FELLOWSHIP OF GOD MINISTRY

PREACH GOSPEL & SALVATION FOR THE LOST

Page 4 of 15

ദൈവത്തിൻ്റെ പ്രിയൻ

” യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു.നിങ്ങൾ അതികാലത്തു എഴുന്നേൽക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു”
127-ാം സങ്കീ 1,2 വാക്യങ്ങൾ

ശലോമോന്റെ ഒരു ആരോഹണഗീതം എന്ന ശീർഷകം 127-ാം സങ്കീർത്തനത്തിൽ ഉള്ളതിനാൽ ഈ സങ്കീർത്തനം ശലോമോൻ എഴുതിയതാണ് എന്ന് പറയപ്പെടുന്നു. ദൈവത്തെ കൂടാതെയുള്ള ഏത് ഉദ്യമവും പരാജയത്തിൽ
കലാശിക്കും എന്നതാണ് ഈ സങ്കീർത്തനത്തിൻ്റെ
മർമ്മം. ദൈവത്തെ കൂടാതെ നാം ഏതൊരു സംരംഭത്തിൽ ഏർപ്പെട്ടാലും അതൊന്നും വിജയം കാണുകയില്ല. ദൈവത്തിന് പ്രിയനായവർക്ക് ദൈവം അനുഗ്രഹങ്ങൾ ഉറക്കത്തിൽ കൊടുക്കുന്നു. മാത്രമല്ല ദൈവം അവരെ ഉറങ്ങാതേയും, മയങ്ങാതേയും കാക്കുന്നു. ആരാണ് ദൈവത്തിന് പ്രിയരായവർ?

ഹെരോദാവിന്റെ കാലത്തു ജീവിച്ചിരുന്ന സെഖര്യാവും എലീശബെത്തും ദൈവത്തിന് പ്രിയർ ആയിരുന്നു. അവർ എങ്ങനെ ഉള്ളവർ ആയിരുന്നു എന്ന് വചനം സാക്ഷിക്കുന്നു.

“ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകലകല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു”
ലൂക്കൊസ് 1:6

അവർ നീതിയുള്ളവരും
ദൈവകല്പനകൾ പാലിച്ചും ജീവിച്ചു.അവർ ദൈവത്തിന്റെ പ്രിയരായി.
അപ്പോൾ ദൈവം മച്ചിയായ ഏലീശബത്തിന് യോഹന്നാൻ എന്ന മകനെ നൽകി അനുഗ്രഹിച്ചു.

ഹാനോക്കും, ഏലീയാവും
ദൈവത്തിന്റെ കൂടെ നടന്ന് ദൈവത്തിന് പ്രിയരായവരാണ്.
അതിനാൽ ദൈവം അവരെ സ്വർഗ്ഗത്തിലേക്ക്
എടുത്തു.

ദൈവത്തിന്
പ്രിയനാണ് എങ്കിൽ അസാദ്ധ്യങ്ങളെ ദൈവം സാധിപ്പിക്കും. ലാസർ ദൈവത്തിന്
പ്രിയനായിരുന്നു.
ലാസർ മരിച്ചപ്പോൾ ലാസറിൻ്റെ സഹോദരിമാർ യേശുവിന്റെ അടുക്കൽ ആളയച്ചു ഇങ്ങനെ പറഞ്ഞു.

” ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു”
യോഹന്നാൻ 11:3

ലാസർ യേശുവിന് പ്രിയനായിരുന്നു.മരിച്ച് നാലു ദിവസം കഴിഞ്ഞാണ് യേശു എത്തിയത്.നാറ്റം വച്ച
ലാസറിൻ്റെ മ്യതശരീരത്തെ യേശു
“ലാസറേ പുറത്തുവരിക”
എന്ന ശക്തമായ വാക്കിനാൽ പുറത്തു കൊണ്ടുവന്നു.

ലാസറിനെ കുറിച്ച് സഹോദരിമാർ സാക്ഷ്യം പറഞ്ഞു. ലാസർ ദൈവത്തിന്
പ്രിയനായവൻ എന്ന്. എന്നാൽ പിതാവായ ദൈവം തൻ്റെ പ്രിയരായവരെ കുറിച്ച് സാക്ഷ്യം പറഞ്ഞിട്ടുണ്ട്.
ദാവീദിനെ കുറിച്ച് യഹോവ പറഞ്ഞു. “ദാവീദ് എൻ്റെ ഹ്യദയപ്രകാരമുള്ള
മനുഷ്യൻ” എന്ന്. മോശെയെ കുറിച്ച് ഞാൻ അവനെ മുഖാമുഖം അറിഞ്ഞു എന്ന് പറഞ്ഞു.ഇയ്യോബിനെ കുറിച്ച് യഹോവ സാത്താനോട്
ഇങ്ങനെ പറഞ്ഞു. അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകന്ന് ജീവിക്കുന്നവൻ
ആകുന്നു എന്ന്.

യേശുവിൻ്റെ സ്നാനസമയത്തും
മറുരൂപസമയത്തും സ്വർഗ്ഗം വിളിച്ചു പറഞ്ഞു
“ഇവനെൻ്റെ പ്രിയപുത്രൻ”

നാം ദൈവത്തിന്റെ പ്രിയരോ? ദൈവത്തിൻ്റെ
പ്രിയരാകണമെങ്കിൽ നീതിയുള്ളവരും
ദൈവകല്പനകൾ പാലിക്കുന്നവരും ആകണം.ദൈവമുഖം അന്വേഷിക്കുന്നവർ ആകണം. ദൈവത്തിൻ്റെ ഹ്യദയത്തോട് ച്ചേർന്ന് നിൽക്കുന്നവരും ദൈവത്തോടു കൂടെ നടക്കുന്നവരും ആകണം. നിഷ്കളങ്കരും, നേരുള്ളവരും
ദൈവഭക്തരും ആകണം.

ഇങ്ങനെയുള്ളവരുടെ
പ്രവർത്തികൾ ഫലമണിയും. ദൈവത്തെ കൂടാതെ നമുക്ക് ഒന്നും സാദ്ധ്യമല്ല. ദൈവം കൂടെയുണ്ടെങ്കിൽ സകലവും സാദ്ധ്യമാണ്. ദൈവത്തെ കൂടാതെയുള്ള ഏത് കഠിനപ്രയത്നങ്ങളും
വ്യർത്ഥമാണ്. തൻ്റെ പ്രിയനോ ദൈവം സകലതും
ഉറക്കത്തിൽ കൊടുക്കുന്നു. ദൈവത്തിന് പ്രിയരായവർ കഷ്ടങ്ങളെ സാരമാക്കുകയില്ല. കാരണം അവരുടെ കൂടെയിരിക്കുന്നവൻ സർവ്വശക്തൻ. അവൻ സകലത്തിലും അവരെ വഴി നടത്തും. അതിനാൽ
ദൈവത്തിന് പ്രിയരായവർ എപ്പോഴും ഇങ്ങനെ പറയും.

” എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു” റോമർ 8:28

“മരുഭൂമി അനുഭവം നാം ദൈവാലയമായി മാറുവാൻ”

Good morning

ജീവിതത്തിൽ മരുഭൂമി അനുഭവങ്ങൾ ദൈവം തരുന്നതു
നാം ദൈവത്തിന്റെ മഹത്വം കാണുന്നതിനും കരുതൽ അനുഭവിക്കുന്നതിനും ദൈവപ്രവർത്തി വെളിപ്പെടുന്നതിനും നാം ഒരു വിശുദ്ധ ആലയമായി
പണിയപ്പെടുന്നതിനും ആണു.

“അവനിൽ നിങ്ങളേയും ദൈവത്തിന്റെ നിവാസമാകേണ്ടതിനു ആത്മാവിൽ പണിതു വരുന്നു”എഫേസ്യർ 2:22

നാം ദൈവത്തിന്റെ ആലയമായി
പണിയപ്പെട്ടിരിക്കുന്നു.

” നിങ്ങൾ ദൈവത്തിന്റെ മന്ദിരമെന്നും ദൈവത്തിന്റെ
ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
1കൊരിന്ത്യർ 3:16

ഈ ആലയം വിശുദ്ധിയോടെ പരിപാലിക്കുന്നതിനായി ദൈവം
മരുഭൂമി അനുഭവങ്ങൾ നൽകും.
ദൈവം യിസ്രായേലിനു 400 വർഷകാലം മരുഭൂമി അനുഭവം നൽകിയതു അവർ ദൈവീക
ഗ്യഹമായി മാറുവാൻ തന്നെ.

“മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും
മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു
നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മീകഗ്യഹമായി
യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള
ആത്മീകയാഗം കഴിപ്പാന്തക്ക
വിശുദ്ധപുരോഹിത
വർഗ്ഗമായി
പണിയപ്പെടുന്നു”
1പത്രോസ് 2:4,5

യേശു എന്ന മൂലകല്ലിട്ടു പണിത മന്ദിരങ്ങളാണു നാം. ആ മന്ദിരം
പൊടി പിടിച്ചാണോ കിടക്കുന്നതു?
എങ്കിൽ പൊടി തൂത്തുവാരി വ്യത്തിയാക്കണം. കാരണം ദൈവം ഈ ആലയത്തെകുറിച്ചു
എരിവുള്ളവനാണു. ഹിസ്ക്കിയാവിന്റെ കാലത്തു
ദേവാലയശുദ്ധീകരണം ഉണ്ടായി. നാം നമ്മുടെ ശരീരമാകുന്ന ആലയത്തെ
ശുദ്ധീകരിക്കണം. യോശിയ്യാവിന്റെ കാലത്തു
ദേവാലയശുദ്ധീകരണം നടത്തി.അപ്പോൾ അവർ കണ്ടെത്തിയതു
ന്യായപ്രമാണപുസ്തകം.

“ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു ഹിൽക്കിയാവു
പുസ്തകം ശാഫാന്റെ കൈയ്യിൽ
കൊടുത്തു.”
2 ദിനവ്യത്താന്തം 34:15.

ശാഫാൻ ആ പുസ്തകം രാജസന്നിധിയിൽ വായിച്ചു. രാജാവു അതു വായിച്ചു കേട്ടപ്പോൾ അനുതപിച്ചു. തന്റെ വസ്ത്രം കീറി.യഹോവ അവരിൽ നിന്നും അനർത്ഥങ്ങളെ നീക്കി.

നാമാകുന്ന മന്ദിരം വ്യത്തിയാക്കണം. വചനത്തിന്റെ
കുറവുണ്ടോ എന്നു നോക്കണം.
വേദപുസ്തകം പൊടിതട്ടിയെടുക്കണം. ദൈവവചനം ജീവിതത്തിന്റെ
ഭാഗമാക്കണം. വചനത്താൽ ഹ്യദയങ്ങൾ കീറിമുറിയണം.

സെരുബാബേലിന്റെ കാലത്തു
ദേവാലയം പൊടിതട്ടുകയല്ല
ചെയ്തതു. പുനർ നിർമ്മാണമുണ്ടായി. നമ്മുടെ
ആത്മീയ ജീവിതം തകർന്നനിലയിൽ
ആണെങ്കിൽ
അതിനെ പുനർനിർമ്മിക്കണം.
മാനുഷികബലത്താലല്ല , സൈന്യത്താലുമല്ല, ദൈവീക ശക്തിയാൽ പണിയപ്പെടണം.
അങ്ങനെ പണിയപ്പെടുവാൻ
ജീവിതത്തിൽ മരുഭൂമി അനുഭവങ്ങൾ ദൈവം അനുവദിക്കും. യേശുവിന്റെ
കാലത്തും
ദേവാലയശുദ്ധീകരണം നടന്നു. അതു ചൂലുകൊണ്ടായിരുന്നില്ല. ചാട്ടവാറു
കൊണ്ടായിരുന്നു.
നാമാകുന്ന ദേവാലയത്തെ
ശുദ്ധീകരിക്കുവാൻ ദൈവം മരുഭൂവാസം നൽകും. ശുദ്ധീകരിച്ചില്ലെങ്കിൽ അവസാനനാളിൽ നാം കണക്കു
ബോധിപ്പിക്കേണ്ടിവരും.

ദൈവം നമുക്കു വേണ്ടി ഒരു ആലയം പണിതു
കൊണ്ടിരിക്കുന്നു. ആ ആലയത്തിൽ ദൈവം നമ്മോടു കൂടെ വസിക്കുവാൻ ആഗ്രഹിക്കുന്നു.

” ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം.അവൻ
അവരോടുകൂടെ വസിക്കും.
അവർ അവന്റെ ജനമായിരിക്കും.
ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും.
അവൻ അവരുടെ
കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും”
വെളിപ്പാടു 21:3-4

വിശുദ്ധിയുള്ളവർ മാത്രമേ ആ
കൂടാരത്തിലേക്കു കടക്കുകയുള്ളു..ആ കൂടാരത്തിലേക്കു നമ്മെ വിശുദ്ധിയുള്ളവരായി കടത്തുന്നതിനു മാത്രമാണു
ജീവിതത്തിലെ ഈ മരുഭൂമി അനുഭവങ്ങൾ. നാമാകുന്ന
മന്ദിരത്തെ ഈ മരുഭൂവാസത്തിൽ വിശുദ്ധിയോടെ കാത്തുസൂക്ഷിച്ചു ദൈവത്തിന്റെ
നിത്യഭവനത്തിനായി പ്രത്യാശയോടെ ഒരുങ്ങിയിരിക്കാം.

“ഞാൻ അധരങ്ങളുടെ ഫലം സ്യഷ്ടിക്കും” യെശയ്യാവു 57:19

നാം പറയുന്ന വാക്കുകൾക്കു ന്യായവിധിയുണ്ടു. വാക്കുകളുടെ
ഫലം തരുന്നവൻ ദൈവമാണു. ഹ്യദയം നിറഞ്ഞു
കവിയുന്നതാണു അധരങ്ങൾ സംസാരിക്കുക എന്നു യേശു പറഞ്ഞു. അധരങ്ങൾ കൊണ്ടു
ശാപം പറഞ്ഞുകൊണ്ടിരിക്കുന്ന
ഒത്തിരിപേരുണ്ടു. അധരങ്ങൾ കൊണ്ടു നിരാശാജനകമായ വാക്കുകൾ പറയുന്നവരും ധാരാളം. നാം ഭയപ്പെടുന്നതു വന്നു ഭവിക്കുമെന്നു വചനം പറയുന്നു. അധരം കൊണ്ടു വിശ്വാസം ഏറ്റുപറഞ്ഞു അത്ഭുതങ്ങൾ ദർശിക്കുന്നവരായി നാം മാറണം.അധരങ്ങൾ കൊണ്ടു പ്രത്യാശാവാക്കുകൾ പറഞ്ഞാൽ
അതു തന്നെ നാം അനുഭവിക്കും.

“മരണവും ജീവനും നാവിന്റെ
അധികാരത്തിൽ ഇരിക്കുന്നു.
അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും”
സദ്യശവാക്യങ്ങൾ 18:21

നാവു ജീവിതത്തെ മുഴുവനായി നിയന്ത്രിക്കുന്ന അവയവമാണെന്നും കുതിരയെ
കടിഞ്ഞാണിട്ടു നിയന്ത്രിക്കുന്ന പോലെ നാവിനെ
നിയന്ത്രിക്കേണ്ടത് ആണെന്നും നാവിന്റെ ദോഷവശങ്ങളെ
കുറിച്ചെല്ലാം യാക്കോബ് 3-ാം അദ്ധ്യായത്തിൽ
വിശദമായി പറയുന്നുണ്ടു.

“വാക്കു അടക്കിവെക്കുന്നവൻ
പരിജ്ഞാനമുള്ളവൻ. ശാന്തമാനസൻ ബുദ്ധിമാൻ തന്നേ. മിണ്ടാതിരുന്നാൽ ഭോഷനെപോലും ജ്ഞാനിയായും
അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും”
സദ്യശവാക്യങ്ങൾ 17:27,28

നാം നാവുകൊണ്ടു അനുഗ്രഹങ്ങൾ
പറയുന്നവരായി മാറണം. ശാപവാക്കുകളെ ആരോടും പറയരുതു. വായുടെ ഫലത്താലാണു മനുഷ്യനു നന്മ
അനുഭവിക്കുന്നതു. കയ്പു പറഞ്ഞാൽ
ജീവിതത്തിൽ കയ്പായതു വന്നു
ഭവിക്കും.

തക്ക സമയത്തു നല്ല വാക്കുകൾ പറയുക.

“തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻ നാരങ്ങ പോലെ” സദൃശ്യവാക്യം .25 :11

നമ്മുടെ ഭവനങ്ങളിൽ അടുക്കളയിലും മറ്റും കഷ്ടപ്പെടുന്നവർ അനേകരുണ്ടു. ആരും ശ്രദ്ധിക്കാതെ പോകുന്നു അവരുടെ വേതനമില്പാത്ത സേവനങ്ങൾ. ഒരു കറി നന്നായാൽ ഒന്നു പ്രശംസിക്കുവാൻ പോലും ആരും മുതിരാറില്ല. എന്നാൽ കറി ചീത്തയായാലോ ധാരാളം പഴി വാക്കുകൾ പറഞ്ഞു അവരെ വേദനിപ്പിക്കുകയും തളർത്തുകയും ചെയ്യുന്നവരും അനേകം പേരുണ്ടു. .ഏതു നല്ല കാര്യവും പ്രശംസ അർഹിക്കുന്നു. ജീവിത പങ്കാളികളോടു നല്ല വാക്കു പറഞ്ഞു അവരെ പ്രോത്സാഹിപ്പിക്കുന്നവർ കുറവാണു. ഇങ്ങനെയുള്ളവർ അവരുടെ ജീവിതപങ്കാളി മരിക്കുമ്പോൾ ധാരാളം ഗുണങ്ങൾ പ്രകീർത്തിച്ചു കരയുന്നതു കാണാം . മരണപ്പെട്ടു കിടക്കുമ്പോൾ അല്ല നല്ല വാക്കുകൾ ആവശ്യം. ഒരു നല്ല വാക്കു തക്കസമയത്തു ഉപയോഗിച്ചാൽ അതു മറ്റുള്ളവരെ ആനന്ദിപ്പിക്കും.

നാം എപ്പോഴും വിശ്വാസത്തിന്റെ വാക്കുകൾ ഉരിയാടണം.ശോധനകൾ അടിക്കടി
ആഞ്ഞടിച്ചപ്പോൾ ഇയ്യോബ് ദൈവത്തിൽ ആശ്രയിച്ചു ഇപ്രകാരം പറഞ്ഞു.

” എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തുവരും” ഇയ്യോബ് 23:10

രക്തസ്രവമുള്ള സ്തീയുടെ അധരങ്ങളിൽ നിന്നും ഉതിർന്ന
വിശ്വാസത്തിന്റെ വാക്കുകൾ
ശ്രദ്ധിക്കൂ.

“അവന്റെ വസ്ത്രം മാത്രം ഒന്നു
തൊട്ടാൽ എനിക്കു സൌഖ്യം
വരും എന്നു ഉള്ളം കൊണ്ടു പറഞ്ഞു” മത്തായി 9:21

ഉള്ളത്തിൽ നിന്നും പറഞ്ഞ വിശ്വാസവാക്കുകളുടെ ഫലം അവൾ അനുഭവിച്ചു. ശതാധിപന്റെ അധരങ്ങൾ സംസാരിച്ചതും വിശ്വാസത്തിന്റെ
വാക്കുകൾ. ശതാധിപൻ പറഞ്ഞു.

” കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ
ഞാൻ യോഗ്യനല്ല.ഒരു വാക്കു
മാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൌഖ്യം വരും.”
മത്തായി 8:8

യേശു പോലും അവന്റെ വിശ്വാസം കണ്ടു അതിശയിച്ചു.
ബാല്യക്കാരനു രോഗസൗഖ്യം
ലഭിക്കയും ചെയ്തു.

വിശ്വാസത്തോടെ
മലകളോടു നീങ്ങിപോകാൻ പറഞ്ഞാൽ അതുതന്നെ സംഭവിക്കുമെന്നു യേശു പറഞ്ഞു. മരണവാക്കുകൾ പറയാനും ജീവന്റെ വാക്കുകൾ
പറയുവാനും നമുക്കു അധികാരമുണ്ടു. രോഗവും വേദനകളും നമ്മെ തളർത്തുമ്പോൾ നാം പ്രത്യാശയോടെ പറയണം.

” ഞാൻ മരിക്കയില്ല. ഞാൻ
ജീവനോടെയിരുന്നു യഹോവയുടെ പ്രവ്യത്തികളെ
വർണ്ണിക്കും”
118-ാം സങ്കീർത്തനം 17-ാം വാക്യം.

ജീവിതത്തിലെ വേദനകളിൽ ദൈവമുഖത്തേക്കു നോക്കി
പ്രകാശിതരാകാം. അധരങ്ങളിൽ
നിന്നും സ്തുതിയും സ്തോത്രവും
കരേറ്റാം…. വിശ്വാസവചനങ്ങൾ
നാം പറയാതെ, മുന്നിൽ പർവ്വതങ്ങൾ
പോലെ നിൽക്കുന്ന പ്രശ്നങ്ങൾ
നീങ്ങിപോകയില്ല.

യേശു നമ്മെ
ശപിക്കുന്നവരെ പോലും അനുഗ്രഹിച്ചു. യേശുവിന്റെ വായിൽ നിന്നും ഒരിക്കലും അരുതാത്തതു
പുറപ്പെട്ടില്ല എന്നു നാം ഓർക്കേണം. എത്രയോ നിന്ദകളിലൂടേയും പരിഹാസങ്ങളിലൂടേയും യേശു കടന്നുപോയി. യേശു ആ സന്ദർഭങ്ങളിൽ എങ്ങനെ നിലകൊണ്ടു എന്നു ശ്രദ്ധിക്കണം. യേശുവിനെ തന്നെ സൂക്ഷിച്ചു
നോക്കുക. യേശുവാണു നമ്മുടെ മാത്യക.

“നിങ്ങൾ അവന്റെ കാൽചുവടു
പിന്തുടരുവാൻ ഒരു മാത്യക വെച്ചേച്ചു പോയിരിക്കുന്നു..
അവൻ പാപം ചെയ്തിട്ടില്ല.
അവന്റെ വായിൽ വഞ്ചന
ഒന്നും ഉണ്ടായിരുന്നില്ല. തന്നെ
ശകാരിച്ചിട്ടു പകരം ശകാതിരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു.
1പത്രോസ് 2:21,22,23

വീണ്ടും പത്രോസു പറയുന്നു.

“ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും
പകരം ചെയ്യാതെ നിങ്ങൾ
അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു
അനുഗ്രഹിക്കുന്നവർ
ആയിരിപ്പിൻ.
ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ
തന്റെ നാവിനേയും വ്യാജം പറയാതെ അധരത്തേയും
അടക്കി കൊള്ളട്ടെ”
1പത്രോസ് 3: 9,10

നമ്മുടെ അധരങ്ങളിൽ നിന്നും
നല്ല ഫലങ്ങൾ പുറപ്പെടുവിക്കാം.
നമ്മുടെ അധരങ്ങളെ അധരങ്ങളുടെ കാവൽക്കാരനായ
യേശുവിൽ സമർപ്പിക്കാം.
അങ്ങനെ വാക്കുകൾ ഉപ്പിനാൽ
രുചിവരുത്തി നല്ല ഫലങ്ങൾ
സ്യഷ്ടിക്കുന്നവരായി മാറുവാൻ സർവ്വേശ്വരൻ ക്യപകൾ വർഷിക്കട്ടെ…

“നല്ല കാവൽക്കാരൻആയിരിക്കുക”

“ഞാൻ നിന്നെ യിസ്രായേൽഗ്യഹത്തിന്നു കാവൽക്കാരനാക്കി
ഇരിക്കുന്നു.നീ എന്റെ വായിൽ നിന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ ബോധിപ്പിക്കണം. ഞാൻ ദുഷ്ടനോടു നീ മരിക്കും എന്നു കല്പിക്കുമ്പോൾ നീ അവനെ ഓർപ്പിക്കയോ, ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമാർഗ്ഗം വിടുവാൻ അവനെ ഓർപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടൻ തന്റെ അക്യത്യത്തിൽ മരിക്കും. അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും. എന്നാൽ നീ ദുഷ്ടനെ ഓർപ്പിച്ചിട്ടും അവൻ തന്റെ ദുഷ്ടതയും ദുർമാർഗവും വിട്ടുതിരിയുന്നില്ലെങ്കിൽ അവൻ തന്റെ അക്യത്യത്തിൽ മരിക്കും നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു”
യെഹെസ്കേൽ 3:17-19

യിസ്രയേൽഗ്യഹത്തിന്റെ കാവൽക്കാരനായി യഹോവ
യെഹെസ്കേലിനെ നിയമിച്ചു. യിസ്രായേൽ ഗ്യഹത്തിന്റെ സ്വഭാവങ്ങളെ കുറിച്ചു യഹോവ രണ്ടാം അദ്ധ്യായത്തിലും മൂന്നാം അദ്ധ്യായത്തിലും പറയുന്നു. അവർ
മത്സരിക്കുന്ന ജനം.ധാർഷ്ട്യവും
ദുശ്ശാഠ്യവും ഉള്ളവർ.
മനസ്സിലാക്കാൻ പറ്റാത്ത വിപ്ളവക്കാരികൾ.
കടുത്ത നെറ്റിയും കഠിനഹ്യദയവും ഉള്ളവർ. ഈ ജനത്തിന്റെ കാവൽക്കാരനാകുവാൻ യഹോവ യെഹെസ്കേലിനെ
അയക്കുന്നു. അയക്കുമ്പോൾ
ദൈവം വിലയേറിയ ഒരു സമ്മാനം നൽകി അവനെ ശക്തിപ്പെടുത്തുന്നു.ആ സമ്മാനം എന്താണെന്ന് ശ്രദ്ധിച്ചാലും.

“ഞാൻ നിനക്കു തരുന്നതു നീ വായ്തുറന്നു തിന്നുക.ഞാൻ
നോക്കിയപ്പോൾ ഒരു കൈ എങ്കലേക്കു നീട്ടിയിരിക്കുന്നതും
അതിൽ ഒരു പുസ്തകച്ചുരുൾ
ഇരിക്കുന്നതും കണ്ടു.അവൻ
അതിനെ എന്റെ മുമ്പിൽ വിടർത്തി.അതിൽ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു.
വിലാപങ്ങളും സങ്കടവും കഷ്ടവും അതിൽ എഴുതിയിരുന്നു”
യെഹെസ്കേൽ 2:8-10

ആ ചുരുൾ പ്രവാചകനോടു ഭക്ഷിക്കുവാൻ യഹോവ ആവശ്യപ്പെട്ടു.

“അങ്ങനെ ഞാൻ അതു തിന്നു.
അതു വായിൽ തേൻപോലെ
മധുരമായിരുന്നു”
യെഹെസ്കേൽ 3:3

യെഹെസ്കേയിലിന്റെ ശുശ്രൂഷ കഷ്ടവും പ്രയാസവും നിറഞ്ഞതാണെന്നു യഹോവ യെഹെസ്കേയേലിനു ദർശനം കാണിക്കുന്നു. എന്നാൽ ദൈവത്തിന്റെ വചനം സമ്യദ്ധമായി ഭക്ഷിക്കുവാൻ ദൈവം
നൽകുകയും ധൈര്യത്തോടെ
സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ദൈവാത്മാവു പ്രവാചകനെ
കെബാർനദീതീരത്തു പാർത്ത
തേൻ-ആബീബിലെ പ്രവാസികളുടെ അടുക്കൽ എത്തിക്കുന്നു.
യഹോവയുടെ വചനം അവരോടു ധൈര്യത്തോടെ
പ്രസ്താവിക്കുവാൻ ആവശ്യപ്പെടുന്നു. അവരുടെ
കാവൽക്കാരനായിരുന്നു അവരോടു പറയേണ്ട കാര്യങ്ങൾ യഹോവ ഓർമ്മിപ്പിക്കുന്നു.
അവരുടെ ദുഷ്ടതയും നീതികേടും വിടുവാൻ അവരെ ഉപദേശിക്കണമെന്നും അല്ലാഞ്ഞാൽ അവർ
മരിക്കുമെന്നും ഓർമ്മിപ്പിക്കണമെന്നു
യഹോവ യെഹെസ്കേലിനോടു
ആവശ്യപ്പെടുന്നു. അതു പറയാതിരുന്നാൽ പ്രവാചകനോടു അവരുടെ
മരണത്തിനു പകരം ചോദിക്കുമെന്നും യഹോവ പറയുന്നു.

