പ്രാർത്ഥിക്കുന്നവന് പോരാട്ടങ്ങൾ ഉണ്ട്. യേശുവിനും, ദാനിയേലിനും, പത്രൊസിനും,
പൗലൊസിനും പോരാട്ടങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പ്രാർത്ഥന പാതാളഗോപുരങ്ങളെ
ഇളക്കും. ഒരു ദൈവഭക്തൻ പറഞ്ഞു. “പ്രാർത്ഥന പ്രഭാതത്തിന്റെ താക്കോലും സന്ധ്യയുടെ
പൂട്ടും ആണ്” എന്ന്. പ്രാർത്ഥിക്കുന്നവൻ ജീവിതസാഹചര്യങ്ങളിൽ
കുലുങ്ങി പോകയോ, തളരുകയോ ഇല്ല. പ്രാർത്ഥന ഒരു വ്യക്തിയെ
ശക്തിപ്പെടുത്തും. പ്രാർത്ഥനയിൽ പല ഘടകങ്ങളും അടങ്ങിയിരിക്കുന്നു.
1) പ്രാർത്ഥനയിൽ ആരാധനയുണ്ട്.
അഹങ്കാരം നെബൂഖദ്നേസർ രാജാവിന്റെ കണ്ണുകളെ
കുരുടാക്കി. അവൻ അഹങ്കരിച്ച് പറഞ്ഞു.
” ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപമഹത്വത്തിന്
ആയിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ?
ദാനീയേൽ 4:30
എന്നാൽ സ്വർഗ്ഗം അവനെ താഴ്ത്തികളഞ്ഞു.
അവൻ്റെ രാജത്വം എടുത്തുകളഞ്ഞു. വാസം കാട്ടിലായി. അവൻ മ്യഗങ്ങളോടൊപ്പം പുല്ല് തിന്നുന്നവനായി.
അപ്പോൾ രാജാവ് ദൈവത്തിലേക്ക് മടങ്ങിവന്ന് ആരാധിച്ച് പ്രാർത്ഥിച്ചു.
” ഞാൻ സ്വർഗ്ഗത്തേക്കു കണ്ണുയർത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറ
ആയുള്ളതും അല്ലോ.
ദാനീയേൽ 4:34
പ്രാർത്ഥനയിൽ
ദൈവസ്തുതിയും ആരാധനയും ഉണ്ട്.
” അർദ്ധരാത്രിക്കു പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു”
അപ്പൊ.പ്രവ 16:25
2) പ്രാർത്ഥനയിൽ ഏറ്റുപറച്ചിൽ ഉണ്ട്.
” നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു”
1 യോഹന്നാൻ 1:9
ദൈവത്തോട് പാപങ്ങളെ
ഏറ്റു പറഞ്ഞാൽ നമ്മുടെ പാപങ്ങളെ അവൻ ആഴ കടലിലേക്ക് വലിച്ചെറിയും. അവയെ തമ്പുരാൻ പിന്നെ ഓർക്കയില്ല.എത്ര കടുംചുവപ്പായ പാപങ്ങൾ പോലും ദൈവം ഹിമം പോലെ വെൺമയുള്ളതാക്കും.
3) പ്രാർത്ഥനകളിൽ യാചനയുണ്ട്.
” വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു”
1 തിമൊഥെയൊസ് 2:2
“യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും”
മത്തായി 7:7
4) പ്രാർത്ഥനയിൽ മദ്ധ്യസ്ഥതയുണ്ട്.
” നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നുവേണ്ടി പ്രാർത്ഥിക്കട്ടെ.എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും”
യാക്കോബ് 5:14,15
അബ്രാഹാം
സഹോദരപുത്രനായ ലോത്തിന് വേണ്ടി മദ്ധ്യസ്ഥതയണച്ച് പ്രാർത്ഥിക്കുന്നു. ദൈവം അവനെ വിടുവിക്കുന്നു.
5) പ്രാർത്ഥനയിൽ നന്ദിപ്രകടനമുണ്ട്.
ഇതുവരെ നടത്തിയ ക്യപകളെ ഓർത്ത് ദൈവത്തിന് നന്ദി പറയണം. ജീവിതത്തിലെ ആവശ്യങ്ങൾ സ്തോത്രത്തോടു കൂടെ ദൈവത്തെ അറിയിക്കയും വേണം.
” ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു”.
ഫിലിപ്പിയർ 4:6
എങ്ങനെ നാം പ്രാർത്ഥിക്കേണം എന്ന്
വചനം പറയുന്നു. വിശുദ്ധിയോടെ ദൈവസന്നിധിയിൽ കടന്നുവരേണം.
ഹ്യദയത്തിൽ പാപം ഉണ്ടെങ്കിൽ ദൈവം ഉത്തരം നൽകുകയില്ല.
” ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവു കേൾക്കയില്ലായിരുന്നു”
66-ാം സങ്കീ 18-ാം വാക്യം
പ്രാർത്ഥന വിശ്വാസത്തോടെ ആയിരിക്കേണം.
” നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു” മത്തായി 21:22
പ്രാർത്ഥന യേശുവിന്റെ നാമത്തിൽ ആയിരിക്കേണം.
” നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും”
യോഹ 14:13
ദൈവഹിതത്തിന് ഉതകുന്നതാകണം
നമ്മുടെ പ്രാർത്ഥനകൾ.
” അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു”
1 യോഹന്നാൻ 5:14
പ്രാർത്ഥനയുടെ ആഴങ്ങൾ ഗ്രഹിച്ച്
ദൈവസന്നിധിയിൽ
കടന്നുവന്ന് യാചിക്കാം.
അനുഗ്രഹങ്ങൾ പ്രാപിക്കാം.