടുവിൻ എന്നു പറഞ്ഞു. അവർ അതു അവന്റെ അടുക്കൽ കൊണ്ടുവന്നു.അവൻ നീരുറവിന്റെ അടുക്കൽ ചെന്നു അതിൽ ഉപ്പു ഇട്ടു. ഞാൻ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഗർഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു”
2 രാജാ 2:20-22

നാമാകുന്ന
ദൈവമന്ദിരങ്ങൾ ദൈവത്തിന്റെ യാഗമായി
മാറേണം. ഉപ്പ് ശുദ്ധീകരണം നടത്തുന്നപോലെ നമ്മിലും ഒരു ശുദ്ധീകരണം നടക്കണം.
യഹോവ പറയുന്നു ഭോജനയാഗങ്ങളിൽ
ഉപ്പുണ്ടാകണം. ശുദ്ധീകരണം ഇല്ലാതെ
ദൈവത്തെ കാണുവാൻ
ആർക്കും കഴികയില്ല. ഉപ്പ്
സകല മാലിന്യങ്ങളേയും കീടങ്ങളെയും നീക്കികളയുന്നു.നാം ഉപ്പായി മാറുമ്പോൾ നമ്മിൽ പാപശുദ്ധീകരണം
ഉണ്ടാകുന്നു. നാം മറ്റുള്ളവർക്ക് പ്രയോജനമുള്ളവരായി
മാറുന്നു.

4) ഭക്ഷ്യവസ്തുക്കൾ
കേടുകൂടാതെ സംരക്ഷിക്കുന്നു.

ഉപ്പ് ധാരാളം
ഭക്ഷണവസ്തുക്കളെ
കേടുവരാതെ സംരക്ഷിക്കും. നാമാകുന്ന ഉപ്പ് നമ്മുടെ കുടുംബത്തേയും, സമൂഹത്തേയും നാശങ്ങളിൽ നിന്ന് വിടുവിച്ച്
സംരക്ഷിക്കേണം.

5) രോഗശമനത്തിന്
ഉപ്പ് ഫലപ്രദമാണ്.

രോഗപ്രതിരോധത്തിന്
ഉപ്പ് ഉപയോഗിക്കുന്നു. അനേകം ഔഷധങ്ങളിലും, ഔഷധകൂട്ടിലും, ഉപ്പ് ഉപയോഗിക്കുന്നു. ശാരീരികമായും, മാനസികമായും അവശതകൾ അനുഭവിക്കുന്ന അനേകം
പേരുണ്ട്. നാമാകുന്ന ഉപ്പ്
അവർക്ക് ആശ്വാസമാകുവാൻ
ദൈവം ആഗ്രഹിക്കുന്നു.

6) ഉപ്പ് ന്യായവിധിയെ കുറിക്കുന്നു.

സൊദൊം, ഗോമോര നിവാസികളിൽ പാപത്തിൽ പതിച്ചപ്പോൾ,
ആ പട്ടണം അഗ്നിക്കിരയാക്കാനും,
നീതിമാനായി ജീവിച്ച ലോത്തിനേയും കുടുംബത്തേയും രക്ഷിക്കുവാനും ,യഹോവ തീരുമാനിച്ചു. പിൻതിരിഞ്ഞു നോക്കാതെ ഓടി പോകുവാനുള്ള കല്പനയെ ധിക്കരിച്ച ലോത്തിന്റെ ഭാര്യ ഉപ്പുതൂണായി മാറിയതായി നാം വായിക്കുന്നു. ആ പട്ടണങ്ങളെ ഭൂപടത്തിൽ നിന്നും തുടച്ചുമാറ്റിയ കർത്താവ് ലോത്തിന്റെ ഭാര്യയെ ന്യായവിധിയെ
ഓർമ്മിപ്പിച്ചു കൊണ്ട് മറ്റുള്ളവർക്ക് മാത്യകയായി എന്നും നിലനിർത്തിയിരിക്കുന്നു.
ഉപ്പ് ദൈവകല്പനകളെ അനുസരിക്കണമെന്നും
അല്ലാത്തപക്ഷം വരുന്ന ന്യായവിധിയേയും
ഓർമ്മപ്പെടുത്തുന്നു.

7)ഉപ്പ് ഒന്നിനോട് ച്ചേരുമ്പോൾ അലിഞ്ഞ് മറ്റുള്ളവർക്ക് പ്രയോജനമുള്ളതാകുന്നു.