നാം ദൈവം നിയമിച്ചിട്ടുള്ള കാവൽക്കാരാണു. കാവൽക്കാർ
എന്ന നിലയിൽ വലിയൊരു ഉത്തരവാദിത്വം നമുക്കുണ്ടു.
പലതും കാവൽ ചെയ്യുവാൻ
ദൈവം നമ്മെ ഏല്പിച്ചിരിക്കുന്നു.
നല്ല കാവൽക്കാർ
ആകണമെങ്കിൽ ദൈവത്തിന്റെ
വചനമാകുന്ന ചുരുൾ ഭക്ഷിക്കണം.നല്ല കാവൽക്കാരൻ ദൈവത്തിന്റെ വചനങ്ങളെ പങ്കുവയ്ക്കും. നമ്മുടെ ഭവനത്തിലുള്ളവരോടു പ്രത്യേകിച്ചു നമ്മുടെ മക്കളോടും സഹോദരന്മാരോടും
പാപത്തെ കുറിച്ചും നീതിയെ കുറിച്ചും , പറഞ്ഞു കൊടുക്കും. ദൈവത്തെ അറിയാത്തവരോടു സുവിശേഷം
പങ്കുവയ്ക്കേണ്ട വലിയൊരു ചുമതല കാവൽക്കാരനെന്ന
നിലയിൽ നമുക്കുണ്ടു..
കായേൻ നല്ലൊരു കാവൽക്കാരൻ
ആയിരുന്നില്ല.
“ഞാൻ എന്റെ സഹോദരന്റെ
കാവൽക്കാരനോ” എന്ന കായേൻ്റെ ചോദ്യത്തിൽ നിന്നുതന്നെ
അതു വ്യക്തമാണു.

കാവൽക്കാരനെന്ന നിലയിൽ
നമ്മുടെ ശരീരത്തെ കാത്തു സൂക്ഷിക്കേണ്ട ചുമതല നമുക്കുണ്ടു. കാവൽക്കാരനെന്ന നിലയിൽ നമ്മുടെ കുടുംബത്തെ കാത്തു
പരിപാലിപ്പാൻ നമുക്കു ചുമതലയുണ്ടു..ഈ ചുമതല സഭയോടും സമൂഹത്തോടും ദേശത്തടും ഉണ്ടാകണം. എല്ലാവർക്കും
യേശുവെന്ന രക്ഷകനെ
ചൂണ്ടികാട്ടുവാനുള്ള ചുമതല ഉണ്ട്. യഹോവ പറയുന്നു. മത്സരഗ്യഹത്തേക്കാണു നമ്മെ അയക്കുന്നതെന്നു. കേൾക്കുന്നവർ കേൾക്കെട്ടെയെന്നും കേൾക്കാതിരിക്കുന്നവർ മത്സരഗ്യഹമായി ഇരിക്കട്ടെയെന്നും യഹോവ
പ്രവാചകനോടു പറയുന്നു.
പ്രബോധനം കേട്ടു അനുസരിക്കുന്നവൻ അതിനാൽ
ജീവിക്കുമെന്നും പ്രബോധനം കേട്ടു
ദുഷ്ടത കൈവിടാതിരുന്നാൽ അവൻ മരിക്കുമെന്നും ദൈവം മുന്നറിയിപ്പു തരുന്നു.

വചനമെന്ന ചുരുൾ ഭക്ഷിച്ചു നല്ല കാവൽക്കാരൻ
ആയിരിക്കുന്നവരോടു യഹോവ ഒരു വലിയ വാഗ്ദത്തം നൽകുന്നു.

“നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു”
യെഹെസ്കേൽ 3:19

നല്ല കാവൽക്കാരായി ഈ
ലോകത്തിൽ വസിച്ചു ജീവകിരീടം പ്രാപിപ്പാൻ ദൈവം
നമ്മെ യോഗ്യരാക്കട്ടെ..

വചനം കേട്ടവരോട്, അത്ഭുതങ്ങൾ കണ്ടവരോട്, കൂടെ നടന്നവരോട് യേശു പല ചോദ്യങ്ങളും ചോദിച്ചു. അതിൽ പ്രസക്തമായ ചില ചോദ്യങ്ങൾ ഇന്ന് ചിന്തിക്കാം.

1) “ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?
മത്തായി 16:26

ഈ ലോകത്തിലെ പലതും നമുക്ക് നേടിയെടുക്കുവാൻ കഴിയും. നേടിയെടുക്കുവാൻ പല ദുഷിച്ച വഴികളും തേടുന്നവർ ഉണ്ടാകാം.
എന്നാൽ ഈ ലോകത്തിൽ ആയുസ്സും
ആരോഗ്യവും,സമ്പത്തും
പ്രശസ്തിയും,
സുഹ്യദ്ബന്ധങ്ങളും എല്ലാം നേടിയെടുത്താലും
നിത്യജീവൻ അഥവാ രക്ഷ പ്രാപിക്കുന്നില്ലെങ്കിൽ
ഒരു പ്രയോജനവും ഇല്ല.
അവർ തീർച്ചയായും പുഴുക്കൾ,വേദന,ദണ്ഡനംകഠിനദാഹം എന്നിവയുള്ള സാത്താന്റെ സാമ്രാജ്യത്തിലേക്ക്
പോകേണ്ടിവരും

2)“ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” മത്തായി 16:13

യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയപ്പോൾ യേശു ചോദിച്ച ചോദ്യം ആണ്
ഇത്. ഇന്നും പലർക്കും പല ഉത്തരമാണ് ഈ ചോദ്യത്തിനുള്ളത്. പത്രൊസ് ശരിയായ ഉത്തരം പറഞ്ഞു.

” നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു”മത്തായി 16:16

യേശു മതസ്ഥാപകനോ,
പ്രവാചകനോ,
വിപ്ളവക്കാരനോ അല്ല.
ജീവനുള്ള ദൈവത്തിന്റെ
പുത്രനായ ക്രിസ്തു ആണ്. നമ്മുടെ ഏക രക്ഷകനാണ്.

” മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല”
അപ്പൊ.പ്രവ 4:12

3) ” പിന്നെ അവൻ അവരോടു: “നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്തു? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ” എന്നു പറഞ്ഞു” മർക്കൊസ് 4:40

യേശുവിനോടൊപ്പം സഞ്ചരിക്കുമ്പോൾ പടക് മുക്കികളയുമാറ് കാറ്റും തിരമാലകളും ആഞ്ഞടിച്ചപ്പോൾ ഭീതി പൂണ്ട് പരിഭ്രമത്തിലായ ശിഷ്യരോട് ചോദിക്കുന്ന ചോദ്യമാണിത്.
ഇന്ന് പലതരം ഭയങ്ങളാൽ ആകുലപെട്ട്
മനുഷ്യൻ വസിക്കുന്നു. എന്നാൽ ജീവിതമാകുന്ന
പടകിനെ നിയന്ത്രിക്കാൻ
അമരത്ത് രക്ഷകനായ യേശു എപ്പോഴും ഉണ്ട് എന്ന് നാം വിശ്വസിക്കണം.

4) “അവൻ അവനോടു: “ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു?

ഒരു ന്യായശാസ്ത്രി യേശുവിനോട് നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു പരീക്ഷിച്ചു ചോദിച്ചപ്പോൾ യേശു പറഞ്ഞ മറുപടിയാണ്. ഈ ചോദ്യം
വചനം നാം വായിക്കേണ്ടതിൻ്റേയും
പഠിക്കേണ്ടതിൻ്റേയും
ആവശ്യകത വെളിപ്പെടുത്തുന്നു.
ആകാശം മാറിയാലും
ഭൂമി മാറിയാലും യേശുവിന്റെ വചനങ്ങൾ മാറുകയില്ല.

5) “ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു”
മർക്കൊസ് 10:51

യേശു യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടുംകൂടെ യെരീഹോവിൽനിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന ഒരു കുരുടനായ ഭിക്ഷക്കാരൻ ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചപ്പോൾ യേശു ചോദിച്ച ചോദ്യമാണിത്.
അവൻ യേശുവിനോട് കാഴ്ച്ച ചോദിച്ചു. നമ്മുടെ നിലവിളികൾ ദൈവം കേൾക്കുന്നു. ഞാൻ എന്തു ചെയ്തുതരേണം എന്ന് എപ്പോഴും ചോദിക്കുന്നു.
ഭൗതീക കാര്യങ്ങൾക്ക്
മാത്രമല്ല നമ്മുടെ ആത്മീകനയനങ്ങൾക്ക്
കാഴ്ച്ച ലഭിക്കുന്നതിനായും നാം പ്രാർത്ഥിക്കേണ്ടതാണ്.

6) ” നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു?
ലൂക്കോസ് 6:46

കപടഭക്തിക്കാരെ കുറിച്ച്
യേശു പറയുന്ന ഭാഗമാണിത്. “കർത്താവേ” എന്ന് നാം എപ്പോഴും വിളിക്കും. എന്നാൽ കർത്താവിന്റെ കല്പനകൾ അനുസരിക്കുന്നതിനോ
അതിൻ പ്രകാരം ജീവിക്കുന്നതിനൊ
നാം തയ്യാറാകുന്നില്ല. അങ്ങനെയുള്ളവരോട്
ആണ് ഈ ചോദ്യം. യേശു
മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു.

‘ എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.”
മത്തായി 7:21

7) “നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നവോ?
യോഹന്നാൻ 21:15

യേശു മരിച്ച് ഉയിർത്തെഴുന്നേറ്റതിന്
ശേഷം മൂന്ന് തവണ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു. അവരിൽ
പത്രൊസിനോടാണ് യേശു ഈ ചോദ്യം ചോദിക്കുന്നത്.

മുന്നിൽ ജീവിതകാലം മുഴുവൻ ജീവിക്കാനുള്ള
നന്മ ഒരുക്കുന്ന ഗലീലകടൽ. യേശു പറഞ്ഞപ്രകാരം വലയെറിഞ് പിടിച്ച സമ്പത്തിന്റെ പ്രതീകമായ153 വലിയ മീൻകൂട്ടം. യേശു അവർക്കായി പ്രാതൽ ഒരുക്കി ചോദിച്ച ചോദ്യമാണിത്.

പ്രിയമുള്ളവരെ, ദൈവം ഒരുപാട് അനുഗ്രഹങ്ങൾ
വാരികോരി ചൊരിഞില്ലേ? യേശു നമ്മെ നോക്കി ഇന്നും ഇതേ ചോദ്യം ചോദിക്കുന്നു. നമുക്കുള്ളതിനേക്കാൾ
നമുക്കുള്ളവരെക്കാൾ
അധികമായി നാം യേശുവിനെ സ്നേഹിക്കുന്നുണ്ടോ?
അവരോട് യേശു പറയുന്നു. “എൻ്റെ കുഞ്ഞാടുകളെ മേയ്ക്കുക” ആർ യേശുവിനുവേണ്ടി പോകും. ഇതാണ് സുപ്രസാദകാലം. ഇതാണ്
രക്ഷാസമയം. യേശുവിന്റെ കല്പനകളെ
പാലിച്ച് ജീവിക്കാം.

” സകലവും ദൈവത്തിൽ ഭരമേല്പിക്കുവിൻ”

ഇന്ന് ഭാരങ്ങൾ സ്വയം വഹിച്ച് ക്ഷീണിച്ച് പോകുന്നവരാണ് പലരും.
സുഖദു:ഖസമ്മിശ്രമായ
ഈ കാലഘട്ടത്തിൽ മനുഷ്യർ ആശങ്കാകുലരാകുന്നത്
സ്വയം ഭാരങ്ങൾ വഹിച്ച് നീങ്ങുന്നത് കൊണ്ടാണ്.
യേശു നമ്മോടു പറയുന്നു.

” അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും”
മത്തായി 11:28

നമ്മുടെ ഭാരങ്ങൾ നാം സ്വയം വഹിച്ച് നടക്കേണ്ട.
അത് വഹിക്കുവാൻ ശക്തനായവൻ നമ്മോടു കൂടെയുണ്ട്.
കരുതുന്ന ദൈവം സന്തതസഹചാരിയായീ
കൂടെ ഉള്ളതിനാൽ മനം കലങ്ങേണ്ട കാര്യമില്ല.
അതിനാൽ നമ്മുടെ ജീവിതം
ദൈവകരങ്ങളിൽ ഭരമേല്പിക്കേണം. ഭരമേല്പിക്കുക എന്ന് പറഞ്ഞാൽ പരിപൂർണ്ണമായി വിട്ടുകൊടുക്കുക,
സമർപ്പിക്കുക എന്നാണർത്ഥം. നാം നമ്മുടെ ജീവിതത്തെ
ആരിലാണ് ഭരമേല്പിച്ചിരിക്കുന്നത്?
ധനത്തിലാണോ? ആരോഗ്യത്തിലാണോ?
വിദ്യാഭ്യാസ യോഗ്യതയിലാണോ?
മാതാപിതാക്കന്മാരിൽ
ആണോ? കുഞ്ഞുങ്ങളിലാണോ? ജീവിതപങ്കാളിയിൽ
ആണോ? എന്നാൽ വചനം ഇപ്രകാരം പറയുന്നു.

” മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.അവൻ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോൾ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികൾ ഇല്ലാത്ത ഉവർനിലത്തിലും പാർക്കും”
യിരേമ്യാവു 17:5,6

നാം നമ്മുടെ ജീവിതം നമുക്ക് ജീവൻ തന്ന നമ്മുടെ ജീവന് അവകാശിയായ ദൈവത്തിൽ ഭരമേല്പിക്കേണ്ടതാണ്.

” നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല”
55-ാം സങ്കീ 22-ാം വാക്യം

നമുക്ക് സ്വയമായി ഒന്നും
ചെയ്യുവാൻ സാദ്ധ്യമല്ല.
എന്നാൽ ദൈവത്താൽ
സകലവും സാദ്ധ്യമാണ്.

” നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും”
സദൃശ്യവാക്യങ്ങൾ 16:3

ഇന്ന് മനുഷ്യൻ്റെ മനസ് കടൽ തിരപോലെ ആടിയുലയുന്നു. കാരണം
അവനിൽ അടിസ്ഥാനമായ വിശ്വാസം ഇല്ല എന്നതുതന്നെ. ഒരു കാര്യം ദൈവത്തിൽ ഭരമേല്പിച്ചാൽ പിന്നെ ആകുലപ്പെടേണ്ട കാര്യമില്ല. ആകുലപ്പെട്ടാൽ നാം ദൈവത്തെ വിശ്വസിക്കുന്നില്ല എന്നാണർത്ഥം.

ശദ്രക്, മേശക്,
അബേദ്നെഗോ എന്ന
യഹൂദ ബാലന്മാർ തങ്ങളുടെ ജീവനെ
ദൈവകരങ്ങളിൽ ഭരമേല്പിച്ചവരാണ്. അതിനാൽ തീച്ചൂള ഏഴു മടങ്ങ് ചൂടാക്കി ആ
അഗ്നിജ്വാലയിൽ എറിയപ്പെടുവാൻ പോകുമ്പോൾ നെബൂഖദ്നേസർ
രാജാവിനോട് അവർ ഉറപ്പിച്ച് ഇങ്ങനെ പറഞ്ഞു.

“ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും.
അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും എന്നു ഉത്തരം പറഞ്ഞു”
ദാനീയേൽ 3:17,18

കഷ്ടതയുടെ തീച്ചൂളകളിൽ വെന്തെരിയുകയാണോ?
ഭയപ്പെടേണ്ട. വെന്തെരിഞ്ഞാലും
വിടുവിക്കുവാൻ ദൈവത്തിന് കഴിയും. ദൈവത്തിന് മാത്രമേ കഴിയൂ. തീയ്യിൽ കൂടി വെന്തെരിഞ്ഞാൽ നിന്നെ
പൊന്നായി ദൈവം പുറത്ത് കൊണ്ടുവരും.
കഷ്ടതകളിൽ
ദൈവകരങ്ങളിൽ നമ്മെ ഭരമേല്പിക്കുവിൻ. യേശു
തീവ്രമായ കുരിശു മരണം
വഹിക്കുന്നതിനു മുൻപ് സമ്പൂർണ്ണമായി തന്നെ ദൈവകരങ്ങളിൽ ഏല്പിച്ച് കൊണ്ട് പറഞ്ഞു.

“പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.
മത്തായി 26:39

കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ട് തങ്ങളുടെ പ്രാണനെ സ്രഷ്ടാവിൽ
ഭരമേല്പിക്കേണം എന്ന്
1പത്രൊസ് 4:19 ൽ പറയുന്നു. യേശു സകലതും പിതാവിൽ ഭരമേല്പിച്ചതായി നാം വായിക്കുന്നു. ദുസ്സഹമായ
വേദനയാൽ പ്രാണൻ പിടയുമ്പോഴും യേശു അത്യുച്ചത്തിൽ പറഞ്ഞു.

“പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” ലൂക്കോസ് 23:46

ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികളിലൂടെ
കടന്നു പോയാലും ജീവനേയും നമുക്കുള്ള
സകലത്തിനേയും ദൈവകരങ്ങളിൽ ഭരമേല്പിക്കുക. അവൻ നിന്നെ പുലർത്തും. നീതിമാൻ കുലുങ്ങിപോകുവാൻ
ദൈവം ഒരിക്കലും ഇടവരുത്തുകില്ല.

” അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ”
1 പത്രൊസ് 5:7

നിന്ദകളെ കടാക്ഷിക്കുന്നദൈവം

ജീവിതത്തിൽ പലകാര്യങ്ങൾ കൊണ്ടും ഒരു മനുഷ്യൻ നിന്ദിക്കപ്പെടാം.

1) ആത്മീയത നിമിത്തം നിന്ദിക്കപെടാം.

ദൈവഭക്തി മുറുകെ പിടിച്ച് ജീവിക്കുന്നവർക്ക്
നിന്ദകളും, പരിഹാസങ്ങളും ഉണ്ടാകാം. പൗലൊസ് അപ്പൊസ്തലന് നിന്ദകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം ആ നിന്ദകളെ വലിയ നിക്ഷേപമായി കരുതി. ദാവീദ്
ആത്മീയനിലയിൽ നിന്ദിക്കപ്പെട്ടവനാണ്.

” യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ്‌രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു” 2 ശമൂവേൽ 6:16

ദാവീദ് മീഖളിനോടു ഇങ്ങനെ പറഞ്ഞു.

” യഹോവയുടെ ജനമായ യിസ്രായേലിന്നു പ്രഭുവായിനിയമിപ്പാൻ തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകലഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാൻ നൃത്തം ചെയ്യും” 2ശമുവേൽ 6:21

ആത്മീയമായി ദാവീദിനെ നിന്ദിച്ച മീഖളിന് ദൈവം ഒരു കുഞ്ഞിനെ നൽകിയില്ല. ആത്മീയമായി മുന്നേറുമ്പോൾ നാം നിന്ദിക്കപ്പെടാം. എന്നാൽ
ആ നിന്ദകളെ കടാക്ഷിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം.

2) മനുഷ്യപുത്രൻ നിമിത്തം
നിന്ദിക്കപെടാം.

“മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്കു എന്നു തള്ളുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
ആ നാളിൽ സന്തോഷിച്ചു തുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയതു; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ”
ലൂക്കോസ് 6:22,23

യേശുക്രിസ്തുവിനു
വേണ്ടി നാം നിലകൊള്ളുമ്പോൾ നിന്ദിക്കപ്പെടാം. പെന്തെകൊസ്തുനാളിൽ
പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ദൈവമക്കൾ പുതുവീഞ്ഞ് കുറിച്ചിരിക്കുന്നു എന്ന നിന്ദയുടെ വാക്കുകൾ കേൾക്കേണ്ടിവന്നു. ഈ ലോകത്തിൽ സത്യദൈവത്തെ ആരാധിച്ച് ഭക്തിയോടെ ജീവിക്കുമ്പോൾ പരിഹസിക്കപ്പെടാം. എന്നാൽ എവിടെയൊക്കെ നിന്ദിക്കപ്പെട്ടിട്ടുണ്ടോ
അവിടെയൊക്കെ മാനിച്ച് നിന്നെ ഉയർത്തുന്ന ഒരു ദൈവമുണ്ട്.

3) ബലഹീനതകൾ നിമിത്തം നിന്ദിക്കപ്പെടാം.

ഹാഗാർ ഗർഭിണിയായപ്പോൾ
സാറാ നിന്ദിക്കപ്പെട്ടു.
യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു സാറാ പറഞ്ഞു. ദൈവം അവൾക്ക് ഒരു മകനെ നൽകുകയും ചെയ്തു.
പെനീന ഗർഭിണിയായപ്പോൾ
അവൾ കുത്തുവാക്കുകൾ
കൊണ്ട് ഹന്നായെ നിന്ദിച്ചു.എന്നാൽ അവളുടെ നിന്ദയെ ദൈവം കടാക്ഷിച്ച് ശമുവേൽ പ്രവാചകനെ നൽകി.

4) കഷ്ടതകളിൽ നിന്ദിക്കപ്പെടാം.

ദൈവമക്കൾക്ക് കഷ്ടങ്ങൾ ഉണ്ടാകും. ഈ ലോകത്തിൽ കഷ്ടങ്ങൾ ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകയില്ല. നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനുമായ ഇയ്യോബിന് ധാരാളം കഷ്ടങ്ങളിൽ കൂടി പോകേണ്ടിവന്നു.ആ കഷ്ടങ്ങളെല്ലാം ഇയ്യോബ് സഹിച്ചു. ഇയ്യോബിന്റെ ഭാര്യയുടെ
നിന്ദാവാക്കുകളേയും ആത്മധൈര്യത്തോടെ
അദ്ദേഹം നേരിട്ടു. അവനെന്നെ കൊന്നാലും ഞാൻ അവനെ തന്നെ സേവിക്കും എന്ന് ദ്യഢധൈര്യത്തോടെ ഇയ്യോബ് പറഞ്ഞു. ഫലമോ. നിന്ദിച്ചവരുടെ
മുന്നിൽ ദൈവം ഇയ്യോബിനെ മാനിച്ചു മുൻപുള്ളവയെല്ലാം ഇരട്ടിയായി വർദ്ധിപ്പിച്ച് നൽകി.

ജീവിതത്തിലെ നിന്ദകളും
പരിഹാസങ്ങളും, പീഢകളും സാരമില്ല.
കാരണം നിന്ദകളെ കടാക്ഷിച്ച്
അത്ഭുതമാക്കുന്ന ദൈവം നമ്മോടുകൂടെ…

ദൈവത്തോട് പറ്റി നിന്നാൽ ദൈവം വിശാലത വരുത്തും

നമ്മുടെ ഉടയവനായ ദൈവം ഇടുക്കത്തിൻ്റെ ദൈവമല്ല. പുഷ്ടിയുടേയും, നിറവിൻ്റേയും,
കവിഞ്ഞൊഴുക്കിൻ്റേയും
ദൈവമാണ്. ദൈവസന്നിധിയിൽ ആണ് സന്തോഷത്തിൻ്റെ
പരിപൂർണ്ണത. അവിടുന്നാണ് സകല ബുദ്ധിയേയും കവിയുന്ന
സമാധാനം കൊണ്ട് നമ്മെ നിറയ്ക്കുന്നത്.
അവിടുന്നാണ് രക്താംബരം പോലെ കടും ചുവപ്പായ പാപങ്ങളെ ഹിമം പോലെ
വെളുപ്പിക്കുന്നത്. അവിടുത്തെ ദയയും കരുണയും ആകാശത്തോളവും,
വിശ്വസ്ഥത, മേഘങ്ങളോളം, എന്ന് തുടങ്ങി ദൈവത്തിന്റെ വിശാലതയെ സൂചിപ്പിക്കുന്ന അനേകം വചനങ്ങൾ ഉണ്ട്. എന്നാൽ ഒരു വഴി മാത്രം ഇടുക്കമുള്ളതാണ്. അത് ജീവങ്കലേക്കുള്ള വാതിലും വഴിയുമാണ്.
എന്നാൽ ആ വഴിയിലൂടെ
വിജയകരമായി കടന്നുപോയാൽ ദൈവം
നമ്മെ വിശാലതയിൽ എത്തിക്കും.

ദൈവത്തോട് പറ്റി നിന്നാൽ മാത്രമേ ഇടുക്കത്തിൻ്റെ വഴിയിലൂടെ വിജയകരമായി യാത്ര പൂർത്തീകരിക്കുവാൻ
സാദ്ധ്യമാകുകയുള്ളു.
കാലേബ് ദൈവത്തോട്
പൂർണ്ണഹ്യദയത്തോടെ
പറ്റിച്ചേർന്ന്
വാഗ്ദത്തനാട്ടിൽ പ്രവേശിച്ചു. യിസ്രായേൽ മക്കൾ ദൈവവഴിയിലൂടെ
നടന്നിട്ടും അവർ ദൈവത്തോട് പറ്റിയിരുന്നില്ല. അതിനാൽ
വാഗ്ദത്തനാട്ടിൽ പ്രവേശിച്ചില്ല.

മോവാബ്യസ്ത്രീയായ രൂത്ത്, സ്വജനത്തേയും
പാരമ്പര്യത്തേയും,
സ്വന്തദേശത്തേയും
വീടിനേയും ഉപേക്ഷിച്ച്
ജീവനുള്ള ദൈവത്തോട്
പറ്റി നിന്നു. യേശുവിന്റെ
വംശാവലിയിലൂടെ കടന്നുകൂടുവാൻ തക്കവണ്ണം ദൈവം അവളുടെ വഴിയെ വിശാലമാക്കി.

ദൈവത്തോട് പറ്റി നിന്നാൽ ഏഴു വാഗ്ദത്തങ്ങൾ ദൈവം നൽകുന്നതായി 91-ാം സങ്കീർത്തനം 14 മുതൽ 16 വരെയുള്ള വാക്യങ്ങളിൽ പറയുന്നു.

“അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.
അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും”

ദൈവത്തോട് പറ്റി നിന്നാൽ ദൈവം വിടുവിക്കുന്നു.
ഉയർത്തുന്നു. ഉത്തരമരുളുന്നു.
കൂടെയിരിക്കുന്നു.
മഹത്വപ്പെടുത്തുന്നു.
ത്യപ്തി വരുത്തുന്നു.
രക്ഷയെ കാണിച്ചുകൊടുക്കുന്നു.

വഴി ഇടുക്കമുള്ളത്
ആണെങ്കിലുംൽ ദൈവത്തോട് പറ്റി നിന്ന്
പരിശുദ്ധാത്മാവിനാൽ
ശക്തി പ്രാപിച്ച് മേൽക്കുമേൽ ബലം പ്രാപിച്ച് സ്വർഗ്ഗസീയോനെ
ലക്ഷ്യം വച്ച്
ഓടേണ്ടതാണ്.
സാധാരണയായി
ഓട്ടമത്സരത്തിൽ ഒന്നാമതായി ഓടിയെത്തുന്നവനാണ്
സമ്മാനം. എന്നാൽ ഞെരുക്കത്തിൻ്റെ വഴിയിൽ കൂടി ഓടി ഓട്ടം
തികക്കുന്ന ഏവർക്കും
സമ്മാനമുണ്ട്.അതിനാൽ
തളർന്നുപോകാതെ
പുതുശക്തി ധരിച്ച് ഓടണം. നാം കുതിരകളോടു കൂടെ മത്സരിച്ച്
ഓടണമെന്നാണ് വചനം പറയുന്നത്.

“കാലാളുകളോടുകൂടെ ഓടീട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോടു എങ്ങനെ മത്സരിച്ചോടും?
യിരേമ്യാവു 12:5

ഏലിയാവിന് നാല്പത് കിലോമീറ്ററോളം ആഹാബിൻ്റെ രഥത്തിനും
കുതിരകൾക്കും മുൻപേ
ഓടുവാൻ കഴിഞ്ഞത് ദൈവത്തോട് പറ്റിനിന്ന്
പുതുശക്തി
പ്രാപിച്ചതിനാലാണ്.

നാം ഞ്ഞെരുക്കത്തിൻ്റെ
വഴിയിലൂടെയാണ്
സഞ്ചരിക്കുന്നതെങ്കിലും
ദൈവം നമുക്ക് വിശാലത വരുത്തും.

” ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി”
4-ാം സങ്കീ 1-ാം വാക്യം

ദൈവം നമുക്ക് വിശാലത നൽകുന്നതുപോലെ
നമ്മുടെ ഹ്യദയങ്ങളെ നമുക്ക് വിശാലമാക്കാം.
സുവിശേഷത്തിൽ ഇടുങ്ങിയിരിക്കുന്നവർ
ആകരുത്. നാം ഇരിക്കുന്ന ഭവനത്തിൽ
നമ്മുടെ സഭയിൽ നമ്മുടെ
ദേശത്തിൽ , നാം ഇടപെടുന്നവരിൽ എല്ലാം
സുവിശേഷത്തിൻ്റെ വക്താക്കളാകാം. ദൈവീകമായ സ്തുതികളിൽ വിശാലത വരുത്താം. കരുണയിലും
സ്നേഹത്തിലും ഇടുങ്ങിയിരിക്കുന്നവർ
ആകാതെ സ്നേഹത്തിന്റെ വീതിയും നീളവും,ഉയരവും ആഴിയും ഗ്രഹിച്ച് അവയിൽ വിശാലഹ്യദയമുള്ളവർ
ആകാം.