യോഹന്നാൻ സ്നാപകൻ
യേശുവിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു.

” അവൻ വളരേണം, ഞാനോ കുറയേണം”
യോഹന്നാൻ 3:30

പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു.

” എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു”
ഫിലിപ്പിയർ 1:21

യേശുവിന്റെ
ശിഷ്യന്മാരെല്ലാം ഉപ്പായി ജീവിച്ചവരാണ്. അവർ അവരുടെ ജീവനെ വിലയേറിയതായി എണ്ണാതെ അലിഞ്ഞലിഞ്ഞ് ലോകത്തിന് നന്മയേകിയവരാണ്.
നാമും ദൈവത്തിന് വേണ്ടി യാഗമായി അർപ്പിക്കപ്പെടണ്ണം.

8) ഉപ്പ് സമുദ്രത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു.

സമുദ്രത്തിൽ നിന്നും വേർതിരിച്ച് എടുക്കുന്നതാണ് ഉപ്പ്.
ഈ ലോകമാകുന്ന സമുദ്രത്തിൽ നിന്നും ദൈവം നമ്മെ വേർതിരിച്ചെടുത്ത്
നിറുത്തിയിരിക്കുന്നു.
അതിൻ്റെ പിന്നിൽ ദൈവത്തിന് ഒരു ഉദ്ദേശം ഉണ്ട്. നീ വിശേഷപ്പെട്ട
മറ്റുള്ളവർക്ക് രുചി വരുത്തുന്ന, മറ്റുള്ളവർക്ക് നന്മയേകുന്ന ശുദ്ധിയുള്ള
ഉപ്പാകണം. അത് മറ്റുള്ളവർക്ക് വളമാകണം. ഉപ്പ് കാരമില്ലാതെ പോകരുത്.
യേശു പറയുന്നു.

“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.
മത്തായി 5:13

അതിനാൽ ദൈവത്തിന്റെ സന്നിധിയിൽ ഒരു ഉപ്പിനോടു കൂടിയ ഭോജനയാഗമാകാം.
മറ്റുള്ളവർക്ക് നന്മയേകുന്ന ഉപ്പാകുവാൻ സർവ്വേശ്വരൻ ക്യപ ചൊരിയട്ടെ…

മൂന്നു അത്ഭുതങ്ങൾ

1) “അതു തളിർത്തു പൂത്തു ബദാം ഫലം കായിച്ചിരുന്നു.”
സംഖ്യ 17:8

കോരഹ്,ദാഥാൻ,
അബീരാം എന്നിവർ സംഘം ചേർന്നു
250 പുരുഷന്മാരേയും കൂട്ടി മോശക്കും അഹരോനും എതിരെ പിറുപിറുത്തു. ദൈവം
തിരഞ്ഞെടുത്ത അവരുടെ വിശുദ്ധിയെ ചോദ്യം ചെയ്തു.
അവരും വിശുദ്ധരാണെന്നും
ധൂപംകാട്ടുവാൻ അർഹരാണെന്നും വാദിച്ചു. യഹോവയുടെ കോപം അവരിൽ
വീണു. ഭൂമി വായ് പിളർന്നു അവരേയും അവരുടെ
സമ്പത്തിനേയും വിഴുങ്ങി.
യഹോവയിൽ നിന്നും തീ ഇറങ്ങി ധൂപം കാട്ടിയ 250 പേരേയും ദഹിപ്പിച്ചു.
യഹോവ കല്പിച്ചതുപോലെ മോശെ ഗോത്രപിതാക്കന്മാർ ഓരോരുത്തരോടും ഓരോ വടി
കൊണ്ടുവരുവാൻ പറഞ്ഞു. ആ
വടികൾ മോശെ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽ വച്ചു. അതിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു.
പിറ്റേനാൾ മോശെ നോക്കിയപ്പോൾ അഹരോന്റെ വടി പൂത്തു ബദാം ഫലം കായിച്ചിരിക്കുന്നതു കണ്ടു. മോശെ ആ വടി യിസ്രായേൽ മക്കളുടെ അടുക്കൽ കൊണ്ടുവന്നു ദൈവത്തിന്റെ
തിരഞ്ഞെടുപ്പിനെ കാണിച്ചു. നമ്മുടെ ദൈവം അത്ഭുതമന്ത്രി.
ഒരു രാത്രികൊണ്ടു ശൂന്യമായ വടിയെ കിളിർപ്പിച്ചു ഫലം പുറപ്പെടുവിക്കുന്നവൻ.ബദാം പൂക്കുന്നതും ഫലം കായ്ക്കുന്നതും വർഷങ്ങൾ കഴിഞ്ഞിട്ടാണു.
ഇനിയെന്നു ഈ ദുരിതങ്ങളിൽ
നിന്നെല്ലാം കരകയറും എന്നു ചിന്തിച്ചു നിരാശപ്പെട്ട്
ഇരിക്കുമ്പോൾ ഓർക്കുക, നമ്മുടെ
ദൈവത്തിനു
ഒരു നിമിഷം മതി സാഹചര്യങ്ങളെ മാറ്റി
മറയ്ക്കുവാൻ.

2)യഹോവയാൽ കഴിയാത്ത കാര്യം
ഉണ്ടോ? ഉല്പത്തി 18:14

ഈ അത്ഭുതം നടക്കുന്നതു അബ്രാഹാം, സാറാ ദമ്പതിമാരിലാണു. പ്രായം ചെന്ന
അവർക്കു ഒരു കുഞ്ഞുണ്ടാകുക
ലോകത്തിന്റെ കണ്ണിൽ അസാദ്ധ്യം. എന്നാൽ ദൈവ പുരുഷന്മാർ സാറായോടു നിങ്ങൾക്കു ഒരു കുഞ്ഞുണ്ടാകുമെന്നു പറഞ്ഞപ്പോൾ അതു വിശ്വസിക്കുവാൻ അസാദ്ധ്യമായതിനാൽ സാറാ ചിരിച്ചു. അപ്പോൾ ദൈവപുരുഷന്മാർ പറഞ്ഞു.

“യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ?” സമയം കഴിഞ്ഞു പോയിട്ടും നടക്കുന്ന അത്ഭുതം.
ജീവിതത്തിൽ യാതൊരു പ്രതീക്ഷയും ഇല്ലാതെ സാഹചര്യം
അനുകൂലമല്ല, സമയം കടന്നുപോയി എന്നു ചിന്തിക്കുന്നവർ ഈ വചനം ഹ്യ ദയത്തിൽ എഴുതിവയ്ക്കണം.

” യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ?

3) “ദൈവത്തിനു ഒരു കാര്യവും
അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു” ലൂക്കോസ് 1:37

കന്യക പരിശുദ്ധാത്മാവിനാൽ
ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കുക. അത്യത്ഭുതമാണു.
സാറായുടെ കാര്യത്തിൽ സമയം കഴിഞ്ഞു നടക്കുന്ന അത്ഭുതം. എന്നാൽ ഇവിടെ
സമയമാകാതെ, വിവാഹം കഴിയാതെ നടക്കുന്ന അത്ഭുതം.
സ്വഭാവികമായും മറിയ സംശയിച്ചു.അതിനാൽ ചോദിച്ചു.

“ഞാൻ
പുരുഷനെ അറിയായ്കയാൽ
ഇതു എങ്ങനെ സംഭവിക്കും?

ആ സമയം ദൂതൻ പറഞ്ഞു.

“ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ”

വർഷങ്ങൾകൊണ്ടു അദ്ധ്വാനിച്ചു
ഫലം അണിയിക്കേണ്ട കൊമ്പിനെ ഒറ്റ രാത്രികൊണ്ടു
പൂത്തു ഫലമണിയിച്ച ദൈവം, സമയം കഴിഞ്ഞുപോയി ഇനി
ആശക്കുവഴിയില്ലെന്നു കരുതിയ സാറാക്കു മകനെ നൽകി അനുഗ്രഹിച്ചദൈവം,
സമയമായില്ല എന്നു കരുതിയിരുന്ന മറിയാമിനു
ലോകരക്ഷകനെ നൽകി അനുഗ്രഹിച്ച ദൈവം നമ്മുടെ ഏതു വിഷയത്തിലും ഇടപെട്ടു
അത്ഭുതം നടത്തിതരുവാൻ പ്രാപ്തനാണു.
വിശ്വസിക്കാം.
മരുഭൂമിയിലും നമ്മുടെ കൊമ്പു പൂക്കും. ബദാം ഫലം കായ്ക്കും. കാരണം ദൈവത്താൽ അസാദ്ധ്യമായതൊന്നും
തന്നെ ഇല്ല.