ഇത് പ്രതിസന്ധികളുടെ കാലഘട്ടം. ദുഷ്ടതയും
അധർമ്മവും പെരുകുന്ന
കാലഘട്ടം.
എല്ലാവരുടേയും സ്നേഹം തണുത്തു പോകുന്ന കാലഘട്ടം.
യുദ്ധങ്ങളുടേയും മഹാമാരികളുടെയും
പ്രക്യതിദുരന്തങ്ങളുടേയും
സകലവിധ വിപത്തുകളുടേയും കാലഘട്ടം. ഇവയെല്ലാം
നമ്മുടെ ആത്മമണവാളൻ്റെ വരവ്
സമീപമായി എന്ന് വിളിച്ചോതുന്നു. വഴി ഞെരുക്കമുള്ളതാണ്.
ദൈവത്തോട് പറ്റിച്ചേർന്നിരിക്കാം.
വീണു പോകാതെ നമ്മെ
തന്നെ സൂക്ഷിച്ച് അക്കരെ നാട്ടിൽ എത്തുവാൻ സർവ്വേശ്വരൻ്റെ ക്യപക്കായി യാചിക്കാം.

ഉയരത്തിലേക്ക് നോക്കിയാൽ വഴി തുറക്കും

നാം ഇപ്പോൾ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ ദൈവം തുറന്നു തന്ന വഴികൾ നിമിത്തമാണ്. ബൈബിളിലെ ഏറ്റവും വലിയതും പ്രയോജനകരവും ആയ അൽഭുതം പ്രകൃതിയുടെയും മനുഷ്യന്റെയും സൃഷ്ടിപ്പാണ്.
പുതിയനിയമത്തിലെ ഏറ്റവും വലിയതും പ്രയോജനകരവുമായ അത്ഭുതം, പാപികളായ നമുക്കു വേണ്ടിയുള്ള യേശുവിൻ്റെ മരണവും ഉയിർപ്പും ആണ്. ദൈവം നമ്മെ സൃഷ്ടിച്ചതും രക്ഷിച്ചതുമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയതും പ്രയോജനകരവും ആയ രണ്ട് അത്ഭുതങ്ങൾ.

ഇവ കഴിഞ്ഞാൽ തിരുവെഴുത്തിലെ ഏറ്റവും വലിയ അത്ഭുതം ദൈവം ചെങ്കടലിൽ വഴിതുറന്നതാണ്. ഈ അത്ഭുതത്തെക്കുറിച്ച് വേദപുസ്തകത്തിൽ അനേകം പരാമർശങ്ങൾ ഉണ്ട്. യാത്ര പുറപ്പെടുമ്പോൾ 20 വയസിനു മുകളിലുള്ള പുരുഷന്മാർ ആറ് ലക്ഷം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്പോൾ സ്ത്രീകളും കുട്ടികളുമായി ഏകദേശം
പതിനഞ്ചു ലക്ഷം പേർ ഉണ്ടെന്ന് ന്യായമായി ഊഹിക്കാവുന്നതാണ്.
നാനൂറ് വർഷങ്ങൾക്കുശേഷം
കനാൻ നാട് സ്വന്തമായി
തരും എന്ന് പറഞ്ഞവൻ
വാഗ്ദത്തങ്ങൾ നിവ്യത്തിക്കുന്നതിൽ
വിശ്വസ്തനായ ദൈവമാണ്. ദൈവം നമ്മോട് എന്തെങ്കിലും
വാഗ്ദത്തം ചെയ്തിട്ടുണ്ടെങ്കിൽ
അത് നിവർത്തിക്കും.

യിസ്രായേൽ ജനം യുദ്ധം കണ്ട് ഭയപ്പടാതിരിപ്പാൻ
ദൈവം അവരെ ആദ്യം മരുഭൂമിയിലൂടെ നയിച്ചു.
പ്രതിസന്ധികളിലൂടെ അവർ ശക്തരായി.നാം
ശക്തരാകുന്നതിനു മുൻപ്, ദൈവം യുദ്ധം അനുവദിക്കില്ല. ഒന്നാം ക്ളാസിൽ പഠിക്കുന്ന കുട്ടിക്ക് പത്താം ക്ളാസിലെ ചോദ്യപേപ്പർ
തരികയില്ല.എന്നാൽ ആത്മീയ ജീവിതത്തിൽ
യുദ്ധം ഇല്ല എന്ന് ചിന്തിക്കരുത്. ഒരു പ്രതിസന്ധിയിലേക്ക്
നീ നയിക്കപ്പെട്ടാൽ തീർച്ചയായും ഒരു അത്ഭുതം ദൈവം നിനക്കായി കരുതി വച്ചിരിക്കും. ചെറിയ പ്രതിസന്ധിയാണെങ്കിൽ
ചെറിയ അത്ഭുതം. വലിയ പ്രതിസന്ധിയാണെങ്കിൽ
വലിയ അത്ഭുതം.

അബ്രാഹാമിന്റെ ഏകജാതനായ പൊന്നോമന മകനെ
യാഗം കഴിക്കണമെന്ന
ദൈവകല്പന അബ്രാഹാമിന് സഹിക്കാവുന്നതിലും
അപ്പുറമുള്ള പ്രതിസന്ധിയാണ്. മൂന്ന് ദിവസം ഉള്ളിൽ വലിയ നൊമ്പരവുമായി അബ്രാഹാം കഴിച്ചുകൂട്ടി.
എന്നാൽ ദൈവഹിതത്തിന് വിധേയപ്പെട്ടപ്പോൾ ദൈവം ഇസഹാക്കിനു പകരം ഒരു ആട്ടിൻ കുട്ടിയെ കരുതി വച്ചു.

ദൈവം
നയിക്കുന്നിടത്തേക്ക്
പോയാൽ അത്ഭുതങ്ങൾ കാണാം. ചില സ്ഥലങ്ങളിലേക്ക് പോകാതെ യേശുവിൻ്റെ ആത്മാവ് പൗലോസിനെ തടഞ്ഞു എന്ന് അപ്പൊ.പ്രവർത്തികൾ 16-ാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. എന്നാൽ മക്കദൊന്യയിലേക്കും
ഫിലിപ്പിയിലേക്കും ദൈവം പൗലോസിനെ അയച്ചു. ദൈവത്താൽ അയക്കപ്പെട്ട സ്ഥലങ്ങളിൽ പൗലോസിന് പ്രതിസന്ധികളും വെല്ലുവിളികളും ഉണ്ടായി. എന്നാൽ അവയുടെ നടുവിൽ ദൈവം വാതിൽ തുറന്നു. അനേകർ കർത്താവിൽ വിശ്വസിച്ചു പ്രാദേശിക സഭകൾ സ്ഥാപിക്കപ്പെട്ടു.

ദൈവത്തിന്റെ ആത്മാവ് യേശുവിനെ മരുഭൂമിയിലേക്ക് നയിച്ചു.
അവിടെ സാത്താന്റെ പരീക്ഷകൾ ഉണ്ടായി. എന്നാൽ വമ്പിച്ച വിജയം
പിശാചിന്റെ മേൽ ഉണ്ടായി. ദൈവം നയിക്കുന്നിടത്ത് പ്രതിസന്ധികൾ നേരിട്ടാലും വലിയ വിജയം തമ്പുരാൻ തരും.

ചിലപ്പോൾ ജീവിതത്തിന്റെ സകലവശങ്ങളും അടഞ്ഞു എന്ന് നമുക്ക് തോന്നാം. ആരും സഹായമില്ലാത്ത അവസ്ഥ സംജാതമാകാം.
എന്നാൽ ക്ഷീണിച്ചു പോകാതെ
നമുക്കൊരു സഹായകൻ
ഉയരത്തിൽ ഉണ്ട് എന്ന് വിശ്വസിക്കുക. യിസ്രായേൽ ജനം ചെങ്കടലിൽ എത്തിയപ്പോൾ നാല് വശവും അടക്കപ്പെട്ടു.
മുൻപിൽ ചെങ്കടൽ. പിൻപിൽ ഫറവോൻ സൈന്യങ്ങളും,രഥങ്ങളും
കുതിരകളും. ഇരുവശത്തും ഉയർന്നു നിൽക്കുന്ന പർവ്വതങ്ങൾ.
എങ്ങോട്ടു പോകും? എന്നാൽ മുകൾഭാഗം അടക്കപ്പെട്ടില്ല. ഇന്നും എല്ലാ വാതിലുകളും അടയുമ്പോൾ മുകൾഭാഗം ദൈവം അടക്കുന്നില്ല. അവിടെ ആർക്കും കടന്നു വരാം.

പത്രൊസിനെ കാരാഗ്യഹത്തിൽ ആക്കിയപ്പോൾ നാല് വശവും അടക്കപ്പെട്ടു.
കരങ്ങളിലെ ചങ്ങല പടയാളികളുടെ കരത്തിനോട് ചേർത്ത് ബന്ധിച്ചു. കിടപ്പ് നാലുവശവും കൊട്ടിയടച്ച
സെല്ലിനുള്ളിൽ. അതിന് ശക്തമായ വാതിൽ. ജയിലിന് ചുറ്റും ഇരുമ്പ് വാതിൽ. എന്നാൽ മുകൾ ഭാഗം കൊട്ടിയടക്കാൻ അവർക്ക് കഴിഞ്ഞില്ല.
സഭ മുഴുവനും ഉയരത്തിലേക്ക് നോക്കി പ്രാർത്ഥിച്ചു. ഫലമോ. സ്വർഗ്ഗത്തിൽ നിന്നും ദൂതനെ അയച്ചു ചങ്ങലകൾ അഴിച്ച് പത്രൊസിനെ പട്ടണവാതിലിനു പുറത്ത് കൊണ്ടു നിറുത്തി.