ദൈവത്തിൻ്റെ പ്രിയൻ

” യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു.നിങ്ങൾ അതികാലത്തു എഴുന്നേൽക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു”
127-ാം സങ്കീ 1,2 വാക്യങ്ങൾ

ശലോമോന്റെ ഒരു ആരോഹണഗീതം എന്ന ശീർഷകം 127-ാം സങ്കീർത്തനത്തിൽ ഉള്ളതിനാൽ ഈ സങ്കീർത്തനം ശലോമോൻ എഴുതിയതാണ് എന്ന് പറയപ്പെടുന്നു. ദൈവത്തെ കൂടാതെയുള്ള ഏത് ഉദ്യമവും പരാജയത്തിൽ
കലാശിക്കും എന്നതാണ് ഈ സങ്കീർത്തനത്തിൻ്റെ
മർമ്മം. ദൈവത്തെ കൂടാതെ നാം ഏതൊരു സംരംഭത്തിൽ ഏർപ്പെട്ടാലും അതൊന്നും വിജയം കാണുകയില്ല. ദൈവത്തിന് പ്രിയനായവർക്ക് ദൈവം അനുഗ്രഹങ്ങൾ ഉറക്കത്തിൽ കൊടുക്കുന്നു. മാത്രമല്ല ദൈവം അവരെ ഉറങ്ങാതേയും, മയങ്ങാതേയും കാക്കുന്നു. ആരാണ് ദൈവത്തിന് പ്രിയരായവർ?

ഹെരോദാവിന്റെ കാലത്തു ജീവിച്ചിരുന്ന സെഖര്യാവും എലീശബെത്തും ദൈവത്തിന് പ്രിയർ ആയിരുന്നു. അവർ എങ്ങനെ ഉള്ളവർ ആയിരുന്നു എന്ന് വചനം സാക്ഷിക്കുന്നു.

“ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകലകല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു”
ലൂക്കൊസ് 1:6

അവർ നീതിയുള്ളവരും
ദൈവകല്പനകൾ പാലിച്ചും ജീവിച്ചു.അവർ ദൈവത്തിന്റെ പ്രിയരായി.
അപ്പോൾ ദൈവം മച്ചിയായ ഏലീശബത്തിന് യോഹന്നാൻ എന്ന മകനെ നൽകി അനുഗ്രഹിച്ചു.

ഹാനോക്കും, ഏലീയാവും
ദൈവത്തിന്റെ കൂടെ നടന്ന് ദൈവത്തിന് പ്രിയരായവരാണ്.
അതിനാൽ ദൈവം അവരെ സ്വർഗ്ഗത്തിലേക്ക്
എടുത്തു.

ദൈവത്തിന്
പ്രിയനാണ് എങ്കിൽ അസാദ്ധ്യങ്ങളെ ദൈവം സാധിപ്പിക്കും. ലാസർ ദൈവത്തിന്
പ്രിയനായിരുന്നു.
ലാസർ മരിച്ചപ്പോൾ ലാസറിൻ്റെ സഹോദരിമാർ യേശുവിന്റെ അടുക്കൽ ആളയച്ചു ഇങ്ങനെ പറഞ്ഞു.

” ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു”
യോഹന്നാൻ 11:3

ലാസർ യേശുവിന് പ്രിയനായിരുന്നു.മരിച്ച് നാലു ദിവസം കഴിഞ്ഞാണ് യേശു എത്തിയത്.നാറ്റം വച്ച
ലാസറിൻ്റെ മ്യതശരീരത്തെ യേശു
“ലാസറേ പുറത്തുവരിക”
എന്ന ശക്തമായ വാക്കിനാൽ പുറത്തു കൊണ്ടുവന്നു.

ലാസറിനെ കുറിച്ച് സഹോദരിമാർ സാക്ഷ്യം പറഞ്ഞു. ലാസർ ദൈവത്തിന്
പ്രിയനായവൻ എന്ന്. എന്നാൽ പിതാവായ ദൈവം തൻ്റെ പ്രിയരായവരെ കുറിച്ച് സാക്ഷ്യം പറഞ്ഞിട്ടുണ്ട്.
ദാവീദിനെ കുറിച്ച് യഹോവ പറഞ്ഞു. “ദാവീദ് എൻ്റെ ഹ്യദയപ്രകാരമുള്ള
മനുഷ്യൻ” എന്ന്. മോശെയെ കുറിച്ച് ഞാൻ അവനെ മുഖാമുഖം അറിഞ്ഞു എന്ന് പറഞ്ഞു.ഇയ്യോബിനെ കുറിച്ച് യഹോവ സാത്താനോട്
ഇങ്ങനെ പറഞ്ഞു. അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകന്ന് ജീവിക്കുന്നവൻ
ആകുന്നു എന്ന്.

യേശുവിൻ്റെ സ്നാനസമയത്തും
മറുരൂപസമയത്തും സ്വർഗ്ഗം വിളിച്ചു പറഞ്ഞു
“ഇവനെൻ്റെ പ്രിയപുത്രൻ”

നാം ദൈവത്തിന്റെ പ്രിയരോ? ദൈവത്തിൻ്റെ
പ്രിയരാകണമെങ്കിൽ നീതിയുള്ളവരും
ദൈവകല്പനകൾ പാലിക്കുന്നവരും ആകണം.ദൈവമുഖം അന്വേഷിക്കുന്നവർ ആകണം. ദൈവത്തിൻ്റെ ഹ്യദയത്തോട് ച്ചേർന്ന് നിൽക്കുന്നവരും ദൈവത്തോടു കൂടെ നടക്കുന്നവരും ആകണം. നിഷ്കളങ്കരും, നേരുള്ളവരും
ദൈവഭക്തരും ആകണം.

ഇങ്ങനെയുള്ളവരുടെ
പ്രവർത്തികൾ ഫലമണിയും. ദൈവത്തെ കൂടാതെ നമുക്ക് ഒന്നും സാദ്ധ്യമല്ല. ദൈവം കൂടെയുണ്ടെങ്കിൽ സകലവും സാദ്ധ്യമാണ്. ദൈവത്തെ കൂടാതെയുള്ള ഏത് കഠിനപ്രയത്നങ്ങളും
വ്യർത്ഥമാണ്. തൻ്റെ പ്രിയനോ ദൈവം സകലതും
ഉറക്കത്തിൽ കൊടുക്കുന്നു. ദൈവത്തിന് പ്രിയരായവർ കഷ്ടങ്ങളെ സാരമാക്കുകയില്ല. കാരണം അവരുടെ കൂടെയിരിക്കുന്നവൻ സർവ്വശക്തൻ. അവൻ സകലത്തിലും അവരെ വഴി നടത്തും. അതിനാൽ
ദൈവത്തിന് പ്രിയരായവർ എപ്പോഴും ഇങ്ങനെ പറയും.

” എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു” റോമർ 8:28

“മരുഭൂമി അനുഭവം നാം ദൈവാലയമായി മാറുവാൻ”

Good morning

ജീവിതത്തിൽ മരുഭൂമി അനുഭവങ്ങൾ ദൈവം തരുന്നതു
നാം ദൈവത്തിന്റെ മഹത്വം കാണുന്നതിനും കരുതൽ അനുഭവിക്കുന്നതിനും ദൈവപ്രവർത്തി വെളിപ്പെടുന്നതിനും നാം ഒരു വിശുദ്ധ ആലയമായി
പണിയപ്പെടുന്നതിനും ആണു.

“അവനിൽ നിങ്ങളേയും ദൈവത്തിന്റെ നിവാസമാകേണ്ടതിനു ആത്മാവിൽ പണിതു വരുന്നു”എഫേസ്യർ 2:22

നാം ദൈവത്തിന്റെ ആലയമായി
പണിയപ്പെട്ടിരിക്കുന്നു.

” നിങ്ങൾ ദൈവത്തിന്റെ മന്ദിരമെന്നും ദൈവത്തിന്റെ
ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
1കൊരിന്ത്യർ 3:16

ഈ ആലയം വിശുദ്ധിയോടെ പരിപാലിക്കുന്നതിനായി ദൈവം
മരുഭൂമി അനുഭവങ്ങൾ നൽകും.
ദൈവം യിസ്രായേലിനു 400 വർഷകാലം മരുഭൂമി അനുഭവം നൽകിയതു അവർ ദൈവീക
ഗ്യഹമായി മാറുവാൻ തന്നെ.

“മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും
മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു
നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മീകഗ്യഹമായി
യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള
ആത്മീകയാഗം കഴിപ്പാന്തക്ക
വിശുദ്ധപുരോഹിത
വർഗ്ഗമായി
പണിയപ്പെടുന്നു”
1പത്രോസ് 2:4,5

യേശു എന്ന മൂലകല്ലിട്ടു പണിത മന്ദിരങ്ങളാണു നാം. ആ മന്ദിരം
പൊടി പിടിച്ചാണോ കിടക്കുന്നതു?
എങ്കിൽ പൊടി തൂത്തുവാരി വ്യത്തിയാക്കണം. കാരണം ദൈവം ഈ ആലയത്തെകുറിച്ചു
എരിവുള്ളവനാണു. ഹിസ്ക്കിയാവിന്റെ കാലത്തു
ദേവാലയശുദ്ധീകരണം ഉണ്ടായി. നാം നമ്മുടെ ശരീരമാകുന്ന ആലയത്തെ
ശുദ്ധീകരിക്കണം. യോശിയ്യാവിന്റെ കാലത്തു
ദേവാലയശുദ്ധീകരണം നടത്തി.അപ്പോൾ അവർ കണ്ടെത്തിയതു
ന്യായപ്രമാണപുസ്തകം.

“ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു ഹിൽക്കിയാവു
പുസ്തകം ശാഫാന്റെ കൈയ്യിൽ
കൊടുത്തു.”
2 ദിനവ്യത്താന്തം 34:15.

ശാഫാൻ ആ പുസ്തകം രാജസന്നിധിയിൽ വായിച്ചു. രാജാവു അതു വായിച്ചു കേട്ടപ്പോൾ അനുതപിച്ചു. തന്റെ വസ്ത്രം കീറി.യഹോവ അവരിൽ നിന്നും അനർത്ഥങ്ങളെ നീക്കി.

നാമാകുന്ന മന്ദിരം വ്യത്തിയാക്കണം. വചനത്തിന്റെ
കുറവുണ്ടോ എന്നു നോക്കണം.
വേദപുസ്തകം പൊടിതട്ടിയെടുക്കണം. ദൈവവചനം ജീവിതത്തിന്റെ
ഭാഗമാക്കണം. വചനത്താൽ ഹ്യദയങ്ങൾ കീറിമുറിയണം.

സെരുബാബേലിന്റെ കാലത്തു
ദേവാലയം പൊടിതട്ടുകയല്ല
ചെയ്തതു. പുനർ നിർമ്മാണമുണ്ടായി. നമ്മുടെ
ആത്മീയ ജീവിതം തകർന്നനിലയിൽ
ആണെങ്കിൽ
അതിനെ പുനർനിർമ്മിക്കണം.
മാനുഷികബലത്താലല്ല , സൈന്യത്താലുമല്ല, ദൈവീക ശക്തിയാൽ പണിയപ്പെടണം.
അങ്ങനെ പണിയപ്പെടുവാൻ
ജീവിതത്തിൽ മരുഭൂമി അനുഭവങ്ങൾ ദൈവം അനുവദിക്കും. യേശുവിന്റെ
കാലത്തും
ദേവാലയശുദ്ധീകരണം നടന്നു. അതു ചൂലുകൊണ്ടായിരുന്നില്ല. ചാട്ടവാറു
കൊണ്ടായിരുന്നു.
നാമാകുന്ന ദേവാലയത്തെ
ശുദ്ധീകരിക്കുവാൻ ദൈവം മരുഭൂവാസം നൽകും. ശുദ്ധീകരിച്ചില്ലെങ്കിൽ അവസാനനാളിൽ നാം കണക്കു
ബോധിപ്പിക്കേണ്ടിവരും.

ദൈവം നമുക്കു വേണ്ടി ഒരു ആലയം പണിതു
കൊണ്ടിരിക്കുന്നു. ആ ആലയത്തിൽ ദൈവം നമ്മോടു കൂടെ വസിക്കുവാൻ ആഗ്രഹിക്കുന്നു.

” ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം.അവൻ
അവരോടുകൂടെ വസിക്കും.
അവർ അവന്റെ ജനമായിരിക്കും.
ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും.
അവൻ അവരുടെ
കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും”
വെളിപ്പാടു 21:3-4

വിശുദ്ധിയുള്ളവർ മാത്രമേ ആ
കൂടാരത്തിലേക്കു കടക്കുകയുള്ളു..ആ കൂടാരത്തിലേക്കു നമ്മെ വിശുദ്ധിയുള്ളവരായി കടത്തുന്നതിനു മാത്രമാണു
ജീവിതത്തിലെ ഈ മരുഭൂമി അനുഭവങ്ങൾ. നാമാകുന്ന
മന്ദിരത്തെ ഈ മരുഭൂവാസത്തിൽ വിശുദ്ധിയോടെ കാത്തുസൂക്ഷിച്ചു ദൈവത്തിന്റെ
നിത്യഭവനത്തിനായി പ്രത്യാശയോടെ ഒരുങ്ങിയിരിക്കാം.

Newer posts »