നാം എപ്പോഴെല്ലാം ഉയരത്തിലേക്ക് കണ്ണുകൾ ഉയർത്തിയിട്ടുണ്ടോ
അപ്പോഴെല്ലാം വഴിതുറക്കാനായി സഹായകനായി യേശു
കടന്നു വന്നിട്ടുണ്ട്.

ഉറങ്ങാതെ, മയങ്ങാതെ
നമ്മെ പരിപാലിക്കുന്ന
ഈ ദൈവത്തിലേക്ക് കണ്ണുകളെ ഉയർത്താം.
അതാണ് രക്ഷയുടെ വഴി.
സൗഖ്യത്തിൻ്റെ വഴി. സകലവിധ അത്ഭുതങ്ങളുടേയും വഴി.
ജീവിതത്തിലെ
ചുട്ടുപൊള്ളുന്ന അനുഭവങ്ങളിൽ അവൻ നിനക്ക് തണൽ നൽകുന്നു.

“യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
121-ാം സങ്കീ 5-7

എന്തുകൊണ്ട് ദൈവത്തെ നാം ആരാധിക്കണം?

കേവലം ഭൗതീക സുഖങ്ങൾ
നേടിയെടുക്കുവാൻ മാത്രമാണോ
നാം ദൈവത്തെ ആരാധിക്കുന്നതു?

ഒരിക്കൽ ഒരു journalist ഒരു ദേവാലയത്തിന്റെ മുന്നിൽ വന്നു.
ദേവാലയത്തിൽ നിന്നും ആദ്യം പുറത്തുവന്നതു രണ്ടു യുവമിഥുനങ്ങൾ ആയിരുന്നു. Journalist അവരോടു ചോദിച്ചു.
നിങ്ങൾ എന്തിനാണു ദേവാലയത്തിൽ വന്നു ദൈവത്തെ ആരാധിക്കുന്നതു?
അവർ മറുപടി പറഞ്ഞു. ഞങ്ങൾക്കു കുഞ്ഞുങ്ങളില്ല.
ഒരു തലമുറയെ ലഭിക്കാനാണു
ഞങ്ങൾ ദൈവത്തെ ആരാധിക്കുന്നതു.

പിന്നെ ദേവാലയത്തിൽ നിന്നും രണ്ടു
ചെറുപ്പക്കാർ പുറത്തേക്കു വന്നു.
അവരോടും journalist ചോദിച്ചു.
എന്തുകൊണ്ടാണു നിങ്ങൾ
ദൈവത്തെ ആരാധിക്കുന്നതു?
അവർ ഇപ്രകാരം മറുപടി പറഞ്ഞു. തലമുറകളായി ഞങ്ങളുടെ പൂർവ്വികർ പള്ളിയിൽ പോകുന്നു. ആ പാരമ്പര്യം ഞങ്ങളും അനുവർത്തിക്കുന്നു.

പിന്നെ രണ്ടു
കുട്ടികൾ വന്നു. അവരോടും
Journalist ചോദ്യം ആവർത്തിച്ചു.
അവർ പറഞ്ഞു നന്നായി പരീക്ഷ എഴുതുവാനും വിജയം വരിക്കാനുമാണു ഞങ്ങൾ ദൈവത്തെ ആരാധിക്കുന്നതു.

പിന്നീടു ഒരു pilot വന്നു. Journalist ചോദ്യം ആവർത്തിച്ചു.
അദ്ദേഹം പറഞ്ഞു. ഞാൻ ഭൂമിയുടെ താഴെകൂടെയല്ല വിമാനം പറപ്പിക്കുന്നതു. മുകളിൽ കൂടിയാണു. ആപത്തൊന്നും വരാതിരിക്കാനാണു ഞാൻ ദൈവത്തെ
ആരാധിക്കുന്നതു. ഇതുപോലെ പുറത്തുവന്ന പലരോടും Journalist ചോദ്യം ആവർത്തിച്ചു. മേൽപറഞ്ഞ
പോലെ വ്യത്യസ്തമായ
മറുപടികൾ ലഭിക്കയും ചെയ്തു.
ദേവാലയത്തിൽ നിന്നും അവസാനമായി ഒരു പാവപ്പെട്ട
വിധവ പുറത്തുവന്നു. Journalist
അതേ ചോദ്യം ആ വിധവയോടും ആവർത്തിച്ചു.
അതിനു വിധവ ഇപ്രകാരം മറുപടി പറഞ്ഞു. “എനിക്കു ഈ ദേവാലയത്തിൽ ഇരിക്കുന്നതാണു സന്തോഷം.
എനിക്കാരുമില്ല. ഭർത്താവും കുട്ടികളും മരിച്ചുപോയി. എന്നാൽ “നിനക്കു ഞാനുണ്ടു”
എന്നു പറയുന്ന എന്റെ പ്രാണനാഥന്റെ സ്വരം ഞാൻ കേൾക്കുന്നു. എന്നെ ശാപത്തിൽ
നിന്നും വീണ്ടെടുത്ത ഒരു രക്ഷകൻ, ഒരു വീണ്ടെടുപ്പുക്കാരൻ എനിക്കു ഉണ്ടു. എനിക്കുവേണ്ടി സ്വർഗ്ഗം ഒരുക്കി വച്ച് എന്നെ കാത്തിരിക്കുന്ന ഒരു ആത്മമണവാളൻ എനിക്കുണ്ടു. അവനെ ആരാധിക്കുവാനാണു
ഞാൻ എന്നും ഈ ദേവാലയത്തിലേക്കു വരുന്നതു”

എത്ര അർത്ഥവത്തായ മറുപടി. ഇന്ന് പലരുടേയും ആരാധന തലമുറകളെ ലഭിക്കുന്നതിനും സ്വന്തം
കാര്യസിദ്ധികൾക്കും
മാത്രമായി മാറാറുണ്ടു. യഥാർത്ഥമായി ദൈവം ആരാണെന്നറിഞ്ഞ്
വേണം നാം ദൈവത്തെ ആരാധിക്കുവാൻ. ഈ യേശു ആരാണെന്നു ശമര്യ സ്ത്രീ മനസ്സിലാക്കി. അവൾ സത്യത്തിലും
ആത്മാവിലും
ദൈവത്തെ ആരാധിച്ചു. മാത്രമല്ല താൻ മനസ്സിലാക്കിയ ദൈവത്തെ മറ്റുള്ളവരോടു അറിയിച്ചു കൊടുത്തു. അനേകം
ശമര്യർ വീണ്ടെടുപ്പുക്കാരനായ യേശുവിനെ അറിയുവാനിടയായി.

എന്തുകൊണ്ടു നാം ദൈവത്തെ
ആരാധിക്കുന്നു?

വെളിപ്പാടു പുസ്തകം അഞ്ചാം
അദ്ധ്യായം 9-ാം വാക്യത്തിൽ ഇപ്രകാരം പറയുന്നു.

“പുസ്തകം വാങ്ങുവാനും അതിന്റെ മുദ്രപൊട്ടിപ്പാനും
നീ യോഗ്യൻ. നീ അറുക്കപ്പെട്ട
നിന്റെ രക്തം കൊണ്ടു സർവ്വ ഗോത്രത്തിലും, ഭാഷയിലും ,വംശത്തിലും, ജാതിയിലും,
നിന്നുള്ളവരെ ദൈവത്തിനായി
വിലക്കുവാങ്ങി.”

അതേ ,നമ്മെ വലിയവില കൊടുത്ത് മരണത്തിൽ നിന്നും വീണ്ടെടുത്ത
വീണ്ടെടുപ്പുക്കാരൻ നമുക്കുവേണ്ടി സ്വർഗ്ഗത്തിൽ വസിക്കുന്നതു കൊണ്ടാണു
നാം ദൈവത്തെ ആരാധിക്കുന്നതു.

ഭൗതീകാവശ്യങ്ങൾ നേടിയെടുക്കാൻ മാത്രമായി
ആരാധന മാറരുതു.നാം ദൈവത്തെ ആരാധിക്കുന്നതു
ദൈവം നമ്മെ സ്യഷ്ടിച്ചതുകൊണ്ടു മാത്രമല്ല,
നിലനിർത്തിയതുകൊണ്ടു മാത്രമല്ല , ഇതിനെക്കാൾ
ഉപരിയായി നമ്മെ വീണ്ടെടുത്ത
Redeemer ആയതുകൊണ്ടാണു.
നമ്മെ ,തന്റെ രക്തം മറുവിലയായി നൽകി വിലക്കു വാങ്ങി ദൈവമക്കളാക്കി, സ്വർഗ്ഗത്തിനു അവകാശികളാക്കി
മാറ്റിയതുകൊണ്ടാണു. ഈ സത്യം മനസ്സിലാക്കി ദൈവത്തെ
ആരാധിക്കുമ്പോൾ പിതാവിനു
അവകാശപ്പെട്ട സകലതും
മക്കൾക്കു ദൈവം തരുന്നു.ആത്മാവിൻ്റെ ഒൻപത് ഗുണങ്ങളാൽ അവർ നിറയുന്നു.

നമ്മുടെ ദൈവം ആരാണെന്നറിഞ്ഞു അവനെആരാധിക്കുക.

നമ്മുടെ ദൈവം OMNIPOTENT – സർവ്വശക്തൻ
നമ്മുടെ ദൈവം
OMNISCIENT- സർവ്വജ്ഞാനി.
നമ്മുടെ ദൈവം
OMNIPRESENT- സർവ്വവ്യാപി.

ഈ ദൈവത്തെ നമുക്കു ആത്മാവിലും
സത്യത്തിലും
ആരാധിക്കാം.

« Older posts Newer posts »